Thursday, April 19, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 11 Dec 2017 03.11 PM

എന്റെയുള്ളിലെ പെണ്‍കരുത്ത്....

തന്റെ സിനിമകളിലെ പെണ്‍കഥാപാത്രങ്ങളെക്കുറിച്ചും തനിക്ക് ജീവിതത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളെക്കുറിച്ചും സംവിധായകന്‍ കമല്‍....
uploads/news/2017/12/173557/kamal111217at.jpg

സ്ത്രീജീവിതങ്ങളുടെ ഉള്‍ക്കാഴ്ചകളിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് കമലിന്റെ ഓരോ സിനിമയും. ആണ്‍കോയ്മയുടെ, താരാധിപത്യത്തിന്റെ സിനിമാലോകത്ത് തന്റെ സിനിമകളില്‍ പെണ്ണിനായൊരിടം കാത്തുസൂക്ഷിക്കുന്ന സംവിധായകന്‍.

സംഗീതം നിറഞ്ഞ അവതരണ ശൈലികൊണ്ടും ഗൃഹാതുരതയുണര്‍ത്തുന്ന ഫ്രെയിമുകള്‍കൊണ്ടും കമല്‍ ചിത്രങ്ങള്‍ എന്നും വ്യത്യസ്തമായിരുന്നു. എവിടെയും അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന, നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമകൂടിയാണ് കമാലുദ്ദീന്‍ എന്ന കമല്‍.

തന്റെയുള്ളിലേയും സിനിമയിലേയും പെണ്‍ ജീവിതങ്ങളെക്കുറിച്ചും അല്‍പ്പം വിപ്ലവം നിറഞ്ഞ കാഴ്ചപ്പാടുകളെക്കുറിച്ചും സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കൂടിയായ കമല്‍.....

സ്ത്രീമനസുകളിലൂടെയുള്ള യാത്രയാണല്ലോ താങ്കളുടെ സിനിമകള്‍?


മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാം ഒരു കാലഘട്ടത്തില്‍ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ സ്ത്രീകളായിരുന്നു. അന്നത്തെ സാഹിത്യവും അങ്ങനെതന്നെയാണ്.

പുരുഷന് പ്രാധാന്യം കൊടുക്കുന്നതിനേക്കാള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതായിരുന്നു സിനിമകളും. നീലക്കുയില്‍, ചെമ്മീന്‍, യക്ഷി, ഒരു പെണ്ണിന്റെ കഥ, കള്ളിെച്ചല്ലമ്മ... അങ്ങനെ ഒരുപാട് സിനിമകള്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു.

ഇന്നത്തെപ്പോലെതന്നെ താരപരിവേഷമുള്ള നായകന്‍മാരായിരുന്നു അന്നും സിനിമയിലുണ്ടായിരുന്നത്. സത്യനും പ്രേംനസീറും മധുവും ഒക്കെ നിറഞ്ഞുനിന്ന കാലത്ത് അവരോടൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങളായി ഷീലയും ശാരദയും ജയഭാരതിയുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

അതിനെ ആ രീതിയില്‍ കാണാന്‍ കഴിയുന്ന സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇത്തരം സിനിമകള്‍ കണ്ടുവളര്‍ന്നവരാണ് എന്റെ കാലത്തുള്ളവര്‍. അതാണ് എന്റെ സിനിമകളിലും പ്രതിഫലിച്ചത്.

സിനിമയിലെ പുരുഷാധിപത്യത്തോട് പൊതുവേ എനിക്ക് താല്‍പര്യമില്ല. എന്റെ സിനിമകളില്‍ സൂപ്പര്‍ നായകന്‍മാരൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും അവര്‍ കഥാപാത്രങ്ങള്‍ മാത്രമായിരുന്നു.

അവരുടെ താരപ്പകിട്ടും പ്രൗഢിയും കാണിക്കാനുള്ള കഥാപാത്രങ്ങള്‍ എന്റെ സിനിമകളില്‍ വളരെ അപൂര്‍വ്വമായിട്ടേയുള്ളൂ. പുരുഷ കേന്ദ്രീകൃതമായി കഥ പറയുമ്പോള്‍ പുരുഷന്‍ മാത്രമാണ് അതിലെ കേന്ദ്ര കഥാപാത്രമെന്ന തെറ്റിധാരയുണ്ടാവും. അത്തരം സിനിമകളുടെ പിറകെ ഞാന്‍ പോയിട്ടില്ല.

അതൊരു വെല്ലുവിളിയായി തോന്നിയിരുന്നോ?


അങ്ങനെയൊന്നും തോന്നിയിട്ടില്ല. മിഴിനീര്‍പ്പൂവുകള്‍ എന്ന എന്റെ ആദ്യസിനിമതന്നെ സ്ത്രീകഥാപാത്രത്തിനുകൂടി പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു. ആ സിനിമയില്‍ സത്യത്തില്‍ മോഹന്‍ലാലാണ് നായകന്‍.

എല്ലാ തിന്‍മകളും ഉള്ള നായകന്‍. അയാള്‍ മാനഭംഗപ്പെടുത്തുന്ന സ്ത്രീയാണ് ഉര്‍വ്വശ്ശി വേഷമിട്ടനായിക. നായകന്‍ ഒടുവില്‍ അവള്‍ക്കു കീഴടങ്ങുന്നതായാണ് കഥ.

രണ്ടാമത്തെ സിനിമയായ ഉണ്ണികളെ ഒരു കഥ പറയാം കുട്ടികള്‍ക്കു പ്രാധാന്യം നല്‍കിയ ചിത്രമായിരുന്നു. മൂന്നാമത്തെ സിനിമ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളാണ്. നായകനേയില്ലാത്ത സിനിമ.

എനിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് കിട്ടിയ ഉള്ളടക്കത്തില്‍ മനഃശാസ്ത്രജ്ഞനായ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുമ്പോഴും രോഗിയായ അമലയുടെ കഥാപാത്രത്തിന് തുല്യ പ്രാധാന്യമുണ്ട്. അവളിലൂടെയാണ് കഥ വികസിക്കുന്ന തും അവസാനിക്കുന്നതും. മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍, പെരുമഴക്കാലം ഇതൊക്കെ അങ്ങനത്തെ സിനിമകള്‍തന്നെയാണ്.

പെരുമഴക്കാലത്തില്‍ മീരാജാസ്മിന്റെയും കാവ്യയുടേയും കഥാപാത്രങ്ങളായ ഗംഗയിലൂടെയും റസിയയിലൂടെയുമാണ് കഥ വികസിക്കുന്നത്. എനിക്ക് വേണമെങ്കില്‍ ദിലീപിന്റെ അക്ബര്‍ എന്ന കഥാപാത്രത്തിലൂടെ കഥ പറയാമായിരുന്നു.

ഞാനും റസാഖും കൂടി അന്ന് തീരുമാനിച്ചത് ഈ സിനിമ ഞങ്ങള്‍ പുരുഷനിലൂടെ പറയുന്നില്ല എന്നാ ണ്. സ്്ത്രീയിലൂടെ പുരുഷന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നു. ഗദ്ദാമയിലെ കാവ്യയുടെ വേഷവും അങ്ങനെതന്നെ. സൗദിയില്‍ ഒരു വീട്ടുവേലക്കാരി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍.

സെല്ലുലോയിഡിലാണെങ്കിലും ഡാനിയലിനൊപ്പം റോസിയുടെ കഥയും പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ആമിയിലും മാധവിക്കുട്ടിയാണ് കേന്ദ്രകഥാപാത്രം. അവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പുരുഷന്മാര്‍ മാത്രമാണ് മറ്റു കഥാപാത്രങ്ങളായി വരുന്നത്. ആമി അല്‍പ്പം വ്യത്യസ്തമായ സ്ത്രീപക്ഷ സിനിമയായിരിക്കും.

കഥ മനസിലെത്തുമ്പോഴേ കഥാപാത്രങ്ങളുടെ മുഖവും മനസില്‍ കണക്കുകൂട്ടാറുണ്ടോ?


എഴുതുന്ന ഘട്ടത്തിലും ചര്‍ച്ച നടക്കുമ്പോഴും കഥാപാത്രങ്ങ ള്‍ നമ്മുടെ മനസിലേക്കുവരും. മെയിന്‍സ്ട്രീം സിനിമകള്‍ ചെയ്യുന്നതുകൊണ്ടുതന്നെ മിക്കവാറും ചിത്രങ്ങളില്‍ താരങ്ങളും അത്യാവശ്യമാണ്. ഒപ്പം ഏറ്റവും കഴിവുള്ള, ആ കഥാപാത്രമാകാന്‍ കഴിയുന്ന ആളുകളെയാണ് കാസ്റ്റ് ചെയ്യുന്നതും.

മധുരനൊമ്പരക്കാറ്റിലും മേഘമല്‍ഹാറിലും ഹീറോയുണ്ടെങ്കില്‍ കൂടി സംയുക്ത വളരെ നന്നായി അഭിനയിച്ച ചിത്രങ്ങളായിരുന്നു അത്. അന്ന് മലയാളത്തില്‍ സജീവമായി നിന്ന നടി എന്ന നിലയിലാണ് സംയുക്തയെ തെരഞ്ഞെടുത്തത്.

ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്നിങ്ങനെ എന്റെ രണ്ട് ചിത്രങ്ങളില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആമിയാകാന്‍ മഞ്ജു എന്തുകൊണ്ടും യോഗ്യയാണെന്ന് എനിക്കറിയാം.

TRENDING NOW