Friday, January 18, 2019 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 04.03 PM

ഹര്‍ഷിക മലയാളം പറയുന്ന കന്നട നായിക

uploads/news/2018/01/180597/CiniINWHarshika040118a.jpg

കന്നട സിനിമയില്‍ യുവമനസുകളുടെ ഹരമായി മാറിയ ഹര്‍ഷിക പൂനച്ച മലയാളത്തില്‍ നായികയാകുന്നു. കന്നഡത്തിലെ തിരക്കുകള്‍ക്കിടയിലും മലയാളസിനിമയില്‍ അഭിനയിക്കണമെന്ന മോഹമാണ് ഹര്‍ഷിന പൂനച്ചയെ ചാര്‍മിനാറെന്ന ചിത്രത്തിലെത്തിച്ചത്.

അജിത്ത് സി. ലോകേഷ് സംവിധാനം ചെയ്യുന്ന ചാര്‍മിനാറിലെ നായികയായ ഹര്‍ഷികയുടെ പ്രധാന സീനുകള്‍ ചിത്രീകരിച്ചത് ബാംഗ്ലൂര്‍ സിറ്റിയിലായിരുന്നു.

കണ്ണട അണിഞ്ഞ പ്രത്യേക ഗെറ്റപ്പിലാണ് ഹര്‍ഷിക ക്യാമറയുടെ മുന്നിലെത്തിയത്. ചിത്രീകരണം കാണാന്‍ ധാരാളം ആളുകള്‍ ചുറ്റും കൂടിയിരുന്നു. മലയാളം സിനിമയുടെ ഷൂട്ടിംഗാണെന്നറിഞ്ഞപ്പോള്‍ മലയാളികളും ഷൂട്ടിംഗ് കാണാന്‍ തിരക്കുകൂട്ടി.

ക്യാമറയുടെ മുന്നില്‍നിന്ന് ഹര്‍ഷിക ഡയലോഗ് പറയാന്‍ തുടങ്ങിയപ്പോള്‍ സിറ്റിയിലെ ഓട്ടോഡ്രൈവര്‍മാരാണ് ഹര്‍ഷികയെ തിരിച്ചറിഞ്ഞത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട യുവനടി ഹര്‍ഷികയാണ് തിരക്കേറിയ സിറ്റിയില്‍ ചിത്രീകരണം നടക്കുന്ന ചാര്‍മിനാര്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ നിറഞ്ഞു.

ആരാധകരെ മാറ്റി നിര്‍ത്തി ചിത്രീകരണം മുന്നോട്ടുപോകുന്നത് പ്രയാസമുള്ള കാര്യമായിരുന്നു. ചാര്‍മിനാറിന്റെ യൂണിറ്റിലുള്ളവര്‍ക്കും ഹര്‍ഷികയുടെ ആരാധകരെ കണ്ടപ്പോള്‍ അത്ഭുതമായിരുന്നു.

ഹര്‍ഷികയെ കാണാനെത്തിയവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ചിത്രീകരണത്തിനായി ബാംഗ്ലൂരിലെ ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തേണ്ടി വന്നു. ബാംഗ്ലൂരിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും കുടുംബത്തിന്റെ വേരുകളുള്ളത് കൊടകിലാണ്. ചെറുപ്പം മുതല്‍ക്കേ മലയാളികളുമായുള്ള സൗഹൃദം അനായാസം മലയാളം സംസാരിക്കാന്‍ ഹര്‍ഷികയെ പ്രാപ്തയാക്കി.

തൃശൂരില്‍ ചിത്രീകരണം നടന്ന ചാര്‍മനാറിന്റെ സെറ്റിലാണ് ഹര്‍ഷിക പൂനച്ചയെ കണ്ടത്. യാതൊരുവിധ ജാടയോ, നാട്യങ്ങളോ ഇല്ലാതെ കന്നട സിനിമയിലെ തിരക്കുള്ള യുവനായിക ക്യാമറയുടെ മുന്നില്‍ മലയാളം ഡയലോഗുകള്‍ പറഞ്ഞ് നന്ദിതയായി മാറുകയായിരുന്നു.

ചിത്രീകരണത്തിനിടയിലാണ് ഹര്‍ഷികയുമായി സംസാരിച്ചത്. മലയാളസിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന കന്നഡസിനിമയിലെ യുവ അഭിനേത്രിയായ ഹര്‍ഷിക പൂനച്ച
സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുന്നു.

? ചാര്‍മിനാറില്‍ നായികയായി എത്തിയതെങ്ങനെ...


ഠ മലയാളം ഫിലിം ഇന്‍ഡസ്ട്രി എനിക്കിഷ്ടമാണ്. ബാംഗ്ലൂരിലെ താമിയെന്ന സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് എന്റെ ചിത്രങ്ങള്‍ എടുത്തിരുന്നത്. താമിയാണ് മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചത്. എന്റെ ഫോട്ടോകളൊക്കെ സംവിധായകനും ചിത്രത്തിന്റെ പ്രധാന അണിയറപ്രവര്‍ത്തകരും കണ്ടിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നു. മലയാളത്തില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാല്‍ നല്ല സ്‌ക്രിപ്റ്റാണെങ്കില്‍ ആലോചിക്കാമെന്നു പറഞ്ഞു. സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ വളരെയധികം താല്പര്യം തോന്നി. അങ്ങനെയാണ് ചാര്‍മിനാറില്‍ അഭിനയിക്കാന്‍ ഞാന്‍ ഡേറ്റ് നല്‍കിയത്.
uploads/news/2018/01/180597/CiniINWHarshika040118b.jpg

? ചാര്‍മിനാറിലെ കഥാപാത്രം...


ഠ ഒരു പരസ്യചിത്ര കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നന്ദിതയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. നന്ദിത വളരെ ബോള്‍ഡായ ക്യാരക്ടറാണ്. കഥാപാത്രത്തിന്റെ സ്വഭാവം സിമ്പിളാണ്. നന്ദിതയെന്ന കഥാപാത്രത്തിനു വേണ്ടി ധാരാളം പേരെ ഇന്റര്‍വ്യൂ ചെയ്‌തെങ്കിലും കഥാപാത്രവുമായി യോജിച്ച അഭിനേതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഈ സമയത്താണ് എന്റെ ഫോട്ടോ കാണാനിടയായതെന്നും അങ്ങനെയാണ് ചാര്‍മിനാറില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും സെറ്റിലെത്തിയപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ വളരെ ആസ്വദിച്ചാണ് നന്ദിതയെ അവതരിപ്പിച്ചത്.

? ഹര്‍ഷിക നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ....


ഠ എന്റെ കുടുംബവേരുകള്‍ മുഴുവന്‍ കൊടുകിലാണ്. കൊടുകില്‍ ധാരാളം മലയാളികളുണ്ട്. ചെറുപ്പം മുതല്‍ക്കേ വളര്‍ന്നത് ബാംഗ്ലൂരിലാണ്. മലയാളി സമാജത്തിലെ നിരവധി സുഹൃത്തുക്കളുമുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് മലയാളം അന്യഭാഷയല്ല. മലയാളത്തില്‍ നന്നായി സംസാരിക്കാനുമറിയാം.

? ഹര്‍ഷികയുടെ കലാപരമായ പശ്ചാത്തലം...


ഠ ബാംഗ്ലൂരിലെ ജൂബിലി സ്‌കൂളിലും ക്രൈസ്റ്റ് കോളജിലും പഠിക്കുമ്പോഴാണ് കലാപരമായ താല്പര്യമുണ്ടായത്. പാട്ടിലും ഡാന്‍സിലുമായിരുന്നു ശ്രദ്ധപതിപ്പിച്ചത്. നാടകങ്ങളിലും അഭിനയിച്ചിരുന്നു. മഹാഭാരതം നാടകത്തില്‍ ദ്രൗപതിയായും രാമായണത്തില്‍ സീതയായും അഭിനയിച്ചു. കലാപരമായി കുടുംബത്തില്‍ ആര്‍ക്കും മറ്റു കഴിവുകളൊന്നും ഉണ്ടായിരുന്നില്ല.

? സിനിമയിലേക്കു വന്നത്...


ഠ ഞാന്‍ ഒരിക്കലും സിനിമയില്‍ അഭിനയിക്കുമെന്ന് വിചാരിച്ചിരുന്നില്ല. കാരണം എന്റെ മനസ്സില്‍ ഒരിക്കലും സിനിമ ഉണ്ടായിരുന്നില്ല. പത്താംക്ലാസ് പരീക്ഷയുടെ അവസാന ദിവസം കൂട്ടുകാരുമൊത്ത് ക്യാന്റീനില്‍ ഇരിക്കുമ്പോഴാണ് ഒരാള്‍വന്ന് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചത്.

ഞാന്‍ താല്പര്യമില്ലെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ വീട്ടില്‍നിന്നും അച്ഛന്‍ വിളിച്ച് ഉടനെ വീട്ടിലേക്ക് വരണമെന്നു പറഞ്ഞു. ഞാന്‍ വീട്ടിലെത്തുമ്പോള്‍ സംവിധായകനും വീട്ടിലുണ്ടായിരുന്നു.

അച്ഛന്‍ എന്നോട് അഭിപ്രായം ചോദിച്ചു. അപ്പോഴാണ് സംഭവദിവസം ഗൗരവമുള്ളതാണെന്നറിഞ്ഞത്. ഞാന്‍ സമ്മതം മൂളി. അങ്ങനെയാണ് കന്നടത്തിലെ തിരക്കുള്ള സംവിധായകന്‍ എസ്.ആര്‍. ഭദ്രയുടെ പി.യു.സി. എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് പി.യു.സി.യില്‍ ചേരാന്‍ പോകുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളുടെ കഥയായതിനാലാണ് പ്രധാനമായും എന്നെ സെലക്ട് ചെയ്തത്.

ശിവരാജ് കുമാറിന്റെ നായികയായി തമസു എന്ന ചിത്രത്തിലാണ് രണ്ടാമതായി അഭിനയിച്ചത്. അമീറിന്‍ എന്ന മുസ്ലീം കഥാപാത്രമായിരുന്ന ഞാന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇതിനു പുറമെ ഫിലിംഫെയര്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചു. സിനിമയില്‍ അഭിനിക്കാനുള്ള ആത്മവിശ്വാസമുണ്ടാക്കിയ ചിത്രമായിരുന്നു തമഡു.

പുനിത് രാജ്കുമാറിന്റെ നായികയായി അഭിനയിച്ച മൂന്നാംചിത്രമായ ജാക്കിയും സൂപ്പര്‍ഹിറ്റായിരുന്നു. ഇതിനകം പത്തോളം സിനിമകളില്‍ അഭിനയിച്ചു. ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് ഉപേന്ദ്ര നായകനായ 'മാക്തസെ.' ഈ ചിത്രത്തെക്കുറിച്ചും നല്ല പ്രതീക്ഷയാണുള്ളത്.

uploads/news/2018/01/180597/CiniINWHarshika040118.jpg

? മലയാളസിനിമകള്‍ കണ്ടിട്ടുണ്ടോ...


ഠ മമ്മൂട്ടി സാറിന്റെയും ലാലേട്ടന്റെയും ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ലാലേട്ടന്റെ ഒപ്പം, ദൃശ്യം തുടങ്ങിയ സിനിമകള്‍ എനിക്കിഷ്ടമായി. ബാംഗ്ലൂര്‍ ഡെയ്‌സ് പ്രേമം തുടങ്ങിയ സിനിമകള്‍ കണ്ടിരുന്നു. നിവിന്‍ പോളിയുടെ അഭിനയം എനിക്കിഷ്ടമാണ്.

? അവസരങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ സജീവമാകുമോ...


ഠ തീര്‍ച്ചയായും മലയാളത്തില്‍ കഥയ്ക്ക് പ്രാധാന്യമുള്ള സിനിമകളാണ്. ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ എനിക്കു താല്പര്യമുണ്ട്. മാത്രമല്ല കന്നഡത്തില്‍ ഒരു സിനിമ കഴിഞ്ഞ് മറ്റൊന്നിലേക്ക് ജോയിന്‍ ചെയ്യാന്‍ മൂന്നോ, നാലോ മാസം വേണം. എന്നാല്‍ മലയാളത്തില്‍ ഒരുമാസംകൊണ്ട് തന്നെ സിനിമ പൂര്‍ത്തിയാകുന്നു.

കന്നടത്തിലെ തിരക്കുകള്‍ക്കിടയിലും മലയാളത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തും. കൃത്യമായി മലയാളം സംസാരിക്കാന്‍ അറിയുന്നതും അനുഗ്രഹമായി കാണുന്നു. ചാര്‍മിനാറില്‍ എന്റെ കഥാപാത്രത്തിന് ഞാന്‍ തന്നെ ശബ്ദം നല്‍കണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ചാര്‍മിനാറില്‍ ഞാന്‍ ഡബ്ബ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ചാര്‍മിനാറിന് ശേഷം മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

? സിനിമകളില്ലാത്ത ഇടവേളകള്‍...


ഠ സിനിമ കാണുകയെന്നതാണ് എന്റെ പ്രധാന ഹോബി. ഇതിനകം ഞാന്‍ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. പിന്നെ ജിമ്മില്‍ പോകാറുണ്ട്.

? കുടുംബത്തെക്കുറിച്ച്...


ഠ ബാംഗ്ലൂരിലാണ് താമസം. അച്ഛന്‍ പുനച്ച ബാംഗ്ലൂരിലെ കെം ടെക്കില്‍ ഉദ്യോഗസ്ഥനാണ്. അമ്മ സാംബവി. ഒരു ബ്രദറുണ്ട്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Thursday 04 Jan 2018 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW