Tuesday, August 21, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 02.52 PM

പ്രണയമഴയായി കാമുകി

uploads/news/2017/10/154964/ciniLOcTKamuki.jpg

ജീവിതഗന്ധിയായ കഥകള്‍ എല്ലാക്കാലത്തും പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടാറുണ്ട്. ചുറ്റുപാടും കാണുന്ന അനുഭവവേദ്യമായ ജീവിതാനുഭവങ്ങള്‍ കഥയായി പരിണമിക്കുമ്പോള്‍ ആസ്വാദകര്‍ക്കും നവ്യാനുഭൂതിയാകുന്നു.

മലയാളസിനിമയില്‍ ഓരോ കാലത്തും വൈവിധ്യമാര്‍ന്ന ഇതിവൃത്തങ്ങള്‍ക്ക് ചലച്ചിത്രഭാഷ്യം നല്‍കാന്‍ പ്രതിഭാധനരായ സംവിധായകര്‍ മത്സരിച്ചിരുന്നു.പിന്നീട് കാലാന്തരത്തില്‍ കഥ പറയുന്ന രീതിയില്‍ ഒരുപാട് വ്യതിയാനങ്ങളുണ്ടായി. എന്നാല്‍ ഓരോ കാലത്തും ഉണ്ടായ പരിവര്‍ത്തനങ്ങളെ തിരസ്‌കരിക്കാതെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു.

കഥാദാരിദ്ര്യമെന്ന് വിലപിച്ച് കഥകള്‍ക്കു വേണ്ടി അലഞ്ഞവരുടെ എണ്ണവും കുറവല്ല. മനസ്സില്‍ ഇതള്‍ വിരിയുന്ന കഥയുടെ സ്പാര്‍ക്ക് വിപുലീകരിക്കാന്‍ യഥാര്‍ത്ഥ ജീവിതം പഠിക്കാന്‍ മുന്നോട്ടുവന്നവരുമുണ്ട്.

മലയാള സിനിമയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടും കാണുന്ന നിസ്സാരമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഇതിവൃത്തങ്ങളാണ് സിനിമയ്ക്ക് വിഷയമായി വിജയം കൈവരിക്കുന്നത്.

നിരവധി പുതിയ ചെറുപ്പക്കാര്‍ മലയാളസിനിമയിലേക്ക് കടന്നുവരുകയും അവരുടേതായ സിനിമകള്‍ക്ക് പിറവി നല്‍കുകയും ചെയ്യുന്ന കാലമാണിത്.

ആണ് പെണ്ണായും പെണ്ണ് ആണായും പരിവര്‍ത്തനം ചെയ്യപ്പെടുന്ന രസകരമായ കഥ പറഞ്ഞ ഇതിഹാസയെന്ന പ്രഥമ ചിത്രത്തിലൂടെ സംവിധായകനായി മാറിയ ബിനു എസ്. അണിയിെച്ചാരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കാമുകി.'

ന്യൂജനറേഷന്‍ ചിന്തകള്‍ കത്തിനിന്ന കാലത്താണ് ഇതിഹാസയെന്ന ചിത്രവുമായി ബിനു കടന്നുവരുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തെലുങ്കില്‍ സ്‌റ്റൈല്‍ എന്ന രണ്ടാംചിത്രം ചെയ്‌തെങ്കിലും യൂ-ട്യൂബിലൂടെയാണ് ലക്ഷക്കണക്കിന് ആളുകള്‍ ഈ ചിത്രം കണ്ടത്. ബിനു എസ്. സംവിധാനം ചെയ്യുന്ന കാമുകിയെന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എറണാകുളത്തെ കാലടിയില്‍ ചിത്രീകരണം നടന്ന കാമുകിയുടെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ പുതിയ ചിന്തകളുള്ള ചെറുപ്പക്കാരുടെ വലിയൊരു നിരതന്നെയുണ്ട്. കാലടിയിലെ വിശാലമായ പറക്കുളത്തിനു നടുവിലൂടെ കടന്നുപോകുന്ന റോഡിനു മുകളിലാണ് കാമുകിയുടെ ചിത്രീകരണം നടക്കുന്നത്.

ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയാണ് നായകനായി അഭിനയിക്കുന്നത്. ഹണിബീ-2.5, ചെമ്പരത്തി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം അസ്‌കര്‍ അലി നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് കാമുകി.

എന്റെ ആദ്യചിത്രമായ ഇതിഹാസയ്ക്ക് മുമ്പ് വണ്‍ലൈന്‍ തയാറാക്കിയ ചിത്രമാണ് കാമുകി. ഈ ചിത്രത്തിലെ പലരും റിയല്‍ ക്യാരക്‌ടേഴ്‌സാണ്. പലരും എന്റെ കൂടെ പഠിച്ചവരുമാണ്. എന്റെ മനസ്സറിഞ്ഞ സുഹൃത്തുക്കളെ കഥാപാത്രങ്ങളാക്കി കാമുകിയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഞാന്‍തന്നെയാണ്. ഒരു കോമഡി ലൗസ്‌റ്റോറിയിലൂടെയാണ് കാമുകിയുടെ കഥ സഞ്ചരിക്കുന്നത്.

ഗ്രാമത്തിലെ പ്രധാന സ്‌കൂളിലെ അധ്യാപകനായ വര്‍ഗീസ് മാഷ് നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ട ആളാണ്. രണ്ടു പെണ്‍മക്കളാണ് മാഷിനുള്ളത്. ആലീസും അച്ചാമ്മയും. മൂത്തമകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചു പോയത് മാഷിന് വല്ലാത്തൊരു ഷോക്കായിരുന്നു. തന്റെ ഇളയമകള്‍ അച്ചാമ്മയിലാണ് മാഷിന്റെ എല്ലാ പ്രതീക്ഷകളുമുള്ളത്. പഠിക്കാന്‍ മിടുക്കിയാ അച്ചാമ്മയ്ക്ക് കോളജില്‍ നല്ലൊരു സൗഹൃദവലയംതന്നെയുണ്ട്. കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രിയങ്കരനാണ് ഹരി ജന്മനാ അന്ധനായ ഹരിയുടെ കോളജിലെ അടുത്ത ചങ്ങാതിയാണ് ജാഫര്‍. തന്റെ മനസ്സിലുള്ള സ്വപ്നങ്ങളെല്ലാം ഹരി പങ്കുവയ്ക്കാറുള്ളത് ജാഫറിനോടാണ്.

സാന്റോ, ജെ.ജെ. ഫ്രീക്കന്‍ ആദി, പ്രിയ എന്നിവരാണ് ഹരിയുടെ മറ്റു ചങ്ങാതിമാര്‍. അച്ചാമ്മ ഹരിയെ കണ്ടുമുട്ടുന്നതോടെ ഇവര്‍ തമ്മിലുള്ള സൗഹൃദം വളരുന്നു. ഹരിയുടെ മനസ്സിലെ സങ്കടങ്ങളും ആഹ്‌ളാദങ്ങളും അച്ചാമ്മ കേള്‍ക്കാന്‍ തുടങ്ങുന്നു. സ്വാഭാവികമായും അന്ധനായ ഹരിയും അച്ചാമ്മയും തമ്മിലുള്ള പ്രണയം തുടങ്ങുന്നതോടെ കാമുകിയെന്ന ചിത്രത്തിന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഹരിയായി അസ്‌കര്‍ അലിയും അച്ചാമ്മയായി അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു. അന്ധത ഒന്നിനും തടസമല്ലെന്നും സ്‌നേഹവും പ്രണയവും അന്ധതയ്ക്കു മുന്നില്‍ വഴിമാറുമെന്നും അന്ധരായ ചെറുപ്പക്കാര്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാകുന്നതാണ് കാമുകിയെന്ന തന്റെ മൂന്നാമത്തെ ചിത്രമെന്നും സംവിധായകന്‍ ബിനു എസ്. സിനിമാമംഗളത്തോടു പറഞ്ഞു. അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധവും സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയും ഈ ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമാണെന്നും ബിനു എസ്. കൂട്ടിച്ചേര്‍ത്തു.

ഇതിഹാസാ മൂവീസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് കാമുകിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
അസ്‌കര്‍ അലി, ഡെയിന്‍, സിബി തൊണ്ടിമുതല്‍, ഡോ. റോണി, പ്രദീപ് കോട്ടയം, ബിനു അടിമാലി, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, കാവ്യ സുരേഷ് എന്നിവരാണ് കാമുകിയിലെ അഭിനേതാക്കള്‍.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- ഇതിഹാസ മൂവീസ്, നിര്‍മ്മാണം- ഉന്മേഷ് ഉണ്ണികൃഷ്ണന്‍, കഥ-തിരക്കഥ-സംഭാഷണം- സംവിധാനം- ബിനു എസ്., ക്യാമറ- കെ.എ. റോമിന്‍ ബസകര്‍, ഗാനരചന- ഹരിനാരായണന്‍, സംഗീതം- സൂരജ് എസ്. കുറുപ്പ്, കല- സജി കരിമ്പന, ചമയം- അനില്‍ നേമം, വസ്ത്രം- ആര്‍. വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, എഡിറ്റര്‍- സുധി മാധവന്‍, അസോസിയേറ്റ് ഡയറക്ടര്‍- ലിഥിന്‍ ലോഹിതാക്ഷന്‍, സനു സജീവന്‍, സഹസംവിധാനം- നഹാസ് നാസര്‍, ശ്രീജിത്ത് ബാലന്‍, എല്‍സണ്‍ എല്‍ദോസ്, മൃദുല്‍ സനല്‍കുമാര്‍, എക്‌സി. പ്രൊഡ്യൂസര്‍- ചന്തു ഓറഞ്ച്, ക്യാമറ അസി.- മുരളി ബേജന്‍, ഗുരുരാജേന്ദ്രന്‍, സ്റ്റില്‍സ്- ജെയിന്‍ കുന്നത്ത്, പരസ്യകല- വിനീത് വാസുദേവന്‍, പി.ആര്‍.ഒ. എ.എസ്. ദിനേശ്

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Ads by Google
Loading...
TRENDING NOW