Tuesday, September 25, 2018 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 08 Oct 2017 02.07 AM

ഷഡ്‌പദം - സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/10/153461/sun2.jpg

ഏറെക്കാലത്തിന്‌ ശേഷം പ്രശ്‌നസങ്കീര്‍ണ്ണതകളില്ലാതെ ജീവിതം കടന്നു പോകുന്നതായി സൗമിനി തിരിച്ചറിഞ്ഞു. ഇരുവീട്ടുകാരും തമ്മില്‍ പരസ്‌പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞു. ലീലാമണിയെ കുടുതല്‍ അടുത്തറിഞ്ഞപ്പോള്‍ വത്സലയ്‌ക്കും കുമാരനും അവരോട്‌ സ്‌നേഹബഹുമാനങ്ങള്‍ തോന്നി. മകളെ പൊന്നുപോലെയാണ്‌ അവര്‍ നോക്കുന്നത്‌. തങ്ങളേക്കാള്‍ സ്‌നേഹം അവര്‍ക്കാണോ എന്നു പോലും തോന്നും.കുമാരനും ഭാര്യയും ആഗ്രഹിച്ചതും അതായിരുന്നു. സ്വന്തം വീട്ടിലേക്കാള്‍ സന്തോഷത്തിലാണ്‌ സൗമിനി അവിടെ ജീവിക്കുന്നത്‌.പ്രസവം അടുത്തതോടെ അവളെ അടുക്കളയില്‍ കയറാന്‍ പോലും ലീലാമണി സമ്മതിക്കില്ല. നാല്‍പ്പാമരമിട്ട്‌ തിളപ്പിച്ച വെളളം ചൂടാക്കുന്നതും അവളെ കുളിപ്പിക്കുന്നതും പുറത്ത്‌ ഇഞ്ചയും സോപ്പും തേയ്‌ക്കുന്നത്‌ പോലും അവരാണ്‌.
''അമ്മേ ഇതൊക്കെ പ്രസവരക്ഷകളല്ലേ...പ്രസവത്തിന്‌ ശേഷം ചെയ്യണ്ടതല്ലേ..''
അവള്‍ ചോദിക്കും.
''അങ്ങനെയൊന്നും ആരും ഒരടത്തും എഴൂതിവച്ചിട്ടില്ല. എന്റെ മോള്‍ ഈ വയറും വച്ച്‌ കുളിമുറിയിലെങ്ങാനും തെന്നിവീണാലോ...എനിക്ക്‌ പേടിയാ..''
അവരുടെ സ്‌നേഹവും കരുതലും കാണുമ്പോള്‍ അവളുടെ കണ്ണ്‌ നിറയും. മനസും.
കൂടെ പഠിച്ച പലരുടെയും വിവാഹം കഴിഞ്ഞു. അവരില്‍ ചിലര്‍ ഇടയ്‌ക്ക് വിളിക്കുമ്പോള്‍ പരിദേവനങ്ങളുടെ ഭാണ്ഡക്കെട്ട്‌ അഴിക്കും. മിക്കവര്‍ക്കും പറയാനുളളത്‌ അമ്മായിയമ്മപോരിന്റെ കഥകളാണ്‌. താന്‍ സ്വന്തം അനുഭവം വിവരിക്കുമ്പോള്‍ ആരും വിശ്വസിക്കില്ല. നീ കളളം പറയുകയാണെന്ന്‌ തര്‍ക്കിക്കും. സംശയമുണ്ടെങ്കില്‍ ഒരാഴ്‌ച ഇവിടെ വന്ന്‌ താമസിക്കാന്‍ അവര്‍ വെല്ല്‌വിളിക്കും. ഇങ്ങനൊരു അമ്മായിയമ്മയെ കിട്ടിയത്‌ പുര്‍വജന്മസുകൃതമാണെന്ന്‌ ചിലര്‍ പറയും. അമ്മായിഅമ്മയല്ല, സ്വന്തംഅമ്മയാണെന്ന്‌ സൗമിനി തിരുത്തും. വാക്കിലും പ്രവൃത്തിയിലും എല്ലാ അര്‍ത്ഥത്തിലും അവര്‍ പരസ്‌പരം അങ്ങനെ തന്നെയായിരുന്നു.
എന്നാല്‍ ഇതൊന്നും രാമുണ്ണിയെ ബാധിച്ചതേയില്ല. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ..എന്ന മട്ടിലാണ്‌ ഇപ്പോഴും. വഴിപാട്‌ പോലെ കാലത്തെ കടയില്‍ പോകും. അതിന്‌ സമയക്ലിപ്‌തതയൊന്നുമില്ല. എപ്പോള്‍ ഉറക്കമുണരുന്നോ അതാണ്‌ കട തുറക്കുന്ന സമയം. സൗമിനി വഴക്ക്‌ പറഞ്ഞാല്‍ തട്ടിക്കയറും.
''എനിക്ക്‌ സൗകര്യമുളളപ്പം തുറക്കും.വേണേ വകവച്ചാ മതീ''
അതാണ്‌ സ്‌ഥിരം മറുപടി. വന്നു വന്ന്‌ അവള്‍ തര്‍ക്കിക്കാറില്ല.
''പോത്തിന്റെ ചെവിയില്‍ വേദമോതീട്ട്‌ വല്ല കാര്യമുണ്ടോ കുഞ്ഞേ..''
ലീലാമണി ചോദിക്കും.
അവള്‍ക്കും അതറിയാഞ്ഞിട്ടല്ല. എങ്ങനെയെങ്കിലും നല്ല ബുദ്ധി തോന്നട്ടെ എന്നാണ്‌ അവളുടെ വിചാരം. പ്രാര്‍ത്ഥനയും.
രാമുവിന്റെ കാര്യത്തില്‍ മാത്രം ഒരു ദൈവങ്ങളും അവളൂടെ പ്രാര്‍ത്ഥന കേട്ടില്ല. ദൈവങ്ങള്‍ പോലും കൈവിട്ട ജന്മം.
രാത്രിയില്‍ കട അടയ്‌ക്കുന്നതിനും കൃത്യസമയമില്ല. ഒക്കെ മൂപ്പരടെ മൂഡ്‌ പോലിരിക്കും. കടയില്‍ ഏതെങ്കിലും സാധനം സ്‌റ്റോക്ക്‌ തീര്‍ന്നാല്‍ പോയി എടുത്തു വയ്‌ക്കില്ല. സപ്ലൈ ചെയ്യുന്നവരെ വിളിച്ചു പറയുക പോലുമില്ല. മറ്റാരുടെയോ ആവശ്യം എന്ന നിലയിലാണ്‌ രാമു ആ കടയെ കാണുന്നത്‌. സ്വന്തം ജീവിതത്തെയും.
വീട്ടില്‍ വന്നാല്‍ ഉറങ്ങുന്നതു വരെ ടിവിയും കണ്ടിരിക്കും. പ്രസവത്തീയതിയെക്കുറിച്ചോ പണസംബന്ധമായ കാര്യങ്ങളെക്കുറിച്ചോ ഒരക്ഷരം ചോദിക്കില്ല. എന്തിന്‌ സ്‌നേഹത്തോടെ ഒരു നോട്ടം പോലുമില്ല. പ്രണയം ചോര്‍ന്നു പോയ ഒരു മനസുമായാണോ ഈ മനുഷ്യന്‍ ജീവിക്കുന്നതെന്ന്‌ പലപ്പോഴും അവള്‍ക്ക്‌ സംശയം തോന്നും.
തീറ്റയുടെ കാര്യത്തില്‍ മാത്രം മടുപ്പില്ല. പിന്നെ കൂര്‍ക്കം വലിച്ച്‌ ഉറക്കം. വല്ലപ്പോഴും ഒരു ചൂടുളള ചൂംബനം കൊതിച്ച്‌ താന്‍ അടുത്തു ചെന്നാല്‍ ഈര്‍ഷ്യയോടെ കൈതട്ടി മാറ്റും
''ഒന്ന്‌ ശല്യപ്പെടുത്താതെ കിടന്നുറങ്ങുന്നുണ്ടോ..''
അത്‌ കേള്‍ക്കുമ്പോള്‍ മനസ്‌ ഇടിയും. നിരാകരണത്തേക്കാള്‍ വലിയ വേദനയില്ല ഒരു പെണ്ണിന്റെ ജന്മത്തിലെന്ന്‌ തോന്നും. അത്‌ മനസിലാക്കാത്ത പുരുഷനെ സംബന്ധിച്ച്‌ അതൊന്നും ഒരു പ്രശ്‌നമല്ല.
ഏത്‌ വിഷമഘട്ടത്തിലും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ചില പഴുതുകള്‍ ബാക്കി നില്‍ക്കും.കാറ്റില്‍ കൂട്ടത്തോടെ അണയുമ്പോഴും കെടാതെ ബാക്കി നില്‍ക്കുന്ന മണ്‍ചിരാതുകള്‍ പോലെ.
അമ്മയുടെ സ്‌നേഹം, മാതാപിതാക്കളുടെ വാത്സല്യം, പിറക്കാന്‍ ഒരുങ്ങുന്ന കുഞ്ഞിന്റെ തിരയിളക്കം...ജീവിക്കാന്‍ അതൊക്കെ തന്നെ ധാരാളം. ഈയിടെയായി അവന്‍ വയറ്റില്‍ കിടന്ന്‌ ചവിട്ടും തൊഴിയും തുടങ്ങീട്ടുണ്ട്‌. കുറുമ്പന്‍...
സൗമിനി അടിവയറ്റില്‍ അരുമയായി തലോടി. ഇവനെയെങ്കിലും എല്ലാം തികഞ്ഞ ആണായി വളര്‍ത്തണം. ഈശ്വരാ...കുഞ്ഞ്‌ എങ്ങാനും ഇയാളെ പോലെ ആയാല്‍..അങ്ങനെ സംഭവിക്കാതിരിക്കാന്‍ അവള്‍ ദേവിക്ക്‌ കറുകഹോമം നേര്‍ന്നു.
സങ്കടങ്ങളിലേക്ക്‌ തുറക്കുന്ന വാതിലുകളാണ്‌ ക്ഷേത്രങ്ങളെന്ന്‌ പലപ്പോഴും അവള്‍ക്ക്‌ തോന്നിയിട്ടുണ്ട്‌. അത്‌ സത്യമാണെന്ന്‌ ഇക്കുറിയും തെളിയിച്ചു.കുഞ്ഞിന്‌ ഭാരക്കൂടുതലായതു കൊണ്ട്‌ സിസേറിയന്‍ വേണ്ടിവരുമെന്ന്‌ ഡോക്‌ടര്‍മാര്‍ സൂചിപ്പിച്ചിരുന്നെങ്കിലും സാധാരണപ്രസവം തന്നെ നടന്നു. സുഖപ്രസവം എന്ന്‌ പറയാം. വേദന തീരെ അറിഞ്ഞില്ല. കുഞ്ഞിനെ ആദ്യമായി കണ്ടപ്പോള്‍ സൗമിനിയുടെ ഇരുകണ്ണുകളും സന്തോഷം കൊണ്ട്‌ നിറഞ്ഞ്‌ ഒഴുകി. രാമുണ്ണിയുടെ
ഛായയേയില്ല. അവളെ പോലെ തന്നെ വെളുത്തു തുടുത്ത്‌ യോഗ്യനായ ഒരു കുഞ്ഞ്‌. കാഴ്‌ചയിലെ ഭംഗി മാത്രമല്ല ആരോഗ്യവാനുമാണെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ അറിയാം.
കുമാരന്റെയും വത്സലയുടെയും ലീലാമണിയുടെയും സന്തോഷത്തിന്‌ അതിരുകളില്ലായിരുന്നു. കുഞ്ഞിനെ എങ്ങനെ ഓമനിക്കണം,അവന്‌ എന്തൊക്കെ വാങ്ങണം എന്ന കാര്യത്തില്‍ പരസ്‌പരം മത്സരമായിരുന്നു.ആശുപത്രിക്കിടക്കയില്‍ ക്ഷീണിതയായി കിടക്കുമ്പോഴും ആ നിമിഷങ്ങള്‍ക്ക്‌ അവള്‍ ഒരു പേര്‌ മനസില്‍ കുറിച്ചിട്ടു. ''സ്‌നേഹമത്സരം''
ഇത്തവണയെങ്കിലും രാമു നിസംഗത വെടിയുമെന്ന്‌ അവള്‍ പ്രതീക്ഷിച്ചു. അതും വിഫലമായി. നവജാതശിശുവിനെ ആദ്യമായി കാണുന്ന ഒരു അച്‌ഛന്റെ പ്രതികരണത്തെക്കുറിച്ചുളള അവളുടെ സങ്കല്‍പ്പങ്ങള്‍ക്ക്‌ നിരക്കുന്നതായിരുന്നില്ല അവന്റെ ഭാവപ്രകടനങ്ങള്‍. സൗമിനിയുടെ മുഖം മങ്ങുന്നത്‌ ലീലാമണി ശ്രദ്ധിച്ചു. രാമു ചായ വാങ്ങാന്‍ ഫ്‌ളാസ്‌ക്കുമായി പുറത്തേക്ക്‌ പോയ തക്കത്തിന്‌ അവര്‍ അവളെ സമാധാനിപ്പിച്ചു.
''അവന്റെ പ്രകൃതം അങ്ങനാ..സ്‌നേഹം പുറത്ത്‌ കാണിക്കാന്‍ അറിയത്തില്ല. സന്തോഷവും..എല്ലാം മനസിലാ...അച്‌ഛന്‍ മരിച്ചപ്പം മാത്രം മാറി നിന്ന്‌ പൊട്ടിക്കരയുന്നത്‌ കണ്ടു..''
അതുകേട്ടപ്പോള്‍ സൗമിനിക്കും തോന്നി. ചിലപ്പോള്‍ അങ്ങനെയാവാം. ആരൂടെയും മനസിന്റെ ആഴക്കയങ്ങള്‍ കാണാന്‍ നമുക്ക്‌ കഴിയില്ലല്ലോ?
പ്രസവം കഴിഞ്ഞ്‌ സ്വന്തം വീട്ടിലേക്ക്‌ പോകാന്‍ ലീലാമണി പൂര്‍ണ്ണമനസോടെ അവളെ അനുവദിച്ചു. വീട്ടില്‍ രാജകീയ സൗഭാഗ്യങ്ങളോടെയാണ്‌ അവന്‍ വളര്‍ന്നത്‌. കുഞ്ഞിനെയും അമ്മയെയും കുളിപ്പിക്കാനും ഊട്ടാനും ഉറക്കാനും തൊട്ടിലാട്ടാനും എന്നു വേണ്ട എന്തിനും ഏതിനും പരിചാരകര്‍.പ്രസവാനന്തര ശുശ്രൂഷകള്‍ക്കായി കുമാരന്‍ പണം വാരിക്കോരി ചെലവഴിച്ചു. ലീലാമണിയെ വത്സല തന്നെ നേരിട്ടു ചെന്ന്‌ നിര്‍ബന്ധിച്ച്‌ ഇടയ്‌ക്ക് വീട്ടില്‍ കൊണ്ടു വന്നു നിര്‍ത്തി. സൗമിനിയുടെ സന്തോഷത്തിനു വേണ്ടി കഴിഞ്ഞതെല്ലാം മറന്ന്‌ അവരും ആ സ്‌നേഹത്തില്‍ പങ്ക്‌ ചേര്‍ന്നു.
ഇതൊന്നും പക്ഷെ രാമുണ്ണിയെ മാറ്റിമറിച്ചില്ല. സൗമിനി പല കുറി നിര്‍ബന്ധിച്ചു. കുമാരനും വത്സലയും നേരിട്ട്‌ ക്ഷണിച്ചു. ആരൊക്കെ പറഞ്ഞിട്ടും അവന്‍ കുമാരന്റെ വീട്ടില്‍ വന്നു താമസിച്ചില്ല. ഇടക്ക്‌ പകല്‍സമയങ്ങളില്‍ കുഞ്ഞിനെ കാണാന്‍ വരും. പത്തുമിനിറ്റ്‌ ഇരുന്നിട്ട്‌ പോകും. സൗമിനി പരിഭവം പറഞ്ഞപ്പോള്‍ അവന്റെ മറുപടി ഇങ്ങനെയായിരുന്നു.
''അച്ചിവീട്ടില്‍ വന്നു കെടക്കാന്‍ എന്നെ കിട്ടത്തില്ല..''
''അതിന്‌ ഞങ്ങള്‌ അച്ചികളല്ല. നല്ല ഒന്നാംതരം ചോവന്‍മാരാ...''
''ഞാനുദ്ദേശിച്ചത്‌...''
''മനസിലായി...''
''എനിക്ക്‌ മടിയാടീ...ഇങ്ങനെ വന്ന്‌ നില്‍ക്കാന്‍..നിന്റപ്പനൊക്കെ വല്യ നെലേലുളള ആള്‍ക്കാരല്ലേ..നമ്മള്‌ വെറും അത്തപ്പാടി..''
''അതാരടെ കുറ്റം കൊണ്ടാ..അങ്ങ്‌ ആകാന്‍ മേലാരുന്നോ..ആരേലും കയ്യേപ്പിടിച്ചിട്ടുണ്ടാരുന്നോ..അപ്പ മെയ്യനങ്ങാന്‍ മേല..ഇപ്പോ ഈ പറേന്ന അസുഖത്തിന്റെ പേരാണ്‌ അപകര്‍ഷതാബോധം. അത്‌ മാറാതെ ഈ ജന്മത്ത്‌ നന്നാവുകേലാ..'
''നീയൂടെന്നെ പ്രാകിക്കോ..ഒന്നാതെ മുഴുവന്‍ കൂടോത്രാ..അതിന്റൂടെ...''
''അയ്യടാ നിങ്ങക്ക്‌ കൂടോത്രം ചെയ്യാന്‍ ആരാണ്ട്‌ വരുന്നു. എന്നെക്കൊണ്ടൊന്നും പറേപ്പിക്കരുത്‌..''
സൗമിനി മുഖം തിരിച്ചു. കൂടുതല്‍ നിന്നാല്‍ വഴക്കില്‍ കലാശിക്കുമെന്ന്‌ രാമുവിന്‌ അറിയാം. അയാള്‍ പേരിന്‌ ഒരു യാത്ര പറഞ്ഞ്‌ ഇറങ്ങി.
''എന്നാല്‍ ഞാന്‍ പൂവാ...''
പോവും മുന്‍പ്‌ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ എടുത്ത്‌ ഒന്ന്‌ ഉമ്മ വയ്‌ക്കുമെന്നും കൊഞ്ചിക്കുമെന്നും അവള്‍ പ്രതീക്ഷിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ദാ വന്നു..ദാ പോയി...
സമാധാനിക്കാന്‍ ലീലാമണിയുടെ ഒരു പഴയവാക്ക്‌ മാത്രം അവള്‍ക്ക്‌ തുണയായി.
''അവന്റെ സ്‌നേഹം മുഴുവന്‍ മനസിലാ..പ്രകടിപ്പിക്കാന്‍ അറിയത്തില്ല..''
അതിന്റെ ശരിതെറ്റുകളെക്കുറിച്ച്‌ അവള്‍ ചികഞ്ഞില്ല. ദൈവമേ അതാവണേ ശരിയെന്ന്‌ മാത്രം പ്രാര്‍ത്ഥിച്ചു. കുഞ്ഞ്‌ തൊട്ടിലില്‍ കിടന്ന്‌ കൈകാലുകളിട്ടടിച്ച്‌ ചിരിച്ചു. പിന്നെ കരഞ്ഞു. കുമാരന്‍ അവന്‌ ആരോമല്‍ എന്ന്‌ പേരിട്ടു. ഉണ്ണിയെന്ന്‌ വീട്ടില്‍ വിളിച്ചു. താന്‍ മനസില്‍ കരുതിയ പേരുകള്‍ സൗമിനി തത്‌കാലം വെട്ടിക്കളഞ്ഞു. അച്‌ഛന്റെ ഇഷ്‌ടം നടക്കട്ടെ.
രണ്ട്‌ വീടുകളിലായി മാറി മാറി താമസിച്ച്‌ ഉണ്ണി വളര്‍ന്നു. ആദ്യം കമിഴ്‌ന്നു വീണു, പിന്നെ മുട്ടിലിഴഞ്ഞു, ഒത്തിയൊത്തി നടന്നു, പതിയെ പിച്ചവച്ചു. പിന്നെ വേഗത്തില്‍ നടക്കാനും ഓടാനും കുറുമ്പുകള്‍ കാട്ടാനും തുടങ്ങി. രാമു ഒഴികെ എല്ലാവരും അത്‌ ആസ്വദിച്ചു.അവരുടെയൊക്കെ ജീവിതത്തിന്‌ പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടായതായി അനുഭവപ്പെട്ടു.
കുഞ്ഞ്‌ കുറെക്കൂടി മുതിര്‍ന്നതോടെ രാമുവിന്റെ നിലപാടിലും മാറ്റം വന്നു തുടങ്ങി. അവനൊപ്പം കളിക്കാനും ചിരിക്കാനുമായി കൗതുകം. പലപ്പോഴും കച്ചവടകാര്യങ്ങള്‍ പോലും മറന്ന്‌ കുഞ്ഞിനെ ചുറ്റിപറ്റി നില്‍ക്കും. ശൈശവനിഷ്‌കളങ്കത ഏത്‌ ശിലാഹൃദയവും അലിയിക്കുമെന്ന്‌ സൗമിനി ഓര്‍ത്തു. അടുത്തനിമിഷം അവള്‍ തിരുത്തി. ശിലാഹൃദയം എന്ന്‌ ആര്‌ കണ്ടു? മനസിന്റെ ദുര്‍ബലത കൊണ്ടല്ലേ ഈ മടിയും ഉദാസനീതയും നിരുത്തരവാദിത്തവും അപകര്‍ഷതയും എല്ലാം...കരുത്തനായ ഒരു പുരുഷന്‌ ഇങ്ങനെ ഓളങ്ങളില്‍ ഉലയാന്‍ സാധിക്കുമോ?

(തുടരും)

Ads by Google
Sunday 08 Oct 2017 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW