Monday, October 22, 2018 Last Updated 26 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 21 Dec 2017 03.57 PM

സൂര്യദശയിലെ രാഹുവിന്റെ അപഹാരഫലം - 10 മാസം 24 ദിവസം

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം -10
uploads/news/2017/12/176683/joythi211217a.jpg

സൂര്യദശാകാലം തുടങ്ങി 13 മാസം 24 ദിവസം കഴിഞ്ഞ് 10 മാസവും 24 ദിവസവും വരെയുള്ള സമയമാണ് രാഹുവിന്റെ അപഹാര കാലം. പൊതുവെ പാപഗ്രഹമായ രാഹുവിന്റെ അപഹാരകാലം കഷ്ടത നിറഞ്ഞതായിരിക്കും.

സൂര്യദശാകാലത്തില്‍ വിശേഷിച്ചും രാഹു കഷ്ടതകളെ വര്‍ദ്ധിപ്പിച്ചേക്കും. സൂര്യനെ വിഴുങ്ങുന്ന അസുരനായാണ് പുരാണങ്ങളില്‍ രാഹുവിനെ ഉദ്‌ഘോഷിക്കുന്നത്.

സൂര്യദശയിലെ രാഹുഭൂക്തിഫലം


രിപൂദയോ ധനഹൃതിരാപദുദ്ഗമോ,
വിഷാത്ഭയം വിഷജവി മൂഢതാ പുനഃ
ശിരോദൃരോരധികരുഗേവ ദേഹിനാ-
മനൌ ഭവേദനിമകരായുരന്തരേ. (ഫലദീപിക)

സൂര്യദശയിലെ രാഹുഭൂക്തി കാലത്തില്‍ ശത്രുക്കള്‍ ഉണ്ടാവുകയും ധനനാശം നേരിടുകയും ആപത്തുകള്‍ വരികയും വിഷഭയം, വിഷമൂര്‍ഛ, ശിരോരോഗം, നേത്രരോഗം തുടങ്ങിയവ ഉണ്ടാവുകയും ഫലമാകുന്നു. എന്നാല്‍ രാഹുവിന് ശുഭയോഗമോ, ശുഭരാശി- അംശകസ്ഥിതിയോ ഉണ്ടായിരുന്നാല്‍ നല്ല ഫലങ്ങള്‍ അനുഭവപ്പെടും.

ജാതകവശാല്‍ രാഹു ലഗ്നാല്‍ കേന്ദ്ര ത്രികോണ രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ആദ്യത്തെ രണ്ട് മാസം ധനനാശം, ഭയം, ചോരപീഡ തുടങ്ങിയ ക്ലേശങ്ങളും അനുഭവമാകും. അതിനുശേഷം നല്ല ഫലങ്ങളും അനുഭവിപ്പിക്കുമെന്ന് പ്രൊഫ. എ.ഇ. മുത്തുസ്വാമിയുടെ ദശാഫലമെന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അതുപോലെ തന്നെ ജാതകത്തില്‍ ലഗ്നാല്‍ 3-6-10-11 എന്നീ ഭാവങ്ങളിലോ, രവിയുടെ ഒന്‍പതിലോ യോഗകാരകനോടു ചേര്‍ന്നോ നില്‍ക്കുന്ന രാഹുവിന്റെ അപഹാരകാലത്തിലും സര്‍ക്കാര്‍ ആനുകൂല്യം, വിവാഹാദി മംഗളകര്‍മ്മസിദ്ധി, ഭാഗ്യാനുകൂല്യം തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവമാകും.

ദശാനാഥനായ രവിയില്‍നിന്നും 6-8-12 എന്നീ ഭാവങ്ങളില്‍ ബലഹീനനായി നില്‍ക്കുന്ന രാഹുവിന്റെ അപഹാരം അത്യന്തം അപകടകരമാകുന്നു. ജയില്‍വാസം, സ്ഥാനഭ്രംശം, മരണഭയം, വിഷങ്ങളാല്‍ ഉപദ്രവം, അപകടങ്ങള്‍, പലവിധ രോഗങ്ങള്‍ തുടങ്ങിയവ ഇക്കാലയളവില്‍ അനുഭവമാകാം.

ലഗ്നാല്‍ അനിഷ്ടസ്ഥാനത്താണെങ്കിലും രാഹു ദോഷപ്രദനാകുന്നു. മാരകനുമായി യോഗം ചേര്‍ന്നുനില്‍ക്കുന്ന രാഹു തന്റെ അപഹാരത്തില്‍ ജാതകനെ മരണത്തില്‍വരെ കൊണ്ടു ചെന്നെത്തിക്കാനിടയുണ്ട്. അതിനാല്‍ ഇക്കാലയളവില്‍ വളരെയധികം ശ്രദ്ധയും ഈശ്വരഭജനവും വേണ്ടതായുണ്ട്.

ഇക്കാലയളവില്‍ ശ്രദ്ധിക്കേണ്ടത്


സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. രാത്രി സഞ്ചാരവും സര്‍പ്പ ദംശനസാധ്യതയുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതും അപകടകരങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കേണ്ടതുണ്ട്.

മറ്റുള്ളവരെ വിശ്വസിച്ച് ഒരുകാര്യവും പൂര്‍ണ്ണമായി ഏല്‍പ്പിക്കരുത്. ചതി, വഞ്ചന എന്നിവയ്ക്ക് ഇരയാകാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കണം. എല്ലാക്കാര്യങ്ങളിലും നല്ലപോലെ ചിന്തിച്ച് ആഴത്തില്‍ മനസ്സിലാക്കിയശേഷം തീരുമാനങ്ങളെടുക്കുക.

ലഹരി പദാര്‍ത്ഥങ്ങളെ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ചീത്ത കൂട്ടുകെട്ടുകളില്‍നിന്നും അകലം പാലിക്കണം. യോഗ-വ്യായാമം, പ്രാര്‍ത്ഥന എന്നിവ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലഘട്ടത്തില്‍ സൂര്യനേയും രാഹുവിനേയും പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാവുന്നതാണ്. സൂര്യപ്രീതിക്കായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുന്‍ ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം രാഹുപ്രീതിക്കായി ചെയ്യേണ്ട പരിഹാരകര്‍മ്മങ്ങള്‍ മനസ്സിലാക്കാം.

വ്രതം


രാഹുവിന് ആധിപത്യമുളള ആഴ്ച ദിവസങ്ങളില്ല. അതിനാല്‍ ജാതകന്‍ ജനിച്ച ജന്മനക്ഷത്ര ദിവസം വ്രതമനുഷ്ഠിക്കാവുന്നതാണ്. സര്‍പ്പക്കാവുകളില്‍ അന്നേ ദിവസം ദര്‍ശനം നടത്തുന്നതും നല്ലതാണ്.

വസ്ത്രം


ദോഷപരിഹാരത്തിനും ഗുണം വര്‍ദ്ധിപ്പിക്കുവാനും വേണ്ടി ഈ സമയത്ത് രാഹുവിന് പറഞ്ഞിട്ടുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഗുണകരമാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് രാഹുപ്രീതിക്കായി ധരിക്കേണ്ടത്.

പുഷ്പം


രാഹുപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ നീലശംഖുപുഷ്പം, നീല ചെമ്പരത്തി തുടങ്ങിയ നീലയോ, കറുപ്പോ കലര്‍ന്ന പുഷ്പങ്ങളാണ്.

രത്‌നം


രാഹുപ്രീതിക്കായി ധരിക്കേണ്ട രത്‌നം ഗോമേദകം ഗ്ഗദകഞഇഛച ആണ്. ശത്രുദോഷങ്ങളേയും മറ്റ് എതിര്‍പ്പുകളേയും ഇല്ലാതെയാക്കി സൗഖ്യം പ്രദാനം ചെയ്യുവാന്‍ ഗോമേദകരത്‌നധാരണം വഴി സാധ്യമാകുമെങ്കിലും ജാതകവശാല്‍ പ്രസ്തുതരത്‌നം ജാതകന് അനുകൂലമല്ലെങ്കില്‍ അത് വിപരീതഫലം നല്‍കിയേക്കും. അതിനാല്‍ രത്‌നധാരണം ഉത്തമനായ ദൈവജ്ഞന്റെ നിര്‍ദ്ദേശത്താല്‍ മാത്രമേ ചെയ്യാവൂ.

യന്ത്രം


രാഹുദോഷശാന്തിക്കായി ധരിക്കാവുന്ന പ്രധാന യന്ത്രങ്ങളിലൊന്നാണ് രാഹുയന്ത്രം. കൂടാതെ ലഗ്നാധിപനെ ബലപ്പെടുത്തുന്ന യന്ത്രങ്ങളും ധരിക്കാവുന്നതാണ്. ഏത് യന്ത്രമാണ് ധരിക്കേണ്ടത് എന്നതിനും ജാതകചിന്തന ആവശ്യമാണ്.

സര്‍പ്പപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ഈ സമയങ്ങളില്‍ അനുഷ്ഠിക്കുന്നത് വളരെയധികം നല്ലതാണ്. ജന്മനക്ഷത്ര ദിവസം സര്‍പ്പക്കാവുകളില്‍ ചെന്ന് തൊഴുതു പ്രാര്‍ത്ഥിക്കുന്നതും, അവരവരുടെ ജന്മനക്ഷത്രത്തിന് പറഞ്ഞിരിക്കുന്ന വൃക്ഷത്തെ സര്‍പ്പക്ഷേത്ര പരിസരങ്ങളില്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതും ഗുണകരമാണ്.

ദോഷപരിഹാരാര്‍ത്ഥം ജപിക്കേണ്ട മന്ത്രങ്ങള്‍


അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭ സംഭൂതം
നം രാഹും പ്രണമാമ്യഹം.

രാഹുഗായത്രി


ഓം നീലവര്‍ണ്ണായ വിദ്മഹേ
സൈംഹികേയായ ധീമഹി
തന്നോ രാഹുഃ പ്രചോദയാത്.
ഈ മന്ത്രങ്ങള്‍ നിത്യവും കാലത്ത് കുളി കഴിഞ്ഞശേഷം ഭക്തിപൂര്‍വം ജപിക്കാവുന്നതാണ്.

( തുടരും.. സൂര്യദശയിലെ വ്യാഴാപഹാരഫലം)

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട്, മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW