Tuesday, August 21, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.58 AM

സോളാര്‍ ബോംബ്‌ പൊട്ടി : ഉമ്മന്‍ ചാണ്ടിക്കും മുന്‍മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും പോലീസ്‌ ഉന്നതര്‍ക്കും 'പരുക്ക്‌'

uploads/news/2017/10/154872/k1.jpg

തിരുവനന്തപുരം: കേരളരാഷ്‌ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ക്കെതിരേ വിജിലന്‍സ്‌ അന്വേഷണം. ജസ്‌റ്റിസ്‌ ജി. ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു മന്ത്രിസഭാതീരുമാനം.
ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരായ ലൈംഗികപീഡന ആരോപണങ്ങളും അന്വേഷണപരിധിയിലുണ്ട്‌. 2013 ജൂലൈ 19-നു സരിത എസ്‌. നായര്‍ പുറത്തുവിട്ട കത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ ബലാത്സംഗത്തിനും ലൈംഗികപീഡനത്തിനും സ്‌ത്രീത്വത്തെ അപമാനിച്ചതിനും ക്രിമിനല്‍ കേസെടുത്താകും അന്വേഷണം.
ഉമ്മന്‍ ചാണ്ടിക്കും ആര്യാടനും പുറമേ എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്‌, ഹൈബി ഈഡന്‍, മോന്‍സ്‌ ജോസഫ്‌, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, ജോസ്‌ കെ. മാണി എം.പി, മുന്‍കേന്ദ്രമന്ത്രി പളനിസ്വാമി, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം എന്‍. സുബ്രഹ്‌മണ്യം, എ.ഡി.ജി.പി: കെ. പത്മകുമാര്‍, എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്‌ണുനാഥ്‌, മുന്‍ എം.എല്‍.എ: എ.പി. അബ്‌ദുള്ളക്കുട്ടി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി പ്രതീഷ്‌ എന്നിവര്‍ക്കെതിരെയും സരിതയുടെ കത്തിന്റെ അടിസ്‌ഥാനത്തില്‍ ലൈംഗികപീഡനത്തിന്‌ അന്വേഷണമുണ്ടാകും.
ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമാണു സോളാര്‍ തട്ടിപ്പിന്റെ പ്രധാന ഉത്തരവാദികളെന്നു ജസ്‌റ്റിസ്‌ ശിവരാജന്‍ കമ്മിഷന്‍ കണ്ടെത്തിയതായി മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കി. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര-വിജിലന്‍സ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചു. വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്‌ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത നായരെയും സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണു വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌. സോളാര്‍ കേസ്‌ പ്രതികളെ രക്ഷിക്കാന്‍ മനഃപൂര്‍വം ഇടപെടുകയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതിനു മുന്‍ എം.എല്‍.എമാരായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരേയും അന്വേഷണത്തിനു തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കമ്മിഷന്റെ 10 കണ്ടെത്തലുകളും അവയുടെ അടിസ്‌ഥാനത്തിലുള്ള നിയമോപദേശങ്ങളും കൈക്കൊണ്ട നടപടികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നടപടി റിപ്പോര്‍ട്ട്‌ സഹിതം, കമ്മിഷന്‍ ശിപാര്‍ശകള്‍ ആറുമാസത്തിനകം നിയമസഭയില്‍ സമര്‍പ്പിക്കും.
വിജിലന്‍സ്‌ അന്വേഷണത്തിനു പുറമേ, ഇവര്‍ക്കെതിരേ ക്രിമിനല്‍ നടപടി നിയമപ്രകാരം കോടതിയില്‍ ഹര്‍ജി നല്‍കിയശേഷം പ്രത്യേകസംഘത്തിന്റെ അന്വേഷണവുമുണ്ടാകും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്‌, ഗണ്‍മാന്‍ സലിംരാജ്‌, ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവര്‍ ടീം സോളാര്‍ കമ്പനിയേയും സരിതയേയും വഴിവിട്ട്‌ സഹായിച്ചെന്നു റിപ്പോര്‍ട്ടിലുണ്ട്‌.
ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ കുത്സിതശ്രമങ്ങള്‍ നടത്തിയെന്നു കമ്മിഷന്‍ കണ്ടെത്തിയ സാഹചര്യത്തില്‍, സോളാര്‍ കേസ്‌ അന്വേഷിച്ച അന്നത്തെ പ്രത്യേകാന്വേഷണസംഘത്തലവന്‍ എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച്‌ മേധാവി സ്‌ഥാനത്തുനിന്നു നീക്കി. കെ.എസ്‌.ആര്‍.ടി.സി. ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായാണു പുതിയ നിയമനം.
നിലവില്‍ ഇന്റലിജന്‍സ്‌ മേധാവിയായ ഡി.ജി.പി: ബി.എസ്‌. മുഹമ്മദ്‌ യാസിനാണു പുതിയ ക്രൈംബ്രാഞ്ച്‌ മേധാവി. ഇന്റലിജന്‍സ്‌ മേധാവിയായി എ.ഡി.ജി.പി: ടി.കെ. വിനോദ്‌കുമാറിനെ (നിലവില്‍ ആഭ്യന്തരസുരക്ഷാവിഭാഗം മേധാവി) നിയമിച്ചു. എ.ഡി.ജി.പി: കെ. പത്മകുമാറിനെ മാര്‍ക്കറ്റ്‌ഫെഡ്‌ എം.ഡിയായും മാറ്റിനിയമിച്ചു. കെ. പത്മകുമാര്‍, ഡിവൈ.എസ്‌.പി: കെ. ഹരികൃഷ്‌ണന്‍ എന്നിവര്‍ക്കെതിരേ തെളിവ്‌ നശിപ്പിച്ചതിനു കേസെടുത്ത്‌ അന്വേഷണം നടത്തും. കേരള പോലീസ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത്‌ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ സോളാര്‍ കേസ്‌ പ്രതികളില്‍നിന്ന്‌ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ്‌ അന്വേഷണത്തിനു പുറമേ വകുപ്പുതല നടപടിയുമുണ്ടാകും.

Ads by Google
Thursday 12 Oct 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW