Sunday, September 23, 2018 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 02.09 PM

ദാമ്പത്യ ജീവിതത്തില്‍ സ്വകാര്യതയുടെ അതിര്‍വരമ്പ്

''ജീവിതത്തില്‍ നടക്കുന്ന പ്രധാന സംഭവങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നത് ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന് ആവശ്യമാണ്. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ കാര്യങ്ങെളല്ലാം തുറന്ന് ചര്‍ച്ചചെയ്യാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പലതുണ്ട് ഗുണങ്ങള്‍''
uploads/news/2017/10/154240/helthcasedry101017.jpg

''എന്റെ ഭര്‍ത്താവിന് എന്നെ വല്ലാത്ത സംശയമാണ് ഡോക്ടര്‍. ഞാന്‍ ഓഫീസില്‍ പോയാല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് എന്നെ വിളിച്ചുകൊണ്ടിരിക്കും. ''നീയെന്തു ചെയ്യുകയാ?', 'നീയെപ്പോള്‍ വീട്ടിലെത്തും...'' എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും. സാധാരണ വീട്ടിലെത്തുന്ന സമയം കഴിഞ്ഞ് ഒരഞ്ചു മിനിറ്റായാല്‍ തെരുതെരെ വിളിച്ചുകൊണ്ടിരിക്കും.

കാര്‍ വല്ല ട്രാഫിക് ബ്ലോക്കിലും പെട്ട് കിടക്കുകയായിരിക്കും. മൊബൈല്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ല. എന്നാലും വിളിച്ചുകൊണ്ടേയിരിക്കും. വീട്ടിലെത്തിയാല്‍ പോലീസ് ശൈലിയിലുള്ള ചോദ്യം ചെയ്യലാണ്. ഞാനെന്തു പറഞ്ഞാലും വിശ്വാസമില്ല.

പിന്നെ ഇടയ്ക്കിടെ എന്റെ ഫോണെടുത്ത് എനിക്ക് വരുന്ന മെസേജുകളും വാട്‌സാപ്പ് സന്ദേശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കും. ഏതെങ്കിലുമൊരു സന്ദേശം കണ്ടുപിടിച്ച് അതെക്കുറിച്ച് ചോദ്യം തുടങ്ങും. സഹികെട്ടു എനിക്ക് ഇയാളുടെ ഈ സ്വഭാവം കൊണ്ട്. എനിക്ക് എന്റെ പേഴ്‌സണല്‍ സ്‌പേസ് വേണ്ടേ? ഇയാളുടെ മൊബൈല്‍ പരിശോധിക്കാനോ എവിടെപ്പോയി എന്ന് വിസ്തരിക്കാനോ ഞാന്‍ നില്‍ക്കുന്നില്ലല്ലോ?''

ഭര്‍ത്താവിന്റെ അമിതമായ 'പൊസസീവ്' സ്വഭാവത്തെക്കുറിച്ചുള്ള ഒരു ഐ.ടി. ഉദ്യോഗസ്ഥയുടെ പരാതിയാണിത്. വിവാഹബന്ധത്തില്‍ 'വ്യക്തിപരമായ ഇടം' ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. കേട്ടാല്‍ വളരെ ന്യായമെന്ന് തോന്നുന്ന ആവശ്യമാണിത്. എന്നാല്‍ ഭര്‍ത്താവിനു പറയാനുള്ളത് കൂടെ കേള്‍ക്കാം.

''സദാ സമയം മൊബൈല്‍ ഫോണും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണിവള്‍. ഒന്നുകില്‍ കോളിലായിരിക്കും. അല്ലെങ്കില്‍ എസ്.എം.എസോ, വാട്‌സാപ്പോ, ഫേസ് ബുക്കോ നോക്കിക്കൊണ്ടിരിക്കും. പല പുരുഷന്മാരോടും സംസാരിച്ചുകൊണ്ടിരിക്കും. അശ്ലീലച്ചുവയുള്ള കാര്യങ്ങളാണ് അവയില്‍ പലതും. ആരെയും കണ്ണടച്ചു വിശ്വസിക്കും. അവര്‍ പറയുന്ന പച്ചക്കള്ളങ്ങളൊക്കെ വിശ്വസിച്ച് ഓരോന്നു ചെയ്തുകൂട്ടും.

കഴിഞ്ഞ വര്‍ഷം ഇവളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു ഗോസായിയുമായാരുന്നു ചാറ്റിംഗ്. അവനെന്തോ മാരകമായ അസുഖമാണെന്നും ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപ അടിയന്തിരമായി വേണമെന്നും പറഞ്ഞു. അവന്റെ കണ്ണീര്‍ക്കഥ കേട്ടയുടന്‍ തന്നെ ഇവള്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് രണ്ടു ലക്ഷമെടുത്തു കൊടുത്തു.

പണം കിട്ടി ഒരു മാസത്തിനകം അവന്‍ ഈ കമ്പനിയില്‍ നിന്നും രാജിവച്ച് സ്ഥലം വിട്ടു. മൊബൈല്‍ നമ്പറും ഫേസ്ബുക്ക് ഐ.ഡിയും അവന്‍ മാറ്റി. അവനെ കണ്ടെത്താന്‍ ശ്രമിച്ചിട്ട് ഇന്നുവരെ നടന്നിട്ടില്ല. രണ്ടു ലക്ഷം രൂപ സ്വാഹ! ഇവള്‍ക്കിങ്ങനെ മണ്ടത്തരമൊന്നും പറ്റാതിരിക്കാനാണ് ഞാനൊന്ന് ശ്രദ്ധിക്കുന്നത്. അല്ലാതെ ഇവളെ എനിക്ക് സംശയമുണ്ടായിട്ടല്ല.'' അയാള്‍ പറഞ്ഞു നിര്‍ത്തി.

ഇതോടെ കേള്‍ക്കുമ്പോള്‍ വായനക്കാര്‍ ആകെ ആശയകുഴപ്പത്തിലാകും. ഏതാണ് ശരി? വിവാഹബന്ധത്തില്‍ 'വ്യക്തിപരമായ ഇടം' അനിവാര്യമാണോ? എന്താണ് ഇതിന്റെ അതിര്‍ വ
രമ്പ്? ഈ വ്യക്തിപരമായ ഇടം ദുരുപയോഗിക്കപ്പെടുമോ? എത്രത്തോളം സുതാര്യത ഭാര്യാ - ഭര്‍തൃ ബന്ധത്തില്‍ ആവശ്യമുണ്ട്?

കാര്യങ്ങള്‍ തുറന്ന് സംസാരിക്കാം


ജീവിതത്തില്‍ നടക്കുന്ന പ്രധാന സംഭവങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നത് ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന് ആവശ്യമാണ്. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ കാര്യങ്ങളെല്ലാം തുറന്ന് ചര്‍ച്ചചെയ്യാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പലതുണ്ട് ഗുണങ്ങള്‍. ജീവിതത്തിലെ സന്ദിഗ്ധാവസ്ഥകളില്‍ ഒരു അഭ്യുദയകാംഷിയുടെ അഭിപ്രായം പലപ്പോഴും പ്രയോജനം ചെയ്യും.

മാത്രമല്ല, നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ - നല്ലതായാലും അല്ലെങ്കിലും - പങ്കാളി അറിഞ്ഞിരിക്കുന്നതാണ് നല്ലത്. നമ്മെ സംബന്ധിക്കുന്ന പ്രസക്തമായ കാര്യം മറ്റാരെങ്കിലും പറഞ്ഞ് പങ്കാളി അറിയേണ്ടിവരുന്നത്, ദാമ്പത്യ ബന്ധത്തിലെ വിശ്വാസ്യത തകര്‍ക്കാന്‍ കാരണമാകും.

നമ്മുടെ കൈയ്യബദ്ധം കൊണ്ടു സംഭവിച്ച പ്രശ്‌നങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പക്ഷേ, ഒന്നോര്‍ക്കുക. ഏത് അബദ്ധം പറ്റിയാലും ഏതു വലിയ പ്രശ്‌നത്തില്‍ ചെന്നു ചാടിയാലും സഹായിക്കാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുന്നത് ജീവിത പങ്കാളിക്ക് മാത്രമായിരിക്കും.

ഉദ്യോഗസ്ഥരായ ദമ്പതികള്‍, വ്യക്തിപരമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പോലും പരസ്പരം പങ്കുവയ്ക്കുന്നത് നല്ലതാണ്. ചില സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഭര്‍ത്താവ് ഒരപകടത്തില്‍പ്പെട്ടോ സാരമായി അസുഖം ബാധിച്ചോ ആശുപത്രിയില്‍ കിടക്കേണ്ടതായ അവസ്ഥ വന്നുവെന്ന് വിചാരിക്കുക.

അദ്ദേഹം അബോധാവസ്ഥയിലോ വ്യക്തമായി ഓര്‍മ്മയില്ലാത്ത അവസ്ഥയിലോ ആണെന്നു കരുതുക. ഭര്‍ത്താവിന്റെ ബാങ്ക് നിക്ഷേപങ്ങളുടെ വിശദാംശങ്ങളോ പണം സൂക്ഷിച്ചുവച്ചിരിക്കുന്ന സ്ഥലങ്ങളോ വ്യക്തമായറിയാത്ത ഭാര്യ ആകെ കുഴങ്ങിപ്പോകാം.

ചികിത്സയ്ക്ക് വന്‍ തുക വേണ്ടിവന്നേക്കാം. എന്നാല്‍ ഭര്‍ത്താവിന്റെ സമ്പത്തിനെക്കുറിച്ചോ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വിശദാംശങ്ങളെക്കുറിച്ചോ അറിഞ്ഞുകൂടാത്ത ഭാര്യ കഷ്ടപ്പെടുന്ന സ്ഥിതിവിശേഷം വന്നേക്കാം.

സമാനമായ സ്ഥിതിവിശേഷം പങ്കാളികളിലൊരാളുടെ മരണശേഷവും സംഭവിക്കാം. മരണപ്പെട്ടയാളുടെ ബാങ്ക് നിക്ഷേപങ്ങളുടെയോ മറ്റ് ആസ്തികളുടെയോ ബാധ്യതകളുടെയോ വിശദവിവരങ്ങളറിയാതെ പങ്കാളി വിഷമിക്കുന്ന സ്ഥിതി വരാം. മരണപ്പെട്ടയാള്‍ പണം കടം വാങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് പലരും സമീപിച്ചെന്നിരിക്കും. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നു പോലുമറിയാതെ കുടുംബാംഗങ്ങള്‍ വിഷമത്തിലാകുന്നത് സ്വാഭാവികം.

ഔദ്യോഗിക ജീവിതത്തില്‍ എന്തെങ്കിലും വിഷമതകളുണ്ടായാലും അതേക്കുറിച്ച് പങ്കാളിയോട് തുറന്നു ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. കാര്യങ്ങളെ വൈകാരികമായി സമീപിക്കാതെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിലയിരുത്തി പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകും.

കുട്ടികളുടെ വിഷയങ്ങളും പലപ്പോഴും ഒളിച്ചുവയ്ക്കപ്പെടുന്നത് പതിവാണ്. കുട്ടികള്‍ അമ്മയോടു പറയുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ അമ്മ കുട്ടികളെക്കുറിച്ച് മനസിലാക്കുന്ന കാര്യങ്ങള്‍ പലപ്പോളും അച്ഛനറിയാതെ ഒളിച്ചു വയ്ക്കുന്ന ശീലം പല കുടുംബങ്ങളിലും കണ്ടുവരുന്നുണ്ട്. കുട്ടികള്‍ പഠനത്തില്‍ പിന്നാക്കമാകുന്നതോ, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതോ, കുസൃതികള്‍ കാട്ടുന്നതോ ഒക്കെ ഇത്തരത്തില്‍ ഒളിച്ചുവയ്ക്കപ്പെടാറുണ്ട്.

അച്ഛന്‍ അറിഞ്ഞാല്‍ കുട്ടിയെ ശാസിക്കുകയോ തല്ലുകയോ ചെയ്യുമെന്ന് കരുതിയാണ് അമ്മമാര്‍ അവയൊക്കെ ഒളിച്ചുവയ്ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാകുകയാണ് പതിവ്.

പരിഹരിക്കാനാകാത്തവിധം കാര്യങ്ങള്‍ കൈവിട്ട് പോയശേഷമായിരിക്കും പലപ്പോഴും അച്ഛന്‍ വിവരമറിയുക. കുട്ടികള്‍ ലഹരിക്കടിമപ്പെടുകയോ മാനസിക സമ്മര്‍ദം മൂലം ആത്മഹത്യാശ്രമം നടത്തുമ്പോഴോ ആയിരിക്കും വിവരം അച്ഛന്റെ ശ്രദ്ധയില്‍പ്പെടുക. ഇക്കാരണം കൊണ്ടുതന്നെ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഭര്‍ത്താവിന്റെ ശ്രദ്ധയിപ്പെടുത്താന്‍ ഭാര്യ തയാറാകണം. അതേപോലെ ഈ വിഷയത്തില്‍ ക്ഷമയോടെ കേട്ട് യുക്തിസഹമായി പ്രതികരിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുകയും വേണം.

വിവരം കേട്ടയുടന്‍ പൊട്ടിത്തെറിക്കുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്യുന്നത് ഒരു പുരുഷനും ഭൂഷണമല്ല. ഏതു സങ്കീര്‍ണമായ പ്രശ്‌നത്തെയും സമാധാനപരമായി സമീപിച്ചാല്‍ പരിഹാരമുണ്ടാകും. അമിത വികാരപ്രകടനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ശാന്തമായി, കൂട്ടായി ചര്‍ച്ചചെയ്ത്, പരസ്പരം യോജിപ്പോടെ പരിഹാരത്തിലേക്കെത്താന്‍ ശ്രമിക്കാം.

ഒളിഞ്ഞുനോട്ടം ഒഴിവാക്കാം


പരമാവധി കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുന്നതാണ് ദാമ്പത്യത്തിന്റെ ദൃഢതയ്ക്ക് നല്ലതെങ്കിലും, ദമ്പതിമാര്‍ ഇരുവര്‍ക്കും വ്യത്യസ്തമായ അഭിരുചികളും താല്‍പര്യങ്ങളുമുണ്ടാകാം. വ്യത്യസ്ത ശീലങ്ങളും വിനോദങ്ങളും ഇരുവര്‍ക്കുമുണ്ടാകാം.

ഭാര്യയ്ക്കു നല്ല വായനാശീലമുണ്ടെങ്കില്‍, ഭര്‍ത്താവിന് ഫേസ്ബുക്കിലൂടെ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നതായിരിക്കും ഇഷ്ടം. വിവാഹം കഴിച്ചെന്നതുകൊണ്ടുമാത്രം മേല്‍പ്പറഞ്ഞ ഇഷ്ടങ്ങളെല്ലാം പൂര്‍ണമായി ബലികഴിക്കേണ്ടതില്ല.

നിത്യ ജീവിതത്തിന് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ ഇരുവരുടെയും വ്യക്തിപരമായ ഹോബികള്‍ക്കു സമയം കണ്ടെത്താം. ഉദാഹരണത്തിന്, കിടക്കുന്നതിന് മുമ്പുള്ള അരമണിക്കൂര്‍ നേരം ഇത്തരം വിനോദങ്ങള്‍ക്കായി മാറ്റിവയ്ക്കാം. ഈ സമയത്ത് ഭാര്യയ്ക്ക് പുസ്തകങ്ങള്‍ വായിക്കുകയും ഭര്‍ത്താവിന് ഫേസ്ബുക്ക് പ്രതികരണങ്ങള്‍ നടത്തുകയുമാവാം.

കൃത്യമായ സമയം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിക്കേണ്ടതുണ്ടെന്നു മാത്രം. നേരത്തെ പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിച്ചുറപ്പിച്ച സമയത്തു മാത്രം ഇതുചെയ്യാം. കൃത്യസമയത്തു തന്നെ ഇത്തരം ജോലികള്‍ അവസാനിപ്പിച്ച് ഉറങ്ങാന്‍ കിടക്കുകയുമാവാം.

ചില ദമ്പതികളുടെ കാര്യത്തില്‍ ഇത്തരം കാര്യങ്ങളിലും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. ഭര്‍ത്താവ് ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ഭാര്യ ഒളിഞ്ഞുനോക്കുന്നതും ഭാര്യ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭര്‍ത്താവ് അതിനെ സംശയദൃഷ്ടിയോടെ ചോദ്യം ചെയ്യുന്നതും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തും. പങ്കാളിക്കു വരുന്ന ഫോണ്‍കോളുകള്‍ ഒളിഞ്ഞു നിന്ന് കേള്‍ക്കുകയും അതിനെച്ചൊല്ലി വഴക്കിടുകയും ചെയ്യുന്ന ശീലം ചിലര്‍ക്കുണ്ട്.

പങ്കാളിയുടെ ഇ - മെയിലും വാട്‌സാപ്പും ഫേസ്ബുക്ക് മെസഞ്ചര്‍ സംഭാഷണങ്ങളുമൊക്കെ നിരന്തരം പരിശോധിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. മാതൃകാ ദാമ്പത്യബന്ധത്തില്‍ ദമ്പതികള്‍ തമ്മില്‍ മറയുണ്ടാകരുതെന്ന് പറയാറുണ്ട്. ഇ - മെയില്‍, സാമൂഹ്യ മാധ്യമ പാസ്‌വേര്‍ഡുകള്‍ എല്ലാം പരസ്പരം അറിയുന്നതാണ് നല്ലത്.

എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത്തരത്തില്‍ എല്ലാ കാര്യങ്ങളിലും സമ്പൂര്‍ണ സുതാര്യത താല്‍പര്യമുണ്ടാകില്ല. ചിലകാര്യങ്ങളില്‍ എനിക്ക് സ്വകാര്യതയ്ക്ക് അര്‍ഹതയുണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും താന്‍ ചര്‍ച്ചചെയ്യുന്ന എല്ലാ കാര്യങ്ങളും പങ്കാളി അറിയേണ്ടതില്ലെന്ന നിലപാടായിരിക്കും അവര്‍ക്ക്.

ഇത്തരം കാര്യങ്ങളില്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള നിലപാട് ഇരുവരും സ്വീകരിക്കുന്നതായിരിക്കും നല്ലത്. സ്വകാര്യത വേണമെന്ന് ദമ്പതികളില്‍ ഒരാളെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റേയാള്‍ അത് അംഗീകരിച്ചു മുന്നോട്ടു പോകുന്നതാണ് നല്ലത്.

സ്വകാര്യതയുടെ അതിര്‍വരമ്പ് എന്തായിരിക്കണമെന്നതും എന്തൊക്കെ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കണമെന്നതും, ഏതു പരിധിവരെ പരസ്പരം ജീവിതത്തില്‍ ഇടപെടാമെന്നതും ചര്‍ച്ചയിലൂടെ തീരുമാനിക്കാവുന്നതാണ്. ഒരു തീരുമാനമെടുത്താല്‍ അതു കൃത്യമായി പാലിക്കേണ്ട ചുമത ഇരുവര്‍ക്കും തുല്യമായുണ്ടായിരിക്കും.

പലപ്പോഴും ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന മനസോടെയുള്ള ചര്‍ച്ച പല വീടുകളിലും നടക്കാറില്ല. ദമ്പതികളില്‍ ഇരുവരും വിശുദ്ധ അഭിപ്രായങ്ങളുമായി തങ്ങളുടെ നിലപാടാണ് ശരിയെന്ന ശാഠ്യവുമായി മുന്നോട്ട് ാേപകുമ്പോഴാണ് ദാമ്പത്യം തകര്‍ന്നു തുടങ്ങുന്നത്. പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള വിമുഖതയും ആശയവിനിമയ രീതിയിലെ പാകപ്പിഴകളും വിട്ടുവീഴ്ച ചെയ്താല്‍ താന്‍ തോറ്റുപോകുമെന്ന മുന്‍വിധിയുമെക്കെയാണ് വിഷയങ്ങളെ സങ്കീര്‍ണമാക്കുന്നത്.

ഡോ. അരുണ്‍ ബി. നായര്‍
അസിസ്റ്റന്റ് പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ് , തിരുവനന്തപുരം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW