അടൂര്‍: മക്കളോടൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പഴകുളം അജ്മല്‍ മന്‍സിലില്‍ ഷെഫീഖാ(38)ണ് ഭാര്യ റെജീന (35)യെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നടന്ന സംഭവത്തിനു ശേഷം മുങ്ങിയ ഷെഫീഖിനെ ഇന്നലെ പുലര്‍ച്ചെ നാലരയോടെ ആദിക്കാട്ടുകുളങ്ങരയിലെ ഒരു മലമുകളിലെ കുറ്റിക്കാട്ടില്‍ നിന്നാണു പിടികൂടിയത്. റെജീനയുടെ കഴുത്തില്‍ നാലും അടിവയറ്റില്‍ അഞ്ചും കുത്തേറ്റു. കാലിനു സ്വാധീനക്കുറവുള്ള റെജീന അലറിക്കരഞ്ഞ് പുറത്തേക്കോടാന്‍ ശ്രമിച്ചെങ്കിലും വാതിലിനടുത്തു കുഴഞ്ഞുവീണും സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഷെഫീഖ് കടന്നുകളഞ്ഞു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണു റെജീന മരിച്ചത്. ഡിെവെ.എസ്.പി: ആര്. ജോസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരെയും കൂട്ടി മൂന്നു സംഘങ്ങളായി തിരിഞ്ഞാണു ഷെഫീഖിനുവേണ്ടി തെരച്ചില്‍ നടത്തിയത്.
മദ്യപിച്ചെത്തി റെജീനയെയും രണ്ടു മക്കളെയും മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ മൂത്ത മകന് സഹികെട്ട് പിതാവിനെ ചോദ്യംചെയ്തു. ഇതിന്റെ പേരില്‍ മൂന്നു ദിവസമായി റെജീനയെ മര്ദിച്ചിരുന്നെന്നാണു വിവരം. റെജീന മര്‍ദിച്ചെന്നാരോപിച്ച് ജനറലാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍നിന്നു മുങ്ങി വീട്ടിലെത്തിയ ഷെഫീഖ് പിന്‍വാതില്‍ കുത്തിത്തുറന്നാണു വീട്ടിനുള്ളില്‍ കയറിയത്. ഇന്നു കോടതിയില്‍ ഹാജരാക്കും.