Wednesday, May 30, 2018 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 03.05 PM

കാക്കത്തമ്പുരാട്ടി....

uploads/news/2017/10/154967/Weeklyaanmasu121017.jpg

അഭിനയം ഒരു തൊഴില്‍ മാത്രമായും അന്നന്നത്തെ അന്നത്തിനുള്ള ഒരു വഴി മാത്രമായും ആണ് ഞാന്‍ ആദ്യമൊക്കെ കണ്ടിരുന്നത്. എന്നാല്‍ ജീവിതത്തിലുണ്ടായ ഒരു സംഭവം എന്റെ ചിന്തകളെയാകെ മാറ്റിമറിക്കാന്‍ പോന്ന ഒന്നായിരുന്നു. കടുത്ത നിരീശ്വരവാദിയും ദൈവം എന്ന സങ്കല്‍പ്പത്തെ പോലും പുച്ഛിച്ചിരുന്ന എെന്റ ചിന്തകളെ അടിമുടി മാറ്റിമറിച്ചു ആ സംഭവം.

2008 ല്‍ ഞാന്‍ ഗുരുവായൂരപ്പന്‍ എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയം. വളരെ നല്ല വേഷമായിരുന്നു എനിക്കതില്‍. ഗുരുവായൂരമ്പലം ഒക്കെ നില്‍ക്കുന്ന സ്ഥലം പണ്ട് ശിവന്റെ ആയിരുന്നെന്നും, അത് ശിവന്‍ വിട്ടുകൊടുത്തെങ്കിലും പിന്നീട് ഇടയ്ക്കിടയ്ക്ക് കിംവദന്‍ എന്ന നാടോടിയുടെ രൂപത്തില്‍ അവിടുത്തെ വീടുകളിലൊക്കെ വന്നു അരിയും ആഹാരവുമൊക്കെ വാങ്ങി കൊണ്ടുപോകാറുണ്ട് എന്നാണു വിശ്വാസം.

കിംവദന്റെ വേഷമായിരുന്നു എനിക്കതില്‍. കിംവദന്‍ കയറിയിറങ്ങി അരിയും മറ്റു സാധനങ്ങളും വാങ്ങി പോകുകയേയുള്ളൂ. അവിടെയിരുന്നു ഭക്ഷിക്കാറില്ല.

എന്നാല്‍ ഒരുദിവസം ഒരു വാര്യരുടെവീട്ടിലെത്തുകയും അവര്‍ നല്‍കുന്ന ചോറ് അവിടെത്തന്നെയിരുന്നു ഭക്ഷിക്കുകയും, ആ സമയം ഒരു കാക്ക വന്ന് അടുത്തിരിക്കുകയും, ഞാന്‍ ആ കാക്കയെപ്പറ്റി ആ വീട്ടുകാരനോട് പറയുകയും, കാക്കയ്ക്ക് പാതി ഭക്ഷണം നല്‍കുകയും ഒക്കെ ചെയ്യുന്ന സീനാണ് അന്ന് എടുക്കേണ്ടിയിരുന്നത്.

സാധാരണ ഇങ്ങനെയൊരു രംഗം ചിത്രീകരിക്കാന്‍ എന്നെ ഇരുത്തി ലിപ് മൂവ്‌മെന്റ് എടുക്കുകയും, പിന്നീടെപ്പോളെങ്കിലും ഒരു കാക്കയെകൂടി ചിത്രീകരിച്ചിട്ട് അത് ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. അന്ന് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തതാകട്ടെ രാത്രി 7മണിക്കും.

ഒരിടത്തും ആ സമയത്ത് കാക്കയെ കാണാനാകില്ല. മാത്രമല്ല, നമ്മള്‍ ഒന്ന് കയ്യനക്കിയാല്‍ കാക്കകള്‍ പറന്നുപോകും. അത്ര ഭയമാണ് അവറ്റകള്‍ക്ക്.
ഷൂട്ടിങ്ങിന് എല്ലാവരും റെഡിയായി.

ഞാനും, വാര്യരായി രാഘവന്‍ ചേട്ടനും ക്യാമറയുടെ മുന്നില്‍ നിന്നു. പെട്ടെന്ന് ഞാന്‍ നോക്കിയപ്പോള്‍ ക്യാമറയുടെപിന്നിലായി ഒരു മരത്തിന്റെ താഴ്ന്ന ചില്ലയില്‍ ഒരു കാക്ക ഇരിക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി. എങ്കിലും ഞാനാരോടും പറയാതെ സംവിധായകന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും ആ കാക്ക പറന്നുവന്ന് എന്റെ അടുത്തുനിന്നു. ഞാനുള്‍പ്പടെ സെറ്റിലെ ഓരോരുത്തരും സ്തബ്ധരായി നില്‍ക്കുകയാണ്. ആര്‍ക്കും ഒന്നും മിണ്ടാനാകുന്നില്ല. സംവിധായകന്‍ ശബ്ദംതാഴ്ത്തി ഡയലോഗ് പറഞ്ഞുതരുന്ന ആളോട് തുടരാന്‍ ആംഗ്യം കാണിച്ചു. എനിക്ക് ചോറ് തരാന്‍ വന്ന രാഘവേട്ടനും അതുകണ്ട് ഞെട്ടി നില്‍ക്കുകയാണ്.

ഞാന്‍ ആ അമ്പരപ്പിനിടയിലും ഡയലോഗ് പറഞ്ഞു. വാര്യരെ, ഇത് വെറും കാക്കയല്ല; കാകബുസുണ്ടന്‍ എന്ന കാക്കയാണ്, രാമരാവണയുദ്ധവും പഞ്ചപാണ്ഡവയുദ്ധങ്ങളും ദര്‍ശിച്ച, ഏഴു യുഗങ്ങള്‍ താണ്ടിയ അസാധാരണ കാക്കയാണ് എന്നുപറഞ്ഞുകൊണ്ട് ഞാന്‍ കൈയില്‍ ചോറെടുത്ത് കാക്കയുടെ നേരെ നീട്ടി.

നടന്നുവന്ന് അത് കൊത്തിക്കൊത്തി തിന്നു. സെറ്റില്‍ ഓരോരുത്തരും തരിച്ചുനില്‍ക്കുകയാണ്. ക്യാമറ ഓടിക്കൊണ്ടിരുന്നു. ആ ചോറ് തീര്‍ന്നയുടന്‍ അത് എങ്ങോട്ടോ പറന്നുപോയി. ഞാന്‍ നെടുവീര്‍പ്പിട്ടു. ആ ഷോക്കില്‍ നിന്നുണര്‍ന്നയുടന്‍ എല്ലാവരും ഒരുപോലെ കൈയടിച്ചു.

സംവിധായകന്‍ എന്റെയടുത്തുവന്ന് ചുമലില്‍ തട്ടി. വിശ്വസിക്കാന്‍ ആവുന്നില്ലടോ. ഞാന്‍ ചിരിച്ചു.
ഒക്കെയല്ലേ സാര്‍? ഞാന്‍ ചോദിച്ചു
അതെ...
ഒരു ചെറിയ സീന്‍ കൂടിയുണ്ടായിരുന്നു. അത് സാരമില്ല. നമുക്കത് ചീറ്റ് ചെയ്യാം.

അതേ മൂഡില്‍ തന്നെ വിശ്രമം പോലുമില്ലാതെ ചിത്രീകരിക്കാന്‍ ഒരുങ്ങി. ആക്ഷന്‍ പറഞ്ഞതും, ആ കാക്ക പിന്നെയും എവിടെനിന്നോ പറന്നുവന്ന് എന്റെ അടുത്തിരുന്നു. ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി.

സംവിധായകന്‍ ഒരു യന്ത്രത്തെപോലെ ക്യാമറാമാനോട് ശബ്ദം താഴ്ത്തി റോളിംഗ് പറഞ്ഞുകൊണ്ടിരുന്നു. ആവശ്യത്തിന് ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ കാക്ക പിന്നെയും പറന്നുപോങ്ങിയതും സംവിധായകന്‍ കട്ട് പറഞ്ഞതും ഒപ്പമായിരുന്നു. ഇത്തവണ സെറ്റില്‍ നിന്നുയര്‍ന്നത് കൈയടി ആയിരുന്നില്ല. എന്റെ ഗുരുവായൂരപ്പാ എന്ന പ്രാര്‍ഥന ആയിരുന്നു.

ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആ വാക്കുകള്‍ എന്റെ ചെവിയില്‍ പതിഞ്ഞപ്പോള്‍ നിരീശ്വരവാദി ആയിരുന്ന എന്റെ ചുണ്ടുകളും മെല്ലെ ചലിച്ചുതുടങ്ങി. എന്റെ
ഗുരുവായൂരപ്പാ...

സിനിമാസെറ്റുകളിലെ സംഭവങ്ങളെക്കുറിച്ച് പലരും ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നത് കാണുമ്പോള്‍

ഞാന്‍ ഓര്‍ക്കാറുണ്ട്; ഇത് പറഞ്ഞാല്‍ അന്ന് സെറ്റില്‍ ഉണ്ടായിരുന്നവരല്ലാതെ ആര് വിശ്വസിക്കും? എങ്ങനെ വിശ്വസിക്കാന്‍ കഴിയും? ജീവിതത്തെ നയിക്കുന്നത് കണ്ടറിവിനോ കേട്ടറിവിനോ ഒക്കെ മീതെയായി അനുഭവങ്ങള്‍ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന അസംഖ്യം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച ദൈവമെന്ന സത്യത്തെ ഈയൊരു സംഭവമായ് എന്നും ഞാന്‍ ചേര്‍ത്തുവെക്കുന്നു.

എല്ലാത്തിനും ഉപരിയായി അഭിനയമെന്ന തൊഴില്‍ വെറുമൊരു തൊഴിലായി മാത്രം കണ്ടിരുന്ന എനിക്ക് അത് ദൈവികമായ ഒരു കല കൂടിയാണെന്ന തിരിച്ചറിവ് നല്‍കിയ കുറച്ചുനിമിഷങ്ങള്‍ ആയിരുന്നു അത്.

ഒരിക്കലും മനസ്സില്‍ നിന്ന് മായാത്ത ആ നിമിഷങ്ങള്‍.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW