Tuesday, October 24, 2017 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.47 AM

കാറ്റലോണിയ: നേരിട്ടു ഭരിക്കാന്‍ സ്‌പെയിന്‍

uploads/news/2017/10/154804/in3.jpg

ബാഴ്‌സലോണ/മാഡ്രിഡ്‌: സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍ താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും കാറ്റലോണിയക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി സ്‌പെയിന്‍. ഫെഡറല്‍ സംവിധാനത്തിന്‌ അന്ത്യം കുറിച്ച്‌ കാറ്റലോണിയയെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാക്കാന്‍ സ്‌പാനിഷ്‌ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചെന്നു റിപ്പോര്‍ട്ട്‌.
ഇതിനു മുന്നോടിയായി കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയോ ഇല്ലയോ എന്നു വ്യക്‌തമാക്കാന്‍ സ്‌പാനിഷ്‌ പ്രധാനമന്ത്രി മരിയാനോ രഹോയി ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന കാറ്റലോണിയയുടെ സ്വയംഭരണാധികാരം റദ്ദാക്കുന്നതിനുള്ള പ്രാഥമിക നടപടിയാണിതെന്നാണു വിലയിരുത്തല്‍.
ഹിതപരിശോധന അനുകൂലമായെങ്കിലും സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍ തല്‍ക്കാലം മരവിപ്പിക്കുകയാണെന്നു കാറ്റലോണിയന്‍ നേതാക്കള്‍ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്‌ സ്‌ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ സ്‌പാനിഷ്‌ സര്‍ക്കാര്‍ അടിയന്തര മന്ത്രിസഭായോഗം ചേരുകയും ചെയ്‌തു. സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കാനാണു സ്‌പെയിനിന്റെ അടിയന്തര മന്ത്രിസഭായോഗതീരുമാനം.
എന്നാല്‍ കാറ്റലോണിയയുടെ സ്വാതന്ത്ര്യം തടയാന്‍ തന്റെ അധികാരമനുസരിച്ചു സാധ്യമായത്‌ എല്ലാം ചെയ്യുമെന്ന്‌ പ്രധാനമന്ത്രി മരിയാനോ രഹോയി പറഞ്ഞു. സ്വയംഭരണ മേഖലയായ കാറ്റലോണിയയില്‍ സ്‌പെയിനിന്റെ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതയും മരിയാനോ തള്ളിക്കളഞ്ഞില്ല. സ്‌പെയിന്‍ നിരോധിച്ച ഹിതപരിശോധനയുമായി മുന്നോട്ടുപോയ കാറ്റലോണിയയില്‍ വോട്ട്‌ ചെയ്‌ത 90 ശതമാനം പേരും സ്വാതന്ത്ര്യമാണ്‌ ആവശ്യപ്പെട്ടത്‌. അതേസമയം വോട്ടെടുപ്പുഫലം വന്ന പിന്നാലെ ജനഹിതം നിറവേറ്റുമെന്നു പ്രഖ്യാപിച്ച കാറ്റലോണിയന്‍ പ്രസിഡന്റ്‌ കാര്‍ലെസ്‌ പുഡിമോണ്ട്‌ പ്രാദേശിക പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തുനടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യപ്രഖ്യപനം മരവിപ്പിച്ചെന്നു പറഞ്ഞത്‌ സര്‍വത്ര ആശയക്കുഴപ്പമാണു സൃഷ്‌ടിച്ചത്‌.
പുഡിമോണ്ടിന്റെ പ്രസംഗത്തെത്തുടര്‍ന്ന്‌ സ്‌പെയിന്‍ ഭരണകൂടം ചര്‍ച്ചയ്‌ക്കായി ഒത്തുകൂടിയെങ്കിലും വിഭജനവാദികളില്‍ സമ്മിശ്രപ്രതികരണമാണ്‌. പുഡിമോണ്ടിന്റെ തന്ത്രമാണു ഹിതപരിശോധനഫലം തല്‍ക്കാലം നടപ്പാക്കാത്തതെന്നാണ്‌ സ്‌പെയിന്‍ വിദേശകാര്യമന്ത്രി അല്‍ഫോന്‍സോ ദാസ്‌റ്റിസ്‌ പറഞ്ഞത്‌.
ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്‌ചകള്‍ ചെയ്യാമെങ്കിലും മുഴുവന്‍ സ്‌പെയിനിന്റെ കാര്യത്തിലും കാറ്റലോണിയ തീരുമാനമെടുക്കുന്നത്‌ അസംഭവ്യമാണെന്ന്‌ ദാസ്‌റ്റിസ്‌ പറഞ്ഞു.
സ്‌പെയിന്റെ സാമ്പത്തിക ഉറവിടങ്ങളിലൊന്നായ കാറ്റലോണിയ വേര്‍പിരിഞ്ഞുപോകാനുളള ഹിതപരിശോധനാഫലം വന്നത്‌ 75 ലക്ഷം വരുന്ന ജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നത്തിലുപരി യൂറോപ്യന്‍ യൂണിയന്റെ സ്‌ഥിരതയെയും ബാധിക്കും.
ഹിതപരിശോധന നിയമവിരുദ്ധമെന്ന സ്‌പെയിനിന്റെ നിലപാടിനെത്തുടര്‍ന്ന്‌ നല്ലൊരു സംഘം കറ്റാലന്‍ നിവാസികളും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നിരുന്നു.

Ads by Google
Advertisement
Thursday 12 Oct 2017 01.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW