Monday, April 23, 2018 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 03.09 PM

വാസ്തുവിലെ സൂത്ര വേധങ്ങളും ദുരന്തങ്ങളും

''മരണച്ചുറ്റ് കഴിഞ്ഞാല്‍ സൂത്രങ്ങള്‍ക്കും മഹാമര്‍മ്മങ്ങള്‍ക്കും ഉണ്ടാകുന്ന വേധമാണ് അന്തേവാസികള്‍ക്ക് ആയുസ്സ് കുറയ്ക്കുന്ന ഘടകങ്ങള്‍. കര്‍ണ്ണസൂത്രവും മൃത്യുസൂത്രവും കടന്നുപോകുന്നിടത്താണ് മഹാമര്‍മ്മങ്ങള്‍ നാലെണ്ണം വരുന്നത്. അവിടെ തൂണുകളോ, ഭിത്തിയോ വന്നുകൂടാ. വരുന്നുവെങ്കില്‍ ദ്വാരം നല്‍കി സൂത്രങ്ങളെ പോകുവാന്‍ അനുവദിക്കണം.''
uploads/news/2017/10/154591/joythi111017a.jpg

ചതുരശ്രം വരുത്തിയ ഒരു വാസ്തുവിലൂടെ അനേകം സൂത്രങ്ങള്‍ സഞ്ചരിക്കുന്നു. കിഴക്ക് പടിഞ്ഞാറ് കടന്നുപോകുന്ന സൂത്രം ബ്രഹ്മസൂത്രവും തെക്ക് വടക്ക് കടന്നുപോകുന്നത് യമസൂത്രവുമാണ്.

ഇത് ആ ഭൂമി മണ്ഡലത്തിന്റെ ധമനികളാണ്. നിര്യതിയില്‍ നിന്നും ഈശാനകോണിലേക്ക് പോകുന്നത് കര്‍ണ്ണസൂത്രവും വായുകോണില്‍ നിന്ന് അഗ്നിയിലേക്ക് പോകുന്നത് മൃത്യുസൂത്രവുമാണ്. ഇവ രണ്ടും രജ്ജുക്കളാണ്. ഇതിനെ സിരകളായും പരിഗണിക്കുന്നു.

ഈ ധമനികളും സിരകളും മനുഷ്യശരീരത്തിലെന്നപോലെ വാസ്തുവിന്റെ ജീവന്റെ നിലനില്‍പ്പിന് ഹേതുക്കളാണ്. ദണ്ഡം പറ്റിയാല്‍ ദോഷങ്ങള്‍ വസ്തുവിന്റെ വലുപ്പമനുസരിച്ച് ചെറുതും വലുതുമാണ്.

നെടുകെയും കുറുകെയും വര്‍ത്തുളാകൃതിയിലുമൊക്കെ പോകുന്ന ഇവകളെ ആകെക്കൂടി സൂത്രങ്ങളെന്ന് വിളിക്കാം. ഇതിന് വേധം വരാതെ വേണം ഗൃഹനിര്‍മ്മാണം. സസൂക്ഷ്മം നോക്കി, സ്ഥാനം നിര്‍ണ്ണയിക്കേണ്ട അറിവും സാമര്‍ത്ഥ്യവും ഇക്കാര്യത്തിലാണ് പ്രഥമമായി വേണ്ടത്. ഒരു വസ്തുവിന്റെ ഗുണദോഷങ്ങളൊക്കെ ഇതിനെയാണ് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.

മുമ്പു പറഞ്ഞ നാലു സൂത്രങ്ങള്‍ക്ക് പുറമേ വിലപ്പെട്ട കുറേ സൂത്രങ്ങള്‍ വേറെയുമുണ്ട്. നാഗസൂത്രം, ജീവസൂത്രം, ഗൃഹമധ്യസൂത്രം, ശൂലങ്ങള്‍... പക്ഷേ, ചെറിയ വസ്തുവില്‍ ഏകശാലാ ഗൃഹങ്ങളാണല്ലോ ഇന്നധികവും. അതില്‍ ഇതൊക്കെ പൂര്‍ണ്ണമായും പരിഗണിച്ചുള്ള നിര്‍മ്മാണം അസാധ്യമാണ്. അതിനാല്‍ വളരെ പ്രധാനപ്പെട്ട സൂത്രങ്ങളെക്കുറിച്ച് മാത്രം തല്‍ക്കാലം ചിന്തിക്കാം.

ചെറിയ ഒരു വസ്തുവിലൂടെ പോകുന്ന ധമനികളും സിരകളും ആനുപാതികമായി ചെറുതായിരിക്കും. ആ സൂത്രങ്ങള്‍ക്കുണ്ടാകുന്ന ദോഷവും ചെറുതായിരിക്കും. വസ്തുവിന്റെയും ഗൃഹത്തിന്റെയും വലുപ്പമനുസരിച്ച് സൂത്രവണ്ണവും കൂടുന്നു.

ദോഷവും ഏറിവരും. അതുകൊണ്ട് വലിയ മണ്ഡലത്തില്‍ നിര്‍മ്മാണം നടത്തുമ്പോള്‍ വളരെ ശ്രദ്ധ വേണ്ടിവരും. വലിയ മണ്ഡലമാണ് കുറ്റങ്ങള്‍ ഇല്ലാതാക്കി നല്ലൊരു ഭവന നര്‍മ്മിതിക്ക് പറ്റിയ ഇടവും.

ഭൂമിക്ക് സൂത്രങ്ങളുള്ളതുപോലെ വീടിനും അതുണ്ടെന്ന് അറിയുക. സ്ഥാനനിര്‍ണ്ണയം ചെയ്യുന്നത് രണ്ടിന്റെയും തത്വങ്ങള്‍ നോക്കിയായിരിക്കും. ഒന്ന് മറ്റൊന്നിനെ ദോഷമായി ബാധിക്കരുത്.

വീടിന് സൂത്രവേധങ്ങള്‍ വരാതെ നിര്‍മ്മാണം നടത്തേണ്ടതാണ് പ്രധാനം. അതിലാണ് ശ്രദ്ധ കൂടുതല്‍ വേണ്ടത്. സൂത്രങ്ങളുടെ യഥേഷ്ടമായുള്ള സഞ്ചാരത്തിന് സുഗമമായ മാര്‍ഗമൊരുക്കണം. രൂപരേഖ ചമയ്ക്കുമ്പോള്‍ അവയ്ക്കും മര്‍മ്മങ്ങള്‍ക്കും ദണ്ഡമേല്‍ക്കാതിരിക്കാന്‍ പ്രഗത്ഭനായ വാസ്തു ചിത്രകാരന്‍ തന്നെ വേണം.

മരണച്ചുറ്റ് കഴിഞ്ഞാല്‍ സൂത്രങ്ങള്‍ക്കും മഹാമര്‍മ്മങ്ങള്‍ക്കും ഉണ്ടാകുന്ന വേധമാണ് അന്തേവാസികള്‍ക്ക് ആയുസ്സ് കുറയ്ക്കുന്ന ഘടകങ്ങള്‍. കര്‍ണ്ണസൂത്രവും മൃത്യുസൂത്രവും കടന്നുപോകുന്നിടത്താണ് മഹാമര്‍മ്മങ്ങള്‍ നാലെണ്ണം വരുന്നത്. അവിടെ തൂണുകളോ, ഭിത്തിയോ വന്നുകൂടാ. വരുന്നുവെങ്കില്‍ 'ദ്വാരം'' നല്‍കി സൂത്രങ്ങളെ പോകുവാന്‍ അനുവദിക്കണം.

സൂത്രവണ്ണം


ആനയുടെ ഞരമ്പിന്റെ വണ്ണമല്ല ആടിനുള്ളത്. ശരീരപുഷ്ടിയനുസരിച്ച് മാറ്റമുണ്ടാകുമല്ലോ. അപ്പോള്‍ ഓരോ വീടിനും അതിന്റെ വലുപ്പമനുസരിച്ചായിരിക്കും സൂത്രവണ്ണം. ഒന്നല്ലെന്ന് സാരം. ഇതെടുത്ത് പറയാന്‍ കാരണമുണ്ട്. മിക്ക വീടുകളിലും വാസ്തുകാരന്മാര്‍ പണിക്കുറ്റം തീര്‍ക്കാന്‍ ദ്വാരമിടീക്കാറുണ്ട്.

ബ്രഹ്മ-യമ സൂത്രദോഷം കാണുമ്പോള്‍ ഒരു ദ്വാരമിടാന്‍ പറഞ്ഞങ്ങ് സ്ഥലം വിടും. ചെറുവിരല്‍ വ്യാസമേ മിക്കയിടത്തും കാണാറുള്ളൂ. പിന്നെങ്ങനെ ദോഷം മാറും? അതാത് വീടിന്റെ ദീര്‍ഘ വിസ്താരങ്ങളുടെ കണക്കെടുത്താണ് സൂത്രവണ്ണം നിശ്ചയിക്കുന്നത്. ഇത് ഒരു കൊട്ടത്താപ്പല്ല.

എന്തിനാണ് ദ്വാരം? ആവശ്യത്തിന് കതകുകളും ജനാലകളും സൂത്രങ്ങള്‍ കടന്നുപോകുന്നിടത്ത് സ്ഥാപിച്ചാവണം വീട് പണിയുവാന്‍. അവിടൊന്നും ദ്വാരങ്ങള്‍ വേണ്ട. ഇത് തടസ്സപ്പെട്ടു നില്‍ക്കുന്നിടത്ത് പരിഹാരമായി സഞ്ചാര വഴിയൊരുക്കുന്നതാണ് ഈ വിദ്യ.

ബ്രഹ്മസൂത്രത്തിന് തടസ്സം വന്നാല്‍ ഗൃഹനാഥന്റെ ആയുസ്സുപോലും ചുരുങ്ങുന്ന വിഷമം ഉണ്ടാകും. ഓരോ സൂത്രത്തിനും അതിന്റേതായ പ്രത്യാഘാതങ്ങളുണ്ട്. തൂമ്പയും സൂചിയും കൊണ്ടൊന്നും എടുക്കാനിടവരുത്താതെ ആദ്യമേ തന്നെ ശ്രദ്ധിച്ചാല്‍ എല്ലാം ഇല്ലാതാക്കാനാവും.

സൂത്രവണ്ണത്തിന് മദ്ധ്യേ കിണറോ, കുളമോ, വൃക്ഷങ്ങളോ മറ്റ് തടസ്സങ്ങളോ പുരയിടത്തിലുണ്ടാവരുത്. അതൊഴിവാക്കിയാല്‍ പ്രശ്‌നം തീര്‍ന്നു. ശൗചാലയങ്ങള്‍, സ്‌റ്റെയര്‍കെയ്‌സുകള്‍, തൂണുകള്‍ ഇവ വീടിനോട് ചേര്‍ന്ന് പണിയുന്നത് സൂക്ഷിച്ചാവണം.

ദീര്‍ഘവിസ്താരങ്ങളുടെ അളവെടുത്ത് മധ്യങ്ങളും കോണുകളും ഒഴിവാക്കി ശൂലത്തില്‍ തട്ടാതെ വേണം നിര്‍മ്മിക്കാന്‍. പുറത്തുള്ള ശൗചാലയങ്ങളും ചെറുഗൃഹങ്ങളും കാര്‍ഷെഡുമൊക്കെ സ്ഥാനം നോക്കി ചെയ്യണമെന്ന് പറയുന്നതും ഇതിനാലാണ്.

ഉഗ്രദോഷങ്ങള്‍


ഒരു വീടിന്റെ ബ്രഹ്മസൂത്രത്തിന് കിഴക്ക് വേധമുണ്ടായാല്‍ ഭര്‍തൃവിരഹവും അഗ്നിയില്‍ വേധം വന്നാല്‍ കുഷ്ഠരോഗം വരെയും യമനിലാണെങ്കില്‍ ശത്രുപീഡയും നിര്യതിയിലാണെങ്കില്‍ സന്താനദുരിതവും പടിഞ്ഞാറ് ധനനാശവും വായുവില്‍ ഹൃദ്രോഗം വരെയും വരാം. വടക്ക് വംശനാശത്തിനും ഈശാനത്തില്‍ ധാന്യ നഷ്ടത്തിനും ഇടവരുത്താം.

കോണ്‍ ഗൃഹങ്ങള്‍


കോണ്‍ ദിക്കുകളില്‍ വീടുവച്ചാലും സൂത്രങ്ങളുടെ സ്വാധീനമുണ്ടാകാം. സൂര്യനെ ആസ്പദമാക്കിയാണല്ലോ ദിക്കുകള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. നാലു പ്രധാന ദിക്കിന് പുറമെ നാലു വിദിക്കുകള്‍ അഥവാ കോണ്‍ ദിക്കുകളുണ്ട്.

ഇതിന് സമാന്തരമായി വീട് വയ്ക്കരുത്. ഭൂമിയുടെ ഭ്രമണത്തിന് യോജിക്കാത്ത തരത്തിലായിരിക്കുമല്ലോ അതില്‍ വസിക്കുന്നവരുടെ ഇരിപ്പും കിടപ്പും. വാസ്തുപ്രകാരം ആ കോണുകളില്‍ നിന്നും വരുന്നത് രജ്ജുദോഷങ്ങളാണ്. പ്രതികൂല ഊര്‍ജ്ജത്താല്‍ പലവിധ പ്രയാസങ്ങളും അനുഭവിക്കേണ്ടിവരാം.

കോണ്‍ദിക്കില്‍ അഗ്നിമൂലയില്‍ വീടുവച്ചാല്‍ ഭയവും നിര്യതിയില്‍ ആയാല്‍ കലഹവും വടക്ക് പടിഞ്ഞാറായാല്‍ സ്വഭാവ ചപലതകളും വടക്കുകിഴക്ക് വംശനാവും ഉണ്ടാവും.സൂത്രങ്ങളുടെ പ്രാധാന്യം നിസ്സാരമല്ലെന്ന് കണ്ടല്ലോ.

അത് വാസ്തുശാസ്ത്രത്തിലെ നിര്‍ണ്ണായക അദ്ധ്യായമാണ്. കണക്കുകളും ഫലങ്ങളും പ്രധാനമായും ഇതിനെ ആശ്രയിച്ചിരിക്കുന്നു. സ്വസ്ഥമായും ഐശ്വര്യമായും ജീവിക്കാന്‍ വാസ്തുവിദഗദ്ധരുടെ വിലയേറിയ ഉപദേശങ്ങള്‍ സ്വീകരിച്ചുതന്നെ വീട് വയ്ക്കുക.

രമേശ്‌രാഘവന്‍
ഫോണ്‍: 9446793535

Ads by Google
Wednesday 11 Oct 2017 03.09 PM
YOU MAY BE INTERESTED
TRENDING NOW