Tuesday, August 21, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 08 Oct 2017 02.07 AM

കൊയ്‌ത്തരിവാളും വയല്‍ക്കിളികളും

uploads/news/2017/10/153460/sun1.jpg

''രാജസ്‌ഥാനത്തിലെ ഖേജ്രി ഗ്രാമത്തില്‍ വെള്ളം അമൂല്യമായിരുന്നു. ഗ്രാമഗുരുവിന്റെ നിര്‍ദേശപ്രകാരം ഗ്രാമീണര്‍ വൃക്ഷത്തെകള്‍ നട്ടുപിടിപ്പിച്ചു. അവരുടെ അധ്വാനത്തിലൂടെ വൃക്ഷങ്ങള്‍ മഴവെള്ളം മണ്ണിലേക്കിറക്കി. കിണറുകള്‍ നിറഞ്ഞു.
ക്രിസ്‌തു വര്‍ഷം 1730. ജോധ്‌പൂര്‍ രാജാവിനു ഒരു കൊട്ടാരം പണിയണം. കുമ്മായം നീറ്റാന്‍ ചൂളയിലേക്ക്‌ വിറകു വേണം. രാജകിങ്കരന്മാര്‍ ഖേജ്രി ഗ്രാമത്തിലെത്തി മരം മുറിക്കാന്‍ തുടങ്ങി. തങ്ങളുടെ ജീവന്റെ ജീവനായ മരങ്ങള്‍ക്കുമേല്‍ കോടാലി വീഴുന്നത്‌ ആദ്യം കണ്ട്‌ ഓടിയെത്തിയത്‌ ഗ്രാമത്തിന്റെ മുത്തശ്ശിയായ അമൃതാദേവിയായിരുന്നു. അവര്‍ മരത്തെ കെട്ടിപ്പിടിച്ചുനിന്നു. അമൃതാദേവിയുടെ കഴുത്തിലൂടെ മഴു ഉയര്‍ന്നു താണു.
അമൃതാദേവിയുടെ മൂന്നു പെണ്‍മക്കളും അമ്മയുടെ മാര്‍ഗം പിന്തുടര്‍ന്ന്‌ മഴുവിന്‌ ഇരയായി. ഗ്രാമത്തിലെ മുഴുവന്‍ സ്‌ത്രീകളും ഇരച്ചെത്തി, ഓരോ മരത്തെ കെട്ടിപിടിച്ചുനിന്നു. മരങ്ങള്‍ക്കൊപ്പം 363 സ്‌ത്രീകള്‍ വെട്ടേറ്റു വീണു. ലോകചരിത്രത്തിലെ മരങ്ങള്‍ക്കുവേന്‍ണ്ടിയുള്ള എക്കാലത്തേയും ഏറ്റവും വലിയ ആത്മത്യാഗ്യം. വിവരം കേട്ടു സങ്കടപ്പെട്ട രാജാവ്‌ മരംവെട്ട്‌ തടഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഹിമാലയന്‍ പ്രദേശങ്ങളില്‍ വനനശീകരണം രൂക്ഷമായപ്പോള്‍ അവിടത്തെ സ്‌ത്രീകള്‍ അമൃതാദേവിയുടെ മാര്‍ഗം സ്വീകരിച്ചു. ഇത്‌ ചിപ്‌കോ പ്രസ്‌ഥാനം എന്നറിയപ്പെട്ടു''

ലോകത്തു നടന്ന സമരങ്ങളില്‍ സ്‌ത്രീകള്‍ നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്തിയ നിരവധി സമരങ്ങളുണ്ട്‌. അതെല്ലാം പരിസ്‌ഥിതി സംരക്ഷണ മുന്നേറ്റങ്ങളായിരുന്നു.
കിണറുകളില്‍ ഉറവ വറ്റിയാല്‍ ആദ്യം ചങ്കിടിക്കുക സ്‌ത്രീകള്‍ക്കാണ്‌. അവരാണല്ലോ വീടിന്‌ ജീവജലം പകരുന്നവര്‍. പാരിസ്‌ഥിതിക ദുരന്തങ്ങള്‍ വരുത്തിവയ്‌ക്കുന്ന രോഗങ്ങളുടെയും ദുരിതങ്ങളുടെയും പ്രയാസങ്ങളും പേറേണ്ടത്‌ അവര്‍ തന്നെ.
കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്ലാച്ചിമട സമരം നയിച്ചത്‌ മയിലമ്മയാണ്‌. എന്‍ഡോസള്‍ഫാന്‍ വിഷരാക്ഷസനെ നേരിട്ട്‌ ഒരു ജനതയുടെ ജീവന്‍ കാത്തത്‌ ലീലാകുമാരിയമ്മ. ആ കൂട്ടത്തില്‍ എഴുതി ചേര്‍ക്കാന്‍ ഇതാ ഒരു പേര്‌ കൂടി. നമ്പ്രാടത്ത്‌ ജാനകിയമ്മ. ജീവിതാനുഭവങ്ങള്‍ മാത്രം കൈമുതലായുള്ള എണ്‍പത്തിയാറുകാരി കര്‍ഷകത്തൊഴിലാളി. മണ്ണിനോടും മനുഷ്യനോടും ജൈവ വൈവിധ്യത്തോടും നീതി പുലര്‍ത്താനാവശ്യപ്പെട്ടായിരുന്നു കീഴാറ്റൂര്‍ പാടത്ത്‌ ജാനകിയമ്മയുടെ സഹന സമരം.

ഓര്‍മകള്‍ മേയുന്നു

സമരചരിത്രം ഉറങ്ങിക്കിടക്കുന്ന നാടാണ്‌ കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂര്‍. അണിചേര്‍ന്ന്‌ അച്ചടക്കത്തോടെ നടന്നുനീങ്ങിയ നൂറു നൂറു സമര പോരാട്ടങ്ങളുടെ കഥകള്‍ ജാനകിയമ്മയ്‌ക്ക് ഓര്‍ത്തെടുത്ത്‌ പറയാനറിയാം. ഇപ്പോള്‍ ജാനകിയമ്മയ്‌ക്കു സമരനായികയുടെ പുതുവേഷമാണ്‌. പതിനാലാം വയസുമുതല്‍ ജാനകിയമ്മ ജീവിതത്തിന്റെ മണ്ണൊരുക്കിയതും വിത്തിട്ടതും കൊയ്‌തതും ഈ പാടം സാക്ഷിയാക്കിയാണ്‌. ഇപ്പോള്‍ അതിന്റെ സംരക്ഷകയും.
കീഴാറ്റൂര്‍ പാടത്തെക്കുറിച്ച്‌ പറയുമ്പോള്‍ പായുന്ന പശുക്കിടാവിനെപ്പോലെ ജാനകിയമ്മയുടെ ഓര്‍മകള്‍ മേഞ്ഞുനടന്നു. വയലും തോടും കതിര്‍മണികളും പാടവരമ്പുകളും നാട്ടുപാതകളും ഓര്‍മകള്‍ക്ക്‌ അതിരുകളായി. ജാനകിയമ്മയ്‌ക്കു മാത്രമല്ല ജനകീയ സമരത്തിന്‌ ഒപ്പം ചേര്‍ന്ന ഓരോരുത്തര്‍ക്കമുണ്ടായിരന്നു വയലോര്‍മകള്‍. വയല്‍ക്കണ്ടം കൊത്തിയിട്ടൊരുക്കി കട്ടയുടച്ച്‌ പാകമാക്കി കരിയിലയിട്ട്‌ കരിച്ച പെണ്ണോര്‍മകള്‍.
കൊയ്യാറായ വയലിന്റെ വീതി കുറഞ്ഞ വരമ്പിലൂടെ ഉത്സവപ്പറമ്പുകളിലേക്കു നടന്ന യൗവന ഓര്‍മകള്‍. വെള്ളരിപ്പന്തലിലെ ബാല്യകാല കൗതുകങ്ങള്‍. വെയിലില്‍ തിളങ്ങുന്ന പാടത്തെ കാല്‍പ്പന്തുകളി....
ആ ഓര്‍മകളുടെ പച്ചിപ്പനു മുകളിലേക്ക്‌ വികസനത്തിന്റെ പുതപ്പ്‌ വലിച്ചിടാനുള്ള ഭരണകൂട നീക്കത്തിനാണ്‌ നിരാഹാര സമരത്തിലൂടെ ജാനകിയും കീഴാറ്റൂര്‍ ജനതയും പ്രതിരോധമൊരുക്കിയത്‌. 19 ദിവസം നീണ്ടുനിന്ന സമര വിജയത്തിനു ശേഷം കീഴാറ്റൂര്‍ വയില്‍ ഇപ്പോള്‍ രണ്ടാം വിള നെല്‍കൃഷിക്കുള്ള ഒരുക്കങ്ങളാണ്‌. നിരാഹാര സമരം അവശേഷിപ്പിച്ച ശാരീരിക അവശതകള്‍ മറന്ന്‌ ജാനകി നിലമൊരുക്കലിനൊപ്പം ചേര്‍ന്നു.
ആശങ്കയുടെ കാര്‍മേഘമൊഴിഞ്ഞ്‌ പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ ആ മുഖത്ത്‌ പ്രതിഫലിച്ചു.പ്രകൃതിയുടെ തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പായാണ്‌ കീഴാറ്റൂര്‍ വയല്‍ പച്ചയണിയാന്‍ ഒരുങ്ങുന്നത്‌.
ഈ വയലിനെ രണ്ടായി പിളര്‍ന്നാണ്‌ നാലുവരി റോഡു നിര്‍മാണത്തിന്‌ പദ്ധതി തയാറാക്കിയത്‌. അതോടെ 250 ഏക്കര്‍ വയലിന്റെ മരണം പൂര്‍ത്തിയാകുമെന്നുറപ്പായിരുന്നു. പിന്നെ മണ്ണിട്ടു നികത്തി പറമ്പാക്കാനേ പറ്റൂ.
വയലില്‍ മണ്ണിടാന്‍ പോകുന്നുവെന്ന്‌ 'കേട്ടപ്പോള്‍ നെഞ്ചുപൊട്ടുന്ന പോലെ തോന്നി'- കീഴാറ്റൂരുകാര്‍ക്ക്‌ എന്നും സ്‌നേഹ വാത്സല്യങ്ങളുടെ അമ്മയായ ജാനകിയമ്മ പറഞ്ഞു.
സ്വന്തം ജീവിതത്തിന്റെ കരുത്തത്രയും വയലില്‍ പണി എടുത്തും കുടുംബം നോക്കിയും ചെലവഴിച്ച ഈ അമ്മയെ വിശ്രമജീവിതം നയിക്കുന്നതിനു പകരം തീവ്രമായ സമരത്തിലേക്കിറക്കിയത്‌ ആ നെഞ്ചിടിപ്പാണ്‌.
മാസങ്ങള്‍ക്കു മുന്‍പ്‌ സ്‌ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ നൂറുമേനി കൊയ്‌തെടുത്ത വയലാണിത്‌. അന്ന്‌ ഏറ്റവും കൂടതല്‍ നെല്ല്‌ വിളയിച്ചതിനുള്ള അവാര്‍ഡും ജാനകിയമ്മയ്‌ക്കായിരുന്നു.
''വികസനം ആവശ്യം തന്നെ പക്ഷേ വയല്‌ നികത്തീറ്റ്‌ വേണ്ട''- ജാനകിയമ്മ പറഞ്ഞു.

കീഴാറ്റൂരിലെ ചുവന്ന പാടം

തോല്‍ക്കരുത്‌ എന്ന്‌ കീഴാറ്റൂര്‍ വയല്‍ ഓര്‍മിപ്പിച്ചു.
തോല്‍ക്കാന്‍ ഒരുക്കമല്ലെന്നുറപ്പിച്ച്‌ കീഴാറ്റൂര്‍ ഗ്രാമം ഒത്തുചേര്‍ന്നു. മലബാറിലെ കര്‍ഷകസമര മുന്നേറ്റങ്ങള്‍ക്ക്‌ വിത്തിട്ട്‌ ചെമ്പനീര്‍ പൂവായി വിരിഞ്ഞ നാട്ടില്‍ മറവികള്‍ക്കെതിരേയുള്ള ഓര്‍മകളുടെ കലാപം പോലെയാണ്‌ ഈ സമരവിപ്ലവം നടന്നത്‌. കൊയ്‌ത്തരിവാളും വയലും തമ്മിലുള്ള ബന്ധമാണ്‌ സമരക്കാര്‍ ഓര്‍മിപ്പിച്ചത്‌.
ജന്മിത്വത്തിനെതിരായ പോരാട്ട ചരിത്രത്തിലെ ആവേശോജ്വല ഏടായ മൊ റാഴ സമരത്തിന്റെ രാഷ്‌ട്രീയഭൂമി കൂടിയായ കീഴാറ്റൂരില്‍ വീണ്ടുമൊരു സമരകാഹളം മുഴങ്ങിയപ്പോള്‍ എന്നും കരുത്തായിരുന്ന പ്രസ്‌ഥാനം പക്ഷേ എതിര്‍ ചേരിയിലായി.
ചിന്തകള്‍ക്കു പോലും ചുവപ്പു നിറമുള്ള നാട്ടില്‍ കനല്‍ നീറിപ്പുകയുന്ന മനസോടെയാണ്‌ കീഴാറ്റുകാര്‍ പാര്‍ട്ടിക്കെതിരായി വയല്‍ സംരക്ഷണ സമരത്തില്‍ അണിചേര്‍ന്നത്‌.
ഭീകരമായ പോലീസ്‌ നരനായാട്ടാണ്‌ മൊറാഴ സംഭവത്തെ തുടര്‍ന്ന്‌ കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അരങ്ങേറിയത്‌. നിരവധിപേര്‍ നിത്യരോഗികളായി. കൊടിയ മര്‍ദനം സഹിച്ച ചിലര്‍ക്ക്‌ മനോനില തെറ്റി. സംഘടിക്കാനും സമരം ചെയ്ാനുള്ള അവകാശം മര്‍യദനോപാധികള്‍ കൊണ്ടു തടഞ്ഞ അധികാര ഭീകരതയ്‌ക്കെതിരേയുള്ള ചെറുത്തു നില്‍പ്പായിരുന്നു ബ്രിട്ടീഷ്‌ സാമ്രാജ്യത്വ- ജന്മിത്വ ഭരണകാലത്ത്‌ മൊറാഴ സമരം. അന്നു സമരം നയിച്ച കമ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ കൃഷിയും കാര്‍ഷിക സംസ്‌കാരവും തൊഴിലാളി സ്‌നേഹവും മറന്നപ്പോഴാണ്‌ അണികളായ കീഴാറ്റുര്‍ ജനതയ്‌ക്കു വീണ്ടും കൊടിപിടിക്കേണ്ടി വന്നത്‌.
അന്നു പാര്‍ട്ടിയായിരുന്നു ശരി, ഇന്നു തെറ്റുപറ്റിയത്‌ പാര്‍ട്ടിക്കാണെന്ന്‌ നിരാഹാര സമരം നയിച്ച കര്‍ഷകത്തൊഴിലാളി സഖാവ്‌ നമ്പ്രടത്ത്‌ ജാനകിയും സുരേഷ്‌ കീഴാറ്റൂരും സി.മനോഹരനും പറയുന്നു. കര്‍ഷകര്‍ക്ക്‌ മണ്ണും ജീവിതവും നല്‍കിയ പഴയ പാര്‍ട്ടിയല്ല ഇപ്പോഴുള്ളതെന്നു ആ വാക്കുകളില്‍ മൂര്‍ച്ചയോടെ തെളിഞ്ഞു.

മറന്നുപോയ ചരിത്ര പാഠം

സമരം അവസാനിച്ചുവെങ്കിലും സമര പോരാളികള്‍ മറ്റൊരു അതിജീവന സമര പാതയിലാണ്‌. പാര്‍ട്ടി പണ്ട്‌ സംഘടിത ശക്‌തിയിലുടെ സമരം നടത്തി നേടിയ വിജയത്തിന്റെ നിത്യസ്‌മാരകങ്ങള്‍ നിലനില്‍ക്കുന്ന ഗ്രാമമാണിത്‌. അതുപോലെ ഈ സമരം അടയാളപ്പെടുത്തപ്പെടണമെങ്കില്‍ കാര്‍ഷിക സംസ്‌കൃതിയുടെ പുനരുജ്‌ജീവനം സാധ്യമാകണം. ജന്മിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും കൈവശത്തിലായിരുന്ന കൃഷിയിടങ്ങള്‍ തരിശിടുന്നതിനെതിരേ 1946-ല്‍ കര്‍ഷക സംഘവും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയും ആരംഭിച്ച തരിശുഭൂമിയില്‍ കൃഷിയിറക്കല്‍ പലഭാഗങ്ങളിലും നടന്നപ്പോള്‍ കീഴാറ്റൂരിലും സംഘടിതമായി കൃഷിയിറക്കുകയുണ്ടായി.
തരിശിടങ്ങള്‍ കൃഷിയുക്‌തമാക്കുന്നതിനു വേണ്ടി സമരത്തിനിറങ്ങിയ കര്‍ഷക കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ പിന്മുറക്കാന്‍ വയല്‍ സംരക്ഷണ സമരത്തിനുശേഷം ആ വഴിയില്‍ തന്നെ നീങ്ങാനാണുദ്ദേശിക്കുന്നത്‌. കീഴാറ്റൂരിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ തരിടു പാടങ്ങളിലും കൃഷിയിറക്കാനുള്ള പദ്ധതിയിലാണ്‌ സമരക്കാര്‍. നാടന്‍ വിത്തിറക്കി പാരമ്പര്യ കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാനാണ്‌ ശ്രമം. ഇതിനായി ശാസ്‌ത്രമേഖലയിലുള്ളവരെ സമീപിപ്പ്‌ പഠനങ്ങള്‍ നടത്താനാണ്‌ ആലോചന.

പറന്നുപോകാതെ വയല്‍ക്കിളികള്‍

നാടിന്റെ ഹൃദയമാണ്‌ കീഴാറ്റൂര്‍ വയല്‍. എല്ലാവര്‍ക്കുമായി സ്‌നേഹം ചുരത്തിയ മാറിടം. അധ്വാനികളായ കര്‍ഷകരായിരുന്നു കീഴാറ്റൂര്‍ ജനത. എല്ലാവരും കമ്മ്യൂണിസ്‌റ്റുകാരും. പോരാട്ടത്തിന്റെ ചുവപ്പും അധ്വാനത്തിന്റെ പച്ചയുമായിരുന്നു നാടിനു നിറം. നാടിന്റെ നെല്ലറയുടെ നെഞ്ചിലൂടെ. വികസനപാത കടന്നുപോകാന്‍ അധികൃതര്‍ക്ക്‌ രഹസ്യനീക്കം നടത്തിയപ്പോഴാണ്‌ കീഴാറ്റൂര്‍ ജനത ഉണര്‍ന്നത്‌.
കാരണം അവര്‍ക്ക്‌ ജീവിതമാണ്‌ ഈ വയല്‍. ചെളിമണ്ണില്‍ വിത്ത്‌ പൊട്ടിമുളയ്‌ക്കുമ്പോള്‍, മുട്ടിനുമീതെ വെള്ളത്തില്‍ പരല്‍മീനുകള്‍ തുടിക്കുമ്പോള്‍, മഴ പാഞ്ഞെത്തുമ്പോഴൊക്കെ പല കാലങ്ങളില്‍, പലഭാവങ്ങളില്‍ നിറയുകയും ഒഴിയുകയും ചെയ്‌ത കീഴാറ്റൂര്‍ വയലിനെ മാറ്റിനിര്‍ത്തി ഈ നാടിന്‌ ജീവശ്വാസമില്ല.
ഭരണത്തിന്റെയും വികസനത്തിന്റെയും സമ്മര്‍ദത്തില്‍ വയല്‍ നികത്തി പാതയൊരുക്കാനുള്ള നീക്കത്തിനൊപ്പം പാര്‍ട്ടി നിന്നു. അച്ചടക്കത്തിന്‌ പോറലേറ്റപ്പോള്‍ സമരക്കാര്‍ക്കെതിരേ നേതൃത്വം പരസ്യനിലപാടെടുത്തു.
അമ്മമാരും കുട്ടികളും ചെറുപ്പക്കാരും എല്ലാവരും ചേര്‍ന്നാണ്‌ 'വയല്‍ക്കിളികള്‍' എന്ന പേരില്‍ കീഴാറ്റൂരില്‍ സംഘടിച്ചത്‌.
എന്നും തണലേകിയ പാര്‍ട്ടി കൂട്ടിനുണ്ടായില്ലെങ്കിലും ആരും പറന്നുപോകാതെ 'വയല്‍ക്കിളികള്‍' നാടിനു കാവലൊരുക്കി. കേട്ടറിഞ്ഞു മനുഷ്യസ്‌നേഹികളും പ്രകൃതിസ്‌നേഹികളും ഇവര്‍ക്കൊപ്പം കൂടി. മണ്ണു മനുഷ്യനും പരസ്‌പരം പൊരുത്തപ്പെട്ടു കഴിയുന്ന അന്തരീക്ഷമാണ്‌ കീഴാറ്റൂരിലെത്തിയവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌. ഒടുവില്‍ ഒരു ഗ്രാമത്തിന്റെ നിശ്‌ചയ ദാര്‍ഢ്യത്തിന്‌ മുന്നില്‍ അധികൃതര്‍ക്കും ഭരണകൂടത്തിനും പിന്‍വാങ്ങേണ്ടിവന്നു. റോഡിനായി വയല്‍ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍നിന്നുള്ള ഈ പിന്മാറ്റം താല്‍കാലികമാണോ എന്ന്‌ ഉറപ്പില്ലെങ്കിലും സമരവിജയമായി കണ്ട്‌ വയല്‍ക്കിളികള്‍ പോരാട്ടമവസാപ്പിച്ചു. പത്തൊന്‍പത്‌ ദിവസത്തെ സമരത്തിനൊടുവില്‍ പൊതുമരാമത്ത്‌ മന്ത്രിയുമായുള്ള സമവായ ചര്‍ച്ചയ്‌ക്കൊടുവില്‍ വയലില്‍ കെട്ടിയ ചെങ്കൊടി നാട്ടുകാര്‍ തന്നെ അഴിച്ചുമാറ്റി. അങ്ങിനെ ഇടതുപക്ഷ സര്‍ക്കാരിനെതിരേ കമ്യൂണിസ്‌റ്റ് ഗ്രാമത്തിലെ ജനങ്ങള്‍ നടത്തിയ സമരത്തിന്‌ വിരാമമായി.
''നഷ്‌ടപ്പെട്ടതു തിരിച്ചുകൊണ്ടുവരിക എളുപ്പമല്ല. അതുകൊണ്ട്‌ നഷ്‌ടപ്പെടാതിരിക്കാനാണ്‌ സമരം നടത്തിയതെന്ന്‌ സമരത്തിന്‌ നേതൃത്വം നല്‍കിയ സുരേഷ്‌ കീഴാറ്റൂര്‍ പറഞ്ഞു. 'മൂലധന'ത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം കൊണ്ടാടുന്ന സമയമാണിത്‌. പാര്‍ട്ടി അടിസ്‌ഥാന തൊഴിലാളി വര്‍ഗ നിലപാടില്‍നിന്ന്‌ വ്യതിചലിക്കരുതായിരുന്നെന്നും സമരത്തില്‍ സുരേഷ്‌ കീഴാറ്റൂര്‍ സൂചിപ്പിച്ചു.
സംഘടനാ ശക്‌തി കേന്ദ്രമായ കണ്ണൂരില്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ സമരം വളര്‍ന്നിരുന്നു. വയല്‍ നികത്തിയുള്ള ബൈപ്പാസ്‌ റോഡിനെതിരേ സി.പി.എം. വര്‍ഗ ബഹുജന സംഘടനാ നോതാക്കളും പാര്‍ട്ടി അംഗങ്ങളും നടത്തുന്ന സമരം വിവിധ സംഘടനകള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ സമരം അനാവശ്യമെന്ന നിലപാടിലൂന്നി വിശദീകരണം നടത്തി പാര്‍ട്ടി തളര്‍ന്നു. പ്രദേശത്തെ കൈത്തറി ഗ്രാമങ്ങളെ രക്ഷിക്കാനാണു ദേശീയപാത വിജനമായ വയല്‍പ്രദേശത്തേക്കു മാറ്റിയതെന്ന നിലപാടിലൂന്നിയാണ്‌ സി.പി.എം. പ്രതിരോധ ശ്രമങ്ങള്‍ നടത്തിയത്‌. എന്നാല്‍ സ്‌ഥലം ഏറ്റെടുക്കാനുള്ള മുന്‍വിജ്‌ഞാപനം അട്ടിമറിച്ച്‌ പുതിയ നീക്കത്തിലൂടെ ഏക്കറു കണക്കിന്‌ പാടം നികത്തിയുള്ള വികസന പദ്ധതിക്ക്‌ കളമൊരുക്കിയ നടപടി ന്യായീകരിക്കാനുളള ശ്രമങ്ങളെല്ലാം വിഫലമായി.
അന്തിമ സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത അഥോറിറ്റി പുറത്തിറക്കിയ വിജ്‌ഞാപനം മരവിപ്പിച്ചാണ്‌ കീഴാറ്റൂര്‍ വഴി പുതിയ ബൈപ്പാസ്‌ നിര്‍മിക്കാനുള്ള നീക്കം തുടങ്ങിയത്‌. വയലിലേക്ക്‌ കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയല്‍ പ്രദേശത്തു കൂടി കൊണ്ടുപോകാനുള്ള സര്‍വേ നടപടിയില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിനും അധികൃതര്‍ക്ക്‌ മറുപടിയുണ്ടായില്ല. വയല്‍ വഴിയുളള പാത നിര്‍മാണത്തിന്‌ സാമൂഹികവും സാമ്പത്തികവും പാരിസ്‌ഥിതികവുമായ ആഘാതങ്ങളെപ്പറ്റി സമഗ്രമായ കണക്കെടുപ്പു പോലും നടത്തിയിരുന്നില്ല. സാധ്യതാ പഠനങ്ങള്‍ പദ്ധതിയുടെ അപ്രായോഗികത ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഒരു ജനതയുടെ ജീവിതത്തിനും പരിസ്‌ഥിതിക്കും മേലെ വികസനത്തിന്റെ ബുള്‍ഡോസറിറക്കാന്‍ ഒറ്റയടിക്ക്‌ തീരുമാനിക്കുകയായിരുന്നു.

സമരം മാത്രമായിരുന്നു പോംവഴി

ചെയ്യാത്ത കുറ്റത്തിനു ശിക്ഷയേല്‍ക്കേണ്ടിവരുന്ന മുഖഭാവമയിരുന്നു സമരം അവസാനിക്കുന്നതുവരെ കീഴാറ്റൂരിന്‌. സമരപ്പന്തലിലെത്തിയവര്‍ ഓരോരുത്തരും പ്രകൃതിയോടിണങ്ങിയ ജീവിതം തിരിച്ചുപിടിക്കാനാഗ്രഹിക്കുന്നവരായിരുന്നു.
കാറ്റായും മഴയായും മണ്‍തരിയായും മരമായും നിറഞ്ഞു നില്‍ക്കുന്ന ആവാസ വ്യവസ്‌ഥയുടെ സുരക്ഷിതജീവിതം കൊതിക്കുന്നവര്‍. പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ കണ്ണീരൊഴുക്കിയിട്ട്‌ കാര്യമില്ല, സമരം തന്നെയാണ്‌ പോംവഴിയെന്ന്‌ പിന്തുണക്കാനെത്തിയവര്‍ കീഴാറ്റൂരുകാര്‍ക്ക്‌ ഊര്‍ജം പകര്‍ന്നു. എന്നാല്‍, സമരത്തിനു പിന്തുണയേകിയവരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമം നടന്നു. വികസനത്തിന്‌ എതിരല്ല, പരിസ്‌ഥിതി തകര്‍ത്തുകൊണ്ടു മാത്രമേ വികസനം നടക്കൂ എന്ന ദുശാഠ്യത്തിനെതിരാണ്‌ തങ്ങളുടെ ചെറുത്തുനില്‍പ്പെന്ന്‌ സമരക്കാര്‍ പറഞ്ഞു. ''പാര്‍ട്ടി നേതൃത്വം ആരോപിക്കും പോലെ മറ്റ്‌ ഉപഗ്രഹത്തില്‍നിന്ന്‌ ഇറക്കിയ ആളുകളല്ല ഈ നാട്ടില്‍നിന്നുള്ള സാധരണക്കാരാണ്‌ സമരത്തില്‍ അണിചേര്‍ന്നത്‌. എല്ലാവരും കമ്യൂണിസ്‌റ്റുകാര്‍. പാര്‍ട്ടിയും പ്രസ്‌ഥാനവും നിലനില്‍ക്കണമെങ്കില്‍ നാട്‌ നിലനില്‍ക്കണം. നാട്‌ സംരക്ഷിക്കാനുള്ള പോരാട്ടമാണ്‌ നടത്തിയത്‌. സമരത്തെ ആരു സഹായിച്ചാലും നാടിന്റെ നിലനില്‍പ്പിനുവേണ്ടി സ്വീകരിക്കും. നിരാഹാര പന്തലില്‍ ആര്‍ക്കൊക്കെ പ്രവേശിക്കാം, ആര്‍ക്ക്‌ പ്രവേശനമില്ല എന്ന ബോര്‍ഡ്‌ വെക്കാന്‍ കഴിയില്ല. വരുന്നവരുടെ രാഷ്‌ട്രീയ ആശയം നമ്മള്‍ സ്വീകരിക്കണമെന്നില്ലല്ലോ. ഞങ്ങളുടെ ആശയവുമായി ഞങ്ങള്‍ മുന്നോട്ടുപോകും. നില്‍ക്കുന്ന മണ്ണില്‍ ഉറച്ചു നില്‍ക്കാനറിയുന്നവരാണ്‌ ഞങ്ങള്‍.
നിരാഹാരപ്പന്തലില്‍ വന്നവരുടെ പേരില്‍ ഞങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധത അളക്കാതിരിക്കുന്നതല്ലേ നല്ലത്‌.- സമരത്തിന്‌ നേതൃത്വം നല്‍കിയ സുരേഷ്‌ കീഴാറ്റൂര്‍ ചോദിച്ചു. കാര്യങ്ങളുടെ യഥാര്‍ഥ വശങ്ങള്‍ സര്‍ക്കാരിനെയും മന്ത്രിയെയും ബോധ്യപ്പെടുത്താനായതാണ്‌ സമര വിജയമെന്ന്‌ സുരേഷ്‌ പറഞ്ഞു.
പ്രദേശത്ത്‌ 100 മീറ്റര്‍ മാത്രം വീതിയില്‍ അഞ്ചു കിലോമീറ്റര്‍ നീളത്തിലാണ്‌ വയലുള്ളത്‌. വയലിന്‌ മുകളിലേക്ക്‌ വലിയ മലകളാണ്‌. അതിന്‌ ഇരുവശത്തും വീടുകളും. മലകളില്‍നിന്ന്‌ ഉരച്ച്‌ വരുന്ന വെള്ളം വന്ന്‌ നിറയുന്നത്‌ വയലുകള്‍ക്കരികിലെ തോടുകളിലാണ്‌. ഇത്‌ 10 മീറ്റര്‍ മുകളില്‍ വന്ന്‌ കഴിഞ്ഞാല്‍ വെള്ളം എവിടെക്കു പോകുമെന്നത്‌ വലിയ പ്രശ്‌നമാണ്‌. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. ഈ അലൈന്‍മെന്റ്‌ മാറ്റി വേറൊരു അലൈന്‍മെന്റ്‌ നോക്കണമെന്നുള്ള അഭിപ്രായം സമരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. നേരത്തെ ഒരു അലൈന്‍മെന്റ്‌ ഉണ്ടായിരുന്നത്‌ തളിപ്പറമ്പില്‍ കൂടിയാണ്‌. അവിടെ പണ്ട്‌ ഒരു കൈത്തറി ഗ്രാമം ആയിരുന്നു.
നൂറിലേറെ പഴയ കൈത്തറി തൊഴിലാളികളുടെ കുടുംബങ്ങള്‍ പൊളിച്ച്‌ മാറ്റപ്പെടുമെന്നും തളിപ്പറമ്പ്‌ പട്ടണം തന്നെ ഇല്ലാതാകുമെന്നുള്ള അഭിപ്രായം അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉയര്‍ന്നുവന്നു. കീഴാറ്റൂര്‍ വയലിന്‌ അടുത്ത്‌ 500 മീറ്റര്‍ വീതിക്കുള്ളില്‍ കീഴാറ്റൂര്‍ പ്രദേശത്ത്‌ ദേശീയപാത കടന്നുപോകാന്‍ സ്‌ഥലമുണ്ടോയെന്നു പരിശോധിക്കാനാണ്‌ ഒടുവില്‍ മന്ത്രി നിര്‍ദേശിച്ചത്‌. ഉചിതമായ സ്‌ഥലം കണ്ടെത്തിയതിനുശേഷമേ സ്‌ഥലം ഏറ്റെടുത്ത്‌ കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ അത്‌ ഇറക്കുകയുള്ളൂവെന്നും അറിയിച്ചു.

പച്ചത്തുരുത്ത്‌

കീഴെ ആറുള്ള ഊര്‌. അതാണ്‌ കീഴാറ്റൂര്‍. ഇടമുറിയാതെ പെയ്‌ത മഴയില്‍ കുതിര്‍ന്നുനില്‍ക്കുന്ന പോലെയാണിപ്പോള്‍ കീഴാറ്റൂര്‍. ചെങ്കല്‍ കുന്നുകളുടെ ഇടയില്‍ ജലം പിടിച്ചുവച്ച വയല്‍ശേഖരം. വലിയ കുന്നിന്‌ അരഞ്ഞാണമിട്ടപോലെയാണ്‌ നീരൊഴുക്കിന്റെ ജലസമൃദ്ധി. കഴിഞ്ഞുപോയ കടുത്ത വേനലില്‍ തൊണ്ട നനയ്‌ക്കാന്‍ മറ്റു നാടുകള്‍ കാതങ്ങള്‍ താണ്ടിയപ്പോള്‍ പച്ചപ്പിന്റെ ഒരു തുരുത്തായിരുന്നു കീഴാറ്റൂര്‍. ജൈവമായ ആവാസ വ്യവസ്‌ഥയ്‌ക്കു മാത്രമേ മഴവെള്ളം മണ്ണിലാഴ്‌ത്തി സംഭരിച്ചു വയ്‌ക്കാന്‍ കഴിയൂ. പരസ്‌പരം കൈകള്‍ ചേര്‍ത്തുപിടിച്ചു പുതിയ കരുത്തോടെ ഒരു ജനത ഇപ്പോള്‍ ഈ ജൈവ സമ്പത്തിന്റെ കാവലാളായുണ്ട്‌. സമരപ്പന്തലില്‍ ജാനകിയമ്മ പാടിയ ഇഷ്‌ടഗാനത്തിന്റെ ഈരടികള്‍ അവിടെ അലയടിച്ചു.''ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ....'' സമരം കഴിഞ്ഞ്‌ വിത്തും കൈക്കോട്ടുമായി കര്‍ഷകര്‍ പാടത്തിറങ്ങി. പച്ചപ്പട്ടണിയാന്‍ കീഴാറ്റൂര്‍ വയല്‍ ഒരുങ്ങി.

കെ. സുജിത്ത്‌്

Ads by Google
Sunday 08 Oct 2017 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW