Tuesday, July 17, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 06 Nov 2017 04.04 PM

ഗൃഹ - വാസ്തു ശാസ്ത്രത്തിലെ അളവുകളുടെ പ്രാധാന്യം

'' അളവുകളില്‍ ചുറ്റളവാണ് പ്രാധാനമായും പരിഗണിക്കുക. ചുറ്റളവ് ലഭിക്കണമെങ്കില്‍ നീളവും വീതിയും വേണം. ഗൃഹനിര്‍മ്മിതിയിലാണെങ്കില്‍ മുറികളുടെയും ഗൃഹത്തിന്റെയും ആകെ നീളവും വീതിയും വേണം. അളവുകള്‍ പരിഗണിക്കുന്നതിന് കോല്‍, അംഗുലം കണക്കാണ് ഉപയോഗിക്കുന്നത്. നീളവും വീതിയും മീറ്ററോ, സെന്റീമീറ്ററോ, അടിയോ ആയി ലഭ്യമായാല്‍ അതിനെ കോല്‍ അംഗുലം ആക്കിമാറ്റണം.''
uploads/news/2017/11/162816/joythi061117.jpg

വാസ്തു ശാസ്ത്രത്തില്‍ നാം എന്നും അന്വേഷകരാണെങ്കിലും ഈ രംഗത്തുള്ള അറിവ് പരിമിതമാണ് എന്നുവേണം പറയാന്‍. വാസ്തുശാസ്ത്രപരമായ അറിവുകളില്‍ ഗൃഹവാസ്തു ശാസ്ത്രത്തിലെ അളവുകളുടെ പ്രാധാന്യം എല്ലാവരും തന്നെ അംഗീകരിച്ചുപോരുന്ന വസ്തുതയാണ്.

ഒരു ഗൃഹം നിര്‍മ്മിക്കേണ്ടിവരുമ്പോള്‍ വാസയോഗ്യത പരിശോധിച്ചതിനുശേഷം വാസ്തുശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളായ വാസ്തുപുരുഷ സങ്കല്പം, ദിക്കുകളുടെ പ്രാധാന്യം, വീഥികള്‍, വാസ്തുഖണ്ഡം, ചതുരമാക്കല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഈ പരിശോധനകള്‍ ഗൃഹനിര്‍മ്മിതിലേക്ക് എത്തുമ്പോള്‍ വാസ്തുമര്‍മ്മം, സൂത്രങ്ങള്‍, ഗമനങ്ങള്‍ തുടങ്ങിയ പരിശോധനകളിലേക്കെത്തും. ചതുരമാക്കിയ സ്ഥലം തെക്കുപടിഞ്ഞാറോ, വടക്കുകിഴക്കോ ഖണ്ഡത്തില്‍ നിര്‍ണ്ണയിച്ചതിനുശേഷം അളവുകള്‍ പരിഗണിക്കേണ്ടതായി വരും. അളവുകളില്‍ ചുറ്റളവാണ് പ്രാധാനമായും പരിഗണിക്കുക.

ചുറ്റളവ് ലഭിക്കണമെങ്കില്‍ നീളവും വീതിയും വേണം. ഗൃഹനിര്‍മ്മിതിയിലാണെങ്കില്‍ മുറികളുടെയും ഗൃഹത്തിന്റെയും ആകെ നീളവും വീതിയും വേണം. അളവുകള്‍ പരിഗണിക്കുന്നതിന് കോല്‍, അംഗുലം കണക്കാണ് ഉപയോഗിക്കുന്നത്. നീളവും വീതിയും മീറ്ററോ, സെന്റീമീറ്ററോ, അടിയോ ആയി ലഭ്യമായാല്‍ അതിനെ കോല്‍ അംഗുലം ആക്കിമാറ്റണം.

സാധാരണ നിര്‍മ്മിതികളില്‍ 72 സെന്റീമീറ്റര്‍ ഒരു കോല്‍ ആയും 3 സെന്റീമീറ്റര്‍ ഒരു അംഗുലം ആയും 24 അംഗുലം ഒരു കോലായും കണക്കാക്കണം. കണക്കിലെ കൃത്യതയ്ക്ക് അല്പം പ്രായോഗിക പരിശീലനം ആവശ്യമാണ്. ഒരുവശത്തെ നീളവും വീതിയുമാണ് ലഭ്യമാകുന്നത്. നാലുവശവും ചേര്‍ത്താലേ ചുറ്റളവ് എത്തുകയുള്ളൂ. (നീളംഗ്ഗ+ംവീതി) ഗുണം 2 എന്ന കണക്ക് പ്രയോഗിക്കാം.

ചുറ്റളവ് ലഭ്യമായാല്‍ ദിക്ക് അടിസ്ഥാനത്തില്‍ ചുറ്റളവുകളുടെ തുടക്കം എവിടെ എന്നാണ് പരിശോധിക്കേണ്ടത്. അതിന് ശാസ്ത്രം ഉത്ഭവം എന്നര്‍ത്ഥം വരുന്ന യോനി എന്ന നാമം നല്‍കി. യോനി എന്നാല്‍ യോനി സംഖ്യയാണ് അറിയേണ്ടത്. ചുറ്റളവ് ഗുണം 3 ഭാഗം 8 = സംഖ്യ. ശിഷ്ടമായി വരുന്ന സംഖ്യ യോനി സംഖ്യയാകുന്നു.

ശിഷ്ടം ഒന്ന് എങ്കില്‍ ധ്വജ യോനിയും രണ്ട് എങ്കില്‍ ധൂമയോനിയും മൂന്ന് എങ്കില്‍ സിംഹയോനിയും നാല് എങ്കില്‍ ശ്വയോനിയും അഞ്ച് എങ്കില്‍ വൃഷഭയോനിയും ആറ് എങ്കില്‍ ഖരയോനിയും ഏഴ് എങ്കില്‍ ഗജയോനിയും എട്ട് എങ്കില്‍ വായസയോനിയും ആകുന്നു. നേര്‍ദിക്കുകള്‍ക്ക് അഭിമുഖമായി ഗൃഹനിര്‍മ്മാണം ഉത്തമമാണെന്ന് ഇരിക്കേ നേര്‍ദിക്കുകള്‍ക്കായി കണക്കാക്കുന്ന നാലു യോനികളേ സ്വീകരിക്കുകയുള്ളൂ.

കിഴക്കിന് 1, ധ്വജയോനി, ഇത് എല്ലാ ഗൃഹങ്ങള്‍ക്കും പരിഗണിക്കാം. കിഴക്ക് ഗൃഹമെങ്കില്‍ പടിഞ്ഞാറ് ദര്‍ശനമായ ഗൃഹമാണെന്നര്‍ത്ഥം. ഇങ്ങനെ എല്ലാ നേര്‍ ദിക്കുകള്‍ക്കും 1, 3, 5, 7 എന്നീ യോനി സംഖ്യ ഉപയോഗപ്പെടുത്തി ഗൃഹനിര്‍മ്മിതി നടത്താം. കോണ്‍ദിക്കുകള്‍ ഒഴിവാക്കി എട്ട് ദിക്കുകളില്‍ നാല് ദിക്കേ പരിഗണിക്കുന്നുള്ളൂ.

മൂന്ന് എന്ന യോനി സംഖ്യ സിംഹയോനിക്കുളളതാണ്. തെക്കിനിക്ക് വിധിച്ചിട്ടുള്ള ഈ സംഖ്യ പടിഞ്ഞാറ്റിനിക്കും വടക്കിനിക്കും സ്വീകരിക്കുന്നതില്‍ വിരോധമില്ല. അഞ്ച് എന്ന യോനി സംഖ്യ വൃഷഭയോനിക്കുള്ളതാണ്.

പടിഞ്ഞാറ്റിനിക്ക് മാത്രം ഈ സംഖ്യ അനുവദനീയമായുള്ളൂ. ഏഴ്് എന്ന യോനി സംഖ്യ ഗജയോനിക്കുള്ളതാണ്. വടക്കിനിക്ക് വിധിച്ചിട്ടുള്ള ഈ സംഖ്യ പടിഞ്ഞാറ്റിനിക്ക് സ്വീകരിക്കുന്നതില്‍ വിരോധമില്ല.

യോനി സംഖ്യ നിശ്ചയിക്കപ്പെട്ടാല്‍ പരിഗണിക്കേണ്ടത് സ്വീകരിക്കുന്ന ചുറ്റളവിന്റെ നക്ഷത്രമാണ്. ചുറ്റള്ളവ് ഗുണം 8 ഭാഗം 27 സംഖ്യ. ശേഷിക്കുന്ന ശിഷ്ടസംഖ്യ അശ്വതി മുതല്‍ 27 നക്ഷത്രങ്ങളാണ്. ശിഷ്ടത്തില്‍ അംഗുലം വന്നാല്‍ അംഗുലത്തെ 60 കൊണ്ടു ഗുണിച്ച് 24-ല്‍ ഭാഗിച്ചാല്‍ = നാഴിക.

ശിഷ്ടത്തില്‍ അംഗുലം വന്നില്ലെങ്കില്‍ 60 നാഴികളും ചെന്നിട്ടുണ്ട് എന്ന് ധരിക്കുകയാണ് വേണ്ടത്. നക്ഷത്രങ്ങള്‍ക്ക് ജ്യോതിശാസ്ത്രത്തില്‍ പറയുന്ന ഗുണദോഷങ്ങള്‍ തന്നെ ഇവിടെയും പരിഗണിക്കണം.

യോനിസംഖ്യയും നക്ഷത്രവും ലഭ്യമായാല്‍ തിഥിയാണ് പരിഗണിക്കേണ്ടത്. ചുറ്റളവ് ഗുണം 8 ഭാഗം 30 = സംഖ്യ, ശിഷ്ടം സംഖ്യ തിഥിയാകുന്നു. തിഥിയിലെ ഗുണദോഷങ്ങളും ജ്യോതിശാസ്ത്ര വിധിപ്രകാരം പരിഗണിക്കണം.

തുടര്‍ന്ന് കരണങ്ങള്‍ പരിശോധിക്കണം. ഓരോ തിഥിയിലെയും രണ്ട് കരണങ്ങളെ വീതം പൂര്‍വ്വാര്‍ദ്ധ, ഉത്തരാര്‍ദ്ധ കരണങ്ങള്‍ 30 നാഴിക വീതമാണെന്ന് മനസ്സിലാക്കണം. ജ്യോതിശാസ്ത്രപ്രകാരം കര്‍ണ്ണങ്ങളുടെ ക്രമം മനസ്സിലാക്കി കരണം നിശ്ചയിക്കുകയും അതിന്റെ ശുഭ-അശുഭ ഫലങ്ങള്‍ പരിഗണിക്കുകയും വേണം.

അതിനുശേഷം ആഴ്ച പരിശോധിച്ചാല്‍ ചുറ്റളവ് ഗുണം 8 ഭാഗം 7 = സംഖ്യ, ശേഷം ശിഷ്ടം ഞായര്‍ മുതല്‍ ആഴ്ച കണക്കാക്കുക. ആഴ്ചയുടെ കാര്യത്തില്‍ നക്ഷത്രവുമായി പരിഗണിച്ചും, ആഴ്ചയുടെ പൊതുഫലം പരിഗണിച്ചും ജ്യോതിശാസ്ത്ര സഹായത്താല്‍ ഗുണദോഷം നിശ്ചയിക്കാം.

പിന്നീട് പരിഗണിക്കേണ്ടത് ശുഭ-അശുഭ ഫലങ്ങളുടെ മാനദണ്ഡമായ ആയവും വ്യയവുമാണ്. ചുറ്റളവ് ഗുണം 8 ഭാഗം 12= സംഖ്യ, ശിഷ്ടം ആയവും, ചുറ്റളവ് ഗുണം 3 ഭാഗം 14= സംഖ്യ, ശിഷ്ടം വ്യയവുമാകുന്നു. ആയം ശുഭഫലങ്ങളെ സൂചിപ്പിക്കുന്നതിനാല്‍ വ്യയത്തെക്കാള്‍ ആയം കൂടുതല്‍ ആയിരിക്കേണ്ടതാണ്.

പിന്നീട് പരിഗണിക്കുക വാസ്തുവിന്റെ വയസ്സാണ് ചുറ്റളവ് ഗുണം 8 ഭാഗം 27= സംഖ്യ വയസ്സാകുന്നു. സംഖ്യ 5-ല്‍ കൂടുതലായാല്‍ 5-ല്‍ ഹരിക്കണം അതിനു കാരണം ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം ഇങ്ങനെ അഞ്ചുവിധമാണ് വയസ്സ് നിര്‍ണ്ണയിക്കുക.

സംഖ്യ 5 ആയാല്‍ വയസ്സ് മരണമാണല്ലോ. വയസ്സുകളില്‍ മരണം സ്വീകരിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ കണ്ടെത്തുന്ന കണക്കിനെ മരണക്കണക്ക് എന്ന് പറയുന്നുണ്ട്. മരണക്കണക്കെന്ന കാര്യത്തില്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഒഴിച്ചാല്‍ മറ്റ് മാനദണ്ഡളൊന്നും കല്‍പ്പിക്കേണ്ട.

ചുറ്റളവും ചുറ്റളവ് ഉപയോഗപ്പെടുത്തി യോനിയും നക്ഷത്രവും തിഥിയും കരണങ്ങളും ആഴ്ചയും ആയവും വ്യയവും വയസ്സും നിര്‍ണ്ണയിച്ചാല്‍ അതിലെ ഉത്തമ-മദ്ധ്യമ അധമ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സംയോജിപ്പിച്ചാല്‍ കൂടുതല്‍ ശുഭഫലം തരുന്നുവോ അതിന് അനുസൃതമായി ചുറ്റളവ് കണക്കാക്കുക എന്നതാണ് ശാസ്ത്രതത്വം.

ഗൃഹചുറ്റളവ് ഉത്തമമാണോ എന്ന് കണക്കാക്കുന്നതിന് മുറ്റു രീതികളും ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഏതായാലും ഗൃഹചുറ്റളവ് ഉത്തമം, മദ്ധ്യമം, അധമം എന്നു കണക്കാക്കാന്‍ മേല്‍ വിവരിച്ച വസ്തുതകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മതി.

അനില്‍ വി. കുറുപ്പ്
(വാസ്തു കണ്‍സള്‍ട്ടന്റ്)
മൊ: 9747751222

Ads by Google
Ads by Google
Loading...
TRENDING NOW