Friday, January 12, 2018 Last Updated 55 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 03.52 PM

കൊഞ്ചി കരയല്ലേ...

കൊച്ചുകുഞ്ഞുങ്ങള്‍ കരയുന്നത് നിസ്സാരമായി കണക്കാക്കരുത്. കുട്ടികളുടെ കരച്ചിലിന് പല കാരണങ്ങളുമുണ്ട്. അത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
uploads/news/2017/12/171751/parenting051217a.jpg

അമ്മേടെ വാവ എന്തിനാ കരയണേ? പാപ്പം വേണോ? അമ്മ തരാട്ടോ.... കുഞ്ഞിനെ മാറോടണച്ച് അപര്‍ണ പറഞ്ഞു.

ഞാന്‍ എന്ത് ചെയ്തിട്ടും കുഞ്ഞിന്റെ കരച്ചില്‍ മാറുന്നില്ലല്ലോ. ഇനി എന്തെങ്കിലും അസുഖമായിരിക്കുമോ? അപര്‍ണ ആത്മഗതം പറഞ്ഞു.

ചെറിയ കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ കരയുന്നതിന്റെ കാരണമെന്തെന്ന് പലപ്പോഴും അമ്മമാര്‍ക്ക് തിരിച്ചറിയാനാവില്ല. നിര്‍ത്താതെയുള്ള കരച്ചിലാണെങ്കില്‍ സ്വയചികിത്സ പരീക്ഷിക്കാതെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതാണ് അനുയോജ്യമായ തീരുമാനം.

എന്തുകൊണ്ടിങ്ങനെ?


മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞാണ് നിര്‍ത്താതെ കരയുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഓരോ തവണയും കുഞ്ഞ് കുടിക്കുന്ന പാലിനൊപ്പം ധാരാളം വായുവും അകത്തേക്കെത്തുന്നുണ്ട്.

ആ വായു പുറത്തേക്ക് പോയില്ലെങ്കില്‍ കുഞ്ഞിന് ശ്വാസം മുട്ടലുണ്ടാകും. അതുകൊണ്ട് കുഞ്ഞ് പാലു കുടിച്ചതിന് ശേഷം കുഞ്ഞിന്റെ പുറത്ത് പതുക്കെ തട്ടിക്കൊടുക്കണം.

ഇത് കുഞ്ഞിന്റെ വയറ്റിലെ വായു പുറത്തേക്ക് കളയാന്‍ സഹായിക്കും. ഏമ്പക്കശബ്ദം കേള്‍ക്കുന്നതുവരെ ഇത് തുടരുക. വയറില്‍ കെട്ടി നില്‍ക്കുന്ന വായു പുറത്തുപോകുമ്പോള്‍ തന്നെ കുഞ്ഞിന് ആശ്വാസമുണ്ടാകും.

ചെവിവേദന


ചെവിവേദന കൊണ്ടും കുഞ്ഞ് കരയാം. വേദന കൂടുതലുണ്ടെങ്കില്‍ വേദനയുള്ള ചെവി കുഞ്ഞ് ഇടയ്ക്കിടെ തൊട്ടുകൊണ്ടിരിക്കും. ജലദോഷമുള്ള സമയങ്ങളിലാണ് ചെവിവേദനയുണ്ടാകാറ്. മൂക്കടപ്പും ഈ സമയത്ത് കുഞ്ഞിനെ അലട്ടാറുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ വളരെ നേര്‍ത്ത ഉപ്പുവെള്ളം ഇടയ്ക്കിടെ ഒന്നോ രണ്ടോ തുള്ളി മൂക്കിലേക്കൊഴിച്ചുകൊടുത്താല്‍ ശ്വാസതടസം കുറയും. എന്നു കരുതി ഈ ചികിത്സ തുടരേണ്ടതില്ല. എത്രയും പെട്ടെന്ന് കുഞ്ഞിനെ ഒരു ശിശുരോഗവിദഗ്ധനെ കാണിക്കണം.

പനി പ്രശ്‌നമാകുമ്പോള്‍


ചിലപ്പോള്‍ കളിച്ചു ചിരിച്ചു കിടന്ന കുഞ്ഞ് ഒരു മുന്നറിയിപ്പുമില്ലാതെ അസഹ്യമായി ശരീരവേദന പ്രകടിപ്പിക്കാറുണ്ട്. ഇതോടൊപ്പം പനി, ഛര്‍ദ്ദില്‍, വിസര്‍ജ്യത്തോടൊപ്പം രക്തം പോവുക തുടങ്ങിയ ലക്ഷണങ്ങളും കാണാം.

കുടലിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ഇതുണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കഴിവതും വേഗം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.

ഉറക്കം കുറഞ്ഞാല്‍


സുഖമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ കുഞ്ഞ് പരാതി പറയുന്നത് കരച്ചിലിലൂടെയാവും. വീട്ടിലെ ബഹളങ്ങളും മറ്റുമായിരിക്കും കുഞ്ഞിന്റെ ഉറക്കത്തിന് തടസമാകുന്നത്. പാലു കുടിച്ച് വിശപ്പുമാറുമ്പോള്‍ തന്നെ കുഞ്ഞിന് സുഖമായി ഉറങ്ങാനുള്ള സൗകര്യം ഒരുക്കണം.
uploads/news/2017/12/171751/parenting051217a1.jpg

അമ്മയുണ്ടാകണമെന്ന വാശി


ചിലപ്പോള്‍ അമ്മയുടെ മടിയില്‍ കിടക്കാനോ, കൈയില്‍ കിടത്താനോ ആയിരിക്കാം കുഞ്ഞ് നിര്‍ത്താതെ കരയുന്നത്.

ഇത് തിരിച്ചറിഞ്ഞാല്‍ കുഞ്ഞിനെ പതിയെ കൈയിലെടുത്ത് നെഞ്ചോട് ചേര്‍ക്കുക. സാധിക്കുമെങ്കില്‍ ഒരു താരാട്ടുപാട്ടും പാടാം. അമ്മയുടെ ചൂടുകൊണ്ട് കുഞ്ഞ് ഉറങ്ങിക്കോളും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനായി പലരും കുഞ്ഞിനെ കൈയില്‍ വച്ച് കുലുക്കാറുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇങ്ങനെ ചെയ്യുന്നത് കുഞ്ഞിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കും.

2. വായില്‍ പാല്‍ക്കുപ്പി വച്ച് കുഞ്ഞിനെ ഉറക്കാന്‍ കിടത്തരുത്. ഇത് പുതുതായി മുളയ്ക്കുന്ന പല്ലിന്റെ ഇനാമലിന് ദോഷമാണ്. മുലയൂട്ടുമ്പോഴും ഇത് ശ്രദ്ധിക്കണം. കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞാല്‍ മുലയൂട്ടാതിരിക്കുക.

3. ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കണം. മറ്റ് ഭക്ഷണങ്ങള്‍ നല്‍കുന്നത് വയറിനുള്ളില്‍ ഇന്‍ഫെക്ഷനുണ്ടാക്കും.

4. കുഞ്ഞിനെ ദേഹത്തുകിടത്തി ഉറക്കാതിരിക്കുക. ഇത് ശ്വാസതടസമുണ്ടാക്കും.

എങ്ങനെ തിരിച്ചറിയാം ?


നവജാത ശിശുവിന്റെ കരച്ചില്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ഗുരുതര വൈകല്യങ്ങള്‍ പോലും തിരിച്ചറിയാനാകും. അമ്മയ്ക്കാണ് ആദ്യം തിരിച്ചറിയാനാവുക.

തൈറോയ്ഡ് ഗ്രന്ഥിക്ക് തകരാറുള്ള കുഞ്ഞിന്റെ കരച്ചില്‍ അസാധാരണമാം വിധം ഉയര്‍ന്നു കേള്‍ക്കാം. പേശീസംബന്ധമായ അസുഖങ്ങളുള്ള കുഞ്ഞുങ്ങള്‍ ശക്തി കുറഞ്ഞ് ശബ്ദമില്ലാതെ ക്രരയാറുണ്ട്.

ഒരു കാരണവും കൂടാതെ നിര്‍ത്താതെ കരയുന്ന കുട്ടികളുമുണ്ട്. മൂന്നു മാസം മുതല്‍ ആറു മാസം വരെ പ്രായമുള്ള കുട്ടികള്‍ സന്ധ്യാനേരങ്ങളില്‍ കരയും. ഇത് പ്രശ്നമായി കാണേണ്ടതില്ല.

സാധാരണ ഗതിയില്‍ ഒരു നവജാതശിശു ആദ്യത്തെ രണ്ടാഴ്ചക്കാലം ദിവസം ശരാശരി രണ്ടു മണിക്കൂറും ആറാഴ്ചവരെ ദിവസേന ശരാശരി മൂന്നുമണിക്കൂറും കരയും.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
TRENDING NOW