തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായെത്തിയ സി.പി.എമ്മിനെതിരേ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പിടിച്ച പരിചയായിരുന്നു അന്വേഷണക്കമ്മിഷന് പ്രഖ്യാപനം. അതേ കമ്മിഷന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ അദ്ദേഹത്തിനും കോണ്‍ഗ്രസിനും പുലിവാലായിരിക്കുന്നു. കമ്മിഷനെ നിയോഗിച്ച് നാലു വര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചത്. ഒരു അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ ഇത്രയും വേഗത്തില്‍ നടപടി അപൂര്‍വം.
2013 ഒക്ടോബര്‍ 28നാണ് സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ കമ്മിഷന് 214 സാക്ഷികളെ വിസ്തരിച്ചു. 812 രേഖകള്‍ പരിശോധിച്ചു. നാല് ഭാഗങ്ങളായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിഷന് കഴിഞ്ഞ മാസം 26ന് സര്‍ക്കാരിനു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം ആമുഖവും ഗസറ്റ് വിജ്ഞാപനവും സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകളും നിയമസഭാ ചര്‍ച്ചകള്‍ക്കും പുറമെ ടേംസ് ഓഫ് റഫറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ആക്ഷേപങ്ങളും നിഗമനങ്ങളും ഉള്‍പ്പെടുന്നതാണ്. അതോടൊപ്പം, ചില ശിപാര്‍ശകളും. രണ്ടാം ഭാഗം കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍പ്പെടുന്ന സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാണ്. മൂന്നാം ഭാഗം സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും കണ്ടെത്തലുകളും ശിപാര്‍ശകളുമടങ്ങുന്നതാണ്. നാലാം ഭാഗം കേരളാ പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ളതാണ്.
ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതിനു പിന്നാലെ അതിന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. പ്രതിപക്ഷവുമായി ആലോചിച്ച് നിശ്ചയിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന ആരോപണവുമുയര്‍ന്നു. ഒടുവില്‍ സ്വയം നിശ്ചയിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കു തിരിച്ചടിയുമായി. ഈ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മൂന്നിന് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും നിയമോപദേശം തേടി. നിയമോപദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ നിര്‍ദേശിക്കാന്‍ പിറ്റേന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആഭ്യന്തരവകുപ്പിനെ ചുമതലപ്പെടുത്തി. നിയമോപദേശം കിട്ടിയതോടെയാണ് മന്ത്രിസഭ ഇന്നലെ റിപ്പോര്‍ട്ട് പരിഗണിച്ചത്.
നിഗമനങ്ങള്‍
* ഉമ്മന്‍ ചാണ്ടി, പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെന്നി ജോപ്പന്, ജിക്കുമോന് ജേക്കബ്, ഗണ്മാന് സലിംരാജ്, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവര്‍ ടീം സോളാര്‍ കമ്പനിയേയും സരിത എസ്. നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സഹായിച്ചു. അന്നത്തെ ആഭ്യന്തര-വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ പോലീസ് ഓഫീസര്‍മാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചു.
* െവെദ്യുതിമന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് നിയമവിരുദ്ധമായി ടീം സോളാറിനെയും സരിതയേയും സഹായിച്ചു.
* പ്രത്യേകാന്വേഷണസംഘം ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്നു രക്ഷിക്കാന്‍ കുത്സിതശ്രമങ്ങള്‍ നടത്തി. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, എം.എല്‍.എമാര്‍, സോളാര്‍ കേസുകള്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് സംബന്ധിച്ച് സി.ഡി.ആറും തെളിവുകളുമായി ബന്ധപ്പെട്ട മറ്റു രേഖകളും പരിശോധിച്ചില്ല.
* ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും കമ്പനിയുടെ സോളാര്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്ത എം.എല്‍.എമാരും അവരുടെ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച മുന്‍ എം.എല്‍.എമാരായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന് തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.
* 2013 ജൂെലെ 19-ലെ സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ അവരുമായും അഭിഭാഷകനുമായും ഫോണില്‍ ബന്ധപ്പെട്ടതിനു തെളിവുകളുണ്ട്.
* കേരള പോലീസ് അസോസിയേഷന് സെക്രട്ടറിയായിരുന്ന ജി.ആര്. അജിത്തിനെതിരേ അച്ചടക്കരാഹിത്യത്തിനു നടപടിയെടുക്കണം.
* പോലീസിലെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കാര്യക്ഷമതയുള്ള ഏജന്‍സിയെ നിയോഗിക്കണം.
* ജയില്‍ അധികാരികളും പോലീസും തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതു ശരിയായ നടപടികള്‍ സ്വീകരിച്ചല്ല. ആവശ്യമായ പോലീസ് അകമ്പടി ഇത്തരം കാര്യങ്ങളില്‍ നല്‍കണം.
* സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി സി.സി.ടി.വി. ദൃശ്യങ്ങള്‍ ചുരുങ്ങിയത് ഒരുവര്‍ഷം സൂക്ഷിക്കണം. ഇവ സൂക്ഷിക്കുന്നതിനായി 500 ജി.ബി. ഹാര്‍ഡ് ഡിസ്ക് സ്ഥാപിക്കുകയോ 15 ദിവസം കൂടുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സംരക്ഷിക്കുകയോ ചെയ്യണം.
* ഊര്‍ജവകുപ്പിനു കീഴിലുള്ള അനെര്‍ട്ടിനെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ സൗരോര്‍ജപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാം.
*നിയമോപദേശം
* ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും സരിത എസ്. നായരില്‍നിന്നും അവരുടെ കമ്പനിയില്‍നിന്നും വലിയ തുകകള്‍ െകെക്കൂലിയായി വാങ്ങിയതായി കമ്മിഷന് കണ്ടെത്തിയതിനാല്‍ അഴിമതി നിരോധനനിയമം 7, 8, 9, 13 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം.
ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച അന്നത്തെ ആഭ്യന്തര-വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്താം. പെരുമ്പാവൂര്‍, കോന്നി പോലീസ് സ്റ്റേഷനുകളില്‍ ഉമ്മന്‍ ചാണ്ടിക്കും പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ നിലവിലുള്ള ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ തുടരന്വേഷണമാകാം.
* ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിഗൂഢപദ്ധതികള്‍ ഒരുക്കിയതിനും മറ്റു സംസ്ഥാന-കേന്ദ്രമന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ അന്വേഷണം നടത്താതിരുന്നതിനും പ്രത്യേകാന്വേഷണസംഘാംഗങ്ങള്ക്കെതിരേ വകുപ്പുതല നടപടിയെടുക്കാം. എ.ഡി.ജി.പി: കെ. പത്മകുമാര്‍, ഡി.െവെ.എസ്.പി: കെ. ഹരികൃഷ്ണന് എന്നിവര്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാം.
* പ്രതികളെ രക്ഷിക്കാന്‍ മനഃപൂര്‍വം ഇടപെട്ടതിനും ക്രിമിനല്‍ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും മുന്‍ എം.എല്‍.എമാരായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാം.
* കമ്മിഷന് മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിത എസ്. നായര്‍ക്കെതിരേ െലെംഗികപീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞു. എന്നാല്‍, പ്രത്യേകാന്വേഷണസംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണുന്നില്ല. 2013 ജൂെലെ 19-ലെ സരിതയുടെ കത്തില്‍ പരാമര്ശിച്ചവര്ക്കെതിരേ െലെംഗികപീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം.
* കേരള പോലീസ് അസോസിയേഷന് ഭാരവാഹികള്‍, പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറി ജി.ആര്. അജിത്ത് 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍നിന്നു െകെക്കൂലി വാങ്ങി എന്ന ആരോപണം സംബന്ധിച്ച് വകുപ്പുതല നടപടിയും അഴിമതി നിരോധനനിയമപ്രകാരം ക്രിമിനല്‍ കേസുമെടുത്ത് അന്വേഷണം നടത്താം.
* കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പോലീസ് അന്വേഷണസംവിധാനത്തെ ശക്തവും കാര്യക്ഷമവും പക്ഷപാതരഹിതവും ആക്കുന്നതു സംബന്ധിച്ചും പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളേയും പരിധിയേയും സംബന്ധിച്ചും ജയിലില്‍നിന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ചും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കാന് കമ്മിഷനെ നിയോഗിക്കാം.
സ്വീകരിക്കുന്ന നടപടികള്‍
* ഉമ്മന്‍ ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും െകെക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധനനിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. ഉമ്മന്‍ ചാണ്ടി, ടെന്നി ജോപ്പന്, ജിക്കുമോന് ജേക്കബ്, സലിംരാജ് എന്നിവര്‍ക്കെതിരേ തുടരന്വേഷണത്തിനു വേണ്ടി ക്രിമിനല്‍ നടപടി നിയമപ്രകാരം ബന്ധപ്പെട്ട കോടതികളില്‍ ഹര്‍ജി നല്‍കും. തുടര്‍ന്ന് പ്രത്യേകാന്വേഷണസംഘം അന്വേഷിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേകസംഘം അന്വേഷിക്കും.
* എ.ഡി.ജി.പി: കെ. പത്മകുമാറും ഡിെവെ.എസ്.പി: കെ. ഹരികൃഷ്ണനും തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സും പ്രത്യേകസംഘവും അന്വേഷണം നടത്തും.
* കമ്മിഷനും നിയമോപദേശകരും ചൂണ്ടിക്കാട്ടിയ രീതിയില്‍ സര്‍ക്കാരിലേക്കു ശിപാര്‍ശ സമര്‍പ്പിക്കാനായി റിട്ട. െഹെക്കോടതി ജഡ്ജി അധ്യക്ഷനായി കമ്മിഷനെ നിയമിക്കും.