Wednesday, September 26, 2018 Last Updated 41 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 03.00 PM

വെള്ളം അമിതമായി കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇതു ശരിയാണോ?

ജനറല്‍ മെഡിസിന്‍
uploads/news/2017/10/154965/asdrgenmedicn121017.jpg

പൊക്കമുണ്ട് വണ്ണമില്ല

എനിക്ക് 29 വയസുണ്ട്. വിവാഹിതനല്ല. മെലിഞ്ഞ ശരീരവും ഒട്ടിയ കവിളുമാണ് എന്റെ പ്രശ്‌നം. ആറടി രണ്ടിഞ്ചു പൊക്കമുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് വരെ എനിക്ക് ഒരുവിധം വണ്ണമുണ്ടായിരുന്നു. പിന്നീടാണ് വല്ലാതെ മെലിഞ്ഞ് കവിളൊട്ടിയത്. സ്ഥിരമായി പുകവലിക്കുന്ന ആളാണ് ഞാന്‍. വണ്ണം വയ്ക്കാനും ഒട്ടിയ കവിളുകള്‍ മാറാനും എന്താണ് മാര്‍ഗം? എന്തെങ്കിലും മരുന്നു കഴിച്ചാല്‍ ഫലം ചെയ്യുമോ?
----- മധു , മലമ്പുഴ

നിങ്ങളുടെ തൂക്കം, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ പൊക്കം , ശരീരപ്രകൃതി എന്നിവ കൂടെ അറിഞ്ഞെങ്കിലേ കൃത്യമായി ഒരു ഉത്തരം നല്‍കാനാകൂ. കാരണം, ചിലര്‍ക്ക് മെലിഞ്ഞ ശരീരപ്രകൃതി പാരമ്പര്യമായി കിട്ടിയതാകാം. അങ്ങനെയല്ലെങ്കില്‍ മാത്രമെ മറ്റ് സാധ്യതകള്‍ ഉള്ളൂ. നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരം മെലിയുന്ന അവസ്ഥ, വിശപ്പില്ലായ്മ കാരണം ആഹാരം കഴിക്കാതെ മെലിയുന്ന അവസ്ഥ.

ഇതില്‍ രണ്ടാമത്തെ ഗണത്തിലാണ് നിങ്ങള്‍ പെടുന്നതെങ്കില്‍ വിശപ്പില്ലായ്മയുടെ കാരണം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ആദ്യത്തെ ഗണത്തില്‍ ആണെങ്കില്‍ ശരീരം നന്നാകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും ആഹാരരീതിയും സ്വീകരിക്കുക. പ്രധാനമായും ചെയ്യേണ്ട മറ്റൊരു കാര്യം പുകവലി ഉപേക്ഷിക്കുക എന്നതാണ്.

പുകവലി ആമാശയത്തില്‍ ഗാസ്‌ട്രൈറ്റിസ് എന്ന രോഗമുണ്ടാക്കും. ഇത് വിശപ്പും ദഹനശക്തിയും നഷ്ടപ്പെടാന്‍ കാരണമാകുന്നു. അതുകൊണ്ട് ആദ്യം പുകവലി നിര്‍ത്തുക.

ഇടുപ്പ് സന്ധിയില്‍ വേദന


എനിക്ക് 50 വയസ്. ഇടുപ്പിന്റെ ഭാഗത്തായി ഇടയ്ക്കിടെ ശക്തമായ വേദന അനുഭവപ്പെടുന്നതാണ് എന്റെ പ്രശ്‌നം. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ മാത്രമേ ഇങ്ങനെ വേദന അനുഭവപ്പെടുന്നുള്ളൂ. അതിനാല്‍ ഇതുവരെ ഡോക്ടര്‍മാരെയൊന്നും കാണിച്ചില്ല. ഡോക്ടറെകണ്ട് വിശദമായ പരിശോധന ആവശ്യമായി വരുമോ?
-----വത്സല രാജന്‍ ,അടിമാലി

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ആന്തരികാവയവങ്ങളുടെ പ്രശ്‌നം കൊണ്ടും ഇടുപ്പെല്ലിന്റെ ഭാഗത്തായി വേദനയുണ്ടാവാം. വേദനയുടെ സ്വഭാവവും മറ്റ് വിശദവിവരങ്ങളും കത്തില്‍ ഇല്ലാത്തതിനാല്‍ കൃത്യമായ ഒരു മറുപടി പറയുക പ്രയാസമാണ്. ഇടയ്ക്കിടെ മാത്രമുള്ള ശക്തമായവേദന ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത.

മൂത്രത്തില്‍ കല്ലിന്റെ അസുഖമുള്ളവരില്‍ സാധാരണയായി ഇത്തരത്തിലുള്ള വേദനയും മൂത്രസംബന്ധമായ പ്രശ്‌നങ്ങളും കാണാറുണ്ട്. എന്തുതന്നെയായാലും ഡോക്ടറെ കണ്ട് രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം. രക്തസമ്മര്‍ദവുമായോ അതിന്റെ മരുന്നുമായോ ഈ വേദനയ്ക്കു പ്രത്യേക ബന്ധമുണ്ടാവാന്‍ സാധ്യതയില്ല.

ശരീരത്തില്‍ നീര്


എനിക്ക് 30 വയസ്. നാലു വര്‍ഷം മുമ്പ് എന്റെ ശരീരമാകെ നീരു വന്നു. ഡോക്ടറെ കണ്ടിരുന്നു. മരുന്നു കഴിച്ചു. ധാരാളം മൂത്രം പോകുമായിരുന്നു. ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ കറുത്ത നിറമായിരുന്നു. കണ്ണുകള്‍ക്ക് തിളക്കം നഷ്ടപ്പെട്ടു. തുടര്‍ന്ന് പല മരുന്നുകളും മാറി മാറി കഴിച്ചുനോക്കി. ഒരു രാത്രി ഭയങ്കര വയറ്റുവേദനയുണ്ടായി. ഛര്‍ദിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച കിടന്നു. ഹൈപവര്‍ പ്രോട്ടീന്‍ തന്നു. രോഗം അല്‍പം കുറഞ്ഞപ്പോള്‍ വീട്ടില്‍ പോയി. പ്രോട്ടീന്‍ അടങ്ങിയ പല മരുന്നുകളും ഉപയോഗിച്ചു. പ്രയോജനമൊന്നും ഉണ്ടായില്ല. ഇനി ഞാന്‍ എന്തു ചെയ്യും?
-------- മനീഷ്, തൃപ്പൂണിത്തുറ

ശരീരമാകെ നീരുവരുന്നതിന് കാരണങ്ങള്‍ പലതാണ്. വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ സാഹചര്യങ്ങള്‍, അമിതമായ രക്തക്കുറവ്, എന്നിവയെല്ലാം തന്നെ ശരീരത്തില്‍ നീരിനു കാരണമാവാം.

രക്തത്തിലെ ക്രിയാറ്റിന്റെ അളവ്, ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റ്, ഹിമോഗ്ലോബിന്റെ അളവ്, വയറിന്റെ സ്‌കാന്‍, എക്കോ കാര്‍ഡിയോഗ്രാഫി തുടങ്ങിയ ടെസ്റ്റുകള്‍ വഴി നീരിന്റെ കാരണം കണ്ടെത്താന്‍ കഴിയും. നീരിനോടൊപ്പമുള്ള അനുബന്ധ പ്രശ്‌നങ്ങള്‍ രോഗത്തിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കും.

പ്രമേഹവും കാഴ്ചശക്തിയും


60 വയസ്. കഴിഞ്ഞ 15 വര്‍ഷമായി പ്രമേഹരോഗത്തിന്റെ പിടിയിലാണ്. തുടക്കത്തില്‍ ദിവസവും ഓരോ ഡയബറ്റീസ് ഗുളികകള്‍ കഴിച്ചിരുന്നു. അപ്പോള്‍ എന്റെ ബ്ലെഡ് ഷുഗര്‍ നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ പിന്നീട് ഈ ഗുളിക പിടിക്കാതെയായി. കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ കാഴ്ചശക്തി കുറഞ്ഞുവരുന്നതായി തോന്നുന്നു. പ്രായത്തിന്റെയാകാമെന്നു കരുതി. എന്നാല്‍ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും മങ്ങിയപ്പോഴാണ് ഡോക്ടറെ സമീപിച്ചത്. ഉടനെ കണ്ണുഡോക്ടറെ കണ്ട് ലേസര്‍ ചികിത്‌സ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹം മൂലമാണോ ഇത് സംഭവിച്ചത്. കണ്ണിന്റെ കാഴ്ചശക്തി തിരികെ ലഭിക്കുമോ?
---------അഷറഫ് , തൃശൂര്‍

ഒരു രോഗത്തിന് ഗുളിക വര്‍ഷങ്ങളായി കഴിക്കുമ്പോള്‍ അത് പിന്നീട് ഫലിച്ചില്ലെന്നു വരും. അപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമുള്ള മരുന്നുകള്‍ മാറി കഴിക്കുകയും ഭക്ഷണ രീതിയില്‍ മാറ്റം വരുത്തുകയും വേണം. കത്തില്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് പ്രമേഹം തന്നെയായിരിക്കണം നിങ്ങളുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയത്.

എന്തായാലും ഒരു ഫിസിഷനെകണ്ട് വേണ്ട പരിശോധനകള്‍ നടത്തുകയും പ്രമേഹം നിയന്ത്രിക്കുകയും നേത്രരോഗ വിദഗ്ധനെ കണ്ട് അദ്ദേഹം നിര്‍ദേശിക്കുന്ന ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്യുക. കാഴ്ചശക്തി പൂര്‍ണമായി തിരിച്ചുകിട്ടുമോ എന്നുള്ളത് രോഗം എത്ര രൂക്ഷമാണെന്നുള്ളതിനെ ആശ്രയിച്ചിരിക്കും. വൈദ്യ ശാസ്ത്രത്തിനും അതിന്റേതായ പരിമതികളുണ്ടെന്ന് മനസിലാക്കുക.

വെള്ളം കുടിക്കുന്നത് വൃക്കകള്‍ക്ക് നല്ലത്


10 വയസുള്ള എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. കുട്ട് എപ്പോഴും വെള്ളം കുടിക്കും. ഭക്ഷണം കഴിക്കുമ്പോളും വെള്ളം കുടിച്ച് വയറു നിറയ്ക്കും. സ്‌കൂള്‍ വിട്ടു വരുമ്പോഴും രാവിലെ ഉറക്കമുണര്‍ന്നു വരുമ്പോഴും വെള്ളം കുടിക്കും. ഇങ്ങനെ വെള്ളം കുടിക്കുന്നത് നല്ലതാണോ? വെള്ളം അമിതമായി കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇതു ശരിയാണോ?
-------ഉഷ രാജന്‍, കോഴിപ്പിള്ളി

വെള്ളം കുടിക്കുന്നതു സംബന്ധിച്ച് യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. എത്രമാത്രം വെള്ളം കുടിക്കാമോ അത്രയും നല്ലത്. കാരണം ശരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ ജലാംശം കുറയുന്നത് ചര്‍മ്മത്തില്‍ നിന്നും അറിയാന്‍ കഴിയും. വെള്ളം കുടി കുറഞ്ഞാല്‍ ചര്‍മ്മം വരണ്ടും ചുളിഞ്ഞുമിരിക്കാന്‍ കാരണമാകും.

കൂടാതെ മൂത്രത്തിന്റെ അളവ് കുറയും. വെള്ളം കുടിച്ചാല്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുമെന്നത് തെറ്റാണ്. പകരം വൃക്കകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടാന്‍ മാത്രമേ ഇത് ഉപകരിക്കൂ. നാം കുടിക്കുന്ന എല്ലാ പാനീയങ്ങളും ശരീരത്തിന് ഉത്തമമാണ്. പഴച്ചാറുകളും ദാഹശമിനി ചേര്‍ത്ത് തിളപ്പിച്ച വെള്ളവുമെല്ലാം നല്ലതുതന്നെ.

എല്ലാം കൂടി ഒരു ദിവസം നാം ശരാശരി 15 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. പക്ഷേ, അന്തരീക്ഷ ഊഷ്മാവ്, നാം ചെയ്യുന്ന ജോലിയുടെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കും കുടിക്കേണ്ട വെള്ളത്തിന്റെ അളവ്.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW