Monday, October 22, 2018 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 03.19 PM

രക്തം നല്‍കിയാല്‍ തലചുറ്റല്‍ ഉണ്ടാകുമോ?

ജനറല്‍ മെഡിസിന്‍
uploads/news/2017/12/172733/asdrgenmedicn081217.jpg

''രക്തദാനത്തിന് മുമ്പ് ദാതാവിന് മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി എന്നീ രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ഗ്രൂപ്പുകള്‍ ഒന്നാണോ എന്ന് ഗ്രൂപ്പിംഗ് വഴിയും ക്രോസ് മാച്ചിംഗ് വഴിയും നിശ്ചയിക്കണം"

പാലിന്റെ ഉപയോഗവും കഫക്കെട്ടും


22 വയസ്. വിദ്യാര്‍ത്ഥിനിയാണ്. എനിക്ക് ഇടയ്ക്കിടെ ജലദോഷവും കഫക്കെട്ടും ഉണ്ടാകാറുണ്ട്. പാല്‍ വളരെയധികം കുടിക്കാറുണ്ട്. ഇതുമൂലമാണ് കഫക്കെട്ട് വിട്ടുമാറാത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതു ശരിയാണോ. പാല്‍ സമീകൃതാഹാരമാണെന്നല്ലേ പറയുന്നത്. പാല്‍ കുടിയ്ക്കുന്നത് ഉണര്‍വിനും ഉന്‍്‌മേഷത്തിനും നല്ലതാണെന്നും വായിച്ചിട്ടുണ്ട്. പാല്‍ കുടിക്കുന്നത്
അമിതവണ്ണത്തിന് കാരണമാകുമോ?
------ ചിന്നു ,കോഴിക്കോട്

പാല്‍ ചില കുട്ടികളില്‍ അലര്‍ജിക്കു കാരണമാകും. ഇപ്പോഴത്തെ കഫക്കെട്ടും ജലദോഷവും പാല്‍ കുടിക്കുന്നതുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. പാല്‍ സമീകൃതാഹാരമാണെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ ഇരുമ്പിന്റെ അംശം ഇല്ലെന്ന് മനസിലാക്കുക.

പാല്‍ ഉപയോഗം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധമായ പാല്‍ കുടിക്കുന്നതുകൊണ്ട് ദൂഷ്യഫലങ്ങളൊന്നും ഉണ്ടാവുകയില്ല. അതിനോടൊപ്പം സാധാരണ ഭക്ഷണവും കഴിക്കുക. ജലദോഷത്തിനും കഫക്കെട്ടിനും മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് ഒരു ഇ.എന്‍.ടി വിദഗ്ധനെയോ ഫിസിഷനെയോ കണ്ട് ഉറപ്പുവരുത്തുക.

രക്തം നല്‍കിയാല്‍ തലചുറ്റല്‍ ഉണ്ടാകുമോ?


എനിക്ക് 18 വയസ്. രക്തം നല്‍കണമെന്നുണ്ട്. എത്ര വയസു മുതല്‍ രക്തം ദാനം ചെയ്യാം. ഒരു തവണ രക്തം നല്‍കിയാല്‍ എത്ര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും രക്തം നല്‍കാം. രക്തം നല്‍കിയാല്‍ തലചുറ്റല്‍ ഉണ്ടാകും എന്നു പറയുന്നത് ശരിയാണോ? രക്തദാനത്തെക്കുറിച്ചുള്ള വിശദമായ മറുപടി പ്രതീക്ഷിക്കുന്നു?
------- സിറാജ് സുരേഷ് ,മുളകുളം

വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും വിപ്ലവകരമായ ഒരു കാല്‍വെപ്പാണ് രക്തഗ്രൂപ്പുകളുടെ കണ്ടുപിടുത്തം. ലാന്‍സ്‌റ്റെയ്‌നര്‍ എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത് എ, ബി, എബി, ഒ എന്നിവയാണ് പ്രധാന രക്തഗ്രൂപ്പുകള്‍. ഇവയില്‍ പോസിറ്റീവും നെഗറ്റീവുമുണ്ട്. അതുകൊണ്ടാണ് എ പോസിറ്റീവ്, ബി - നെഗറ്റീവ് എന്നൊക്കെ തരംതിരിച്ചിരിക്കുന്നത്.

റോഡപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും പെട്ട് രക്തം നഷ്ടപ്പെട്ടവര്‍, വലിയ ഓപ്പറേഷന് വിധേയരാകുന്നവര്‍, രക്തസംബന്ധമായ ചില രോഗങ്ങളുള്ളവര്‍ (രക്താര്‍ബുദം, ഹീമോഫീലിയ രോഗങ്ങള്‍). ഇവര്‍ക്കെല്ലാം രക്തം ആവശ്യമായി വരാം. പതിനെട്ട് വയസിനും അറുപത് വയസിനുമിടയ്ക്ക് ആരോഗ്യമുള്ള ആര്‍ക്കും (സ്ത്രീകള്‍ അടക്കം) രക്തം ദാനം ചെയ്യാവുന്നതാണ്.

മൂന്നുമാസത്തിലൊരിക്കല്‍ രക്തം നല്‍കാം. രക്തദാനത്തിന് മുമ്പ് ദാതാവിന് മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി എന്നീ രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ഗ്രൂപ്പുകള്‍ ഒന്നാണോ എന്ന് ഗ്രൂപ്പിംഗ് വഴിയും ക്രോസ് മാച്ചിംഗ് വഴിയും നിശ്ചയിക്കണം. രക്തദാനത്തിനു ശേഷം ക്ഷീണം എന്നു പറയുന്നത് ഭയംകൊണ്ട് മാത്രമാണ്.

ഡിമന്‍ഷ്യ പാരമ്പര്യമോ?


എനിക്ക് 26 വയസ്. ഒരു പരസ്യകമ്പനിയില്‍ ജോലിചെയ്യുകയാണ്. എന്റെ അച്ഛന്റെ കുടുംബത്തില്‍ പാരമ്പര്യമായി ഡിമെന്‍ഷ്യ എന്ന രോഗം കാണപ്പെടുന്നു. മുത്തച്ഛന്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണ്. അതിനാല്‍ അച്ഛനും വളരെ പരിഭ്രമത്തിലാണ്. എനിക്ക് ഇപ്പോള്‍ തന്നെ പല കാര്യങ്ങളിലും മറവി കൂടുതലാണ്. ആ ഒരു അവസ്ഥയെക്കുറിച്ച് എനിക്കും ചിന്തിക്കാനേ കഴിയുന്നില്ല. ഡിമെന്‍ഷ്യയ്ക്കു ശാശ്വത പരിഹാരം സാധ്യമല്ലെന്നു പറയുന്നത് ശരിയാണോ. മുന്‍കരുതലുകളിലൂടെ ഈ രോഗം അകറ്റി നിര്‍ത്താന്‍ കഴിയുമോ? ഇതുമൂലം ഞങ്ങളെല്ലാം വളരെ വിഷമത്തിലാണ്. ഡോക്ടര്‍ ദയവായി ഒരു മറുപടിതന്നു സഹായിക്കണം.
-------ജെറിന്‍ ജോസ് ,പാല

ഡിമന്‍ഷ്യ എന്ന വാക്കിന് പല അര്‍ഥ തലങ്ങളുണ്ട്. ഓര്‍മ്മക്കുറവ് അതിലൊന്നു മാത്രം. പാരമ്പര്യമായി കുടുംബത്തില്‍ ഈ രോഗം കാണപ്പെടുന്നതുകൊണ്ട് ഒരു ന്യൂറോ ഫിസിഷനെക്കണ്ട് അഭിപ്രായം തേടുക. ചെറിയ ഓര്‍മ്മക്കുറവ് ഇല്ലാത്തവര്‍ ആരുമില്ല ഈ ലോകത്ത്. അതു ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതുക.

പന്ത്രണ്ടുവയസുകാരന് നാണം


മകന് 12 വയസ്. വീട്ടില്‍ അവന്‍ എല്ലാ കാര്യത്തിലും നല്ല മിടുക്കനാണ്. എന്നാല്‍ വീടിനു പുറത്തിറങ്ങിയാലോ വീട്ടില്‍ ആരെങ്കിലും വിരുന്നുകാര്‍ വന്നാല്ലോ അവന് നാണമാണ്. സ്‌കൂളിലും കൂട്ടുകാര്‍ ഒന്നുമില്ല. ഈ സ്വഭാവം മാറ്റാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു. അവന് ഒരു മാറ്റവുമില്ല. ഇത് എന്തെങ്കിലും രോഗമാണോ. ഡോക്ടറെ കാണിക്കേണ്ടതുണ്ടോ?
------ശാരദ രാധാകൃഷ്ണന്‍ ,ചിങ്ങവനം

നാണം ഒരു രോഗമല്ല. ചിലര്‍ ജന്മനാ തന്നെ അന്തര്‍മുഖത്വമുള്ളവരായിരിക്കും. കൂട്ടുകാരും സതീര്‍ഥ്യരുമായി ഇടപഴകുമ്പോള്‍ നാണമെല്ലം പമ്പകടക്കും. ഇതെഴുതുന്ന ഡോക്ടറും ഒരു നാണം കുണുങ്ങിയായിരുന്നു. അതുകൊണ്ട് ശാരദ ഭയപ്പെടേണ്ട. കളിക്കാനും കൂട്ടുകൂടാനും അവനെ പ്രേരിപ്പിക്കുക. എന്നിട്ടും ഫലമില്ലെങ്കില്‍ നല്ല കൗണ്‍സിലറെ കണ്ട് ഉപദേശം തേടുക.

കോഴിയുടെ കരള്‍ കഴിക്കാമോ?


മകളുടെ മകള്‍ക്കു വേണ്ടിയാണ് കത്ത്. കൊച്ചു മകള്‍ക്ക് 9 വയസായി. ചിക്കനാണ് അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. പ്രത്യേകിച്ചും ലിവര്‍. അതിനാല്‍ അതു വാങ്ങി വറുത്തു കൊടുക്കുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഇത് കഴിക്കുന്നത് നല്ലതല്ലെന്ന്. ഒരു സുഹൃത്തു പറഞ്ഞു. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും. ഇത് ശരിയാണോ?
------നിഷ വിഷ്ണുനാഥ് ,ഇരിങ്ങാലക്കുട

ചിക്കനും കരളും നല്ലതാണ്. പക്ഷേ, അധികമായാല്‍ അമൃതും വിഷംതന്നെ എന്ന് പറയാറുണ്ടല്ലോ. ചിക്കനും കരളും അത്യാവശ്യത്തിന് കൊടുക്കാം. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കോഴിക്കരള്‍ ഭക്ഷിക്കുന്നതുകൊണ്ട് ഉണ്ടായതായി മെഡിക്കല്‍ സയന്‍സില്‍ പറയുന്നില്ല.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW