Tuesday, July 17, 2018 Last Updated 54 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 04.17 PM

ഭാര്യയും ഭര്‍ത്താവും രണ്ടു സ്വഭാവക്കാരാകുമ്പോള്‍

''ഇരുവരും അവരവരുടെ ഭാഗത്തുനിന്ന് മാത്രമാണ് കാര്യങ്ങളെ നോക്കിക്കണ്ടത്. തന്റെ പെരുമാറ്റം അല്ലെങ്കില്‍ ശീലം മറ്റൊരാളെ എങ്ങനെ ബുദ്ധിമുട്ടിക്കുമെന്ന് അവര്‍ ചിന്തിച്ചതേയില്ല''
uploads/news/2018/01/179953/familytips020118.jpg

തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ് നിത. അച്ഛനും അമ്മയും സഹോദരനും വര്‍ഷങ്ങളായി വിദേശത്ത് താമസമാണ്. നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹത്താല്‍ നിത മാത്രം മടങ്ങിപ്പോരുകയായിരുന്നു. മൂന്നുമാസം മുന്‍പായിരുന്നു അവളുടെവിവാഹം. തിരുവന ന്തപുരത്തു തന്നെയുള്ള ഒരു ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു വരന്‍.

നിതയുടെ അച്ഛനും അമ്മയും സഹോദരനും അവധിക്ക് വരുന്നത് അനുസരിച്ച് ചടങ്ങുകള്‍ പെട്ടെന്ന് നടത്തി. പഠനവും ജോലിയുമായി ജീവിതത്തിലെ കൂടുതല്‍ സമയവും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ള നിത വിവാഹശേഷം ഒരു കൂട്ടുകുടുംബത്തിലേക്കാണ് എത്തിപ്പെട്ടത്. ഭര്‍ത്താവിന്റെ സഹോദരനും ഭാര്യയും കുട്ടികളും സഹോദരിയും അച്ഛനമ്മമാരും ഉള്‍പ്പെട്ടതായിരുന്നു കുടുംബം.

കൂടുതല്‍ സമയവും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായിരുന്നു നിത. എന്നാ ല്‍ ഭര്‍ത്താവിന്റെ വീടാകട്ടെ എപ്പോഴും ബഹളമയമായിരുന്നു. ഇതിനു പുറമേ നിതയുടെ ഭര്‍ത്താവിന് പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നു. അയാള്‍ സുന്ദരന്മരായ രണ്ടു പൂച്ചകളെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നു. അവയ്ക്ക് വീട്ടില്‍ സര്‍വസ്വാതന്ത്ര്യവും അനുവദിച്ചു നല്‍കിയിരുന്നു. വീട്ടില്‍ എല്ലായിടത്തും അവ ചുറ്റിത്തിരിഞ്ഞു നടന്നു.

യാതൊരു ജീവികളേയും വളര്‍ത്തി ശീലമില്ലാത്ത നിതയ്ക്കാവട്ടെ പൂച്ചകള്‍ ഊണുമേശയിലും കിടക്കയിലും അടുക്കളയിലും കയറി നടക്കുന്നത് കണ്ട് അറപ്പു തോന്നി. തന്റെ അനിഷ്ടം അവള്‍ ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെയും വീട്ടുകാരുടേയും ശീലങ്ങള്‍ മാറ്റാന്‍ കഴിയില്ലെ
ന്നും വീട്ടിലേക്കു വന്ന പെണ്‍കുട്ടി അതുമായി പൊരുത്തപ്പെടാന്‍ തയാറാവണമെന്നുമായിരുന്നു അയാളുടെ മറുപടി.

ഇതെ ചൊല്ലി അവര്‍ തമ്മില്‍ വഴക്ക് പതിവായി. ഈ രീതിയില്‍ അധികം കാലം അവിടെ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്ന് നിത തീരുമാനിച്ചു. അവള്‍ ഹോസ്റ്റലിലേക്കു മാറി. മകളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് അച്ഛനമ്മമാര്‍ നാട്ടിലെത്തി. സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചിരുന്ന അവര്‍ക്ക് മകളുടെ വിവാഹബന്ധം തകരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലായിരുന്നു.

അങ്ങനെയാണ് അവര്‍ മകളെയും കൂട്ടി കൗണ്‍സിലിംഗിനെത്തിയത്. നിതയുടെ ഭര്‍ത്താവിനും ഇതൊരു ഷോക്ക് തന്നെയായിരുന്നു. തന്റെ വിവാഹജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ വന്നു.ഇരുവരും അവരവരുടെ ഭാഗത്തുനിന്ന് മാത്രമാണ് കാര്യങ്ങളെ നോക്കിക്കണ്ടത്. തന്റെ പെരുമാറ്റം അല്ലെങ്കില്‍ ശീലം മറ്റൊരാളെ എങ്ങനെ ബുദ്ധിമുട്ടിക്കുമെന്ന് അവര്‍ ചിന്തിച്ചതേയില്ല.

പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ നിത ശ്രമിച്ചതേയില്ല. ഇവിടെ ജീവിക്കാന്‍ തനിക്കു കഴിയില്ലെന്ന മനോഭാവത്തോടെയാണ് അവള്‍ കാര്യങ്ങളെ സമീപിച്ചത്. ഭര്‍ത്താവകട്ടെ, വീട്ടില്‍ വന്നു കയറുന്ന പെണ്‍കുട്ടി എല്ലാം സഹിക്കാന്‍ തതാറാവണം എന്ന ചിന്താഗതിക്കാരനായിരുന്നു.

ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും തങ്ങളുടെ തെറ്റ് ബോധ്യമായി. ഇരുവരും തങ്ങളുടെ വീഴ്ചകള്‍ തിരുത്താന്‍ തയാറായപ്പോള്‍ അവര്‍ക്കിടയിലെ പ്രശ്‌നങ്ങളും അവസാനിച്ചു.

രണ്ടു വ്യക്തികള്‍ വ്യത്യസ്ത താല്‍പര്യങ്ങള്‍


വിവാഹത്തെ രണ്ടു വ്യക്തികളുടെ കൂടിച്ചേരലെന്ന് വിശേഷിപ്പിക്കാറുണ്ട്. രണ്ട് വ്യക്തികള്‍ എന്നതിലുപരി സാമ്യങ്ങളും വ്യത്യാസങ്ങളും ഒരുപാടുള്ള രണ്ട് വ്യക്തിത്വങ്ങളുടെ കൂടിച്ചേരലാണ് വിവാഹം. രണ്ട് സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന വ്യക്തികള്‍ ഒരുമിക്കുമ്പോള്‍ അവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ചെറിയ പിണക്കങ്ങള്‍ സാധാരണമാണെങ്കിലും പങ്കാളികള്‍ തീര്‍ത്തും വിരുദ്ധ സ്വാഭാവം ഉള്ളവരായാല്‍ അത് വലിയ കലഹത്തിനും പിന്നീട് വിവാഹബന്ധം വേര്‍പിരിയുന്നതിനും വരെ കാരണമായേക്കാം.

വരനും വധുവിനും പരിചയപ്പെടാന്‍ അവസരം നല്‍കാതെ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹബന്ധങ്ങളില്‍ ഈ പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുന്‍പരിചയം ഉള്ളവരാണെങ്കില്‍ പോലും ഒരുമിച്ചു ജീവിതം തുടങ്ങുമ്പോള്‍ പങ്കാളിയുടെ സ്വഭാവങ്ങളും ശീലങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്ന അവസ്ഥയും കുറവല്ല. ഭക്ഷണശീലങ്ങളിലും വിശ്വാസങ്ങളിലും ജീവിതരീതികളിലും ഓരോ വ്യക്തിയും മറ്റുളളവരില്‍ നിന്ന് വ്യത്യസ്തരാണ്.

പങ്കാളികളുടെ സ്വഭാവശീലങ്ങളിലെ പൊരുത്തമില്ലായ്മ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വേണ്ടരീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. നിസാരമെന്ന് കണക്കാക്കി അവഗണിക്കുന്ന ശീലങ്ങള്‍ക്ക് പോലും വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയും.

ഭക്ഷണം മാറുമ്പോള്‍


ഓരോ വ്യക്തിയുടേയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കുടുംബജീവിതത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച അനിവാര്യമായി വരും. ഈ ഭക്ഷണം എനിക്കിഷ്ടമല്ല എന്നുറച്ച് പറയാനും അത് കഴിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം പങ്കാളി കഴിച്ചാല്‍ അതിനെ തടസപ്പെടുത്തേണ്ടതില്ല.

മാത്രമല്ല ആ ഭക്ഷണം വീട്ടില്‍ പാചകം ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കണം. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് നോണ്‍വെജ് ഇഷ്ടപ്പെടുന്ന പങ്കാളിയെ ലഭിച്ചാല്‍ വിരുദ്ധമായ ഭക്ഷണ താല്‍പര്യങ്ങള്‍ മൂലം അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് ശരി എന്നൊരു നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

മറിച്ച് ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, പങ്കാളി അവന് അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു എന്ന് ചിന്തിച്ചാല്‍ അവിടെ പ്രശ്‌നങ്ങള്‍ ഇല്ല. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നയാളെ നോണ്‍വെജ് കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും നോണ്‍വെജ് ഇഷ്ടപ്പെടുന്നയാളെ വെജിറ്റേറിയനാക്കാന്‍ ശ്രമിക്കുമ്പോഴും അയാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനുമേല്‍ നിങ്ങള്‍ കൈകടത്തുകയാണെന്ന് ഓര്‍മ്മിക്കുക.

uploads/news/2018/01/179953/familytips020118a.jpg

മതവിശ്വാസങ്ങള്‍


മതചിന്തകള്‍ക്ക് അതീതമായി പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ ഭാവിയില്‍ വിശ്വാസങ്ങളുടെ പേരില്‍ കലഹിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാഹസമയ ത്ത് പങ്കാളിയുടെ നിര്‍ബന്ധം മൂലം മറ്റൊരു മതത്തിലേക്ക് മാറേണ്ടി വന്നവര്‍ ഉണ്ടാകാം. വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മറക്കുക സാധ്യമല്ല.

പഴയ വിശ്വാസത്തിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം അവരുടെ ഉള്ളില്‍ എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നുണ്ടാകും. ഏതെങ്കിലും അവസരത്തില്‍ പഴയ വിശ്വാസങ്ങള്‍ പങ്കാളിയുടെ മനസില്‍ നിലനില്‍ക്കുന്നു എന്ന് രണ്ടാമത്തെയാള്‍ മനസിലാക്കിയാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി.

മതം മാറാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും പിന്നീട് കുട്ടികളുണ്ടാകുന്ന സമയത്ത് അവരെ ഏതു വിശ്വാസരീതിയില്‍ വളര്‍ത്തണം എന്നതിനെ ചൊല്ലി വഴക്കിടാറുണ്ട്.

എന്റെ വിശ്വാസമാണ് ശരി എന്ന നിലപാടു തന്നെയാണ് ഇവിടേയും പ്രശ്‌നം. ഞാന്‍ ഞാനായി നിലനില്‍ക്കും, അതേസമയം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യും എന്ന് തീരുമാനിച്ചാല്‍ അവിടെ പ്രശ്‌നങ്ങള്‍ അവസാനിക്കും.

ജീവിതരീതികള്‍


ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന ചിന്ത മുറുകെ പിടിക്കുന്ന മനുഷ്യരുണ്ട്. ഇവര്‍ പൊതുവേ സമ്പാദ്യങ്ങളില്‍ വിശ്വസിക്കാറില്ല. കിട്ടുന്ന പണം മുഴുവന്‍ ചെലവിടാനാകും ഇവര്‍ക്ക് താല്‍പര്യം. സാമ്പത്തികഭദ്രതയെക്കുറിച്ചോ, മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചോ ഇവര്‍ കാര്യമായി ആശങ്കപ്പെടാറില്ല. അതേസമയം കിട്ടുന്ന പണം മുഴുവന്‍ നാളേക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാന്‍ താല്‍പര്യം കാണിക്കുന്നവര്‍ ഉണ്ട്.

വളരെ പിശുക്കി മാത്രമേ ഇവര്‍ പണം കൈകാര്യം ചെയ്യുകയുള്ളൂ. ഈ രണ്ടു വിരുദ്ധസ്വഭാവങ്ങളില്‍ പെട്ടവരാണ് പങ്കാളികളെങ്കില്‍ അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടുപേരും സ്വന്തം നിലയ്ക്ക് സമ്പാദിക്കുന്നവരാണെങ്കില്‍ പ്രശ്‌നങ്ങള്‍ കുറേയൊക്കെ ഒഴിവായെന്നുവരും. ഓരോരുത്തരും അവരവരുടെ പണം ചെലവിടുന്നതിനാലാണ് ഇത്.

അതേസമയം പങ്കാളികളിലൊരാള്‍ക്ക് വരുമാനം ഇല്ല എന്നുവരികയാണെങ്കില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകും. രണ്ടുപേരുടെയും നിലപാട് ഇവിടെ ശരിയാണ്. ജീവിതം ആഘോഷിക്കാനും സമ്പാദിക്കാനും ഉള്ളതാണ്. എന്നാല്‍ രണ്ടിനും ഒരു അതിര്‍വരമ്പ് നിശ്ചയിക്കണമെന്നുമാത്രം. പണം സമ്പാദിക്കേണ്ടതിന്റെയും ചെലവിടേതിന്റെയും ആവശ്യത്തെപ്പറ്റി പരസ്പരം ചര്‍ച്ച ചെയ്യുക.

ഇനിയങ്ങോട്ട് ഇരുവരും ഒരുമിച്ചാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്ന കാര്യം മനസില്‍ വച്ചുകൊണ്ടാവണം ചര്‍ച്ച. പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. വളര്‍ന്നു വന്ന സാഹചര്യങ്ങളാണ് ഓരോ വ്യക്തിയുടേയും ജീവിതരീതി നിര്‍ണയിക്കുന്നത്.

കുടുംബങ്ങള്‍ തമ്മില്‍ സാമ്പത്തികമായി ഏറെ അന്തരം ഉണ്ടെങ്കില്‍ ആ വിവാഹബന്ധത്തിലെ പങ്കാളികളുടെ സ്വഭാവത്തിലും അത് പ്രതിഫലിക്കും. സമ്പത്തിനു നടുവില്‍ വളര്‍ന്നൊരാളുടെ ജീവിതരീതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍നിന്ന് വന്ന ഒരാള്‍ക്ക് പരിചിതമായിരിക്കണമെന്നില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയുടെ ഭാഗത്തുനിന്ന് ചിന്തിക്കാനും അവരെ മനസിലാക്കാനും കഴിയണം. എങ്കില്‍ മാത്രമേ പരസ്പര ഐക്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.

ചില ശീലങ്ങള്‍ മാറ്റണം


ചെറുപ്പം മുതലേ പാലിച്ചു വന്ന ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ എളുപ്പമല്ല. ചിലര്‍ ചിട്ടയായ ജീവിതം പിന്തുടരുന്നവരാകും. വീട്ടിലെ ഓരോ സാധനങ്ങളും ഇന്ന സ്ഥലത്ത് ഇരിക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധം ഉണ്ടാകും. അലക്ഷ്യമായി ഒന്നും ചിതറിക്കിടക്കുന്നത് കാണാന്‍ ഇത്തരം വ്യക്തികള്‍ ആഗ്രഹിക്കുകയില്ല.

ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, വ്യായാമം, ഭക്ഷണം ഇങ്ങനെ ഓരോന്നിനും ഇവര്‍ക്ക് കൃത്യമായ സമയം ഉണ്ടാകും. എന്നാല്‍ ഇതില്‍നിന്ന് തീര്‍ത്തും വിഭിന്നമായ ജീവിതം നയിക്കുന്നവരുണ്ട്. അവര്‍ക്ക് ഒന്നിനും പ്രത്യേക സമയം ഉണ്ടാകാറില്ല. ഓരോ ദിവസവും അതിന്റേതായ വഴിക്ക് മുന്നോട്ടു പോകും എന്നാണ് അവര്‍ ചിന്തിക്കുക.

ഈ രണ്ടുകൂട്ടരും ഒരുമിച്ചാല്‍ അവരുടെ വിവാഹജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ എല്ലാം ചിട്ടയായി അടുക്കിവയ്ക്കുമ്പോള്‍ അടുത്തയാള്‍ അതെല്ലാം അലങ്കോലമാക്കിയിടും. വഴക്കുണ്ടാകാന്‍ കൂടുതല്‍ കാരണങ്ങള്‍ തിരയേണ്ടതില്ല. തന്റെ തെറ്റ് തിരിച്ചറിയുക എന്നത് മാത്രമാണ് ഇവിടെ വഴക്ക് ഒഴിവാക്കാന്‍ മാര്‍ഗം.

പങ്കാളിയുടെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക. അങ്ങനെ ചിന്തിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ ശരിയും തെറ്റും തിരിച്ചറിയാനാകും. എല്ലാം എപ്പോഴും ചിട്ടയായിരിക്കണം എന്ന വാശി വേണ്ട. ജീവിതം അങ്ങനെ അളന്നു മുറിച്ച് ജീവിക്കേണ്ട ഒന്നല്ല. അതേസമയം മറ്റൊരാളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എല്ലാം എപ്പോഴും അലങ്കോലമാക്കിയിടുന്നത് മോശം ശീലങ്ങളില്‍ ഒന്നാണ്.

വീടും പരിസരവും വൃത്തിയായും അടുക്കോടെയും സൂക്ഷിക്കേണ്ടത് പങ്കാളിയെപ്പോലെ തന്നെ നിങ്ങളുടേയും ആവശ്യമാണ്. വീടു വൃത്തിയാക്കാനും ജോലികള്‍ പങ്കിട്ടു ചെയ്യാനും ശീലിക്കാം.

uploads/news/2018/01/179953/familytips020118b.jpg

ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളാകുമ്പോള്‍


ഓരോ വ്യക്തിക്കും ഓരോ താല്‍പര്യങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് ഇംഗ്ലീഷ് സിനിമകളോടും പാശ്ചാത്യ സംഗീതത്തോടും ഇഷ്ടം ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് മലയാളം സിനിമകളും പാട്ടും മാത്രം കേള്‍ക്കാനായിരിക്കും താല്‍പര്യം. നൈറ്റ് ക്ലബ്ബും പാര്‍ട്ടിയും ഒരു വിഭാഗം ആളുകള്‍ക്ക് ജീവിതത്തില്‍ നിന്ന് ഒഴിച്ചു കൂടാനാകാത്തതാണെങ്കില്‍ മറ്റൊരു വിഭാഗം ആളുകള്‍ക്ക് ബഹളങ്ങളില്‍ നിന്നകന്ന് വീട്ടില്‍ ഒതുങ്ങി കൂടിയിരിക്കാനായിരിക്കും താല്‍പര്യം.

വളര്‍ന്നുവന്ന സാഹചര്യങ്ങളും സാമ്പത്തികനിലയുമാകും ഓരോരുത്തരുടെയും താല്‍പര്യങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടാവുക.
വിവാഹം കഴിഞ്ഞവെന്ന് കരുതി ഒരാള്‍ അയാളുടെ താല്‍പര്യങ്ങളെ ഉപേക്ഷിക്കണമെന്നില്ല. അതേസമയം പങ്കാളിയെ നിര്‍ബന്ധിച്ച് തന്റെ ശീലങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കരുത്.

ഓരോ വ്യക്തിയും'സ്‌പെഷല്‍' ആണ് എന്ന കാര്യം ആണ് ഇവിടെ ഓര്‍ക്കേണ്ടത്. അവരുടെ ഇഷ്ടങ്ങള്‍ പിന്തുടാന്‍ അവരെ അനുവദിക്കുക. അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക. ലൈംഗികബന്ധത്തിലും ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിഫലിച്ചേക്കാം. ചിലര്‍ക്ക് ലൈംഗികകാര്യങ്ങളില്‍ അമിത താല്‍പര്യം ഉണ്ടായിരിക്കും.

പങ്കാളിക്ക് ചിലപ്പോള്‍ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ലൈംഗികബന്ധത്തിന് ഒട്ടും താല്‍പര്യം കാണിക്കാത്ത പങ്കാളിയെ ലഭിച്ചാലും ഇതേ അവസ്ഥ ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ പ്രശ്‌നങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക.

യാത്ര പോകാം


വിവാഹത്തിനു ശേഷം പങ്കാളിയുമൊത്ത് യാത്രകള്‍ പോകാന്‍ ശ്രമിക്കുക. യാത്രകള്‍ മനസിന്റെ വാതിലുകള്‍ വിശാലമാക്കും. ഭിന്നസ്വഭാവക്കാരായ വ്യക്തികളെയും വിചിത്രമായ ജീവിതരീതികളും പരിചയപ്പെടാന്‍ യാത്രകള്‍ അവസരമൊരുക്കും. തങ്ങളുടെ പ്രശ്‌നങ്ങള്‍ എത്ര നിസാരമാണ് എന്നൊരു ചിന്ത ഇരുവരുടെയും ഉള്ളില്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും.

കൂടാതെ യാത്രകളില്‍ ഒരുപാട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവരും. കൂടാതെ യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരും അവരവരുടെ കംഫര്‍ട്ട്‌സോണില്‍ നിന്ന് പുറത്തുവരും. ജീവിതത്തെ കൂടുതല്‍ മനസിലാക്കാനും എല്ലാം ഉള്‍ക്കൊള്ളാനും യാത്രകള്‍ സഹായിക്കും.

താന്‍ ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങളുള്ള പങ്കാളിയെ വേണമെന്നാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും വിരുദ്ധ സ്വഭാവമുള്ള വ്യക്തിയായിരിക്കും ജീവിതത്തിലേക്കു കടന്നുവരുന്നത്. അതില്‍ നിരാശപ്പെടേ ആവശ്യമില്ല. ഈ ലോകത്തില്‍ ഒന്നും പൂര്‍ണമല്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരും ഇല്ല.

ചിലപ്പോള്‍ വിരുദ്ധ സ്വഭാവം കാരണം ജീവിതം സ്വരച്ചേര്‍ച്ചയുള്ളതാകാം. പെട്ടെന്നു ദേഷ്യംവരുന്ന ഒരാള്‍ക്ക് ശാന്തശീലനായ പങ്കാളിയെ കിട്ടുന്നത് അനുയോജ്യമാണ്. പങ്കാളിയുടെ സ്വഭാവം എന്തു തന്നെയായാലും അത് ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും ആവശ്യമെങ്കില്‍ തിരുത്താനും ശീലിച്ചാല്‍ മാത്രമേ ദാമ്പത്യജീവിതം വിജയകരമാകൂ.

സന്ധ്യാറാണി എല്‍
ചൈല്‍ഡ് ആന്‍ഡ് ഫാമിലി കൗണ്‍സിലര്‍
കണ്‍സൊലെയ്‌സ് കൗണ്‍സിലിങ് സര്‍വീസസ്
തിരുവനന്തപുരം / ചങ്ങനാശേരി

Ads by Google
Tuesday 02 Jan 2018 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW