Monday, October 22, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 02.58 PM

ആള്‍ക്കൂട്ടത്തില്‍ ശ്വാസം നിലയ്ക്കുന്നു

ജനറല്‍ മെഡിസിന്‍
uploads/news/2018/01/179934/asdrgenmedicn020118.jpg

മൂലക്കുരുവും ഗ്യാസ്ട്രബിളും


30 വയസുള്ള വീട്ടമ്മയാണ്. എനിക്ക് മൂലക്കുരുവിന്റെ അസുഖമുണ്ടോ എന്ന് സംശയം. ഇടയ്ക്കിടെ കടച്ചില്‍ അനുഭവപ്പെടുന്നു. മലത്തോടൊപ്പം രക്തവും ചിലപ്പോള്‍ പുറത്തുപോകുന്നു. കൂടാതെ ഗ്യാസ്ട്രബിളും ഉണ്ട്. ഈ പ്രശ്‌നം തുടങ്ങിയിട്ട് ഒരു വര്‍ഷമായി. എനിക്ക് മൂലക്കുരുവിന്റെ അസുഖംതന്നെയാണോ എന്നറിയാന്‍ ആഗ്രഹമുണ്ട്. ഇതു മാറാന്‍ ഓപ്പറേഷന്‍ ആവശ്യമാണോ?
------- സുജ ,എഴുപുന്ന

കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസഥാനത്തില്‍ നിങ്ങളുടെ അസുഖം മൂലക്കുരുവിന്റേതാകാന്‍ സാധ്യതയുണ്ട്. നിസാരമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. രോഗത്തിന്റെ കാഠിന്യം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ആരംഭത്തില്‍ ഗുളികകളും ലേപനങ്ങളുംകൊണ്ട് ഇതു മാറാം. എന്നാല്‍ രോഗം പഴകിയാല്‍ അതിന്റെ ഘട്ടമനുസരിച്ച്് ശസ്ത്രക്രിയ വേണ്ടിവരും. ഏതായാലും തക്ക ചികിത്സകൊണ്ട് രോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ ഒട്ടും താമസിക്കാതെ ഒരു സര്‍ജനെ സമീപിച്ച് പരിശോധന നടത്തി ചികിത്സ തേടുക.

ആള്‍ക്കൂട്ടത്തില്‍ ശ്വാസം നിലയ്ക്കുന്നു


എനിക്ക് 22 വയസ്. കോളജ് വിദ്യാര്‍ഥിയാണ്. ലിഫ്ട് പോലുള്ള ഇടുങ്ങിയ സ്ഥലങ്ങളില്‍ എനിക്ക് ശ്വാസതടസം അനുഭവപ്പെടുന്നു. സിനിമയ്ക്ക് ടിക്കറ്റ് എടുക്കാന്‍ നിന്നപ്പോഴാണ് ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ചെറിയ ആള്‍ക്കൂട്ടം പോലും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ബസിലും ട്രെയിനിലും ഇതേ അനുഭവം ഉണ്ടാകുന്നു. ശ്വാസകോശ സംബന്ധമായ രോഗമാണോ ഇത്? ഡോക്ടറെ കാണേണ്ടതുണ്ടോ?
------ അമല്‍,തിരുവമ്പാടി

ശ്വാസംമുട്ടല്‍ പല കാരണങ്ങള്‍കൊണ്ടുണ്ടാകാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ശ്വാസത്തെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥയുടെയും പേശികളുടെയും പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇതില്‍ ചിലത്. മാനസിക സംഘര്‍ഷത്തിന്റെയും ടെന്‍ഷന്റെയും ഭാഗമായി ശ്വാസംമുട്ടല്‍ അനുഭവപ്പെടാം.

ശ്വാസംമുട്ടലിന് പ്രധാനമായി കാണുന്ന കാരണങ്ങളില്‍ ഒന്നാണ് ടെന്‍ഷന്‍. മാനസിക പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്ന മറ്റൊരുതരം ശ്വാസംമുട്ടലാണ് ഹൈപ്പര്‍ വെന്റിലേഷന്‍ സിന്‍ഡ്രോം. ഇതില്‍ രോഗിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും വളരെ വേഗത്തിലും ശക്തിയായും ശ്വാസം വലിക്കാന്‍ തുടങ്ങുകയും ചെയ്യും.

ഇതിന്റെ ഭാഗമായി കൈകാലുകള്‍ കോച്ചിപ്പോവാം. പരിചയമില്ലാത്തവരുടെ മുന്നിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുമ്പോഴുള്ള അസ്വസ്ഥതകളാണ് സോഷ്യല്‍ ഫോബിയ. ഫോബിയയുടെ ഭാഗമായി ശ്വാസതടസം ഉണ്ടാകാം. അതുപോലെ ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യാറുണ്ട്.

നിങ്ങള്‍ക്ക് ശാരീരികപ്രശ്‌നങ്ങളൊന്നും ഉള്ളതായി കത്തില്‍നിന്നു മനസിലാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കാരണം കണ്ടെത്തി ഉചിതമായ ചികിത്സ തേടുക.

ഇടയ്ക്കിടെ ജലദോഷം


ഞാനൊരു കോളജ് വിദ്യാര്‍ഥിനിയാണ്. 20 വയസ്. എനിക്ക് ഇടയ്ക്കിടെ ജലദോഷവും കഫക്കെട്ടും ഉണ്ടാകാറുണ്ട്. പാല്‍ വളരെയധികം കുടിക്കാറുണ്ട്. ഇതുമൂലമാണ് കഫക്കെട്ട് വിട്ടുമാറാത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതു ശരിയാണോ?
---- വര്‍ഷ എം.ബേബി ,പറവൂര്‍

പാല്‍ കുടിക്കുന്നതുകൊണ്ട് കഫക്കെട്ടും ജലദോഷവും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ പാല്‍ ചിലരില്‍ അലര്‍ജിക്കു കാരണമാകാറുണ്ട്. പാല്‍ സമീകൃതാഹാരമാണെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ ഇരുമ്പിന്റെ അംശം ഇല്ല. പാല്‍ ഉപയോഗം അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.

ഒന്നോ രണ്ടോ ഗ്ലാസ് പാല്‍ കുടിക്കുന്നതുകൊണ്ട് ദൂഷ്യഫലങ്ങളൊന്നും ഉണ്ടാകില്ല. അതിനൊപ്പം സാധാരണ ഭക്ഷണവും കഴിക്കുക. ജലദോഷത്തിനും കഫക്കെട്ടിനും മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് ഒരു ഇ.എന്‍.ടി വിദഗ്ധനെയോ ഫിസിഷനെയോ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.

അകാരണമായി ശരീരം മെലിയുന്നു


എന്റെ മകള്‍ക്ക് 23 വയസ്. മെലിഞ്ഞ ശരീരമാണ്. വിശപ്പില്ല. ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഛര്‍ദിക്കും. വെള്ളം ധാരാളം കുടിക്കും. വിശപ്പുണ്ടാകാനും ശരീരത്തിന് വണ്ണം വയ്ക്കാനും എന്താണ് ചെയ്യേണ്ടത്? വിശപ്പുണ്ടാകുവാനുള്ള മരുന്ന് ലഭ്യമാണോ?
---- രമ്യാശ്രീ,കാഞ്ഞങ്ങാട്

കത്ത് വയിച്ചതില്‍ നിന്നും മകളെക്കുറിച്ചുള്ള ഒരമ്മയുടെ ആശങ്ക മനസിലാക്കാം. മകളുടെ ആരോഗ്യകാര്യത്തെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ടതില്ല. ശരീരം മെലിഞ്ഞിരിക്കുന്നത് ചിലരുടെ ശരീരപ്രകൃതിയാവാം. മറ്റു ചിലരില്‍ രോഗലക്ഷണവും.

കത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുംതന്നെ ഉണ്ടാകാന്‍ സാധ്യതയില്ല. മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതിയല്ല, പെട്ടെന്ന് ശരീരഭാരം കുറയുന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഇത് രോഗമോ രോഗലക്ഷണമോ ആകാനുള്ള സാധ്യതയുണ്ട്. പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥികളുടെ അമിതമായ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം പെട്ടെന്ന് ശരീരം ക്ഷീണിക്കുന്നതിന് കാരണമാകാം.

വിഷാദം, ഉത്കണ്ഠ, വണ്ണം വയ്ക്കാതിരിക്കാന്‍ പട്ടിണികിടക്കുന്ന അനോറെക്‌സിയാ നെര്‍വോസാ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ശരീരം മെലിയുന്നതിന് കാരണമാകാം. അതിനാല്‍ ഒരു ഡോക്ടറെ നേരില്‍ കാണുകയും ആവശ്യമെങ്കില്‍ പരിശോധകള്‍ നടത്തുകയുമാണ് ഉചിതം. വിശപ്പ് വര്‍ധിപ്പിക്കുവാനും തടി കൂടുവാനും സഹായിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW