Monday, October 22, 2018 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 21 Dec 2017 02.00 PM

സ്ത്രീകളില്‍ ഏതു പ്രായം മുതലാണ് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത?

ഹൃദയപൂര്‍വം
uploads/news/2017/12/176665/askdrheart211217a.jpg

കൊളസ്‌ട്രോള്‍ വിളമ്പുന്ന വിഭവങ്ങള്‍

ഞാനൊരു കോളജ് വിദ്യാര്‍ഥിയാണ്. എനിക്ക് 24 വയസ്. പതിവായി ഹോട്ടല്‍ ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത്. കൂട്ടുകാരുമൊത്ത് കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ യാതൊരുവിധ നിയ
ന്ത്രണങ്ങളും ഉണ്ടാകാറില്ല. ഇപ്പോള്‍ ആറേഴ് വര്‍ഷമായി ഈ രീതി തുടരുന്നു. എനിക്ക് ഭാവിയില്‍ ഹൃദ്രോഗ സാധ്യതയുണ്ടോ? പരിശോധനകള്‍ നടത്തേണ്ടതുണ്ടോ?
----- ഹനീഫ്, കൊല്ലം

ഹൃദ്രോഗകാരണങ്ങളില്‍ പ്രധാനം രക്തത്തിലെ അമിതമായ കൊഴുപ്പാണ്. ആഗോളവ്യാപകമായി 40 ലക്ഷം പേര്‍ പ്രതിവര്‍ഷം കൊളസ്‌ട്രോള്‍ കൂടി മരിക്കുന്നുണ്ടെന്നാണു കണക്ക്. ഫാഷന്‍ ഭ്രമത്തേക്കാള്‍ തീവ്രമാണു പുതുമയുള്ള ഭക്ഷണവിഭവങ്ങളോടുള്ള യുവാക്കളുടെ കമ്പം.

ഫാസ്റ്റ്ഫുഡ്, ബേക്കറി വിഭവങ്ങള്‍ എന്നിവ ലഭിക്കുന്ന ആധുനികഭക്ഷണശാഖകളോടാണ് ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പ്രിയം. കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അമിതമായി അടങ്ങിയിട്ടുള്ളതാണ് ഈ വിഭവങ്ങള്‍.

പുതിയ ഭക്ഷണശീലങ്ങളും വ്യായാമം തീരെയില്ലാത്ത ജീവിതവും ഹൃദ്രോഗം, രക്താതിസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയാക്കാം. രക്തസമ്മര്‍ദവും അമിതവണ്ണവുമെല്ലാം ആഘാതസാധ്യത കൂട്ടുന്നു.

രക്തത്തില്‍ അമിതമായുണ്ടാകുന്ന കൊഴുപ്പ് ധമനികളുടെ ഭിത്തിയില്‍ അടിഞ്ഞുകൂടുകയും ക്രമേണ അവ ചുരുങ്ങിപ്പോകുകയും ചെയ്യും. ഇതു ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ വഴിവയ്ക്കാം. എന്നാല്‍ വ്യായാമം ഹൃദ്രോഗസാധ്യത വളരെയേറെ കുറയ്ക്കും. ഭക്ഷണത്തിനനുസരിച്ച വ്യായാമംകൊണ്ട് കൊളസ്‌ട്രോള്‍ അമിതമായി വര്‍ധിക്കുന്നതു തടയാം.

അധ്വാനിക്കുകയും വിയര്‍ക്കുകയും ചെയ്യുമ്പോള്‍ മസിലുകളില്‍ നിന്ന് എന്‍സൈമുകളും പ്രോട്ടീനുകളും ഞരമ്പുകളിലേക്കു വരുകയും അവിടെ ശരിയായ വളര്‍ച്ചയ്ക്കു സഹായകമായ പ്രതിപ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും.

സൈറ്റോക്കൈന്‍സ് എന്നാണ് ഈ പ്രോട്ടീനുകളെ വിളിക്കുക. ഇവയുടെ പ്രവര്‍ത്തനം രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരം മുഴുവനായി ഉള്‍പ്പെടുന്ന വ്യായാമങ്ങളാണ് ഉത്തമം. നടത്തം, നീന്തല്‍, സൈക്കിള്‍ചവിട്ടല്‍, ജോഗിംഗ് എന്നിവ ഇതില്‍പ്പെടും.

ദിവസേന മുപ്പതു മുതല്‍ നാല്പത്തിയഞ്ചു മിനുട്ട് വരെ ഇത്തരം വ്യായാമങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതുകൊണ്ടു ഹൃദ്രോഗ സാധ്യത വളരെ കുറയ്ക്കാം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാതെ ഹോട്ടല്‍ ഭക്ഷണം മാത്രം കഴിച്ച്് ജീവിച്ച നിങ്ങള്‍ തീര്‍ച്ചയായും കൊളസ്‌ട്രോള്‍ പരിശോധിക്കണം.

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം


എന്റെ ഭാര്യയ്ക്കു വേണ്ടിയാണ് ഈ കത്ത്. 48 വയസ്. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉണ്ടായിരുന്നു. അടുത്ത് സര്‍ജറി കഴിഞ്ഞു. ഇപ്പോള്‍ വിശ്രമമാണ്. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉള്ള സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അറിയുന്നു. ഇതു ശരിയാണോ?
----- ആനന്ദന്‍, മലമ്പുഴ

അണ്ഡാശയങ്ങളില്‍ കുമിളകള്‍ പോലുള്ള ഘടനാപരമായ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം. ഇക്കൂട്ടരില്‍ അമിതവണ്ണം കൂടുതലാണ്. ഒപ്പം ഇന്‍സുലിന്‍ പ്രതിബന്ധം, ഗ്ലൂക്കോസിന്റെ കുറഞ്ഞ പോഷണോപചയാപചയം, കൊഴുപ്പിന്റെ ആധിക്യം, രക്താതിമര്‍ദം ഇവയൊക്കെ ഉണ്ടാകാനുള്ള വര്‍ധിച്ച സാധ്യതയുണ്ട്.

ആര്‍ത്തവത്തിലുണ്ടാകുന്ന അപാകതകള്‍ ഏറെയാണ്. ഈ രോഗാതുരതകളെല്ലാം കൂടുമ്പോള്‍ ഹൃദ്രോഗസാധ്യത അധികരിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആധികാരികമായ പഠനങ്ങള്‍ വരേണ്ടിയിരിക്കുന്നു.

സ്ത്രീകളില്‍ 10 മുതല്‍ 13 ശതമാനം വരെ പേര്‍ക്ക് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പ്രമേഹത്തോടൊപ്പം മറ്റ് അപകട ഘടകങ്ങളും ഇക്കൂട്ടരില്‍ ഒന്നിച്ചൂകൂടുന്നു.

സ്ത്രീകളില്‍ ഹൃദ്രോഗം എപ്പോള്‍


ഞാനൊരു വീട്ടമ്മയാണ്. എനിക്ക് 47 വയസ്. രാവിലെയും വൈകിട്ടും നടക്കുക പതിവുണ്ട്. തടിച്ച ശരീരപ്രകൃതമാണ്. എനിക്ക് ഹൃദ്രോഗഭീതിയുണ്ട്. സ്ത്രീകളില്‍ ഏതു പ്രായം മുതലാണ് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത? ഹൃദയാരോഗ്യം ഉറപ്പിക്കുന്നതിനുള്ള പരിശോധനകള്‍ ഏതൊക്കെയാണ്?
---- ലിസി ആല്‍ബര്‍ട്ട് ,ഫോര്‍ട്ടുകൊച്ചി

പൊതു സ്ത്രീകളില്‍ ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് പുരുഷന്മാരേക്കാള്‍ പത്തു വര്‍ഷം വൈകിയാണ്. എന്നാല്‍ ഹാര്‍ട്ടറ്റാക്കിന്റെ കാര്യത്തില്‍ ഇത് ഇരുപതു വര്‍ഷം വരെയാണ്. ആത്തവവിരാമത്തിന് മുമ്പ് സ്ത്രീ ശരീരത്തില്‍ സുലഭമായുള്ള സ്‌ത്രൈണ ഹോര്‍മോണുകള്‍ ഹൃദ്രോഗങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്.

52,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഇന്റര്‍ഹാര്‍ട്ട് പഠനത്തില്‍ സ്ത്രീകള്‍ക്ക് ആദ്യമായി ഹൃദ്രോഗം പ്രകടമാകുന്നത് പുരുഷന്മാരേക്കാള്‍ 8 - 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാ ല്‍ അമിത രക്തസമ്മര്‍ദവും പ്രമേഹവും ഉള്ളവരിലും ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നവരിലും പുകവലിക്കുന്നവരിലും ഈ സംരക്ഷണം ഇല്ല. ഇവയ്‌ക്കെല്ലാം പുറമെ സ്ത്രീകളിലെ അമിത വണ്ണം ഇന്ന് ഗുരുതരമായ പ്രശ്‌നമാകുന്നുണ്ട്.

മധുരവും കൊഴുപ്പും കൂടിയ ഭക്ഷണം കഴിച്ചും അനങ്ങാതിരുന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് ഭാരം അതിരു കടക്കുകയാണ്. ഈ പ്രതിഭാസം കൗമാരപ്രായം മുതല്‍ ആരംഭിക്കുന്നു. ഇക്കൂട്ടര്‍ ഹൃദ്രോഗ നിര്‍ണയ പരിശോധനകള്‍ നേരത്തേ തുടങ്ങണം.

അമിതവണ്ണം ഹൃദ്രോഗത്തിന്റെ സുപ്രധാന ആപത്ഘടകമായി ഇന്ന് പരിഗണിക്കപ്പെടുന്നു. എന്തായാലും ഹൃദ്രോഗത്തെക്കുറിച്ച് അമിത ആശങ്ക വേണ്ട. പ്രത്യേകിച്ച് കൃത്യമായ വ്യായാമമുറയിലേര്‍പ്പെടുന്നയാള്‍. ഹൃദ്രോഗ നിര്‍ണയ പരിശോധനയ്ക്ക് പ്രായപരിധി നോക്കേണ്ടതില്ല. പരിശോധന നടത്തി അപകടകരമായ സാഹചര്യമില്ലെന്ന് ഉറപ്പുവരുത്താം.

അരക്കെട്ടിന്റെ ചുറ്റളവും ഹൃദ്രോഗ സാധ്യതയും


എനിക്ക് 40 വയസ്. 70 കിലോ ഗ്രാം തൂക്കമുണ്ട് എനിക്ക്. വണ്ണമുള്ള ശരീരമാണ്. അരവണ്ണവും കൂടുതലാണ്. അരവണ്ണം കൂടുതലുള്ള സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയുണ്ടെന്ന് വായിച്ചു. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ?
---- സിസിലി ,കുവൈറ്റ്

സ്ത്രീകളില്‍ അരക്കെട്ടിന്റെ ചുറ്റളവും ഹൃദ്രോഗ സാധ്യതയും തമ്മില്‍ ബന്ധമുണ്ട്. പൊക്കിളിനോട് ചേര്‍ന്ന വയറിന്റെ ഏറ്റവും വണ്ണമുള്ള ഭാഗത്തെ അളവാണ് പരിഗണിക്കപ്പെടുന്നത്. ഇത് ഇന്ത്യാക്കാരായ സ്ത്രീകള്‍ക്ക് 80 സെന്റീമീറ്ററില്‍ കുറഞ്ഞിരിക്കണം.

ശരീരത്തില്‍ ആകെയുള്ള കൊഴുപ്പിന്റെ അളവിനേക്കാള്‍ അത് എവിടെയാണ് അടിഞ്ഞുകൂടിയിരിക്കുന്നത് എന്നതാണ് പ്രധാനം. വയറിന്റെ ഭാഗത്ത് കൊഴുപ്പ് അധികമുള്ളവരില്‍ ഹൃദ്രോഗ
സാധ്യത കൂടിയിരിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഹൃദ്രോഗ സാധ്യത കണ്ടെത്താന്‍ ഉയര - തൂക്ക അനുപാതത്തേക്കാള്‍ (ബി.എം.ഐ) അരക്കെട്ടിന്റെ ചുറ്റളവാണ് കൂടുതല്‍ കൃത്യതയുള്ളതെന്നും ആധുനിക പഠനങ്ങളില്‍ പറയുന്നു.

നിതംബത്തിന്റെയും വയറിന്റെയും ചുറ്റളവുകള്‍ തമ്മിലുള്ള ആനുപാതിക ബന്ധമാണ് (വെയ്‌സ്റ്റ് - ഹിപ്പ് റേഷ്യോ) ഫിറ്റ്‌നസിന്റെ മറ്റൊരു പ്രധാന അളവുകോല്‍. അരവണ്ണം അളക്കുന്നതുപോലെ നിതംബത്തിന്റെയും വണ്ണം അളക്കുക.

അരവണ്ണത്തെ നിതംബത്തിന്റെ വണ്ണം കൊണ്ട് ഹരിക്കുക. ഈ സംഖ്യയാണ് വെയിസ്റ്റ് - ഹിപ്പ് റേഷ്യോ. ഇത് 0.75 ല്‍ താഴെ വന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതമാണെന്ന് കണക്കാക്കാം. 0.76 - 0.80 ആണ് ആരോഗ്യകരമായ അവസ്ഥ. 0.80 - 0.85 ഗുരുതരമല്ലാത്ത അമിതവണ്ണമായി കണക്കാക്കുന്നു. എന്നാല്‍ 0.85 ല്‍ കൂടുതല്‍ വന്നാല്‍ ഇത് അപകടകരമായ വണ്ണമായി കരുതണം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ ,എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW