Saturday, December 15, 2018 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.30 AM

ഷഡ്‌പദം -സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2018/01/181312/sun2.jpg

രാത്രി ഏറെ വൈകിയിരുന്നു. ബസിന്റെ സൈഡ്‌സീറ്റില്‍ നിലാവിന്റെ നീലവെളിച്ചം വീണു കിടക്കുന്ന ഇരുളില്‍ പിന്നാക്കം മറയുന്ന കാഴ്‌ചകള്‍ നോക്കി രാമുണ്ണിയിരുന്നു.
ആരെങ്കിലൂം തന്നെ തിരിച്ചറിയുമോ എന്ന്‌ അയാള്‍ ഭയന്നു. പത്രത്താളുകളിലുടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും ഫ്‌ളക്‌സ് ബോര്‍ഡുകളിലൂടെയും നിത്യപരിചിതമായ മുഖം. അതിന്റെ സുക്ഷ്‌മതലങ്ങള്‍ പോലും മനസില്‍ സുക്ഷിക്കുന്നവരുണ്ടാവാം. താടിയും മുടിയും കാഷായവും ഒഴിഞ്ഞാലും അത്‌ തിരിച്ചറിയാന്‍ സൂക്ഷ്‌മദൃക്കുകള്‍ക്ക്‌ കഴിയുക തന്നെ ചെയ്യും.
തലയില്‍ ചുവന്ന ടൗവ്വല്‍ മഫ്‌ളാര്‍ പോലെ കെട്ടി. മുഖത്ത്‌ കൂളിംഗ്‌ ഗ്ലാസ്‌ വച്ചു. പരമാവധി മുഖം മറയ്‌്ക്കാന്‍ ശ്രമിച്ചു.
ഇനിയും തിരിച്ചറിയാനുളള സാദ്ധ്യത കുറവാണ്‌. ഈശ്വര്‍ജി പുറപ്പെട്ടു പോയ വിവരം തത്‌കാലം ഗുരു പരസ്യപ്പെടുത്തില്ല. അത്‌ ആശ്രമത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന്‌ കുശാഗ്രബുദ്ധിയായ അയാള്‍ക്ക്‌ അറിയാം. ദീര്‍ഘവീക്ഷണമുളള അയാള്‍ ഇതിനോടകം പിടിച്ചു നില്‍ക്കാന്‍ പുതിയ ഉപായങ്ങള്‍ കണ്ടെത്തിയിട്ടുണ്ടാവൂം.
മാത്രമല്ല ഈശ്വരതുല്യനായി വിരാജിക്കുന്ന ഒരു വിശിഷ്‌ടവ്യക്‌തിത്വം എയര്‍ബാഗും തൂക്കി നട്ടപ്പാതിരയ്‌ക്ക് ട്രാന്‍സ്‌പോര്‍ട്ട്‌ ബസില്‍ യാത്ര ചെയ്യുമെന്ന്‌ വിചാരിക്കാനുളള മൂഢതയൊന്നും മലയാളിക്കെന്നല്ല, ഒരു നാട്ടുകാര്‍ക്കും ഉണ്ടാവില്ല.
ഇത്‌ എല്ലാ അര്‍ത്ഥത്തിലും തന്റെ രക്ഷപ്പെടലാണ്‌. നിത്യദുഖങ്ങളില്‍ നിന്നും ആത്മസംഘര്‍ഷങ്ങളില്‍ നിന്നും എന്നേയ്‌ക്കുമായി ഒരു മോചനം. ഇനി സൗമിനിയോടും മക്കളോടുമൊപ്പം സ്വാസ്‌ഥ്യപൂര്‍ണ്ണമായ ഒരു ജീവിതം. അതിനപ്പുറം മറ്റ്‌ മോഹങ്ങളില്ല.
ഓര്‍മ്മവച്ചനാള്‍ മുതല്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്‌ത ദിനം വരെയുളള ഓര്‍മ്മകളെ അയാള്‍ തിരിച്ചുപിടിച്ചു. ഭൂതകാലത്തിലെ ആ ഏട്‌ കൂടുതല്‍ വ്യക്‌തതയോടെ മനസില്‍ തെളിയുകയാണ്‌. ഇടയ്‌ക്കുളള കാലം മറവിയുടെ ചിറകില്‍ ഒളിക്കുകയാണ്‌, അല്ല ഒളിപ്പിക്കുകയാണ്‌. ഓര്‍മ്മയുടെ പുസ്‌തകത്തില്‍ നിന്നും ചില താളുകള്‍ അയാള്‍ ബോധപുര്‍വം ചീന്തിയെറിഞ്ഞു. ചില വിസ്‌മൃതികള്‍ അനിവാര്യമാണ്‌. സ്വസ്‌ഥഭാവിക്ക്‌ അത്‌ കൂടിയേ തീരൂ.
വലിയ കുലുക്കത്തോടെ ബസ്‌ ആഞ്ഞു നിന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു. പൊട്ടലും ചീറ്റലും പുക ഉയരുന്നതും എല്ലാം ഞൊടിയിടക്കുളളില്‍ അറിഞ്ഞു. മറ്റ്‌ യാത്രക്കാര്‍ തിരക്കിട്ട്‌ ഇറങ്ങുന്നത്‌ കണ്ടു. രാമുണ്ണിയും ഒപ്പം ഇറങ്ങി.
ഡ്രൈവറും കണ്ടക്‌ടറും ചേര്‍ന്ന്‌ പുറത്തിറങ്ങി വണ്ടിക്കടിയില്‍ എന്തൊക്കെയോ പരിശോധിക്കുന്നതും വീണ്ടും സ്‌റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കുന്നതും കണ്ടു. പിന്നീട്‌ ഒരു തുറന്ന പ്രഖ്യാപനമായിരുന്നു.
''ഈ വണ്ടി ഇനി പോവില്ല. മറ്റൊരു വണ്ടിയില്‍ കയറ്റിവിടാമെന്ന്‌ വച്ചാല്‍ ഇനി സര്‍വീസ്‌ കുറവാണ്‌. ഞങ്ങളും വണ്ടിയില്‍ ഇരുന്ന്‌ നേരം വെളുപ്പിച്ചാലോയെന്ന്‌ ആലോചിക്കുകയാണ്‌..''
''ഇവിടെ അടുത്ത്‌ ലോഡ്‌ജുകള്‍ വല്ലതുമുണ്ടോ?''
''കുറച്ച്‌ നടന്നു നോക്കിയാല്‍ ചിലപ്പോള്‍ ഉണ്ടാവും..''
കണ്ടക്‌ടര്‍ തന്റെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന മട്ടില്‍ ടിക്കറ്റിന്റെ ബാക്കി എല്ലാവര്‍ക്കും മടക്കികൊടുത്തു. ആളുകള്‍ നിസഹായരായി നിന്നു. ചിലര്‍ അപുര്‍വമായി കടന്നു പോയ സ്വകാര്യവാഹനങ്ങള്‍ക്ക്‌ കൈകാണിച്ചു. പലതും നിര്‍ത്താതെ കടന്നു പോയി. മറ്റു ചിലര്‍ ബസില്‍ തന്നെ ഇരുന്ന്‌ ഉറക്കം തൂങ്ങി. കുറച്ചുപേര്‍ അടുത്ത ജംഗ്‌ഷന്‍ ലക്ഷ്യമാക്കി നടന്നു. തലചായ്‌ക്കാന്‍ ഇടം കിട്ടുമെന്ന വൃഥാ മോഹത്തിലായിരുന്നു പലരും. കൂടുതലും രണ്ടിലധികം പേരുളള സംഘങ്ങളായിരുന്നു.
രാമുവിന്‌ കൂട്ടായി ആരും ഉണ്ടായിരുന്നില്ല. ഏകാന്തതയുടെ അരികുചേര്‍ന്ന്‌ എന്നത്തെയും പോലെ അയാള്‍ നടന്നു. പതിവ്‌ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും വഴിമാറിയുള്ള നടത്തം. ഏതെങ്കിലും വീട്ടിലോ ലോഡ്‌ജുമുറിയിലോ തനിക്ക്‌ ആ രാത്രി കഴിയാന്‍ ഇടം ലഭിക്കുമെന്ന്‌ അയാള്‍ മനസിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു.
വഴി രണ്ടായി പിരിയുന്ന ഒരു ചെറിയ കവലയില്‍ എത്തി. എല്ലാവരും വലതുഭാഗത്തേക്കുളള വഴിയെ നടന്നപ്പോള്‍ രാമുണ്ണി ഇടതുഭാഗം ചേര്‍ന്ന്‌ നടന്നു. കുറെ ദൂരം മുന്നോട്ട്‌ പോയപ്പോള്‍ ഒരു വീടിന്‌ മുന്നില്‍ ലൈറ്റ്‌ തെളിഞ്ഞു കണ്ടു. മാടക്കട പോലെ ഒരു ചെറിയ മുറുക്കാന്‍കട അതിന്‌ മുന്നിലായി തുറന്നു വച്ചിരുന്നു. തോര്‍ത്ത്‌കൊണ്ട്‌ തലയില്‍ കെട്ടിയ ഒരു വൃദ്ധന്‍ അവിടെയിരുന്ന്‌ ഉറക്കം തൂങ്ങുന്നുണ്ട്‌. രാമുവിന്‌ അത്ഭുതം തോന്നി. ഈ നട്ടപ്പാതിരായ്‌ക്ക് പ്രായം മറന്ന്‌ ഈ മനുഷ്യന്‍ എന്തിന്‌ ഉറക്കമിളയ്‌ക്കണം? കടയില്‍ കാര്യമായ കച്ചവടം പോലുമുണ്ടെന്ന്‌ തോന്നുന്നില്ല.
ആകെയുളളത്‌ കുറച്ച്‌ ബീഡിയും സിഗരറ്റും മിഠായിഭരണികളും മാത്രം.
രാമു കടയുടെ മുന്നിലെത്തിയത്‌ കൂടി കിഴവന്‍ അറിഞ്ഞിട്ടില്ല. അവന്‍ പതിയെ തട്ടിവിളിച്ചു. കിഴവന്‍ ഞെട്ടലോടെ ഉണര്‍ന്നു.
''ഒരു സിഗരറ്റ്‌....''
കിഴവന്‍ പൊട്ടിച്ച കൂടില്‍ നിന്നും സിഗരറ്റ്‌ എടുത്ത്‌ കൊടുത്തു. രാമു അവിടന്ന്‌ തന്നെ തീപ്പെട്ടി വാങ്ങി കത്തിച്ച്‌ പുകവിട്ടു. വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അയാള്‍ പുകവലിയ്‌ക്കുന്നത്‌. അതിന്റേതായ വിമ്മിഷ്‌ടമോ അന്യതയോ ഒന്നും തോന്നിയില്ല. പരിചയസമ്പന്നനായ ഒരു പുകവലിക്കാരനെ പോലെ അയാള്‍ മൂക്കിലൂടെ പുക വിട്ടു. ചുണ്ടുകള്‍ കോട്ടി ആകാശത്തേക്ക്‌ എന്ന പോലെ മുകളിലേക്ക്‌ പുകയൂതി പറപ്പിച്ചു.
വൃദ്ധന്‍ കൗതുകത്തോടെ അതിലേറെ സുക്ഷ്‌മതയോടെ രാമുവിന്റെ ചേഷ്‌ടകള്‍ ശ്രദ്ധിച്ചു നിന്നു. അയാള്‍ എന്തൊക്കെയോ കണക്കുകൂട്ടലുകളിലാണെന്ന്‌ രാമുവിന്‌ തോന്നി. രാമു മുന്നോട്ടുളള വഴിയും താമസൗകര്യങ്ങളെക്കുറിച്ചൊക്കെ ചോദിച്ചു. കിഴവന്‍ എല്ലാറ്റിനും വ്യക്‌തമായ ഉത്തരം കൊടുത്തു. എവിടെ നിന്ന്‌ വരുന്നു? എവിടെ പോകുന്നു? തുടങ്ങിയ പതിവ്‌ കുശലങ്ങളിലേക്ക്‌ കടന്നു വൃദ്ധന്‍. വിശ്വനാഥന്‍ എന്ന കൂട്ടുകാരന്റെ വീട്ടില്‍ പോയി മടങ്ങുന്ന വഴിയാണെന്നും ബസ്‌ കേടായ വിവരം അടക്കം പുറത്ത്‌ പറയാവുന്ന മുഴുവന്‍ കാര്യങ്ങളും സത്യസന്ധമായി രാമു വിശദീകരിച്ചു.
അപരിചിതത്വത്തിന്റെ മഞ്ഞുരുകിയപ്പോള്‍ കൂടുതല്‍ അടുപ്പത്തോടെ കിഴവന്‍ അന്വേഷിച്ചു.
''ഭക്ഷണം വല്ലതും കഴിച്ചോ?''
''ഇല്ല..''
''വിശക്കുന്നില്ലേ?''
''ബസില്‍ കയറുന്ന സമയത്ത്‌ വിശപ്പ്‌ തോന്നിയില്ല. ഇപ്പഴും വലിയ വിശപ്പ്‌ ഒന്നുമില്ല. ക്ഷീണം അകറ്റാന്‍ ഒരു ചായ കിട്ടിയാല്‍ കൊളളാം..''
പെട്ടെന്ന്‌ വൃദ്ധന്‍ ചിരിച്ചു.അതില്‍ ഒരു കളളലക്ഷണം മണത്തു.
''എന്തേ ചായ കുടിക്കുന്നത്‌ തെറ്റാണോ?''
അന്തരീക്ഷത്തിന്‌ ലാഘവത്വം പകരാന്‍ രാമു ഒരു തമാശ പൊട്ടിച്ചു. വൃദ്ധനും വിട്ടുകൊടുത്തില്ല.
''അല്ല. പക്ഷെ അതിനേക്കാള്‍ ഉന്മേഷം പകരുന്ന സാധനം വേറെയുണ്ട്‌''
രാമു കാര്യം മനസിലാകാതെ കണ്ണുമിഴിച്ചു.
വൃദ്ധന്‍ 'മറ്റവന്‍' എന്ന്‌ അര്‍ത്ഥം വരുന്ന ആംഗ്യം കാണിച്ചു. രാമുവിന്‌ സംഗതി പിടികിട്ടി.
''ഒറിജിനല്‍ വാറ്റാ..ഇവിടെ വീട്ടില്‍ തന്നെണ്ടാക്കീതാ..നല്ല സൊയമ്പന്‍ സാധനം..ഒരെണ്ണം ഒന്ന്‌ വിട്ടുനോക്ക്‌..''
നാട്ടിലെ സുഹൃത്‌ സദസാണ്‌ രാമുവിന്‌ പെട്ടെന്ന്‌ ഓര്‍മ്മ വന്നത്‌. കൂട്ടുകാരുടെ വീടുകളില്‍ മാറി മാറി വാറ്റിയ സാധനം പങ്ക്‌ വച്ച്‌ പൂസായി നടന്ന നാളുകള്‍. ഓണക്കാലത്തെ പൂത്തുമ്പികള്‍ക്കൊപ്പം പാറി നടന്ന കാലം. അയാള്‍ക്ക്‌ പെടുന്നനെ വല്ലാത്ത ഒരു കൊതി തോന്നി. ഒന്നല്ല, രണ്ടെണ്ണം പിടിപ്പിച്ചാലോ? എന്തായായും ഈ രാത്രിയിലെ ഉറക്കം പോയി. നേരം വെളുക്കും വരെയുള്ള വിരസതയും ചിന്തകളും ഒഴിവാക്കി സന്തോഷങ്ങളുടെ കാറ്റിലെ അപ്പൂപ്പന്‍താടിയാവാം.
പെട്ടിക്കടയ്‌ക്ക് പിന്നില്‍ വൃദ്ധന്റെ വീടിന്റെ വരാന്ത പോലെ ഒരിടമുണ്ട്‌. അവിടേക്ക്‌ ആദ്യം വന്നത്‌ വെളുത്ത കുപ്പിയാണ്‌. പിന്നാലെ ഒരു ഡബിള്‍ ഓംലറ്റും. രണ്ടുംകൂടിയുള്ള കോംബിനേഷന്‍ അപാരമായി രാമുവിന്‌ തോന്നി. രണ്ടെണ്ണം എന്ന്‌ കരുതി തുടങ്ങിയത്‌ നാലും അഞ്ചും കടന്ന്‌ എണ്ണിയാല്‍ തീരാത്ത നമ്പരുകളിലേക്ക്‌ വളര്‍ന്നു.
''ഒരെണ്ണം കൂടി ഒഴിക്കട്ടെ..''
വൃദ്ധന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. രാമു തലയാട്ടി. നിയന്ത്രണത്തിന്റെ ഹരിതരേഖകള്‍ മാഞ്ഞ്‌ ചുവപ്പ്‌ ആധിപത്യം സ്‌ഥാപിച്ചുകൊണ്ടേയിരുന്നു. കാഴ്‌ചയില്‍ നിഷ്‌കളങ്കനെന്ന്‌ തോന്നിക്കുന്ന വൃദ്ധന്‍ തന്ത്രശാലിയായ കച്ചവടക്കാരനായിരുന്നു. അയാള്‍ നാട്ടുവിശേഷങ്ങളും കഥകളും മറ്റും പറഞ്ഞ്‌ രാമുവിന്റെ ശ്രദ്ധയെ അകലെ നിര്‍ത്തി. പരമാവധി സാധനം ഉളളിലെത്തിച്ച്‌ പണം പിടുങ്ങുകയായിരുന്നു കിഴവന്റെ ലക്ഷ്യം. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്‌തു. ദീര്‍ഘനാള്‍ അകന്നു നിന്ന ലഹരി അടുത്തുകിട്ടിയതിന്റെ ഉത്സാഹപ്രഹര്‍ഷത്തിലായിരുന്നു രാമു. വൃദ്ധന്‍ അവകാശപ്പെട്ടതു പോലെ നല്ല സൊയമ്പന്‍ സാധനം. അസല്‍ രുചി. മദ്യം കഴിക്കുകയാണെന്നേ തോന്നില്ല.
'മിക്‌സഡ്‌ ഫ്രൂട്ട്‌സ് ഇട്ട്‌ വാറ്റിയതാ..''
കിഴവന്‍ ഉല്‍പ്പന്നത്തിന്റെ മേന്മ വിശദീകരിച്ചു.
''ഞങ്ങള്‍ പഴമക്കാരുടെ രീതി ഇതല്ല. എന്റെ മോനാ ഇതിന്റെ ആള്‌. അവരൊക്കെ ന്യൂജനറേഷനാ..''
അതും പറഞ്ഞ്‌ വൃദ്ധന്‍ ഒരു നിലവാരം കുറഞ്ഞ ചിരി ചിരിച്ചു.
''മകന്‍ എന്ത്‌ ചെയ്യുന്നു?''
രാമു വെറുതെ കുശലം ചോദിച്ചു.
''അവന്‌ കമ്പനി പണിയാ. നൈറ്റ്‌ ഡ്യൂട്ടിക്ക്‌ പോയേക്കുവാ...''
''കട. വാറ്റ്‌. കമ്പനിപണി. എല്ലാം കൂടി നല്ല വരുമാനം കാണുവല്ലോ?''
രാമു ഒരു ആക്കിയ ചിരിയോടെ ചോദിച്ചു. വൃദ്ധന്‍ കപടവിനയത്തോടെ തലചൊറിഞ്ഞു.
''അങ്ങനൊന്നൂല്ല കുഞ്ഞേ..ഇങ്ങനെ കഴിഞ്ഞ്‌ പോകുന്നു''
വിഷയം മാറ്റാനായി അയാള്‍ ചോദിച്ചു.
''കുഞ്ഞിന്‌ എന്തവാ പണി..?''
രാമു ഒന്ന്‌ വിളറി. ദൈവമാണെന്ന്‌ പറയാന്‍ പറ്റുമോ?
അടുത്തനിമിഷം അയാള്‍ക്ക്‌ ഒരു കുസൃതി തോന്നി.
''ചേട്ടാ..ഞാന്‍ ദൈവമാണ്‌..''
വൃദ്ധന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. അതില്‍ പരിഹാസത്തിന്റെ ഗന്ധമുണ്ടായിരുന്നു.
''തലയ്‌ക്ക് പിടിക്കുമ്പോള്‍ ഇത്‌ പതിവുളളതാ. ഇവിടെ വരുന്ന ചിലര്‍ ഇതിലും വലിയ പേരുകള്‍ പറയും. ഈയിടെ ഒരാള്‍ ഫിഡല്‍ കാസ്‌ട്രോയാന്നും പറഞ്ഞ്‌ ബഹളം വച്ചു.''
രാമു ചിരിച്ചു.
''എനിക്ക്‌ പൂസായി തുടങ്ങിയിട്ടില്ല ചേട്ടാ. ഞാന്‍ നല്ല ബോധത്തോടെയാണ്‌ സംസാരിക്കുന്നത്‌. ചേട്ടന്‍ ഈശ്വര്‍ജി എന്ന്‌ കേട്ടിട്ടുണ്ടോ?''
വൃദ്ധന്‍ ഞൊടിയിടക്കുളളില്‍ ഉത്സാഹഭരിതനായി.
''അയ്യോ...ഞങ്ങള്‍ വീട്ടുകാരൊക്കെ അവിടത്തെ ഭക്‌തരാണ്‌. രണ്ട്‌ തവണ ആശ്രമത്തില്‍ പോയി അനുഗ്രഹം വാങ്ങിയിട്ടുണ്ട്‌. ഇവിടെ പൂജാമുറിയില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ ദിവസവും വിളക്ക്‌ കത്തിക്കാറുണ്ട്‌. ആശ്രമത്തിലാന്നോ ജോലി?''
''അല്ല...''
''പിന്നെ...?''
രാമു കയ്യിലെ ലതര്‍ബാഗ്‌ തുറന്നു. അതിനുളളില്‍ നിന്നും ഈശ്വര്‍ജിയുടെ ഫോട്ടോയും ഒപ്പം തന്റെ പേഴ്‌സില്‍ കരുതിയിരുന്ന പഴയകാലഫോട്ടോയും പുറത്തെടുത്തു.
''ഇത്‌ തമ്മില്‍ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ?''
വൃദ്ധന്‍ സൂക്ഷിച്ചുനോക്കി.
''എവിടെയോ എന്തോ ഒരു ചേര്‍ച്ച പോലെ..''
''താടിയും മുടിയും വേഷവും ഉപേക്ഷിച്ചു എന്നേയുള്ളു. ഞാന്‍ തന്നെയാണ്‌ ഈശ്വര്‍ജി. ഭക്‌തരെ പരീക്ഷിക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഇടക്കിടെ പതിവുളളതാ...''
വൃദ്ധന്‍ രാമുവിനെ തന്നെ സൂക്ഷിച്ചുനോക്കി. അയാളുടെ കണ്ണുകള്‍ കുറുകുകയും നെറ്റിയില്‍ ചുളിവുകള്‍ വീഴുകയും ചെയ്‌തു. വെട്ടിയിട്ട ചക്ക പോലെ അയാള്‍ നിലത്തേക്ക്‌ വീണു. രാമു ആകെ ഭയന്ന്‌ പോയി. അവന്‍ വിരലുകള്‍ മുക്കിലേക്ക്‌ അടുപ്പിച്ച്‌ നോക്കി. ശ്വാസമുണ്ട്‌. ബോധം മറഞ്ഞതാണ്‌. കൂടുതല്‍ നിന്നാല്‍ അപകടമാണെന്ന്‌ തോന്നി. രാമു പേഴ്‌സില്‍ നിന്നും നൂറിന്റെ അഞ്ച്‌ നോട്ടുകള്‍ എടുത്ത്‌ ഡസ്‌ക്കിന്‍മേല്‍ വച്ചു. കുപ്പിയില്‍ അവശേഷിച്ച ചാരായം ഒറ്റ വലിക്ക്‌ അകത്താക്കി.പിന്നെ മുന്‍പിന്‍ നോക്കാതെ തിരിഞ്ഞു നടന്നു. കൂടുതല്‍ നിന്നാല്‍ അപകടമാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. വൃദ്ധന്റെ വീട്ടില്‍ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും കാണും. ബാക്കി അവര്‍ നോക്കിക്കൊള്ളും. ദൈവമേ അയാള്‍ക്കൊന്നും സംഭവിക്കരുതേ..പ്രാര്‍ത്ഥനയോടെ അവന്‍ നടന്നു.

തുടരും...

Ads by Google
Sunday 07 Jan 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW