Tuesday, January 23, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 23 Nov 2017 03.22 PM

അണ്ഡാശയത്തില്‍ മുഴ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗൈനക്കോളജി
uploads/news/2017/11/168113/askdrgalacolgy231117.jpg

പ്രസവവേദന തിരിച്ചറിയാം


21 വയസ്. എട്ട് മാസം ഗര്‍ഭിണിയാണ്. പ്രസവത്തോടനുബന്ധിച്ചുള്ള വേദന എങ്ങനെ തിരിച്ചറിയാം. വേദന അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയില്‍ പോകണമോ? പ്രസവവേദന അല്ലാതുള്ള വേദനകള്‍ ഈ മാസങ്ങളില്‍ അനുഭവപ്പെടുമോ. എന്തെല്ലാം കരുതലുകളാണ് പ്രസവം അടുക്കുന്തോറും ശ്രദ്ധിക്കേണ്ടത്?
------- ലിനി സജീവ്, മണ്ണൂത്തി

ഇടവിട്ടു വരുന്ന വേദനയാണ് പ്രസവവേദനയുടെ ലക്ഷണം. ഇത് പല രീതിയില്‍ കാണപ്പെടാം. ചിലര്‍ക്ക് പുറത്തു തുടങ്ങി കാലുകള്‍ക്കിടയിലേക്ക് പടരുന്ന വേദന, മിന്നല്‍പോലുള്ള വേദന, വയറുമുഴുവന്‍ കല്ലിക്കുന്നതുപോലെയുള്ള വേദന എന്നിങ്ങനെയെല്ലാം അനുഭവപ്പെടാം.

വേദനയുടെ ശക്തി കൂടുകയും വേദനകള്‍ തമ്മിലുള്ള ഇടവേള കുറഞ്ഞുവരികയും ചെയ്യുന്നതാണ് പ്രസവവേദനയുടെ പ്രധാന ലക്ഷണം. അത് ഇടവിട്ടുവരുകയും ശക്തികൂടുകയും ചെയ്താല്‍ ഉടന്‍ ആശുപത്രിയിലേക്കു പോകുക. രക്തംകലര്‍ന്ന സ്രവങ്ങള്‍, താഴേക്ക് തള്ളല്‍ അനുഭവപ്പെടുക, ചിലര്‍ക്ക് മൂത്രംപോലെ വെള്ളം ഒഴുകുക തുടങ്ങിയ ലക്ഷണങ്ങളും വേദനയുടെ ഭാഗമായി ഉണ്ടാകാം.

കുഞ്ഞിന്റെ ഭാരം കൂടി മസിലുകള്‍ വലിയുന്നതിനാല്‍ പുറത്തെ മസിലുകള്‍ക്കു വേദന, മൂത്രാശയത്തിനു സമീപത്തെയും ഇടുപ്പെല്ലിലേയും മസിലുകള്‍ക്ക് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍മൂലവും ഗര്‍ഭിണികള്‍ക്ക് വേദന ഉണ്ടാകാം. എന്നാല്‍ ഇത് പ്രസവവേദനയല്ല. എന്തുതരം വേദനവന്നാലും അല്പ സമയം വിശ്രമിക്കുക. തുടര്‍ന്ന് പ്രസവവേദനയുടെ ലക്ഷണമാണോ അനുഭവപ്പെടുന്നതെന്ന് മനസിലാക്കണം.

പ്രസവവേദന അംഗീകരിച്ച് പ്രസവിക്കാന്‍ പറ്റുമെന്ന തോന്നല്‍ ഗര്‍ഭിണി വളര്‍ത്തിയെടുക്കണം. ആശുപത്രിയില്‍ പെട്ടെന്ന് പോകേണ്ടിവന്നാല്‍ അതിനുള്ള തയാറെടുപ്പുകള്‍ അവസാന മാസങ്ങളില്‍ കരുതിയിരിക്കുക. ഏറ്റവും ശ്രദ്ധിക്കേണ്ടത് കുഞ്ഞിന്റെ അനക്കമാണ്.

അത് അമ്മയ്ക്കു മാത്രമേ അറിയാന്‍ കഴിയൂ. ഗര്‍ഭിണിയുടെ ശാരീരിക ശുചിത്വം പ്രധാനമാണ്. കുഞ്ഞിന് പാല്‍കൊടുക്കേണ്ടതിനാല്‍ മുലഞെട്ട് അകത്തേക്കു വലിഞ്ഞിരിക്കുന്നുണ്ടോയെന്ന് മനസിലാക്കുകയും ഡോക്ടറു സഹായം തേടുകയും ചെയ്യുക. ഡോക്ടര്‍ പറഞ്ഞ മരുന്നുകള്‍ കൃത്യസമയത്തു കഴിക്കണം.

അണ്ഡാശയത്തില്‍ മുഴ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. 16 വയസ്. മകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ കഠിനമായ വയറുവേദന അനുഭവപ്പെടുന്നു. മൂന്നു മാസം തുടര്‍ച്ചയായി ആര്‍ത്തവം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. പരിശോധനയില്‍നിന്നു അണ്ഡാശയത്തില്‍ മുഴയാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതില്‍ പേടിക്കേണ്ടതില്ലെന്നും മരുന്ന് കഴിക്കേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. മൂന്നു മാസം കഴിഞ്ഞ് സ്‌കാന്‍ ചെയ്യണമെന്നു പറഞ്ഞു. മകള്‍ക്ക് ഇപ്പോള്‍ ആര്‍ത്തവം ക്രമമാണ്. എന്നാല്‍ ശക്തിയായ വയറുവേദനയുണ്ട്. അണ്ഡാശയത്തിലെ മുഴ ഗുരുതരമായ പ്രശ്‌നമാണോ. ഇത് നീക്കം ചെയ്യേണ്ടിവരുമോ. മകളുടെ ഭാവി ജീവിതത്തെ ഇത് ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ.
------- സീമ സുകുമാരന്‍ , റാന്നി

16 വയസുള്ള പെണ്‍കുട്ടിക്ക് മൂന്ന് മാസം ആര്‍ത്തവം വരാതിരുന്നത്് പേടിക്കേണ്ട അവസ്ഥയല്ല. വളര്‍ച്ചാ ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇത് ക്രമമാകുന്നതാണ്. എന്നാല്‍ സ്‌കാനിംഗില്‍ മുഴ ഉണ്ടെന്ന് പറഞ്ഞതിനാല്‍ ശ്രദ്ധിക്കണം. രണ്ട് തരത്തിലുള്ള മുഴകള്‍ ഉണ്ട്.

ഫംങ്ഷണല്‍ മുഴകളും ഓര്‍ഗാനിക് മുഴകളും. ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉണ്ടാകുന്ന ഗുരുതരമല്ലാത്ത വെള്ളം നിറഞ്ഞുനില്‍ക്കുന്ന മുഴകളാണ് ഫംങ്ഷണല്‍ മുഴകള്‍. ഇത് 2-3 മാസത്തിനുള്ളില്‍ തനിയേ പോകുന്നതാണ്. അണ്ഡാശയമുഴകളിലെ മറ്റൊരു വിഭാഗമാണ് ഓര്‍ഗാനിക്.

സ്‌കാനിംഗിലെ ചില ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് മുഴ ഗുരുതരമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. മുഴയുടെ വലിപ്പം, രൂപം, മുഴ രണ്ട് വശത്തും ഉണ്ടോ മുഴയുടെ കഠിനത, മുഴയുടെ അകത്ത് ചെറിയ വീര്‍പ്പുകള്‍ ഉണ്ടോ, മുഴയിലേക്ക് ഒഴുകുന്ന രക്തത്തിന്റെ അളവ് എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഴ മാരകമാണോ അല്ലയോയെന്ന് നിര്‍ണയിക്കുന്നത്. മാരകമല്ലാത്ത മുഴകളിലേക്കൊഴുകുന്ന രക്തത്തിന്റെ അളവ് കുറവായിരിക്കും.

നിങ്ങളുടെ കുട്ടിക്കു സ്‌കാന്‍ ചെയ്തു മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നോക്കിയിട്ടുണ്ടോയെന്നു കത്തില്‍നിന്നു വ്യക്തമല്ല. സാധാരണ മുഴയാണെങ്കില്‍ അത് ഡോക്ടര്‍ പറഞ്ഞതുപോലെ തനിയെ പോകുന്നതാണ്. എന്നാല്‍ പ്രശ്‌നമുള്ള മുഴയാണെങ്കില്‍ മറ്റ് ചികിത്സകള്‍ ആവശ്യമായിവരും. ആര്‍ത്തവസമയത്തെ വേദനയ്ക്ക് കാരണം സ്പാസ് മോറ്റിക് ഡിസ്മനൂറിയ എന്ന അവസ്ഥയാകാനാണ് സാധ്യത.

ഗര്‍ഭാശയപേശികളുടെ വലിഞ്ഞു മുറുക്കംക്കൊണ്ട് ഉണ്ടാകുന്ന വേദയാണിത്. ഈ പ്രായത്തില്‍ മിക്ക പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണിത്. അതിനാല്‍ പേടിക്കേണ്ടതില്ല. ആര്‍ത്തവത്തിന്റെ ആദ്യത്തെ നാല് ദിവസങ്ങളില്‍ മാത്രം അനുഭവപ്പെടുന്ന വേദനയാണിത്.

മരുന്നില്ലാതെതന്നെ മാറുന്ന വേദന. വയറില്‍ ചൂടുവയ്ക്കുക, ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക, മസാല അമിതമായി അടങ്ങിയ ഭക്ഷണം കുറയ്ക്കുക, ശരീരം അധികം അനങ്ങിയുള്ള പ്രവര്‍ത്തികള്‍ കുറയ്ക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വേദന കുറയുന്നതാണ്.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചശേഷവും അമിത വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെക്കണ്ട് മരുന്ന് കഴിക്കണം. ആര്‍ത്തവത്തിന്റെ തുടക്കത്തില്‍തന്നെ മരുന്ന് കഴിക്കണം. വേദന കൂടിയശേഷം മരുന്ന് കഴിച്ചാല്‍ ഫലം ചെയ്യില്ല. ഒരു ഗുളികകൊണ്ടുതന്നെ ഒരു ആര്‍ത്തവചക്രത്തിലെ വേദന കുറയുന്നതാണ്. മുഴയും ആര്‍ത്തവവേദനയും തമ്മില്‍ ബന്ധം ഉണ്ടോ എന്ന് സ്‌കാനിംഗ് റിസല്‍റ്റ് കണ്ടാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.

സാധാരണ മൂന്നോ നാലോ ദിവസം നില്‍ക്കുന്ന വേദന മുഴയുമായി ബന്ധപ്പെട്ടതല്ല. ആര്‍ത്തവത്തിനു മൂന്നു നാലു ദിവസം മുമ്പും ശേഷവും നില്‍ക്കുന്ന വേദനയാണ് മുഴയുമായി ബന്ധപ്പെട്ടുള്ളത്. ഫംങ്ഷണല്‍ മുഴയും സ്പാസ് മോറ്റിക്് ഡിസ്മനൂറിയയും ഭാവി ജീവിതത്തെ ഒരുരീതിയിലും ബാധിക്കുന്നില്ല.

പ്രസവശേഷമുള്ള വയറുവേദന


32 വയസുള്ള വിവാഹിതയും 3 വയസുള്ള ഒരു കുഞ്ഞിന്റെ അമ്മയുമാണ് . ചെറുപ്പത്തില്‍ ആര്‍ത്തവ സമയത്ത് സഹിക്കാന്‍ കഴിയാത്ത വയറുവേദന ഉണ്ടായിരുന്നു. എന്നാല്‍ പ്രസവശേഷം വയറുവേദന നന്നായി കുറഞ്ഞു. ഇപ്പോള്‍ 2 മാസമായി വീണ്ടും വയറുവേദന അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് പ്രസവശേഷം ആര്‍ത്തവവേദന കുറഞ്ഞിട്ട് വീണ്ടും അനുഭവപ്പെടുന്നത്്. ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തണമോ?
------ നന്ദിനി ശശിധരന്‍ , പാലച്ചോട്

ചെറുപ്പത്തില്‍ ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്ന വയറുവേദന പ്രസവത്തോടെ കുറഞ്ഞെന്നത് നല്ല ലക്ഷണമാണ്. എന്നാല്‍ പ്രസവത്തിനുശേഷം വീണ്ടും വയറുവേദന വന്നെന്നത് നല്ല കാര്യമല്ല. അത് ഗര്‍ഭപാത്രത്തിന്റെയോ അണ്ഡാശയത്തിന്റെയോ എന്തെങ്കിലും രോഗങ്ങള്‍ കാരണമാകാം.

അണ്ഡാശയത്തില്‍ ഉണ്ടാകുന്ന മുഴകള്‍, ഗര്‍ഭപാത്രത്തിനു ചുറ്റുമുള്ള നീര്‍ക്കെട്ടുകള്‍, ഗര്‍ഭപാത്രത്തിന്റെ മസിലില്‍ ഉണ്ടാകുന്ന മുഴകള്‍ ഇങ്ങനെ പലകാരണങ്ങള്‍ക്കൊണ്ടും ഈ പ്രായത്തില്‍ പ്രസവശേഷം ആര്‍ത്തവവേദന ഉണ്ടാകാം. അതിനാല്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തണം.

പ്രസവശേഷം വേദന കുറയുന്നത്ിനു കാരണം മാനസികമായി മറ്റു ചിന്തകള്‍ കടന്നു വരുന്നതോ ഗര്‍ഭപാ്രതത്തിന്റെ വലിപ്പത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ പ്രസവം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ഒക്കെ കാരണമാവാം.

എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ചെറുപ്പത്തില്‍ വയറുവേദന ഉണ്ടായതെങ്കില്‍ അത് പ്രസവശേഷം മാറണമെന്നില്ല. എന്നാല്‍ കാരണങ്ങളൊന്നുമില്ലാതെയുള്ള ആര്‍ത്തവവേദനകള്‍ പ്രസവശേഷം കുറയുന്നതായാണ് കണ്ടുവരുന്നത്.

ഡോ. ഷെറിന്‍ വര്‍ഗീസ്്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ഭാരത് ഹോസ്പിറ്റല്‍ , കോട്ടയം

Ads by Google

TRENDING NOW