Monday, October 22, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Nov 2017 03.58 PM

അശ്രദ്ധയും കുസൃതിയും അമിതമാവുമ്പോള്‍

ചില കുട്ടികള്‍ക്കു ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്‌നവും, വേറെ ചിലര്‍ക്കു പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഈ രോഗം കാരണമാവാം
uploads/news/2017/11/169591/kids281117a.jpg

അമിത ശ്രദ്ധക്കുറവും ഒരിടത്തും അടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്ത പെരുമാറ്റങ്ങളും കണ്ടാല്‍ കുട്ടികളെ വഴക്കു പറയുകയല്ല വേണ്ടത്. കാരണം ഇത് എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം.

ഈ പ്രശ്‌നങ്ങള്‍ നേരിയ തോതില്‍ മിക്ക കുട്ടികളിലും കാണാമെങ്കിലും തീവ്രത കൂടുമ്പോള്‍ മാത്രമാണ് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നതെന്നു മാത്രം.

ചില കുട്ടികള്‍ക്കു ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്‌നവും, വേറെ ചിലര്‍ക്കു പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഈ രോഗം കാരണമാവാം.

തലച്ചോറിലെ ചില തകരാറുകളാണ് ഇതിനു കാരണം. തെറ്റായി രോഗനിര്‍ണയം നടത്തപ്പെടുന്നതും അര്‍ഹിക്കുന്ന ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നതുമായ ഒരു രോഗമാണിത്.

എ.ഡി.എച്ച്.ഡി.യിലേക്കു നയിക്കുന്ന ഘടകങ്ങളെ കൃത്യമായി നിര്‍വചിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. മറ്റു പല അസുഖങ്ങളും പോലെ എ.ഡി.എച്ച്.ഡി.ക്കു പിന്നിലും ജനിതക ഘടകങ്ങള്‍ക്കും ജീവിത സാഹചരങ്ങള്‍ക്കും പങ്കുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

ജനിതക ഘടകങ്ങള്‍


ഇരട്ടകളില്‍ നടന്ന പല പഠനങ്ങളും വ്യക്തമാക്കുന്നത് ഒരു കുട്ടിക്ക് എ.ഡി.എച്ച്.ഡി. പിടിപെടാനുള്ള 65 മുതല്‍ 90 വരെ ശതമാനവും സാധ്യത ആ കുട്ടിയുടെ ജനിതക ഘടനയാണെന്നാണ്. എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും ഈ അസുഖമുള്ള ഒരു ബന്ധുവെങ്കിലുമുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എ.ഡി.എച്ച്.ഡി.യിലേക്കു നയിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്ന പല ജീനുകളും തലച്ചോറിലെ കോശങ്ങളെ പരസ്പരം സംവദിക്കാന്‍ സഹായിക്കുന്ന ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ ജീനുകളുടെ എ.ഡി.എച്ച്.ഡി.ക്കു കാരണമാകുന്ന വകഭേദങ്ങള്‍ പേറുന്ന എല്ലാവര്‍ക്കും അസുഖം വരണമെന്നില്ല. മറിച്ച്, അങ്ങനെയുള്ളവര്‍ക്കു രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

മറ്റു കാരണങ്ങള്‍


ഗര്‍ഭിണികളിലെ മദ്യപാനം, പുകവലി, മാനസിക സമ്മര്‍ദം, ബെന്‍സോഡയാസെപിന്‍ വിഭാഗത്തിലെ മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ കുട്ടികളില്‍ എ.ഡി.എച്ച്.ഡി.ക്കു വഴിവെച്ചേക്കാം.

പ്രസവത്തിലുണ്ടാകുന്ന സങ്കീര്‍ണതകളും ജനനസമയത്തെ തൂക്കക്കുറവും തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളും എ.ഡി.എച്ച്.ഡി.ക്കു കാരണമാവാറുണ്ട്. ചില കീടനാശിനികളും ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന ചില കൃത്രിമ നിറങ്ങളും എ.ഡി.എച്ച്.ഡി.യുണ്ടാക്കിയേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.

തലച്ചോറിന്റെ സവിശേഷതകള്‍


പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കാനും സംഭവങ്ങളുടെ കാര്യകാരണ ബന്ധങ്ങള്‍ ഉള്‍ക്കൊള്ളാനും ആത്മനിയന്ത്രണം പാലിക്കാനും കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനുമൊക്കെ സഹായിക്കുന്നത് തലച്ചോറിലെ ഫ്രോണ്ടല്‍ ലോബ്‌സ് എന്ന ഭാഗമാണ്.

എന്നാല്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ ഇത് താരതമ്യേന ചെറുതാണ്. കുട്ടികള്‍ മുതിര്‍ന്ന് രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതിനനുസരിച്ച് വലിപ്പക്കുറവ് പതിയെ ഇല്ലാതാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

അതുപോലെ തലച്ചോറിന്റെ രണ്ടു വശങ്ങളെയും ബന്ധിപ്പിക്കുന്ന കോര്‍പ്പസ് കലോസത്തിന്റെ ഭാഗങ്ങളും ഈ കുട്ടികളില്‍ വലിപ്പക്കുറവായിരിക്കും. പരസ്പരം ബന്ധമുള്ള തലച്ചോറിലെ ലാറ്റേറല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്, ഡോഴ്‌സല്‍ ആന്റീരിയര്‍ സിങ്കുലേറ്റ് കോര്‍ട്ടെക്‌സ്, കോഡേറ്റ്, പ്യുട്ടാമെന്‍ എന്നീ ഭാഗങ്ങള്‍ക്കും എ.ഡി.എച്ച്.ഡി.യുമായി ബന്ധപ്പെട്ടിരിക്കുന്നു.

തലച്ചോറിലെ ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടികളുടെ ഉന്മേഷം കുറയ്ക്കാം. ഇതുമൂലം സ്വയം ഉത്തേജിപ്പിക്കാന്‍ അവര്‍ പിരുപിരുപ്പും എടുത്തുചാട്ടവും കാണിക്കുന്നതാണെന്നു ചില ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നുണ്ട്.

പ്രസക്തമായ കണക്കുകള്‍


മുപ്പതു കുട്ടികളുള്ള ഒരു ക്ലാസില്‍ ഒരാള്‍ക്കെങ്കിലും എ.ഡി.എച്ച്.ഡി. ഉണ്ടാവാനുള്ള സാധ്യതകളുണ്ട്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ മൂന്നു മുതല്‍ ഏഴു ശതമാനം വരെ അസുഖം ബാധിച്ചേക്കാം. ആണ്‍കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത പെണ്‍കുട്ടികളുടേതിനേക്കാള്‍ മൂന്നിരട്ടിയാണ്.

എ.ഡി.എച്ച്.ഡി. ബാധിതരില്‍ മൂന്നില്‍ രണ്ടു പേര്‍ക്ക് വിഷാദരോഗം, ഉത്ക്കണ്ഠാ രോഗങ്ങള്‍, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്.

സാധാരണയായി രോഗലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത് മൂന്നിനും ആറിനും ഇടയ്ക്കു പ്രായമുള്ളപ്പോഴാണ്. വലുതാകുന്നതിനനുസരിച്ച കുട്ടികളുടെ പിരുപിരുപ്പിനും എടുത്തുചാട്ടത്തിനും ശമനമുണ്ടാകുന്നു. പക്ഷേ, ശ്രദ്ധക്കുറവും അടുക്കും ചിട്ടയുമില്ലായ്മയും അറുപതു ശതമാനത്തോളം കുട്ടികളിലും മുതിര്‍ന്നാലും കുറയാതെ നില്‍ക്കാം.

Tuesday 28 Nov 2017 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW