Friday, January 18, 2019 Last Updated 17 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 04.31 PM

നന്മ നിറഞ്ഞ നല്ലിടയന്‍...

''തമാശയും ചിരിയും നിറഞ്ഞ വാക്കുകളിലൂടെ ജനലക്ഷങ്ങളിലേക്ക് നന്മയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങള്‍ സമ്മാനിക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന് പറയാനേറെയുണ്ട്...''
uploads/news/2018/01/180275/frputhenpurakal030118.jpg

ആറാം ക്ലാസുകാരനായ ആ കുട്ടിക്ക് തിരിച്ചറിവായ പ്രായം മുതല്‍ മനസ്സിലുദിച്ച മോഹമായിരുന്നു പുരോഹിതനാവണമെന്ന ത്. ളോഹയിട്ടു കുര്‍ബാനയ്ക്കും മാമോദീസയ്ക്കും പള്ളിയിലെത്തുകയും കുശലം ചോദിയ്ക്കുകയും ചെയ്യുന്ന അച്ചന്മാരെക്കാണുമ്പോള്‍, വലുതാകുമ്പോള്‍ തനിക്കും പള്ളീലച്ചനാകണമെന്നുറപ്പിച്ചു പറയുമായിരുന്നു ആ കുട്ടി.

കുടുംബത്തിലെ ഇളയകുട്ടിക്ക് ഇത്ര ചെറുപ്രായത്തില്‍ ഇങ്ങനൊരു മോഹമുണ്ടായതെങ്ങനെയെന്ന് പലരും ചിന്തിച്ചു. അതുകൊണ്ടുതന്നെ പല ദിക്കില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. എങ്കിലും ആ കുട്ടി ആഗ്രഹം ഉപേക്ഷിച്ചില്ല. മുതിര്‍ന്നപ്പോള്‍ സ്വപ്‌നസാക്ഷാത്കാരം പോലെ പള്ളീലച്ചനായി.

ഇന്ന് ഭാഷാദേശമന്യേ പ്രിയങ്കരനായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലാണ് ആ കൊച്ചുബാലന്‍. ജോസഫ് അച്ചന്‍ സോഷ്യല്‍ മീഡിയയിലും പ്രിയങ്കരനായ അച്ചന്‍ യാത്രയും ധ്യാനവുമൊക്കെയായി തിരക്കിലായിരുന്നെങ്കിലും അതെല്ലാം മാറ്റിവച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറായി.

നഗരത്തിരക്കുകള്‍ക്കിടയില്‍ നിന്ന് ശാന്തമായ കോട്ടയം ചവിട്ടുവരിയിലെ സെന്റ് ജോസഫ് കപ്പൂച്ചിന്റെ അകത്തളങ്ങളിലിരുന്ന് തമാശയുടെ രസതന്ത്രമറിയുന്ന ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ സംസാരിച്ചുതുടങ്ങി.

ഫ്‌ളാഷ്ബാക്കും ക്രിസ്മസും


എന്റെ കുട്ടിക്കാലത്ത് ഡിസംബര്‍ മാസത്തിന്റെ തുടക്കം മുതല്‍ ക്രിസ്മസിനായി കാത്തിരിക്കും. കൂട്ടുകാരെല്ലാം ഓരോ ഗ്രൂപ്പുകളായാണ് തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്. കുറച്ചുപേര്‍ ഈറ്റക്കമ്പുകള്‍ വെട്ടിയെടുത്തു വലിയ നക്ഷത്രങ്ങളുണ്ടാക്കുമ്പോള്‍ കുറച്ചുപേര്‍ വര്‍ണ്ണക്കടലാസുകള്‍ മുറിച്ചുവയ്ക്കും. ഓരോരുത്തരുടേയും കലാവിരുതാണ് പിന്നീട് വര്‍ണ്ണക്കടലാസുകളില്‍ വിരിയുന്നത്.

ഇന്ന് ക്രിസ്മസിന്റെ മധുരമെല്ലാം നഷ്ടപ്പെട്ടു. ഒരുക്കങ്ങളും സൗഹൃദങ്ങളും ഇല്ലാതായി. അല്പമൊന്ന് കഷ്ടപ്പെടാന്‍ പോലും ആരും തയ്യാറല്ല. കാശു കൊടുത്താല്‍ റെഡിമെയ്ഡ് നക്ഷത്രവും പുല്‍ക്കൂടും വാങ്ങാന്‍ കിട്ടും.

ഹ്യൂമറെന്ന താരം


തമാശരൂപത്തില്‍ ഗൗരവമുള്ള കാര്യങ്ങള്‍ പറയുന്നതാണ് എന്റെ രീതി. ഫലിതത്തിലൂടെ കാര്യങ്ങള്‍ പറയുമ്പോഴാണ് കേള്‍വിക്കാര്‍ അത് കൂടുതല്‍ ആസ്വദിക്കുക. ഫലിതം കേള്‍ക്കാനും പറയാനും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. വായനയിലൂടെയുള്ള അറിവുകള്‍ മനസ്സില്‍ സൂക്ഷിച്ച് വേണ്ടിടത്ത് പ്രയോഗിക്കും.

കാലങ്ങളായി ഈ രീതിയിലാണ് ഞാന്‍ പ്രഭാഷണം നടത്തുന്നത്. തമാശ സിനിമകള്‍ കാണാനും ഫലിതപുസ്തകങ്ങള്‍ വായിക്കാനും ശ്രമിക്കാറുണ്ട്. മോഹന്‍ലാലാണ് ഇഷ്ടതാരം.

നല്ല മെയ്‌വഴക്കമാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്. മോഹന്‍ലാലിനെക്കൂടാതെ നിവിന്‍ പോ ളി, കുഞ്ചാക്കോ ബോബന്‍ ഇവരുടേയും സിനിമകള്‍ കാണാറുണ്ട്.

എല്ലാവരോടും തമാശ പറയാനാവില്ല. വലിയൊരു ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് തമാശരൂപത്തില്‍ കാര്യം അവതരിപ്പിക്കുന്നതുപോലെ വ്യക്തിസംഭാഷണത്തില്‍ തമാശയ്ക്ക് വകയുണ്ടാകാറില്ല.

ഗൗരവമായ പ്രശ്‌നങ്ങളുമായെത്തുന്നവര്‍ ഏറെയുണ്ടാകും. അങ്ങനെയുള്ളവരോട് തമാശ പറയാനാകില്ലല്ലോ. എങ്കിലും എന്നെത്തേടിയെത്തുന്നവരെ ഒന്ന് ചിരിപ്പിച്ച് സന്തോഷിപ്പിച്ച് വിടാമോയെന്ന് നോക്കും.

സന്യാസജീവിതത്തിലേക്ക്


കട്ടപ്പനയാണ് സ്വദേശം. അച്ഛനും അമ്മയും ജ്യേഷ്ഠനുമടങ്ങുന്ന കാര്‍ഷികകുടുംബമാണ് എന്റേത്. എന്റെ അപ്പനും അമ്മയും വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു. ഇപ്പോള്‍ ജ്യേഷ്ഠനും കുടുംബവുമാണുള്ളത്. ആറാം ക്ലാസ് മുതല്‍ക്ക് അച്ചനാവണമെന്ന മോഹം മനസ്സിലുണ്ടായിരുന്നു. പക്ഷേ കുടുംബത്തിലുള്ളവര്‍ക്ക് എതിര്‍പ്പായിരുന്നു.
uploads/news/2018/01/180275/frputhenpurakal030118a.jpg

ശക്തമായ എതിര്‍പ്പായതിനാല്‍ കുറച്ചുവര്‍ഷങ്ങള്‍ ഞാനിക്കാര്യം മനസ്സില്‍ത്തന്നെ സൂക്ഷിച്ചു. ഡിഗ്രി കഴിഞ്ഞപ്പോള്‍ എന്റെ മേഖല ഇതാണെന്ന് മനസ്സില്‍ ഉറപ്പിച്ചു. വീട്ടുകാരും എന്റെ ആഗ്രഹം പോലെയാവട്ടെയെന്ന് ചിന്തിച്ചു.

തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ ഫിലോസഫി പഠിച്ചശേഷമാണ് അച്ചന്‍ പട്ടത്തിന് പോയത്. അക്കാലത്ത് ലോ പഠിക്കാന്‍ ഇഷ്ടമായിരുന്നു. അതുകൊണ്ട് തിരുവനന്തപുരം ലോ അക്കാദമിയില്‍ പഠിക്കാന്‍ പോയി. നിയമം പഠിച്ചെങ്കിലും അച്ചനാകായിരുന്നു നിയോഗം.

ദാമ്പത്യവിഷയവും ഞാനും


അച്ചനായശേഷം കുടുംബപ്രശ്‌നങ്ങള്‍ക്കുപരിഹാരം നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഏറെപ്പേരും കാണാനെത്താറുള്ളത്. ജാതിമതഭേദമന്യേ പരിഹാരം ചോദിച്ചെത്തുന്നവരുണ്ട്.

പലരുടേയും അടിസ്ഥാനപ്രശ്‌നങ്ങള്‍ കുടുംബജീവിതത്തി ല്‍ നിന്നാണ് ആരംഭിക്കുന്നത്. ഒരാള്‍ പറയുന്നത് പലപ്പോഴും ആയിരങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളായിരിക്കും.

സാധാരണ ഒരാണിന് പെണ്ണിനോടും തിരിച്ചും തോന്നുന്ന ഒരിഷ്ടമുണ്ട്. വിവാഹത്തിന് മുന്‍പ് നല്‍കിയ സ്‌നേഹവും പിന്തുണയുമായിരിക്കില്ല ചിലര്‍ വിവാഹശേഷം നല്‍കുന്നത്. പ്രണയത്തില്‍ നിന്നും ദാമ്പത്യത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പലര്‍ക്കും പൊരുത്തപ്പെടാന്‍ സാധിക്കാതാവുന്നത്.

പ്രണയിക്കുന്ന സമയത്ത് ഭാര്യയുടെ മുടിക്കും കണ്ണിനുമെല്ലാം പ്രത്യേക ഭംഗിയുണ്ടാകും. അതിനെക്കുറിച്ച് പുകഴ്ത്തിപ്പറയുകയും ചെയ്യും. എന്നാല്‍ വിവാഹശേഷം രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള പ്രണയം വറ്റിപ്പോകും.

കാരണം ഇഷ്ടപ്പെട്ടിരുന്നതെല്ലാം ഇപ്പോള്‍ സ്വന്തം കൈപ്പിടിയിലായി. സാഹചര്യവും സന്ദര്‍ഭവും അപ്പാടെ മാറും. അതിനൊരുദാഹരണമാണ് മിഥുനം സിനിമ.

ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണ് ഭാര്യയും ഭര്‍ത്താവും. ഭാര്യയ്ക്ക് കാന്‍സര്‍ വന്നാലും വെള്ളപ്പാണ്ടുപിടിച്ചാലും അവളെ ഉപേക്ഷിക്കരുത്. തിരിച്ചും അങ്ങനെ തന്നെ. ഭര്‍ത്താവ് തരുന്ന ശമ്പളത്തെയല്ല സനേഹിക്കേണ്ടത്, വ്യ ക്തിയെയാണ്.

ഹൃദയം തുറന്നു സ്‌നേഹിക്കണം. ഇക്കാലത്ത് ഹൃദയം തുറന്ന് സ്‌നേഹിക്കുകയോ പരസ്പരം താങ്ങാവുകയോ ചെയ്യാത്ത ദമ്പതികളാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലെത്തുന്നത്.

ഹൃദയത്തിന്റെ വടക്കു കിഴക്കേയറ്റത്ത്


ഈ പേരില്‍ അടുത്തിടെ ഹിറ്റായ ഷോര്‍ട്ട് ഫിലിമില്ലേ, ഞാനത് കണ്ടിരുന്നു. വ്യത്യസ്തമായൊരു വിഷയമായിരുന്നു. നായികയുടെ അഭിനയവും ആ ഡയലോഗുമാണ് ഇത്ര ഹിറ്റാകാനുള്ള കാരണം, എന്തിനാടാ ചക്കരേ, നീ അച്ചന്‍ പട്ടത്തിനു പോയേ?? എന്ന് നായിക പറയുന്നൊരു ഡയലോഗുണ്ടല്ലോ.

അത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നും ആരോ നിര്‍ബന്ധിച്ചിട്ട് പോയതാണെന്ന്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ദൈവവിളിയുള്ളവര്‍ക്കുമാത്രമേ അച്ചന്‍പട്ടത്തിന് പോകാനാകൂ. നൂറൂപേര്‍ അച്ചന്‍ പട്ടത്തിന് പഠിക്കാന്‍ പോയാലും അഞ്ചുപേര്‍ക്കേ ദൈവവിളിയുണ്ടാകൂ.

അച്ചനല്ലായിരുന്നെങ്കില്‍...


പുരോഹിതനായില്ലായിരുന്നെങ്കില്‍ ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനായേനെ. വ്യക്തമായ രാഷ്ട്രീയനിലപാടുകളൊന്നുമില്ല. എന്നാലും ഏത് പാര്‍ട്ടിയിലെയായാലും നല്ല നേതാക്കന്മാരെ എനിക്കിഷ്ടമാണ്. സമൂഹത്തിനെതിരെ തിരിയുന്നവരോട് എനിക്ക് എതിര്‍പ്പാണ്.

മറക്കാനാവാത്ത അനുഭവം


ജീവിതത്തിലൊരിക്കലും മറക്കാനാവാത്തൊരനുഭവമുണ്ടായത് ജര്‍മനിയിലൊരു ധ്യാനത്തിനു പോയപ്പോഴാണ്. നെടുമ്പാശ്ശേരിയില്‍ നിന്നും ജര്‍മനിയിലെ മ്യൂണ്‍സ്റ്ററിലേക്ക് ഞാന്‍ ടിക്കറ്റെടുത്തു.

യഥാര്‍ത്ഥത്തില്‍ മ്യൂണിച്ചിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഭാഷയെക്കുറിച്ച് വലിയ പിടിയില്ലാത്തതിനാല്‍ സ്ഥലത്തെക്കുറിച്ച് ചോദിക്കാനും സാധിച്ചില്ല.

മ്യൂണ്‍സ്റ്ററിലെത്തിയതും അങ്കമാലിക്കാരായ കുറച്ച് കന്യാസ്ത്രീകളെ കാണാനിടയായി. എന്നോട് കാര്യങ്ങളെല്ലാം ചോദിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു..അച്ചോ, അച്ചന് പോകേണ്ട സ്ഥലം ഇതല്ല.

600 മൈല്‍ കിഴക്കോട്ട് പോകേണ്ടതിന് പകരം പടിഞ്ഞാട്ടാണ് അച്ചന്‍ പോയത്.. പിന്നെ വീണ്ടും ടിക്കറ്റെടുത്തു. കൃത്യസ്ഥലത്തെത്തി. അന്ന് അവരെ അവിടെ വച്ച് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ കുഴഞ്ഞുപോയേനെ. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും ചെറിയൊരു ഞെട്ടലുണ്ട്.

uploads/news/2018/01/180275/frputhenpurakal030118b.jpg

ക്രിസ്മസ് സന്ദേശം


എന്റെ അഭിപ്രായത്തില്‍ എല്ലാ കുടുംബത്തിന്റേയും തിരുനാളാണ് ക്രിസ്മസ്. ഔസേപ്പും മറിയവും യേശുവും ചേരുമ്പോഴാണ് സംതൃപ്തമായൊരു കുടുംബം രൂപപ്പെടുന്നത്.

കുടുംബനാഥന്‍ ഔസേപ്പിനെപ്പോലെ അവന്റെ ഭാര്യയോടും മക്കളോടും നീതിയുള്ളവനായിരിക്കണം, കുടുംബത്തിലെ അമ്മ മറിയത്തെപ്പോലെ വീട്ടിലുള്ളവരുടെ ക്ഷേമത്തിനായി, അവര്‍ക്കൊപ്പം ശക്തി പകര്‍ന്ന് നില്‍ക്കുന്നവളാകണം, മക്കള്‍ യേശുവിനെപ്പോലെ അച്ചന്റേയും അമ്മയുെടയും വിഷമതകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് താങ്ങായി നില്ക്കണം.

സോഷ്യല്‍ മീഡിയ


അടുത്തിടെ ഡാന്‍സ് കളിക്കുന്നൊരു അച്ചന്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നല്ലോ. അച്ചന്‍ ചെയ്തതിനോട് എനിക്ക് വ്യക്തിപരമായി എതിര്‍പ്പൊന്നുമില്ല. അച്ചനാണെങ്കിലും അദ്ദേഹവും മനുഷ്യനാണ്. സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്.

പുതുതായി എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ നാലുഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടാകാറുണ്ടല്ലോ. അത് സ്വാഭാവികം. കുറച്ചുകഴിയുമ്പോള്‍ താനേ മാറിക്കോളും. എന്റെ കാര്യവും ഇങ്ങനൊക്കെത്തന്നെ. ആദ്യനാളുകളില്‍ തമാശരൂപത്തില്‍ ഞാന്‍ പ്രഭാഷണം അവതരിപ്പിക്കുമ്പോള്‍ പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്.

അച്ചന്‍ തമാശ പറഞ്ഞാല്‍ ശരിയാകില്ല. അച്ചനിങ്ങനെ സംസാരിക്കരുത്. എന്നെല്ലാം. പക്ഷേ ഞാനെന്നും ഇങ്ങനെ മാത്രമേ സംസാരിക്കൂ എന്നവര്‍ തിരിച്ചറിഞ്ഞപ്പോള്‍ എന്നെ എതിര്‍ത്തവരെല്ലാം മിണ്ടാതായി. കാര്യം അവര്‍ക്ക് പിടി കിട്ടിയിട്ടുണ്ടാകും. സംസാരത്തില്‍ അല്പം ഹ്യൂമര്‍ ചേര്‍ത്താല്‍ ഓഡിയന്‍സിന്റെ മനസ്സുകീഴടക്കാമെന്ന്...

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Wednesday 03 Jan 2018 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW