കണക്ഷന് ഫ്ലൈറ്റ് മിസാവുമെന്ന ഭയത്താല്‍ യാത്രക്കാരന് എമര്‍ജന്‍സി ഡോര്‍ തുറന്ന് വിമാനത്തിന്റെ ചിറക് വഴി ഊര്ന്നിറങ്ങിയെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ നിന്നും മലാഗ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ റിയാന്‍എയര്‍ വിമാനത്തിലെ യാത്രികനാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. പോളണ്ടുകാരനായ വിക്ടര്‍ എന്ന് വില്‍ക്കുന്ന 57കാരനാണ് ഈ സാഹസം കാട്ടി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഫ്ലൈറ്റ് എഫ്ആര്‍8164ന്റെ ചിറക് വഴിയായിരുന്നു ഇയാള്‍ അതിസാഹസികമായി ഊര്‍ന്നിറങ്ങിയത്. ഒരു മണിക്കൂര്‍ വൈകിയെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ മറ്റൊരു 30 മിനുറ്റ് കൂടി കാത്തിരിക്കേണ്ടി വരുമെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിക്ടര്‍ ഈ സാഹസം നിര്‍വഹിച്ചിരിക്കുന്നത്.
എന്നാല്‍ ഇയാള്‍ക്ക് ആസ്തമയുടെ ഉപദ്രവമുണ്ടായിരുന്നുവെന്നും അതിനാലാണ് അയാള്‍ നിലത്തിറങ്ങാന്‍ വെപ്രാളപ്പെട്ടിരുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. മലാഗയില്‍ താമസിക്കുന്ന വിക്ടര്‍ തന്റെ എയര്ബാഗുമെടുത്തിട്ടായിരുന്നു ചിറക് വഴി ഊര്‍ന്നിറങ്ങിയിരുന്നത്. വിമാനത്തില്‍ നിന്നും താഴത്തിറങ്ങിയ വിക്ടറിനെ ഗ്രൗണ്ട് സ്റ്റാഫ് നിര്‍ബന്ധിപ്പിച്ച് വീണ്ടും വിമാനത്തില്‍ തന്നെ കയറ്റിയിരുന്നു. അയാള്‍ വീണ്ടും അവിടെ നിന്നും ചാടുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്ന് സിവില്ഗാര്ഡ് ഓഫീസര്‍മാര്‍ എത്തുന്നത് വരെ അയാളെ വിമാനത്തിനുള്ളില്‍ പിടിച്ച് വയ്ക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് ആസ്ത്മ കാരണം ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ അത്യാവശ്യമായി ഓക്സിജന്‍ വേണ്ടതിനാലാണ് തിരക്കിട്ട് പുറത്തിറങ്ങിയതെന്നും ഇയാളുടെ ആവശ്യങ്ങള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ചെവിക്കൊടുത്തില്ലെന്നും സഹയാത്രികനായ രാജ് മിസ്ട്രി വെളിപ്പെടുത്തുന്നു.
തന്റെ അടുത്തിരുന്ന വിക്ടറിനോട് യാത്രയിലുനീളം താന്‍ സംസാരിച്ചിരുന്നുവെന്നും അയാള്‍ പലവട്ടം ഇന്‍ഹേലര്‍ ഉപയോഗിച്ചിരുന്നുവെന്നും രാജ് വെളിപ്പെടുത്തുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ് വിക്ടര്‍ മരുന്ന് കഴിച്ചിരുന്നുവെന്നും രാജ് ഓര്‍ക്കുന്നു. എന്നാല്‍ യാത്രയിലുടനീളം ഇയാള്‍ക്ക് ശ്വാസം മുട്ടിയിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ട് രൂക്ഷമായപ്പോഴാണ് വിമാനം നിലത്തിറങ്ങിയപ്പോള്‍ അതില്‍ നിന്നും വേഗം പുറത്ത് കടക്കാന്‍ വിക്ടര്‍ തിരക്ക് കൂട്ടിയിരുന്നതെന്നും എന്നാല്‍ വിമാന ജോലിക്കാരും സെക്യൂരിറ്റി ഓഫീസര്‍മാര്‍ അത് ചെവിക്കൊണ്ടില്ലെന്നും രാജ് ആരോപിക്കുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് സുരക്ഷ ലംഘിച്ചതിനെ തുടര്‍ന്നാണ് വിക്ടറിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് റിയാന്‍എയര്‍ പ്രതികരിച്ചിരിക്കുന്നത്.