Friday, January 18, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 10 Nov 2017 04.24 PM

നായികാതരംഗം

ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഐശ്വര്യലക്ഷ്മിയും ശാന്തി ബാലചന്ദ്രനും തങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു...
uploads/news/2017/11/164144/AiswaryaShanthi.jpg

അടുത്തിടെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും തരംഗവും. ഈ സിനിമകളിലൂടെ രണ്ട് പുതുമുഖ നായികമാരേയും മലയാളത്തിന് ലഭിച്ചു. ഐശ്വര്യലക്ഷ്മിയും ശാന്തി ബാലചന്ദ്രനും. മലയാളസിനിമയുടെ പുതിയ മുഖങ്ങളായി മാറുന്ന ശാന്തിയുടേയും ഐശ്വര്യയുടേയും പുത്തന്‍ സിനിമാവിശേഷങ്ങള്‍...

ഇടവേളയായി വെള്ളിത്തിര


ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രം കണ്ടവരാരും റേയ്ച്ചലെന്ന കഥാപാത്രത്തെ മറക്കില്ല. കുസൃതിനിറഞ്ഞ കണ്ണുകളും നിഷ്‌ക്കളങ്കമായ സംസാരവും ആ കഥാപാത്രത്തെ പ്രിയങ്കരിയാക്കി. റേയ്ച്ചലായി മലയാളി മനസ്സുകള്‍ കീഴടക്കിയ ഐശ്വര്യലക്ഷ്മിക്ക് പറയാനേറെയുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെക്കുറിച്ചും റിലീസാകാനൊരുങ്ങുന്ന മായാനദിയെക്കുറിച്ചും മനസ്സതുറക്കുകയാണ് ഐശ്വര്യ.

ഐശ്വര്യലക്ഷ്മിയില്‍ നിന്നു റെയ്ച്ചലിലേക്കുള്ള മാറ്റം എങ്ങനെ ?


എന്റെ സുഹൃത്താണ് അല്‍ത്താഫിനെക്കുറിച്ച് പറയുന്നത്. പ്രേമം സിനിമയ്ക്ക് ശേഷമാണ് അല്‍ത്താഫിന്റെ സിനിമാമോഹത്തെക്കുറിച്ച് സുഹൃത്ത് പറഞ്ഞത്. അല്‍ത്താഫിന്റെ കൈയില്‍ മികച്ചൊരു തിരക്കഥയുണ്ടെന്നും അത് സിനിമയാക്കാന്‍ താല്പര്യമുണ്ടെന്നും ഞാന്‍ അറിഞ്ഞു.

ഒരിക്കല്‍ ക്രിസ്മസിന്റെ തലേദിവസം ഞാന്‍ എറണാകുളത്ത് ഒരു കഫേയില്‍ പോയി. അവിടെ വച്ച് യാദൃച്ഛികമായാണ് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയുടെ കാസ്റ്റിംഗ് കോളിനെക്കുറിച്ചറിയാന്‍ ഇടയായത്. ഞാനും കുറച്ച് ഫോട്ടോഗ്രാഫുകള്‍ അയച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം ഓഡിഷന് വിളിച്ചു.

സെലക്ടായപ്പോള്‍ തന്നെ അല്‍ത്താഫ് പറഞ്ഞു::ഇതൊരു ഹീറോയിന്‍ ഓറിയന്റഡ് മൂവിയല്ല. അമ്മയ്ക്കാണ് ചിത്രത്തില്‍ പ്രാധാന്യമെന്ന്.. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ വളരെ എക്സൈറ്റഡായി. കാരണം ഇത്ര നല്ലൊരു സിനിമ കൈവിടുന്നത് കലാകാരിയെന്ന നിലയിലും ഒരു സിനിമാപ്രേമിയെന്ന നിലയിലും നന്നല്ല എന്ന് തോന്നി. അങ്ങനെ ചിത്രത്തില്‍ ഞാനും ഒരു കഥാപാത്രമായി.

ആദ്യചിത്രത്തിന് ശേഷമുള്ള പ്രേക്ഷകപ്രതികരണം ?


ഞാന്‍ തീയറ്ററില്‍ പോയാണ് സിനിമ കണ്ടത്. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കുറേപ്പേര്‍ അടുത്ത് വന്ന് വളരെ നന്നായിട്ടുണ്ടെന്നും, ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി.

നിവിന്‍ പോളിക്കും ശാന്തികൃഷ്ണയ്ക്കുമൊപ്പമുള്ള അനുഭവം ?


ശാന്തികൃഷ്ണ മാമിനൊപ്പവും നിവിന്‍ പോളിക്കൊപ്പവും അഭിനയിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ സ്വപ്‌നം കണ്ടിട്ടുപോലുമില്ല.

ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയതാണ് ശാന്തികൃഷ്ണ മാം. പക്ഷേ ഒരിക്കലും തന്റെ വിഷമങ്ങളൊന്നും അവര്‍ പുറമേ പ്രകടിപ്പിച്ചിട്ടില്ല. അതിനേക്കാളേറെ എന്നെയൊക്കെ സ്വന്തം മകളെപ്പോലെ സ്‌നേഹിക്കുകയായിരുന്നു അവര്‍.

മികച്ചൊരു വ്യക്തിത്വത്തിനുടമയാണ് ശാന്തികൃഷ്ണ മാം. അവര്‍ക്കൊപ്പമുള്ള ദിനങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.

ഞാനൊരു കട്ട നിവിന്‍ പോളി ഫാനാണ്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ അത് വീണ്ടും കൂടി. കാരണം യാതൊരു ജാഡയുമില്ല നിവിന്. നിവിന്‍ പോളിക്ക് ജാഡയാണോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരെയെല്ലാം വളരെയധികം സ്‌നേഹിക്കുകയും ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് നല്ലതുമാത്രം വരണമെന്നാഗ്രഹിക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് അദ്ദേഹം.

പ്രൊഫഷന്‍ ഡോക്ടറുടേത്. ഒപ്പം അഭിനയവും. എങ്ങനെ മാനേജ് ചെയ്യുന്നു ?


ഞാന്‍ ഒരു സമയം ഒരു സിനിമയേ ചെയ്യാറുള്ളൂ. പഠനം കഴിഞ്ഞു, ഇപ്പോള്‍ വടക്കന്‍ പറവൂര്‍ ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. എം.ബി.ബി.എസ് പരീക്ഷ കഴിഞ്ഞ ശേഷമാണ് സിനിമ ചെയ്തത്. സിനിമയിലെ ത്തും മുന്‍പ് മോഡലിംഗൊക്കെ ചെയ്യാറുണ്ടായിരുന്നു.
uploads/news/2017/11/164144/AiswaryaShanthi1.jpg

ഞണ്ടുകളുടെ നാട്ടിലൊരിടവേളയില്‍ ഏറ്റവും ആകര്‍ഷിച്ച ഘടകമെന്തായിരുന്നു ?


നായിക, നായകന്‍ എന്നതിനപ്പുറം തിരക്കഥയ്ക്കായിരുന്നു പ്രാധാന്യം. എല്ലാവരും നന്നായി ചെയ്യുമ്പോള്‍ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടാകുമോ എന്നായിരുന്നു പേടി. അതിലുപരി സിനിമാപ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയവും. പക്ഷേ പേടിച്ചതുപോലെ ഒന്നും ഉണ്ടായില്ല. സിനിമ വലിയ ഹിറ്റായി.

റിലീസിനൊരുങ്ങുന്ന മായാനദിയെക്കുറിച്ച്?


2016 നവംബര്‍ 27 നാണ് ഞണ്ടുകളുടെ ഷൂട്ട് കഴിഞ്ഞത്. അതിനുശേഷം ഒരു മാസം ആക്ടിംഗ് കോഴ്‌സ് പഠിച്ചു. സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ചിന്തയിലാണ് കോഴ്‌സിന് ചേര്‍ന്നത്. ആ സമയത്താണ് ആഷിക് അബുവിന്റെ മായാനദിയെന്ന സിനിമയെക്കുറിച്ചറിയുന്നത്. അതിലേക്ക് പുതുമുഖതാരങ്ങളെ തെരഞ്ഞെടുക്കുന്ന സമയം.

ഞാന്‍ ആഷിക് അബുവിന്റെ വലിയൊരു ആരാധികയാണ്. ചിത്രത്തിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളതുകൊണ്ട് എന്റെ കുറച്ച് ചിത്രങ്ങള്‍ അയച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഓഡിഷന് വിളിച്ചു. അതില്‍ പങ്കെടുത്തപ്പോഴും എനിക്ക് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല.

എനിക്കിത് കിട്ടില്ലെന്ന് അച്ഛനോടും അമ്മയോടും ഉറപ്പിച്ചു പറഞ്ഞു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് മായാനദിയിലെ നായികാകഥാപാത്രം കിട്ടി. മികച്ചൊരു പ്രണയകഥയാണ് മായാനദി.

വീട്ടുവിശേഷം ?


അച്ഛന്‍ ഉണ്ണികൃഷ്ണന്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. വിരമിച്ചു. അമ്മ വിമലകുമാരി ഇപ്പോഴും സര്‍വീസിലുണ്ട്. മോഡലിംഗും അഭിനയവും എന്റെ താല്പര്യങ്ങളായിരുന്നെങ്കിലും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അഭിനയത്തെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന കുടുംബമാണ് എന്റേത്.

Ads by Google
Loading...
TRENDING NOW