Sunday, January 21, 2018 Last Updated 46 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.27 AM

ആധാര്‍ വേണം; പഴുതടച്ചുള്ള തിരിച്ചറിയല്‍ രേഖയായി

uploads/news/2018/01/181653/editorial.jpg

ഒരു രാജ്യം തങ്ങളുടെ പൗരന്മാര്‍ക്കായി നടപ്പാക്കിയ തിരിച്ചറിയല്‍ സംവിധാനങ്ങളും അതിനുവേണ്ടി നല്‍കിയ വ്യക്‌തിഗത വിവരങ്ങളും സുരക്ഷിതമായിരിക്കേണ്ടതാണ്‌. അതു സുരക്ഷിതമായി സൂക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. ആധാറിനുവേണ്ടി നല്‍കിയ വ്യക്‌തിഗതവിവരങ്ങള്‍ അഞ്ഞൂറു രൂപയ്‌ക്ക്‌ ആര്‍ക്കും ചോര്‍ത്താമെന്ന ദ ട്രിബ്യൂണിന്റെ വെളിപ്പെടുത്തല്‍ രാജ്യം തെല്ലൊരമ്പരപ്പോടെയാണ്‌ കേട്ടത്‌. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു റാക്കറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡ്‌ പ്രിന്റ്‌ ചെയ്യാനുള്ള സോഫ്‌റ്റ്‌വേര്‍ അടക്കമുള്ളവ മുന്നൂറു രുപയ്‌ക്കു ലഭ്യമാണെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആധാര്‍ ഏജന്‍സിയായ യുണിക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ ഈ വെളിപ്പെടുത്തലിന്റെ ഗൗരവം മനസിലാക്കി അവസരത്തിനൊത്തുയരേണ്ടതാണ്‌.

ട്രിബ്യൂണിന്റെ വെളിപ്പെടുത്തലിനു പിന്നാലെ എഡ്വേര്‍ഡ്‌ സ്‌നോഡനും ആധാറിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്ന പ്രസ്‌താവനയുമായി രംഗത്തെത്തിയിരുന്നു. എഡ്വേര്‍ഡ്‌ സ്‌നോഡന്റെ വെളിപ്പെടുത്തലും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ വ്യക്‌തിയാണു സ്‌നോഡന്‍. ഹാക്കിങ്‌ സംബന്ധിച്ച്‌ ആധികാരിക വിവരം നല്‍കാന്‍ പ്രാപ്‌തനുമാണ്‌ അദ്ദേഹം. ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കില്ലെന്ന്‌ ആവര്‍ത്തിച്ചു വ്യക്‌തമാക്കിയിരുന്ന യു.ഐ.ഡി.എ.ഐ. തങ്ങളുടെ ഔദ്യോഗിക വെബ്‌െസെറ്റിനു പൂട്ടിട്ടുവെന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌. താല്‍ക്കാലിക സുരക്ഷയ്‌ക്കുവേണ്ടി പൂട്ടിട്ടത്‌ ചോര്‍ച്ച സ്‌ഥിരീകരിച്ചതിനെത്തുടര്‍ന്നാണോയെന്ന സംശയം ബലപ്പെടുകയാണ്‌.

എന്നാല്‍, ആധാര്‍വിവരങ്ങള്‍ സുരക്ഷിതമല്ലെന്നു വെളിവാക്കിയ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന െഖെറയ്‌ക്കെതിരേ യു.ഐ.ഡി.എ.ഐ. നിര്‍ദേശപ്രകാരം കേസെടുത്ത നീക്കം ലജ്‌ജാകരമാണ്‌. യു.ഐ.ഡി.എ.ഐ. ഡെപ്യൂട്ടി ഡയറക്‌ടര്‍ ബി.എം. പട്‌നായിക്കാണ്‌ ലേഖികയ്‌ക്കെതിരേ പരാതി നല്‍കിയത്‌. ആധാറിന്റെ സുരക്ഷിതത്വത്തില്‍ വെല്ലുവിളിയുണ്ടെങ്കില്‍ അതു വെളിയില്‍ വരേണ്ടതു തന്നെയാണ്‌. അതിനെക്കുറിച്ചു സൂചന നല്‍കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നവരുടെ വായടയ്‌ക്കുന്ന നടപടിയല്ല യു.ഐ.ഡി.എ.ഐ. എടുക്കേണ്ടത്‌. സുരക്ഷിതത്വത്തിലുള്ള പഴുതുകളെ കണ്ടെത്തി അത്‌ അടയ്‌ക്കുകയാണ്‌ വേണ്ടത്‌. ഡേറ്റ വിറ്റ്‌ പണമാക്കുന്ന വ്യക്‌തികള്‍ ഡാര്‍ക്‌ വെബില്‍ സജീവമായുണ്ട്‌. ഭാരതീയരുടെ വിവരം ഇവര്‍ വിറ്റുകാശാക്കുന്നത്‌ അനുവദിച്ചുകൂടാ.

അതോടൊപ്പം രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം ഒരു ഏകീകൃത തിരിച്ചറിയല്‍ രേഖ ഉണ്ടാകേണ്ട കാലം അതിക്രമിച്ചു. ആധാര്‍ നടപ്പാക്കുന്നതിലൂടെ ഈ ഏകീകൃത തിരിച്ചറിയല്‍ രേഖ നടപ്പിലാവുകയാണ്‌. ആധാര്‍ വെറും തിരിച്ചറിയല്‍ രേഖ മാത്രമല്ല, അതിനപ്പുറം സാമ്പത്തിക തിരിമറികള്‍ തടയാനും അഴിമതി അവസാനിപ്പിക്കാനും പൗരന്മാരുടെ സുരക്ഷിതമായ ജീവിതത്തിനുള്ള ഉപാധിയും കൂടിയാണ്‌. വിഭാവനം ചെയ്‌ത ആധാര്‍ പൂര്‍ണമായും നടപ്പിലാകുന്നതോടെ രാജ്യത്തെ അസ്‌ഥിരമാക്കാന്‍ തലപൊക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും.
ആധാര്‍ നടപ്പാക്കാനാരംഭിച്ചതു മുതല്‍ ഇതിനെതിരായ നീക്കവും രാജ്യത്ത്‌ സജീവമാണ്‌. ആധാറിനെതിരേയുള്ള നിരവധി പരാതികള്‍ മുതല്‍ കുപ്രചരണങ്ങള്‍ വരെ ഇതിനു തെളിവാണ്‌. രാഷ്‌ട്രീയലക്ഷ്യങ്ങളും രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമായ ഉദ്ദേശങ്ങളും ആധാറിനെ അസ്‌ഥിരപ്പെടുത്താന്‍ അനുവദിക്കരുത്‌. വ്യക്‌തിയുടെ സ്വകാര്യതയെ മാനിക്കുകയും വിലകൊടുക്കുകയും ചെയ്‌തു കൊണ്ട്‌ പഴുതുകളെല്ലാം അടച്ചുകൊണ്ട്‌ ആധാര്‍ നടപ്പാക്കാനുള്ള ആര്‍ജ്‌ജവമാണ്‌ സര്‍ക്കാര്‍ കാണിക്കേണ്ടത്‌. പഴുതുകള്‍ ചൂണ്ടിക്കാട്ടുന്നവരുടെ വാ മൂടുകയല്ല വേണ്ടത്‌.

Ads by Google
Monday 08 Jan 2018 02.27 AM
YOU MAY BE INTERESTED
TRENDING NOW