Monday, October 22, 2018 Last Updated 44 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 02.55 PM

ഗര്‍ഭകാലത്ത് ഞരമ്പു തടിക്കുന്നു

ഗൈനക്കോളജി
uploads/news/2017/12/174553/askdrgalacolgy141217.jpg

കുഞ്ഞിനെ മുലയൂട്ടുമ്പോള്‍


എനിക്ക് 28 വയസ്. ഒമ്പതുമാസം ഗര്‍ഭിണിയാണ്. പ്രസവശേഷം എത്ര മണിക്കൂര്‍ കഴിഞ്ഞാണ് കുഞ്ഞിനെ മുലയൂട്ടി തുടങ്ങേണ്ടത്. കുഞ്ഞിന് ആവശ്യത്തിനുള്ള പാല്‍ ലഭിച്ചോയെന്ന്
എങ്ങനെ മനസിലാക്കാം. എത്ര മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ മുലയൂട്ടണം. മുലയൂട്ടുമ്പോ ള്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
----- എലിസബത്ത് , പെരുമ്പാവൂര്‍

പല സ്ത്രീകളും ചോദിക്കാറുള്ള ചോദ്യമാണിത്. ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കാറുണ്ട്. സാധാരണ പ്രസവമാണെങ്കില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ മുലയൂട്ടാവുന്നതാണ്. സിസേറിയനാണെങ്കില്‍ രണ്ട് മണിക്കൂറിനുശേഷവും.

ഓരോ തവണ കുഞ്ഞ് പാല് കുടിച്ച ശേഷവും രണ്ടു മണിക്കൂറോളം നന്നായി ഉറങ്ങിയാല്‍ കുഞ്ഞിന് ആവശ്യത്തിന് പാല്‍ കിട്ടിയെന്ന് മനസിലാക്കാം. കുഞ്ഞ് ആവശ്യത്തിന് മലമൂത്രവിസര്‍ജനം നടത്തുക, ജനിച്ച സമയത്തേക്കാള്‍ ശരീരഭാരം കൂടിവരിക ഇതില്‍നിന്നൊക്കെ കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നുണ്ടോയെന്ന് അമ്മയ്ക്ക് മനസിലാക്കാന്‍ കഴിയും.

എത്ര മണിക്കൂര്‍ ഇടവിട്ട് പാല്‍ കൊടുക്കണമെന്നതിന് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ല. കുഞ്ഞ് എപ്പോഴൊക്കെ വിശന്ന് കരയുന്നുവോ അപ്പോഴൊക്കെ പാല്‍ കൊടുക്കണം. കുഞ്ഞ് കരയുന്നില്ലെങ്കില്‍ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ പാല്‍ കൊടുക്കണം. മുലയൂട്ടുമ്പോള്‍ രണ്ട് സ്തനങ്ങളും മാറി മാറി കുടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

ഒരു മുലയിലെ പാല്‍ പൂര്‍ണമായും കുടിപ്പിച്ച ശേഷമേ അടുത്തതിലേ കുടിപ്പിക്കാവൂ. പാലിലെ എല്ലാ നല്ല അംശങ്ങളും കുഞ്ഞിന് കിട്ടാന്‍ ഇത് സഹായിക്കും. പാല്‍ കുടിപ്പിച്ചശേഷം കുഞ്ഞിനെ ഉടന്‍ കിടത്താതെ പുറത്തുതട്ടി ഗ്യാസ് കളയണം. ഓരോ തവണ പാല്‍കൊടുത്ത ശേഷവും ഗ്യാസ് കളയണം. അല്ലെങ്കില്‍ കുഞ്ഞ് ഛര്‍ദ്ദിച്ച് ശ്വാസകോശത്തിലൊക്കെ പോകാനിടയുണ്ട്.

പ്രസവശേഷം ഈ കാര്യങ്ങളൊക്കെ ഡോക്ടറോടു ചോദിച്ചു മനസിലാക്കാവുന്നതാണ്. മുലഞെട്ട് പൊട്ടുന്ന അവസ്ഥ ഒഴിവാക്കാന്‍ മുലഞെട്ടിന്റെ കറുത്ത ഭാഗം നന്നായി കുഞ്ഞിന്റെ
വായില്‍ വരത്തക്ക രീതിയില്‍ കുടിപ്പിക്കണം.

എപ്പോഴും പോസിറ്റീവായി ചിന്തിച്ച് ഉന്മേഷത്തോടെയിരുന്ന് കുഞ്ഞിനോട് സംസാരിച്ചുകൊണ്ട് പാലൂട്ടുക. പാല്‍ കുഞ്ഞിന് തികയുമോ എന്ന ആധി മാനസിക പിരിമുറുക്കത്തിനും പാലിന്റെ അളവ് കുറഞ്ഞുപോകുന്നതിനും കാരണമാകാം.

കട്ടപിടിച്ച ആര്‍ത്തവ രക്തം


ഞാനൊരു കോളജ് വിദ്യാര്‍ഥിനിയാണ്. എനിക്ക് ആര്‍ത്തവ രക്തം കട്ടയായാണ് പോകുന്നത്. ഇതുമൂലം എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ? ആര്‍ത്തവകാലത്ത് ശരിയായ രീതിയിലാണോ രക്തസ്രാവം ഉണ്ടാകുന്നതെന്ന് എങ്ങനെ തിരിച്ചറിയും?
----- എല്‍. കെ ,തൃശൂര്‍

ഒരു ആര്‍ത്തവചക്രത്തില്‍ ശരാശരി 80 മില്ലി ലിറ്റര്‍ രക്തം മാത്രമേ പോകുന്നുള്ളൂവെങ്കില്‍ അത് ശരിയായ രീതിയിലുള്ള രക്തസ്രാവമാണെന്ന് കരുതാം. രക്തക്കട്ടകളില്ലാത്ത ചുവപ്പു നിറത്തോടുകൂടിയ രക്തമാണ് പോകുന്നതെങ്കില്‍ ഭയപ്പെടേണ്ടതില്ല.

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുതല്‍ രാവിലെ ഉണരും വരെ നിരവധിതവണ പാഡോ തുണിയോ മാറ്റേണ്ടി വരുന്നുണ്ടെങ്കില്‍ അത് അമിത രക്തസ്രാവമായി കണക്കാക്കാം.

മാസംതോറും കൃത്യമായ ഇടവേളകളില്‍ രക്തം പോവുക, മൂന്നു മുതല്‍ അഞ്ചു ദിവസങ്ങള്‍ വരെ രക്തം പോക്ക് ഉണ്ടായിരിക്കുക, രക്തം പുരണ്ട വസ്ത്രം കഴുകുമ്പോള്‍ കറ പിടിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ആരോഗ്യകരമായ ആര്‍ത്തവ ലക്ഷണമായി കണക്കാക്കാം.

പ്രസവശേഷം രക്തസ്രാവം


പ്രസവശേഷം രകതസ്രാവം എത്ര ദിവസംവരെ കാണപ്പെടും? 20 ദിവസത്തിനുശേഷവും രക്തസ്രാവം തുടരുന്നത് എന്തുകൊണ്ടാണ്? പ്രസവശേഷം എത്ര മാസത്തിനുശേഷമാണ് ആ
ര്‍ത്തവം കാണപ്പെടുന്നത്?
---- ആന്‍സി ജേക്കബ് , തൊടുപുഴ

പ്രസവത്തിനുശേഷം ഗര്‍ഭാശയത്തില്‍നിന്നും രക്തം പോകുന്നത് അസാധാരണമല്ല. എന്നാല്‍ അതിന്റെ അളവ് ഭീതിജനകമായ രീതിയിലായിരിക്കുകയില്ല. 2 ആഴ്ചവരെ മാസമുറപോലെ രക്തം പോകാം. അതിനുശേഷം രക്തത്തിന്റെ അളവും രൂപവും മാറാം.

ചുവപ്പു നിറത്തില്‍നിന്നു പതുക്കെ തവിട്ടുനിറത്തിലേക്കു രക്തത്തിന്റെ നിറം മാറുകയും രക്തത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. അങ്ങനെ 2-3 മാസം കൊണ്ട് രക്തസ്രാവം കുറഞ്ഞു വരുന്നു. എന്നാല്‍ അമിത ബ്ലീഡിംഗ് ഒരിക്കലും ഈ സമയത്ത് ഉണ്ടാകില്ല.

അമിത ബ്ലീഡിംഗ് ഉണ്ടോയെന്ന് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്. ഉപയോഗിക്കുന്ന പാഡുകളുടെ എണ്ണം, കട്ടയായി രക്തംപോകുന്നുണ്ടോ, വിളര്‍ച്ച എന്നിവയെല്ലാം ആശ്രയിച്ചാണ് അമിത ബ്ലീഡിംഗ് കണക്കാക്കുന്നത്. ഡോക്ടര്‍ ഈ കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കുകയും രക്ത പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെയേ അമിത ബ്ലീഡിംഗ് കണ്ടെത്താന്‍ കഴിയും.

ഒരു രോഗി പറയുന്നതുകൊണ്ട് മാത്രം അമിത ബ്ലീഡിംഗ് ഉണ്ടെന്ന് പറയാന്‍ കഴിയില്ല. രക്തസ്രാവം നിന്നുകഴിഞ്ഞ് ആര്‍ത്തവം എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാം. എന്നാല്‍ മുലപ്പാല്‍കൊടുക്കുന്ന അമ്മമാരില്‍ ചിലപ്പോള്‍ ആര്‍ത്തവം താമസിച്ചു മാത്രമേ വരുകയുള്ളൂ.

ചിലര്‍ക്ക് 35 ദിവസത്തിനുശേഷവും ചിലര്‍ക്ക് ഒന്നര വര്‍ഷംവരേയും ആര്‍ത്തവം നീണ്ടുപോകാം. സ്ത്രീയുടെ ശരീരപ്രകൃതിയനുസരിച്ച് ഇതില്‍ മാറ്റം വരാം. എപ്പോള്‍ കുഞ്ഞിന്റെ പാലുകുടി കുറഞ്ഞ് മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ ആര്‍ത്തവം വരുന്നതായാണ് കാണുന്നത്.

ഗര്‍ഭകാലത്ത് ഞരമ്പു തടിക്കുന്നു


ഞാന്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. എന്റെ സ്തനത്തില്‍ ഞരമ്പുകള്‍ തെളിഞ്ഞുവരുന്നു. മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ വലിപ്പമുണ്ട്. ബ്രാ ധരിക്കുമ്പോള്‍ ഈ വ്യത്യാസം അറിയാന്‍ കഴിയുന്നുണ്ട്. ചെറിയ വേദനയും അനുഭവപ്പെടുന്നു. ഗര്‍ഭിണി ആയതിനുശേഷമാണ് ഇങ്ങനെ കണ്ടുതുടങ്ങിയത്. ഇത് സ്വാഭാവികമാണോ? ഡോക്ടറെ കാണേണ്ടതുണ്ടോ?
----- ഷബാന ,കല്‍പ്പറ്റ

എല്ലാ ഗര്‍ഭിണികളിലും കണ്ടുവരുന്ന പ്രശ്‌നമാണിത്. അമ്മയാകാനുള്ള ശരീരത്തിന്റെ തയാറെടുപ്പുകളാണ് ഇവയെല്ലാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി പലരിലും ശാരീരിക വ്യതിയാനങ്ങളില്‍ മാറ്റമുണ്ടാകാം. കുഞ്ഞിനെ മുലയൂട്ടുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായി മാത്രം ഇതിനെ കണ്ടാല്‍ മതി.

ചെറിയ വേദന അനുഭവപ്പെടുന്നതും ഞരമ്പുകള്‍ തെളിഞ്ഞുവരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എങ്കിലും അടുത്ത തവണ ഡോക്ടറെ കാണുമ്പോള്‍ പരിശോധന നടത്തുന്നത് നല്ലതാണ്.

ഡോ. ഷെറിന്‍ വര്‍ഗീസ്്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ഭാരത് ഹോസ്പിറ്റല്‍ , കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW