Tuesday, July 17, 2018 Last Updated 56 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 04.08 PM

ഭക്ഷണം എപ്പോള്‍ എങ്ങനെ കഴിക്കാം

''ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നവര്‍ക്ക് ജീവിതചര്യകൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വളരെ കുറവായിരിക്കും. നല്ല ആഹാരശീലങ്ങള്‍ മനസിലാക്കി, അത് നിത്യജീവിത്തില്‍ പാലിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും."
uploads/news/2017/12/172742/fodhbt081217a.jpg

രുചികരമായ ഭക്ഷണം കിട്ടിയാല്‍ വയറുനിറയെ കഴിക്കുന്നവരാണ് മലയാളികള്‍. ഭക്ഷണശീലത്തില്‍ അടുത്തിടെ വന്ന മാറ്റങ്ങള്‍ കേരളീയര്‍ക്കിടയില്‍ രോഗങ്ങള്‍ വര്‍ധിക്കാനും ഇടയാക്കിയിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നവര്‍ക്ക് ജീവിതചര്യകൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വളരെ കുറവായിരിക്കും. നല്ല ആഹാരശീലങ്ങള്‍ മനസിലാക്കി, അത് നിത്യജീവിത്തില്‍ പാലിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും.

ഭക്ഷണശീലങ്ങളില്‍ ഏറെ പ്രധാനമാണ് മിതമായി ആഹാരം കഴിക്കുകയെന്നത്. കൂടാതെ സാവധാനം ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നതും നല്ല ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുന്നു.

നല്ല ഭക്ഷണ രീതി


കാലത്തിനും നേരത്തിനുമനുസരിച്ച് ആഹാരം കഴിക്കുന്ന പൂര്‍വികര്‍ നമുക്കുണ്ടായിരുന്നു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി അവരത് കൃത്യമായി പാലിച്ചിരുന്നു.

കാലാവസ്ഥയ്്ക്ക് അനുസരിച്ചുള്ള വിഭവങ്ങളുടെ ലഭ്യതയും വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും ധാരാളമായി ലഭിച്ചതും ആരോഗ്യം നിലനിര്‍ത്താന്‍ അവരെ സഹായിച്ചു. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നതാണ് ഭക്ഷണത്തിന്റെ ധര്‍മ്മം. അതുകൊണ്ട് എപ്പോള്‍, എന്ത്, എങ്ങനെ കഴിക്കണമെന്ന് തീരുമാനിക്കുന്നതും ശരീരമാണ്.

ഭക്ഷണം ഒരു പ്രത്യേക സമയത്ത് കൃത്യമായി കഴിക്കുന്നതാണ് ഉത്തമം. സമയം തെറ്റിയുള്ള ആഹാരശീലം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വീട്ടിലുള്ളവര്‍ എല്ലാവരും ഒരുമിച്ച് ഒരേ സമയം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പ്രാതല്‍ കുട്ടികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും പ്രഭാതഭക്ഷണം മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം കുട്ടികള്‍ ഒഴിവാക്കിയാല്‍ അതവരുടെ പഠനത്തെയും ഓര്‍മശക്തിയേയും ശ്രദ്ധയേയും ബാധിക്കും.

ദിവസവും 8 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം. ഭക്ഷണം വലിച്ചുവാരി കഴിക്കുന്നത് പരമാവധി ഒഴിവാക്കി, സാവധാനം കഴിച്ചു ശീലിക്കുക. ഭക്ഷണം നന്നായി ചവയ്ക്കാതെ വിഴുങ്ങുന്നതും നല്ല ഭക്ഷണരീതിയല്ല.

ഭക്ഷണത്തിന്റെ അളവ്


കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഒരാള്‍ക്ക് കഴിക്കാനാകുന്ന ഭക്ഷണത്തിന്റെ അളവ് ആയിരിക്കില്ല മറ്റൊരാള്‍ക്ക്. പല ഘടകങ്ങളെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും.

ഒരു വ്യക്തിയുടെ പ്രായം, ഉയരം, ശരീരഭാരം, ജോലി, കഠിനാധ്വാനം, വ്യായാമം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ആഹാരത്തിന്റെ നാലിലൊന്ന് ധാന്യം (ചോറ്, ചപ്പാത്തി, പുട്ട്, ഇഡ്‌ലി തുടങ്ങിയവ) ഉള്‍പ്പെടുത്തുക. അതോടൊപ്പം മറ്റൊരു ഭാഗം മാംസ്യം (മത്സ്യം, മാംസം, പഴവര്‍ഗങ്ങള്‍) ഭക്ഷണത്തിനൊപ്പം കഴിക്കുക.

uploads/news/2017/12/172742/fodhbt081217a1.jpg

പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുക. പുതിയ പഠനങ്ങള്‍ പ്രകാരം വയറൊഴിഞ്ഞിരിക്കുമ്പോഴാണ് ബുദ്ധി പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

വയറൊഴിഞ്ഞിരിക്കുമ്പോള്‍ ഗ്രേലിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും.'വിശക്കുന്നു' എന്ന സന്ദേശം മസ്തിഷ്‌കത്തിലെത്തിക്കുന്നത് ഈ ഹോര്‍മോണാണ്.

വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാം


വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. പക്ഷേ പലരും വിശക്കുന്നതിനു മുന്‍പ് തന്നെ ഭക്ഷണം കഴിക്കാറുണ്ട്. ആഹാരം അത്യാവശ്യമാണ് എന്ന് ശരീരം നല്‍കുന്ന സൂചനയാണ് വിശപ്പ്.

ശരിയായ ഭക്ഷണ സമയമെന്നത് വിശപ്പുണ്ടായതിനു ശേഷം കഴിക്കുകയെന്നതാണ്. വിശക്കുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കുന്നത് ദഹനേന്ദ്രിയത്തെ തകരാറിലാക്കും.

കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുന്‍പ് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും അപകടമാണ്. ഒരു ദിവസം പരമാവധി മൂന്ന് നേരത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്.

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതില്‍ തെറ്റില്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ആഹാരത്തിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണുത്തമം.

ഭക്ഷണം നന്നായി ചവച്ച് കഴിക്കണം


ആഹാരം നന്നായി ചവച്ച് കഴിക്കുക. ചവയ്ക്കലിന് ദഹനപ്രക്രിയയില്‍ കാര്യമായ പങ്കുണ്ട്. അന്നജം കൂടുതലുള്ള പദാര്‍ത്ഥങ്ങള്‍ ദഹിക്കുന്നത് ഉമ്മിനീരിന്റെ സഹായത്തോടെയാണ്. അതുകൊണ്ട് തന്നെ ആഹാരം നന്നായി ചവച്ച് കഴിക്കണം. ഭക്ഷണം കഴിച്ച് കഴിഞ്ഞാലുടന്‍ ഉറങ്ങാന്‍ കിടക്കരുത്.

ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം ഉറങ്ങാന്‍ കിടക്കുന്നതാണ് ഉത്തമം. ദഹനപ്രക്രിയ നടക്കുമ്പോള്‍ ശരീരത്തിലെ പോഷണസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും.

ആ സമയത്ത് ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം ശരിയാകില്ലെന്നു മാത്രമല്ല, ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാന്‍ കിടന്നാല്‍ ഭക്ഷണത്തിന്റെ ഒരു പങ്ക് ദഹിക്കാതെ കിടക്കുകയും ചെയ്യും.

ചിട്ടയോടെയുള്ള ആരോഗ്യശീലങ്ങള്‍


1. പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉന്മേഷകരവുമാക്കി മാറ്റാനാകും.
2. ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. ഒരു ദിവസം അഞ്ചു മുതല്‍ ഏഴ് വരെ തവണകളായി ചെറിയ അളവിലുള്ള ഭക്ഷണക്രമമാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
uploads/news/2017/12/172742/fodhbt081217a2.jpg

3. യാത്രയിലും ജോലി സമയത്തും ഒരു കുപ്പിയില്‍ നിറയെ വെള്ളം കരുതുക. പുറത്തുനിന്നും ലഭ്യമാകുന്ന വെള്ളത്തേക്കാള്‍ ശുദ്ധജലം കയ്യില്‍ കരുതുന്നതാണ് നല്ലത്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
4. ശരീരത്തിന് വിശ്രമം അത്യാവശ്യമാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍


1. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
2. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്് ആരോഗ്യത്തിന് നല്ലതാണ്.

3. എണ്ണയുടെ അമിത ഉപയോഗം കുറയ്ക്കുക. വെളിച്ചെണ്ണയില്‍ ധാരാളം കൊഴുപ്പടങ്ങിയിരിക്കുന്നതിനാല്‍ അതിന്റെ ഉപയോഗം പരമാവധി നിയന്ത്രിക്കുക.
4. കൊഴുപ്പ് കൂടുതലടങ്ങിയ ആഹാരസാധനങ്ങളുടെ ഉപയോഗം കുറയ്ക്കണം. നെയ്യ്, കരള്‍, മുട്ട, ആട്ടിറച്ചി, മാട്ടിറച്ചി, തുടങ്ങിയവയിലൊക്കെ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്.

5. മാംസാഹാരത്തിന്റെ ഉപയോഗം കുറയ്ക്കുക. കോഴിയിറച്ചി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞ് പാകം ചെയ്യുക. തൊലിയുടെ ഉള്‍ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നത്.
6. ദിവസവും ധാരാളം വെള്ളം കുടിക്കുക.

7. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.
8. ഉപ്പ്, മധുരം ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക.

അശ്വതി രതീഷ്
ഡയറ്റീഷന്‍
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW