Monday, October 22, 2018 Last Updated 30 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 04.18 PM

ദേവീ മാഹാത്മ്യ ചരിതം: ഉത്തമ ചരിതത്തിലെ 12 ഉം 13 ഉം അദ്ധ്യായങ്ങള്‍

''ആദി അന്തമില്ലാത്ത മഹാമായ അതാതു കാലങ്ങളില്‍ ലോകത്തെ സൃഷ്ടിക്കയും രക്ഷിക്കയും സംഹരിക്കയും ചെയ്യുന്നു. അതേ ദേവിതന്നെ സുമനസ്സുകളുടെ ഭവനത്തില്‍ മഹാലക്ഷ്മിയായി വിളങ്ങുകയും അവരുടെ ദോഷസമയത്ത് അലക്ഷ്മിയായി മാറുകയും ചെയ്യുന്നു. യഥാവിധി ദേവീപൂജ ചെയ്ത് ഗൃഹങ്ങളില്‍നിന്നും അലക്ഷ്മിയെ അകറ്റി മഹാലക്ഷ്മിയെ കയറ്റുന്നതിനും ധര്‍മ്മം സല്‍ബുദ്ധി ഇവ നഷ്ടപ്പെടാതിരിക്കുന്നതിനും സാധിക്കുന്നു.''
uploads/news/2017/12/179104/joythi301217a.jpg

ദേവീ മാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായത്തോടുകൂടി കഥകളും സ്തുതികളും എല്ലാം കഴിഞ്ഞിരിക്കുന്നു. അമ്മയുടെ വിവിധ ഭാവങ്ങള്‍ രക്ഷകള്‍ അനുഗ്രഹങ്ങള്‍ ഇവയെല്ലാം, മാര്‍ക്കണ്‌ഡേയ പുരാണത്തില്‍, മാര്‍ക്കണ്‌ഡേയ മഹര്‍ഷി ക്രോഷ്ടകിയോടു പറഞ്ഞിട്ടുള്ളതായ കഥകള്‍, സുമേധസ്സു മഹര്‍ഷി സുരഥന്‍ എന്ന രാജാവിനും സമാധി എന്ന വൈശ്യനും പറഞ്ഞുകൊടുക്കുന്നതായിട്ടാണല്ലോ നാം മനസ്സിലാക്കിയത്.

മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളപോലെ ഭഗവാന്‍ കൃഷ്ണന്‍ കുരുക്ഷേത്രത്തില്‍വച്ച് അര്‍ജുനന്റെ നിസ്സഹായത മനസ്സിലാക്കി ഉപദേശിച്ചു കൊടുക്കുന്നതാണല്ലോ 'ഭഗവത്ഗീത'. അര്‍ജുനനെ കര്‍മോത്സുകനാക്കാന്‍ ഭഗവാന്റെ ഗീതോപദേശത്തിന് സാധിച്ചു. ഇന്ന് ഗീതയുടെ മഹത്വം ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു. ഗീതയുടെ തത്ത്വങ്ങളും അതിലെ സന്ദേശവും ഒരു മതത്തിനുള്ളിലും ഒതുക്കി നിര്‍ത്താനുള്ളതല്ല. ജാതിമത ഭേദമെന്യേ, സ്ത്രീ പുരുഷഭേദമെന്യേ, പ്രായഭേദമെന്യേ, രാഷ്ട്രീയഭേദമെന്യേ ആര്‍ക്കും പഠിച്ച് സ്വായത്തമാക്കുന്നതിനും, അതിലെ തത്വങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി നേട്ടങ്ങള്‍ ഉണ്ടാക്കാനും കഴിയും.

അതുപോലെ തന്നെ ഇവിടെ മഹാദേവി തന്നെ നേരിട്ട് തന്റെ മാഹാത്മ്യ കഥകള്‍ പഠിച്ചാലുള്ള ഫലം എന്തൊക്കെയാണെന്ന് പറയുന്നതാണ് പന്ത്രണ്ടാം അദ്ധ്യായത്തിലെ ഭാഗങ്ങള്‍. ദേവി ഇപ്രകാരം അരുളിച്ചെയ്യുന്നു. മാഹാത്മ്യത്തിലെ ഈ സ്‌തോത്രങ്ങള്‍ കൊണ്ട് ഏകാഗ്രമായ മനസ്സോടുകൂടി എന്നെ സ്തുതിക്കുന്നവരുടെ എല്ലാവിധമായ ഉപദ്രവങ്ങളും ശത്രുക്കള്‍ മൂലമോ, പ്രകൃതിയില്‍നിന്നോ, രാജാവിങ്കല്‍ നിന്നോ (ഭരണാധികാരികളില്‍നിന്നോ) മസൂരി മുതലായ രോഗങ്ങളില്‍നിന്നോ, എന്തുതന്നെയായാലും അതിനെ ഞാന്‍ ഇല്ലാതാക്കുന്നതായിരിക്കും.

കൂടാതെ അറിഞ്ഞോ, അറിയാതെയോ ചെയ്ത പാപങ്ങളും ഇല്ലാതാകും. ആധി ആദ്ധ്യാത്മികം, ആധി ഭൗതികം, ആധി ദൈവികം എന്നതിലൂടെ ഉണ്ടാകുന്ന 'തൃവിധമായ ദുര്‍നിമിത്തങ്ങളെയും ഇല്ലാതാക്കും. ഭയഭക്തി ബഹുമാനത്തോടുകൂടി ശ്രേഷ്ഠമായ എന്റെ ഈ മാഹാത്മ്യം പാരായണം ചെയ്യുന്ന വീടുകളില്‍ എന്റെ സാന്നിധ്യം തന്നെ ഉണ്ടാകുന്നതാണ്. ശാസ്ത്രവിധിപ്രകാരം പാരായണസഹിതം നടത്തുന്ന ദുര്‍ഗ്ഗാബലി, ദേവീപൂജ, ചണ്ഡികാഹോമം ഇവ ഞാന്‍ വളരെ പ്രീതിയോടുകൂടി സ്വീകരിക്കുന്നതാണ്.

ശരത്ക്കാലത്തിലും വര്‍ഷകാലത്തിലും ഇത് പാരായണം ചെയ്താല്‍ ധനധാന്യ പുത്ര സമ്പത്തുകള്‍ ലഭിക്കും. മനുഷ്യനിലുളള ഭയം വിട്ടുമാറും. ദുഃസ്വപ്നങ്ങള്‍ ഉണ്ടാകുന്നതല്ല. ഗ്രഹപീഡകള്‍ (നവഗ്രഹങ്ങള്‍ മൂലമുള്ള ദോഷങ്ങള്‍) ബാധാദിദോഷങ്ങള്‍, ബാലപീഡകള്‍ ഇവയൊന്നും ഉണ്ടാകില്ല. കലഹിക്കുന്ന മനുഷ്യര്‍ക്ക് മൈത്രിത്വം നല്‍കുന്നു. ദുഷ്‌കൃതങ്ങള്‍ ചെയ്യുവാനുള്ള ശക്തി നശിക്കുന്നു.

ഗോക്കള്‍, പുഷ്പങ്ങള്‍, നെയ്യ്, ധൂപം, ദീപം, ഗന്ധം, ബ്രാഹ്മണഭോജനം മുതലായവയാല്‍ ഒരു വര്‍ഷക്കാലം എന്നെ ആരാധിക്കുന്നതിന് തുല്യമാണ് ഒരു പ്രാവശ്യമെങ്കിലും ഈ മാഹാത്മ്യം ഭക്തിയോടെ, ശുദ്ധിയോടെ, നിഷ്ഠയോടെ പാരായണം ചെയ്യുന്നതും അത് കേള്‍ക്കുന്നതും. യുദ്ധചരിതം കേള്‍ക്കുന്നവര്‍ക്ക് ഭയം ഉണ്ടാകില്ല. സ്തുതികള്‍ കേള്‍ക്കുന്നവര്‍ക്ക് സല്‍ബുദ്ധിയും ശാന്തിയും ഉണ്ടാകും. അപകടകരമായ ഏതു ചുറ്റുപാടിലും മഹാരോഗത്താല്‍ വേദന കൊണ്ട് പുളയുമ്പോഴും ഈ മാഹാത്മ്യം സ്മരിക്കുക. തീര്‍ച്ചയായും രക്ഷയാകും.

ഇപ്രകാരം എല്ലാം അരുളിച്ചെയ്തിട്ട് ദേവി അപ്രത്യക്ഷയാകുന്നു. ശത്രുക്കളെല്ലാം നശിച്ചതായി കണ്ട ദേവന്മാര്‍ അവരുടെ ഇന്ദ്രലോകവും അധികാരങ്ങളും തിരിച്ചുപിടിച്ചു. അതുപോലെ തങ്ങളുടെ നേതാക്കന്മാര്‍ എല്ലാം കൊല്ലപ്പെട്ടതറിഞ്ഞ ബാക്കിയുള്ള അസുരന്മാര്‍ പാതാളത്തിലേക്ക് തിരിച്ചുപോകുന്നു.

മഹര്‍ഷി തുടര്‍ന്ന് പറയുകയാണ്. ''അല്ലയോ രാജാവേ മഹാപ്രളയകാലത്ത് സംഹാരശക്തിയായ ദേവി മഹാകാളിയായി ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു.

ആദി അന്തമില്ലാത്ത മഹാമായ അതാതു കാലങ്ങളില്‍ ലോകത്തെ സൃഷ്ടിക്കയും രക്ഷിക്കയും സംഹരിക്കയും ചെയ്യുന്നു. അതേ ദേവിതന്നെ സുമനസ്സുകളുടെ ഭവനത്തില്‍ മഹാലക്ഷ്മിയായി വിളങ്ങുകയും അവരുടെ ദോഷസമയത്ത് അലക്ഷ്മിയായി മാറുകയും ചെയ്യുന്നു. യഥാവിധി ദേവീപൂജ ചെയ്ത് ഗൃഹങ്ങളില്‍നിന്നും അലക്ഷ്മിയെ അകറ്റി മഹാലക്ഷ്മിയെ കയറ്റുന്നതിനും ധര്‍മ്മം സല്‍ബുദ്ധി ഇവ നഷ്ടപ്പെടാതിരിക്കുന്നതിനും സാധിക്കുന്നു.'' ഇപ്രകാരം 12-ാം അദ്ധ്യായം തീരുന്നു.

തുടര്‍ന്ന് 13-ാം അദ്ധ്യായം. ഇവിടെ ദേവീമാഹാത്മ്യം മുഴുവനും ശ്രദ്ധിച്ചുകേട്ട രാജാവും വൈശ്യനും മഹര്‍ഷിയില്‍നിന്നും അമ്മയുടെ മൂലമന്ത്രം സ്വീകരിച്ച് മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം തപസ്സു ചെയ്യുന്നതും മറ്റും വിവരിച്ചിരിക്കുന്നു. മഹര്‍ഷി വീണ്ടും പറഞ്ഞുകൊടുക്കുകയാണ്.

''ഇപ്രകാരമുള്ള എല്ലാ ദേവീപ്രഭാവ ചരിതങ്ങള്‍ അങ്ങ് ശ്രദ്ധയോടെ കേട്ടുകഴിഞ്ഞല്ലോ. വിഷ്ണുമായയായ ആ ദേവി തന്നെയാണ് വിദ്യയും. അതുപോലെ എല്ലാവരേയും മോഹിപ്പിക്കുന്നതും ആ ദേവി തന്നെ. എല്ലാം ശ്രവിച്ച രാജാവും വൈശ്യനും നദീതീരത്ത് മണ്ണുകൊണ്ട് ദേവീവിഗ്രഹം ഉണ്ടാക്കി ദീപം, പുഷ്പം, ധൂപം, ഹോമം, തര്‍പ്പണം ഇവകളാല്‍ ശ്രേഷ്ഠമായ ദേവീസൂക്തത്താല്‍ ജപം ആരംഭിച്ചു.

ആഹാരം കുറച്ചും പിന്നീട് ആഹാരം ഇല്ലാതെയും ഏകദേശം മൂന്നു വര്‍ഷം അവര്‍ തപസ്സിലൂടെ ചണ്ഡികാദേവിയെ ആരാധന നടത്തിയപ്പോള്‍ ദേവി പ്രത്യക്ഷയായി. അമ്മ അവരില്‍ സംപ്രീതയായി അവരുടെ ആഗ്രഹം എന്താണെന്ന് ചോദിക്കുന്നു. രാജാവ് തനിക്ക് നഷ്ടപ്പെട്ട രാജ്യവും അധികാരവും ഈ ജന്മത്തിലും അടുത്ത ജന്മത്തിലും തിരികെ ലഭിക്കണമെന്ന ആഗ്രഹം പറയുന്നു. അപ്രകാരം തന്നെ ദേവി രാജാവിന് അനുഗ്രഹം നല്‍കുന്നു.

കൂടാതെ രാജാവ് സൂര്യപുത്രനായി സാവര്‍ണ്ണികന്‍ എന്ന നാമധേയത്തോടുകൂടി ജനിച്ച് എട്ടാമത്തെ 'മനു' ആയി സാവര്‍ണ്ണികമനു എന്ന് അറിയപ്പെടുമെന്നും പ്രസിദ്ധനാകുമെന്നും അമ്മ അനുഗ്രഹിക്കുന്നു. (ഏഴാമത്തെ മനു ആയ വൈവസ്വത മനുവിന്റെ കാലമാണ് ഇപ്പോള്‍ നടക്കുന്നത്) എന്നാല്‍ വൈശ്യനാകട്ടെ ഞാനെന്നും എന്റേതെന്നും ഉള്ള സംസാരബന്ധത്തില്‍നിന്നും മോചനം നല്‍കി പരമമായ ബ്രഹ്മജ്ഞാനം ലഭിക്കണമെന്നും അപ്രകാരം പുരുഷാര്‍ത്ഥപ്രദമായ മോക്ഷം ലഭിക്കണമെന്നും അപേക്ഷിക്കുന്നു. അപ്രകാരം തന്നെ വൈശ്യനെയും അമ്മ അനുഗ്രഹിക്കുന്നു. ഇതോടുകൂടി 13-ാം അദ്ധ്യായവും തീരുന്നു.

മനുഷ്യ മനസ്സുകളുടെ പരമമായ ലക്ഷ്യം ഈശ്വര സാക്ഷാത്ക്കാരവും മോക്ഷവും തന്നെയാണ്. (അല്ലാത്തവരും ഉണ്ടായേക്കാം. ഈ ജന്മത്തിലേ പോലെ തന്നെ അടിച്ചുപൊളിച്ചു ജീവിക്കാന്‍ അടുത്ത ജന്മവും കിട്ടണേ എന്നു പ്രാര്‍ത്ഥിക്കുന്നവരും ഇല്ലാതിരിക്കില്ല). അതിനുള്ള പ്രധാന മാര്‍ഗ്ഗം ഈശ്വരവിശ്വാസവും ദൈവഭയവും മനസ്സുനിറഞ്ഞ ഭക്തിയും തന്നെയാണ്.

മേല്‍പത്തൂരിന്റെ വിഭക്തിയേക്കാള്‍ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണെന്ന് ഗുരുവായൂരപ്പന്‍ പറഞ്ഞതും നമുക്കറിയാവുന്ന കാര്യം തന്നെ.
അതുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി പറയട്ടെ ആര്‍ഭാടങ്ങളോ, അനാവശ്യമായ ആഘോഷങ്ങളോ ഒന്നും തന്നെ ആവശ്യമില്ല. തികഞ്ഞ ഭക്തിയോടും വിശ്വാസത്തോടും കൂടി അമ്മയെ ധ്യാനിക്കുക.

ആ ലോകശക്തിയെ മാതൃരൂപത്തില്‍ തന്നെ ആരാധിക്കുക. എല്ലാ പെറ്റമ്മമാരും എത്ര ശ്രദ്ധയോടു കൂടിയാണ് മക്കളെ വളര്‍ത്തുന്നത്. അപ്പോള്‍ വിശ്വജനനി ആയ ആ മഹാശക്തിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?പെറ്റമ്മയെപ്പോലെ തന്നെ ഒരു നിമിഷംപോലും മറക്കാതെ ആ ജനനിയെ മനസ്സില്‍ സ്മരിക്കുക. നന്മ മാത്രമേ നിങ്ങള്‍ക്കുണ്ടാകൂ.

സുധാദേവി കെ.
എറണാകുളം
ഫോണ്‍: 9495778369

Ads by Google
Ads by Google
Loading...
TRENDING NOW