Tuesday, August 21, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 04.46 PM

പൂര്‍വ്വജന്മ ബന്ധം പോലെ ഹംപി....

"ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം" കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/10/153908/lenacilum18.jpg

ചെറുപ്പത്തില്‍ ഞാന്‍ വളര്‍ന്നത് ക്രൈസ്തവ വിശ്വാസത്തിലാണ്. അതുകൊണ്ട് പുസ്തകം പൂജ വയ്ക്കുന്ന പതിവൊന്നും അന്നുണ്ടായിരുന്നില്ല. നവരാത്രിയെക്കുറിച്ചുള്ള അറിവുകളും കുറവാണ്. എങ്കിലും നവരാത്രിയില്‍ യാത്ര പോകാനായി മിക്കവരും തെരഞ്ഞെടുക്കുക സരസ്വതി ക്ഷേത്രങ്ങളാണെന്ന് കേട്ടിട്ടുണ്ട്.

നാലഞ്ചു വര്‍ഷം മുമ്പ് ഒരിക്കല്‍ മൂകാംബികയിലേക്കൊരു യാത്രയ്ക്കു ഞാനും ശ്രമിച്ചു. പക്ഷേ എന്തു കൊണ്ടോ നടന്നില്ല. ദേവി വിളിക്കുമ്പോഴേ അവിടേക്കു പോകാനാവൂ എന്നല്ലേ വിശ്വാസം? ഒരുപക്ഷേ എനിക്കവിടേക്ക് പോകാനുള്ള സമയം ആയിട്ടില്ലായിരിക്കും. ഇനിയിപ്പോള്‍ നടക്കുമ്പോള്‍ നടക്കട്ടെ.

എത്രയോ ജന്മമായ്...


ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഹംപിയാണ്. കര്‍ണാടകയില്‍ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലുള്ള ആ സ്ഥലം എനിക്ക് പ്രിയപ്പെട്ടതാണ്.

സുഹൃത്തുക്കള്‍ക്കൊപ്പവും തനിച്ചുമൊക്കെ ഞാന്‍ ഹംപിയിലേക്ക് പോയിട്ടുണ്ട്. പക്ഷേ ആദ്യമായി പോയത് ഒരിക്കലും മറക്കാനാവില്ല. ഞങ്ങള്‍ നാലു സുഹൃത്തുക്കള്‍ ബംഗളൂരുവില്‍ നിന്ന് ഹംപിയിലേക്ക് ആദ്യമായി പോയത് കാറിലാണ്.

അവിടെ ആദ്യം കാല്‍കുത്തിയപ്പോള്‍ തന്നെ പൂര്‍വ്വജന്മബന്ധം പോലെ തോന്നി. ഏതൊക്കെയോ ജന്മങ്ങളില്‍ ഞാനവിടെ ജീവിച്ചിരുന്ന പോലെ, വളരെ അടുപ്പം തോന്നുന്ന, എല്ലാമെല്ലാം എന്നെക്കുറിച്ചറിയാവുന്ന ഒരു സ്ഥലമാണെന്ന് തോന്നി.

വിനോദസഞ്ചാരകേന്ദ്രമാണെങ്കിലും ഹംപിയില്‍ അതിനു തക്ക സൗകര്യങ്ങളൊന്നുമില്ല. കാരണം അത് യു എന്‍. പൈതൃകപദവിയുള്ള പുരാതനസൈറ്റാണ്.

മൊബൈല്‍ ഫോണിന് റേഞ്ച് കുറവുള്ള, പെട്രോള്‍ പമ്പില്ലാത്ത, നൂതന ഹോട്ടല്‍ സൗകര്യങ്ങളോ, ഭക്ഷണശാലകളോ ഇല്ലാത്ത ഹംപിയിലേക്ക് ഇത്രയധികം ജനങ്ങള്‍ എന്തിനെത്തുന്നു എന്നത് അത്ഭുതമാണ്. കാരണം മറ്റൊന്നുമല്ല, ഏതൊരാളിലും പൂര്‍വ്വജന്മബന്ധം ജനിപ്പിക്കുന്ന ഒരു വിസ്മയം ഹംപിയിലുണ്ട്.

ക്ഷേത്രങ്ങളും അത്ഭുതങ്ങളും


ഹംപിയിലെ വലിയൊരു പ്രത്യേകത ക്ഷേത്രസമുച്ചയങ്ങളാണ്. കൃഷ്ണക്ഷേത്രം, ശിവക്ഷേത്രം, വിരുപാക്ഷ ക്ഷേത്രം എന്നിങ്ങനെ പലതും. തുംഗഭദ്ര നദിക്ക് വളരെ അടുത്താണ് വിരുപാക്ഷ ക്ഷേത്രം.

ഒറ്റപ്പെട്ട കണ്ണുകള്‍ എന്നര്‍ത്ഥമുള്ള വിരുപാക്ഷക്ഷേത്രത്തില്‍ ശിവരൂപമാണ് പ്രതിഷ്ഠ. ഗോപുരങ്ങള്‍, നൂറിലധികം തൂണുകളുള്ള മണ്ഡപങ്ങള്‍, മ്യൂറല്‍ ശില്പങ്ങള്‍ എന്നിങ്ങനെ വാസ്തുകലയുടെ ഒരു പ്രത്യേക സൗന്ദര്യം തന്നെ വിരുപാക്ഷയിലുണ്ട്.

ക്ഷേത്രത്തിന് മുകളിലുള്ള നിലയില്‍ ഒരു പ്രത്യേക സ്ഥലത്ത് കയറി നിന്ന് നോക്കുമ്പോള്‍ രാജഗോപുരത്തിന്റെ (പ്രധാന ഗോപുരം) വിപരീത നിഴല്‍ കാണാം. സൂര്യപ്രകാശം നേര്‍ത്ത സുഷിരത്തിലൂടെ കടന്നു ചെന്നാണ് ഈ നിഴലുണ്ടാക്കുന്നത്. മറ്റൊന്ന് ഇവിടുത്തെ സപ്തസ്വര തൂണുകളാണ്. ആ തൂണുകളില്‍ തട്ടുമ്പോള്‍ ഓരോ സ്വരങ്ങളുണ്ടാകും.

uploads/news/2017/10/153908/lenacilum18a.jpg

ഒന്നരമണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന രുദ്രാഭിഷേകം അവിടുത്തെ പ്രധാന പൂജകളിലൊന്നാണ്. അവിടുത്തെ വിവാഹച്ചടങ്ങുകളിലും വലിയ കൊട്ടും ആരവുമൊക്കെയുണ്ട്. മണികളും മറ്റും കൊണ്ട് വലിയ ശബ്ദങ്ങള്‍ കേള്‍ക്കാം.

വിഷ്ണു, കൃഷ്ണ ക്ഷേത്രങ്ങളിലും പ്രത്യേകതകളുണ്ട്. ക്ഷേത്രത്തിന്റെ ഭൂഗര്‍ഭ അറയിലൂടെയും പ്രദക്ഷിണം നടത്താം. കൂറ്റാക്കൂരിരുട്ടാണെങ്കിലും ആ പ്രദക്ഷിണമൊക്കെ വലിയൊരു അനുഭവമാണ്.

ഇപ്പോള്‍ പക്ഷേ അവിടെ എല്ലാത്തിനും പരിധികളുണ്ട്. സപ്തസ്വര തൂണുകളിലൊന്നും സ്പര്‍ശിക്കാനുള്ള അനുവാദമില്ല.

യാത്രകളിലെ സൗന്ദര്യം


ഹംപിയിലേക്ക് വാഹനത്തില്‍ പോകാനനുവാദമില്ല. വേള്‍ഡ് ഹെറിറ്റേജ് സെന്ററാക്കി പ്രഖ്യാപിച്ച ശേഷം ഹംപിക്ക് ഒരുപാട് മാറ്റം വന്നു. തലമുറകളായി അവിടെ താമസിച്ചിരുന്ന ആളുകളെയൊക്കെ മാറ്റി പാര്‍പ്പിച്ചു. ചെറിയ വീടുകളും, കടകളുമുള്ള, മരങ്ങള്‍ വളരെ കുറവുള്ള സസ്യഭക്ഷണം മാത്രം കഴിക്കുന്ന ആളുകളുള്ള ഗ്രാമമായിരുന്നു അത്.

ഇന്നും അവിടെയുള്ളവര്‍ സസ്യഭോജികളാണ്. മരങ്ങള്‍ കുറവായതു കൊണ്ട് വളരെ വിസ്താരമുള്ള പ്രദേശമായി തോന്നും. ഹംപിയില്‍ പ്രകൃതിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടായ കൂറ്റന്‍ പാറകള്‍, റോക്ക് ക്ലൈബിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്.

രാജവീഥികള്‍, കവാടങ്ങള്‍ എന്നിവയൊക്കെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. മെഡിറ്റേഷനായി ചെറിയ അറകളും, വലിയ ഗേറ്റുകളും, മുനിമാര്‍ താമസിക്കുന്ന സ്ഥലങ്ങളുമൊക്കെയുണ്ട്. തുംഗഭദ്രയുടെ തീരത്തിരുന്ന് ഭക്ഷണം കഴിക്കാവുന്ന ദ മാംഗോ ട്രീ എന്ന ആര്‍ട്ട് കഫേയുണ്ട്.

ദാലും തൈരും ചേര്‍ത്ത മസാല കൂടുതല്‍ ചേര്‍ക്കാത്ത ഭക്ഷണമാണവിടുത്തേത്. തുംഗഭദ്രയുടെ തീരത്ത് എത്ര മണിക്കൂറുകള്‍ ഇരുന്നാലും എനിക്ക് മതിയാവില്ല. അവിടെ വച്ച് മെഡിറ്റേഷനൊക്കെ ചെയ്യാറുണ്ട്.

ആ സമയത്തൊന്നും പക്ഷേ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിക്കിചികിഞ്ഞ് അപ്പോഴുള്ള നിമിഷത്തിന്റെ ഭംഗി കളയാറില്ല. തെറ്റും ശരിയും വിലയിരുത്താനും ശ്രമിക്കാറില്ല. കാരണം പണ്ട് ശരിയെന്ന് തോന്നി ചെയ്ത കാര്യങ്ങള്‍ ഇന്ന് തെറ്റായി തോന്നിയാല്‍ അതിന്റെ അര്‍ത്ഥമൊക്കെ മാറിപ്പോവില്ലേ. ഞാന്‍ ആരാണെന്നും എന്താണെന്നും ചിന്തിച്ച് എന്നില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമമൊക്കെ നടത്താറുണ്ട്.

നാലു പ്രാവശ്യം ഹംപിയില്‍ പോയെങ്കിലും ഇതുവരെ ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല. ഫോട്ടോ എടുത്താല്‍ കാഴ്ചകള്‍ ആസ്വദിക്കാനാവില്ല എന്ന കാഴ്ചപ്പാടായിരുന്നു ആ കാലഘട്ടത്തിലുണ്ടായിരുന്നത്.

ആദ്യം സുഹൃത്തുക്കള്‍ക്കൊപ്പം പോയെങ്കിലും രണ്ടാം തവണ ഒറ്റയ്ക്കാണ് പോയത്. വെറുതെ ഒന്നു സമാധാനമായിരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ്. ഞാന്‍ പറയുന്നത് കേട്ട സുഹൃത്തുക്കള്‍ എനിക്കൊപ്പം രണ്ടുതവണ വന്നു. ഓരോ തവണ പോകുമ്പോഴും പുതിയ സ്ഥലങ്ങള്‍ കാണും, പക്ഷേ ഹംപിയില്‍ ഇനിയുമേറെ കാണാനും ആസ്വദിക്കാനുമുണ്ട്.

അവിടുത്തെ സൂര്യോദയവും അസ്തമയവുമൊക്കെ വല്ലാത്തൊരു വിസ്മയമാണ്. ചിത്രങ്ങളില്‍ പതിയുന്നതിനെക്കാള്‍ കൃത്യമായി എന്റെ മനസ്സില്‍ ഹംപി പതിഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടിലേക്ക് എത്തിപ്പെടുന്നതു പോലെയുള്ള വ്യക്തിബന്ധമാണ് എനിക്ക് ഹംപിയോട്. ആദ്യ യാത്ര മുതല്‍ എനിക്ക് ഹംപി തന്നിട്ടുള്ളതും ആ പ്രതീതിയാണ്.

തയാറാക്കിയത് - ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW