Monday, October 22, 2018 Last Updated 35 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 03.16 PM

ഈശ്വര - ചൈതന്യം , സ്വാധീനം ; ഒരവലോകനം

ഈശ്വരവിശ്വാസത്തിന് ശക്തികൂടുംതോറും നാം ഈശ്വരനിലേക്ക് അടുത്തുകൊണ്ടിരിക്കും. നാനാപ്രകാരത്തിലുള്ള ഫലപുഷ്പങ്ങളും, പക്ഷിമൃഗാദികളും, സൂര്യചന്ദ്രന്മാരും, ലോകത്തിന്റെ ഓരോ കണവും ചിന്താശക്തിയാര്‍ന്ന ഒരു നിര്‍മ്മാതാവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
uploads/news/2017/12/176033/joythi191217a.jpg

ഈശ്വരന്‍ 'സ്വയംഭൂ'വാണ്. ഭഗവാനെ ആരും സൃഷ്ടിച്ചതല്ല; സ്വയം പ്രകടമായവനാണ്. ഈശ്വരന്‍ ശിവനാണ്-മംഗളകാരിയാണ്. അതോടൊപ്പം ശത്രു സംഹാരിയുമാണ്. ദുഷ്ടരെ നിഗ്രഹിക്കുന്നവനുമാണ്. ഈശ്വരന്റെ സാന്നിദ്ധ്യമില്ലാത്ത ഒരു കണികപോലുമില്ല. പര്‍വ്വതങ്ങളുടെ ശിഖിരത്തിലും സമുദ്രത്തിന്റെ ആഴങ്ങളിലും ഒരുപോലെ വര്‍ത്തിക്കുന്നു.

അമ്മയുടെ ഗര്‍ഭത്തിലിരുന്ന് അവന്‍ അംഗങ്ങളെ നിര്‍മ്മിക്കുന്നു. ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞിരുന്ന് ആകാശത്തില്‍ ചരിക്കുന്ന സകലജീവികളുടേയും വ്യവസ്ഥയെ പാലിക്കുന്നു. ഓരോ ജീവിയേയും ഈശ്വരന്റെ വാസസ്ഥാനമായി മനസ്സില്‍ കണ്ടാല്‍ സകല ജീവികളിലും ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയും. ഏതു രൂപത്തില്‍ ഈശ്വരനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവോ ആ രൂപത്തില്‍ തന്നെ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുന്നതാണ്.

ഈശ്വരവിശ്വാസത്തിന് ശക്തികൂടുംതോറും നാം ഈശ്വരനിലേക്ക് അടുത്തുകൊണ്ടിരിക്കും. നാനാപ്രകാരത്തിലുള്ള ഫലപുഷ്പങ്ങളും, പക്ഷിമൃഗാദികളും, സൂര്യചന്ദ്രന്മാരും, ലോകത്തിന്റെ ഓരോ കണവും ചിന്താശക്തിയാര്‍ന്ന ഒരു നിര്‍മ്മാതാവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

മനസ്സിലൊന്ന്, വാക്കിലൊന്ന്, കര്‍മ്മത്തില്‍ ഇതൊന്നുമല്ലാത്ത മറ്റൊന്ന്; ഇതാണ് 'കുടിലത'. മനസ്സിലുള്ളത് വാക്കിലും, വാക്കിലുള്ളത് കര്‍മ്മത്തിലും; ഇതാണ് സത്യം- ധര്‍മ്മം. സകല പാപങ്ങളേയും ഭസ്മീകരിക്കാനുള്ള ശക്തിയാണ് നാം കൈവരിക്കേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അഗ്നി പാവകമാണ്, എല്ലാം ശുദ്ധീകരിക്കുന്നവനുമാണ്.

സ്വര്‍ണ്ണത്തെ അഗ്നിയിലിട്ട് തപിപ്പിച്ച് അതിലെ അഴുക്കുകളെല്ലാം കളഞ്ഞ് തനി തങ്കമാക്കുന്നപോലെ ഹൃദയത്തിന്റെ യഥാര്‍ത്ഥ പശ്ചാത്താപത്താല്‍ പാപരൂപത്തിലുള്ള അഴുക്കുകള്‍ അകന്ന് ഹൃദയം ശുദ്ധവും പവിത്രവും നിര്‍മ്മലവുമായിത്തീരുന്നു. വാസനകളാകുന്ന മാലിന്യം അകന്ന് ആത്മാവ് തങ്കത്തെപ്പോലെ തിളങ്ങാന്‍ തുടങ്ങുന്നു.

ഉയര്‍ന്ന വംശജനനം വിദ്യാഭ്യാസ സ്ഥാനമാനങ്ങള്‍, സമ്പല്‍സമൃദ്ധി ഇവയില്‍ തന്നെത്താന്‍ അഭിമാനിക്കാതിരിക്കുക. ഇതെല്ലാം തന്നത് ഈശ്വരനാണെന്ന് ഓര്‍മ്മിക്കുക. കുലമഹിമ, ആഭിജാത്യം ഇവ ലോകത്തോട് ബന്ധപ്പെട്ടതാണെങ്കിലും ആത്മാവിനോട് ബന്ധപ്പെട്ടതല്ല. കാരണം നാം ഓരോരുത്തരും ആത്മാക്കളാണ്. നമുക്ക് അവയോടൊന്നും യാതൊരു ബന്ധവുമില്ല. വെറുതെ അഭിമാനിക്കുന്നുവെന്ന് മാത്രം.

ഒരാളുടെ പ്രൗഢിയേയും സ്ഥിതിയേയും കണ്ട് അത് തനിക്കുണ്ടായില്ലല്ലോയെന്ന് ചിന്തിക്കുന്നവര്‍ സമൂഹത്തിലുണ്ട്. അത് അസൂയയില്‍ കൊണ്ടെത്തിക്കും. ഇത് ആപത്ക്കരമാണ്.'താഴ്മ'യാണ് ഒരാളെ ഉയര്‍ത്തുന്നതിന്റെ രഹസ്യം.

ശരീരബലവും മനഃശക്തിയും ആരോഗ്യവും ഹൃദയശുദ്ധിയും വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കണം. അജ്ഞാനം കൊണ്ടും ദുരിതങ്ങള്‍കൊണ്ടും അവ മറക്കപ്പെട്ടിരിക്കുകയാണ്.

പ്രസംഗങ്ങളെക്കൊണ്ടോ, വാദപ്രതിവാദനങ്ങളെക്കൊണ്ടോ, ചര്‍ച്ചകളെക്കൊണ്ടോ, അദ്ധ്യാത്മിക മാര്‍ഗ്ഗം തെളിയുകയില്ല. അവധാനതയോടുകൂടിയ അനുഷ്ഠാനംകൊണ്ട് മാത്രമേ അത് തെളിഞ്ഞുകിട്ടുകയുള്ളൂ. നാം അന്വേഷിക്കുന്ന സുഖം തന്റെ മനസ്സിലാണുള്ളത്. അല്ലാതെ ഒരു പദാര്‍ത്ഥത്തിലോ, പ്രവൃത്തിയിലോ അല്ല, മനസ്സ് ശാന്തമായാല്‍ സുഖം താനേ അനുഭവിക്കും.

ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അത് നിമിത്ത ഭാവത്തില്‍- തനിക്ക് ഈ സേവനത്തിനവസരം തന്നിരിക്കയാണെന്നും, കര്‍മ്മഫലം കിട്ടുന്നതെന്തുമാകട്ടെ, അത് അനുഗ്രഹവും പ്രസാദവുമാണെന്നും ഉള്‍ക്കൊള്ളണം. അവരവരുടെ കര്‍ത്തവ്യം ഓരോരുത്തരും കൃത്യമായി നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നുവെന്നും ധരിക്കേണ്ടതാണ്.

ഇന്ദ്രിയജയത്തിനും, മനഃശുദ്ധിക്കും ഏറ്റവും ഉപകരിക്കുന്ന സാധനയാണ് 'സത്‌സംഗം.' സ്വഭാവശുദ്ധിയുള്ളവര്‍ക്ക് മറ്റുള്ളവരുടെ നന്മയിലോ, പദാര്‍ത്ഥങ്ങളിലോ, ആസക്തിയോ, അസൂയയോ ഉണ്ടാകില്ല.

ഭാര്യാപുത്രാദി സംസാരബന്ധങ്ങള്‍കൊണ്ട് ആര്‍ക്കും പരമാര്‍ത്ഥമായ കൃതാര്‍ത്ഥത ഉണ്ടാകുന്നില്ല. അതെല്ലാം ഒരു പരിമിതകാല അനുഭവങ്ങളാണ്. ദുഃഖാഗ്നിയില്‍ തപിക്കുന്നവര്‍ക്ക് കാലംകൊണ്ട് അശുദ്ധി നീങ്ങി പ്രകാശം ലഭിക്കും. കാണുന്നതിനെയെല്ലാം ഈശ്വരസ്വരൂപമായി കാണാന്‍ ശ്രമിച്ചാല്‍ ഈശ്വരനെ മാത്രം എപ്പോഴും എല്ലാറ്റിലും കാണുന്നവന് ആനന്ദമല്ലാതെ മറ്റു ഭാവങ്ങളൊന്നുമുണ്ടാകില്ല.

കഴിഞ്ഞുപോയതിനെക്കുറിച്ച് ചിന്തിച്ച് ആയുസ്സ് നശിപ്പിക്കാതെ വര്‍ത്തമാനകാലജീവിതം എങ്ങനെ ധന്യതയോടെ ഈശ്വരസേവനത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ചിന്തിക്കണം.
ഒരാളുടെ ഏതെങ്കിലും ഒരു സ്വഭാവവിശേഷം കണ്ടുകൊണ്ട് അയാളെ ചീത്ത മനുഷ്യനായോ, പാപിയായോ തീര്‍ച്ചപ്പെടുത്തരുത്.

ഏതൊരു മനുഷ്യനും അവന്റെ ചില പരിതഃസ്ഥിതിയുടെ സമ്മര്‍ദ്ദത്താല്‍ ചീത്ത പ്രവൃത്തി ചെയ്തിട്ടുണ്ടാകാം. എന്നാല്‍ അത് അയാളുടെ വ്യക്തിത്വത്തെ രൂപീകരിക്കാനുള്ള ഒരു തെളിവല്ല. വ്യക്തിത്വത്തിന് വിധിയും കല്‍പ്പിക്കരുത്.

ഈ ലോകത്തില്‍ നമ്മുടേതായ ഒരു പദാര്‍ത്ഥവുമില്ല. നമ്മുടേതായിട്ടെന്തെങ്കിലും ഉണ്ടെങ്കില്‍ അത് നമുക്കിവിടെ നിന്ന് കൊണ്ടുപോകാന്‍ സാധിക്കേണ്ടതാണ്. ഈ ശരീരംപോലും നമുക്കിവിടെനിന്ന് കൊണ്ടുപോകാന്‍ സാധ്യമല്ല.

കര്‍മ്മഫലങ്ങള്‍ അഥവാ കര്‍മ്മവാസനകള്‍ മാത്രമാണ് നമ്മുടേതായിട്ടുള്ളത്. അതു മാത്രമേ ഒരാളുടെ മരണത്തോടെ ആത്മാവിനോടൊപ്പം കൂടെപ്പോകൂ. താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ മടിക്കരുത്. ഒരാള്‍ നാം പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെങ്കില്‍ നാം ഔദാര്യവും ക്ഷമയും അവരോട് കാണിക്കണം.

ബാല്യകൗമാര യൗവന വാര്‍ദ്ധക്യാദി ദശാകാലങ്ങളെപ്പോലെ മരണത്തേയും കാണുന്നവര്‍ക്കേ ഭയപരിഭ്രമങ്ങള്‍ കൂടാതെ സംതൃപ്തിയോടും സമാധാനത്തോടും മരണത്തെ വരിക്കാനാവൂ. ഒരുവന്റെ സുഖത്തിന് ധനത്തെ അല്ല ആര്‍ജിക്കേണ്ടത്- ജ്ഞാനത്തെയാണ്.

ഭക്തികൊണ്ട് ലൗകിക അഭിവൃദ്ധിയോ, വിഷയഭോഗങ്ങളോ അല്ല ലഭിക്കേണ്ടത്, മറിച്ച് ആത്മനിര്‍വൃതിയാണ്. വിഷയഭോഗങ്ങള്‍ കൃത്രിമമാണ്. ഒരദ്ധ്യാത്മസാധകന്റെ ഹൃദയം എപ്പോഴും പരമ പവിത്രമായിരിക്കണം. വിഷയങ്ങളില്‍ താല്പര്യം, അസൂയ, ഡംഭ്, മാത്സര്യം, ശത്രുത എന്നീ ദുഷിച്ച ഭാവങ്ങള്‍ ഹൃദയത്തില്‍ പൊന്തിവരാനിടവരരുത്.

എല്ലാവര്‍ക്കും മരണത്തെ ഒരു ദിവസം കണ്ടുമുട്ടേണ്ടിവരും. അതിനാല്‍ മരണത്തേയും മരണാനന്തര ഗതിയേയും ഉപാസിച്ച് അതിലുള്ള ഭയ പരിഭ്രമങ്ങളെ ഇല്ലാതാക്കണം.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Tuesday 19 Dec 2017 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW