Friday, January 18, 2019 Last Updated 28 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 04.06 PM

സ്വപ്‌ന സാക്ഷാത്ക്കാരം

സ്‌കൂള്‍ കായികമേളയില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച അനുമോള്‍തമ്പിയുടെ സ്വന്തം വീടെന്ന സ്വപ്‌നം പൂവണിയുന്നു...
uploads/news/2018/01/179952/anumolthampi020118.jpg

അനുമോള്‍ തമ്പി ഇന്ന് ഏറെ സന്തോഷത്തിലാണ്. ഏഷ്യന്‍ യൂത്ത് മീറ്റിലെ വെങ്കലമോ ലോക സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ നാലാം സ്ഥാനമോ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സ്‌കൂള്‍ കായികമേളയില്‍ വാരിക്കൂട്ടിയ തങ്കപ്പതക്കമോ അല്ല അനുമോളുടെ സന്തോഷത്തിന് കാരണം, മറിച്ച് സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയുന്നതാണ്.

ഏറെ കാലമായി മനസ്സില്‍ താലോലിക്കുന്ന ഈ സ്വപ്നം യാക്കോബായ സഭയാണ് ഈ ദീര്‍ഘദൂര ഓട്ടക്കാരിക്ക് യാഥാര്‍ത്ഥ്യമാക്കിക്കൊടുക്കുന്നത്. ആ സ്വപ്‌നഭവനത്തിന്റെ പണി പുരോഗമിക്കുകയാണ്.

ഇടുക്കി പാറത്തോട് കളത്തില്‍ തമ്പിയുടേയും ഷൈനിയുടേയും മകള്‍ വാടകവീട്ടില്‍ താമസിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കുമ്പോള്‍ സ്വന്തം വീട് തനിക്കായി ഒരുങ്ങുമെന്ന പ്രതീക്ഷയാണ് അനുമോള്‍ക്ക്.

അനുമോള്‍ തമ്പി പാലായില്‍ 611ാം സംസ്ഥാനസ്‌കൂള്‍ മീറ്റില്‍ 1500, 3000, 5000 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടി. ഇനി സീനിയര്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ മാറ്റുരച്ച് സ്‌കൂള്‍ കായികരംഗം വിടാം.

2015 ല്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ 3000 മീറ്ററില്‍ സ്വര്‍ണ്ണവും യൂത്ത് മീറ്റില്‍ വെള്ളിയും നേടിയ അനുമോള്‍ 2016 ല്‍ ദേശീയ ജൂനിയര്‍, യൂത്ത് മീറ്റുകളില്‍ 3000 മീറ്ററിലാണ് അനുമോള്‍ ഏറെ തിളങ്ങിയത്. സംസ്ഥാന റെക്കോര്‍ഡ് തിരുത്തിയില്ലെങ്കിലും ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയം കുറിച്ചു.

ദേശീയ സ്‌കൂള്‍ മീറ്റില്‍ 2015 ല്‍ 1500 മീറ്ററിലും 3000 മീറ്ററിലും റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അനുമോള്‍ക്ക് 2016 ല്‍ മെഡല്‍ കിട്ടിയില്ല. പക്ഷേ ഈ വര്‍ഷം ആ നഷ്ടം പരിഹരിച്ച് സുവര്‍ണ്ണ വിജയത്തില്‍ ഈ രംഗം വിട്ടേക്കാം.

സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ അനുമോള്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഇതുവരെ 6 സ്വര്‍ണവും 5 വെള്ളിയും ഒരു വെങ്കലവും നേടി. വ്യക്തിഗത കിരീടത്തിനും സ്‌കൂളിന് പോയിന്റിന് വേണ്ടി കുട്ടികള്‍ മൂന്നിനങ്ങളില്‍ മത്സരിക്കുന്നു.

പക്ഷേ, മുന്നോട്ടുള്ള പരിശീലനത്തില്‍ അനു ഒരു ഇനം ഉപേക്ഷക്കണം. 3000 മീറ്റര്‍ ആണ് അനുമോളുടെ ഇഷ്ട ഇനം. പക്ഷേ സീനിയര്‍ തലത്തില്‍ എത്തുമ്പോള്‍ 5000 മീറ്ററിലാവണം ശ്രദ്ധ. 1500 മീറ്ററില്‍ അനുവിന്റെ മികവ് കാത്തിരുന്ന് കാണാം.

uploads/news/2018/01/179952/anumolthampi020118a.jpg

അനുമോള്‍ക്കൊപ്പം കോഴിക്കോട് പുല്ലാരംപാറ സെന്റ് ജോസഫ്‌സിലെ അപര്‍ണ റോയിയും പാലായില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണവും സീനിയര്‍ ഗേള്‍സ് വ്യക്തിഗത ചാംപ്യന്‍പട്ടവും നേടി.

പ്ലസ് വണ്ണിലായതു കൊണ്ട് അപര്‍ണ്ണയ്ക്ക് ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്. അതുകൊണ്ട് സ്‌കൂള്‍ കായികരംഗം വിടുന്നവരില്‍ സൂപ്പര്‍ താരം അനുമോളാണ്. പി. യു.ചിത്രയ്ക്ക് ശേഷം സ്‌കൂള്‍ കായികരംഗത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട പെണ്‍കുട്ടിയാണ് അനുമോള്‍.

സ്‌കൂള്‍ കായികമേളയില്‍ സാന്ദ്രാ ബാബുവെന്ന പതിനാറുകാരിയുടെ തിളക്കമാര്‍ന്ന പ്രകടനവുമുണ്ടായിരുന്നു. ജംപിങ് ഇനങ്ങളിലായിരുന്നു ആ മികവ്. അനുമോള്‍ക്ക് പിന്‍ഗാമിയാകും ഈ കണ്ണൂര്‍കാരി.

കണ്ണൂര്‍ കളകം ചിട്ടിപ്പറസ് തെയ്യുള്ളത്തില്‍ ടാപ്പിങ് തൊഴിലാളി ടി.കെ.ബാബുവിന്റേയും മുന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരി കൂടിയായ മിശ്രകുമാരിയമ്മയുടേയും മകള്‍ സാന്ദ്ര മാതിരപ്പള്ളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

പാലാ മീറ്റില്‍ കണ്ട ഏറ്റവും മികച്ച പ്രകടനം ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ സാന്ദ്രാ ബാബുവിന്റെ സുവര്‍ണ്ണ വിജയമായിരുന്നു. സാന്ദ്ര പിന്നിട്ട ദൂരം 6.07 മീറ്റര്‍. ആറു മീറ്റര്‍ ലോങ് ജംപ് ചെയ്ത ആദ്യ ഇന്ത്യക്കാരി ഏയ്ഞ്ചല്‍ മേരി ജോസഫും ഇന്ത്യന്‍ മണ്ണില്‍ ആറു മീറ്റര്‍ ചാടിയ ആദ്യ വനിത മേഴ്‌സി മാത്യു കുട്ടനും ഈ നേട്ടം കൈവരിച്ചത് സാ ന്ദ്രയെക്കാള്‍ മുതിര്‍ന്ന പ്രായത്തിലാ ണ്. സാന്ദ്രയുടെ കുതിപ്പില്‍ വലിയ ഭാവിയാണ് മേഴ്‌സിയും കാണുന്നത്. മത്സരത്തില്‍ രണ്ടു തവണയാണ് സാന്ദ്ര ആറു മീറ്റര്‍ പിന്നിട്ടത്.

ഏഷ്യന്‍ മെഡല്‍ജേത്രി നയന ജെയിംസിന്റെ സംസ്ഥാന സ്‌കൂള്‍സ് റെക്കോര്‍ഡും ബംഗാളിന്റെ സിബാനി ഭുംജിയുടെ ദേശീയ സ്‌കൂള്‍സ് റെക്കോര്‍ഡും സാന്ദ്ര തിരുത്തി. ഒപ്പം ട്രിപ്പിള്‍ ജംപിലും സ്വര്‍ണം നേടി.

ലേഖാ തോമസ്, ബോബി അലോഷ്യസ്, അഞ്ജു ബോബി ജോര്‍ജ്ജ് എന്നിവരെ ദേശീയറെക്കോര്‍ഡുകാരാക്കി വളര്‍ത്തിയ ടി.പി.ഔസേപ്പാണ് സാന്ദ്രയുടെ പരിശീലകന്‍. സാന്ദ്രയ്ക്ക് 2018 ല്‍ 6.30 മീറ്റര്‍ ലോങ് ജംപില്‍ ലക്ഷ്യമിടാം.

തികഞ്ഞ അച്ചടക്കവും അര്‍പ്പണ ബോധവുമുള്ള കായികതാരം. സാങ്കേതികവശങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് വളരെപ്പെട്ടെന്ന് സ്വായത്തമാക്കുന്നു..കോച്ച് ഔസേപ്പ് പറഞ്ഞു. സാന്ദ്രയുടെ ശരീരപ്രകൃതിയും ഒരു ചാട്ടക്കാരിക്ക് യോജിച്ചതാണ്.

സ്‌കൂള്‍ കായികമേളയില്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സാന്ദ്രാ ബാബു കൂടുതല്‍ ദൂരം താണ്ടുമെന്ന് പ്രതീക്ഷിക്കാം., അഞ്ജു ബോബി ജോര്‍ജ്ജിന് ഒരു പിന്‍ഗാമിയുമാകാം. സാഹചര്യങ്ങളും ഭാഗ്യവും തുണച്ചാല്‍. കാത്തിരിക്കാം, സാന്ദ്രയുടെ കുതിപ്പിനായി.

സനില്‍ പി തോമസ്

Ads by Google
Tuesday 02 Jan 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW