Wednesday, September 26, 2018 Last Updated 57 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 08 Oct 2017 02.07 AM

ഗ്യഹാതുരത്വം നിറയുന്ന ചെമന്ന പെട്ടി

uploads/news/2017/10/153459/sun6.jpg

ആലപ്പുഴയിലെ ഒരു തപാല്‍ ഓഫീസിന്റെ കഥ ന്യൂയോര്‍ക്കില്‍ വരെ എത്തിച്ചു കൈയടി നേടി പയസ്‌ സ്‌കറിയ. റബര്‍ കര്‍ഷകനും വ്യാപാരിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ പയസ്‌ സ്‌കറിയ പൊട്ടംകുളം ആദ്യമായി സംവിധാനം ചെയ്‌ത ചെമന്നപെട്ടി എന്ന ഡോക്കുമെന്ററിയാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച്‌ അംഗീകാരം നേടി മുന്നേറുന്നത്‌.
മൈാബൈല്‍ ഫോണും വാട്‌സ് അപ്പും ഫേസ്‌ ബുക്കും ഇല്ലാതെ ഒരു നിമിഷം പോലും മനുഷ്യനു ജീവിക്കാന്‍ കഴിയാത്ത നവയുഗത്തിലാണു ഒറ്റപ്പെട്ട ഒരു തപാല്‍ ഓഫീസിന്റെയും ജോലിക്കാരിയായ വി.പി. സീതാമണിയുടെയും കഥയിലൂടെ പയസ്‌ ലോകശ്രദ്ധ നേടുന്നത്‌.
അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ആര്‍ ബ്ലോക്കിലെ തപാല്‍ ഓഫിസില്‍ 27 വര്‍ഷമായി ഒറ്റയ്‌ക്കു ജോലിചെയ്യുന്ന വി.പി.സീതാമണിയിലൂടെയാണു പയസ്‌ തപാലിന്റെ തളര്‍ച്ചയുടെ കഥ പറയുന്നത്‌. അഞ്ചര ലക്ഷം ജീവനക്കാരിലൂടെ ലോകത്തെ ഏറ്റവും വലിയ തപാല്‍ സംവിധാനമായി മാറിയ ഭാരതസര്‍ക്കാരിന്റെ തപാല്‍ വകുപ്പും അതിനെക്കുറിച്ചു പുതുതലമുറ അറിയേണ്ട വിവരങ്ങളുമാണു ചെമന്ന പെട്ടി എന്ന ഡോക്യുമെന്ററിയിലൂടെ പുതുതലമുറയ്‌ക്കായി പരിചയപ്പെടുത്തുന്നത്‌.
കത്തുകളോടും എഴുത്തിനോടുമുള്ള പുതുതലമുറയുടെ അകല്‍ച്ചയും തപാല്‍ വകുപ്പിലെ താത്‌കാലിക തൊഴിലാളികളുടെ ബുദ്ധിമുട്ടുകളുമാണു 13.30 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്‌. പയസ്‌ തന്നെയാണു ഡോക്യുമെന്ററിയുടെ തിരക്കഥ രചിച്ചിരിക്കുന്നതും. സന്ദേശ്‌ ക്രിയേഷന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഡോക്യുമെന്ററിയില്‍ പ്രഫ. അലിയാര്‍ ശബ്‌ദവും, ആനന്ദ്‌ ശങ്കര്‍ സംഗീതവും സന്തോഷ്‌ അനിമ കാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചു.
ചെറുപ്പം മുതലേ സിനിമയോടുള്ള പയസിന്റെ അടങ്ങാത്ത ആവേശമാണു ഡോക്കുമെന്ററി ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. പയസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മൂത്ത കുഞ്ഞിനു ശേഷം തന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നമായിരുന്നു സംവിധാനം. പാരമ്പര്യമായുള്ള റബര്‍ കൃഷിയും വ്യാപാരവും തുടര്‍ന്നപ്പോളും പയസിന്റെ ഉള്ളിലെ കലാകാരന്‍ സാംസ്‌കാരിക പരിപാടികളും കലാസൃഷ്‌ടികളുമൊക്കെയായി സജീവമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, സിനിമയെ കാര്യമായി എടുത്തതോടെ കുടുംബത്തില്‍ നിന്നുള്ള ശക്‌തമായ എതിര്‍പ്പുണ്ടായി. പിന്നീടു തന്റെ മോഹങ്ങള്‍ ഉള്ളിലൊതുക്കി അദ്ദേഹം കുടുംബ ബിസിനസുമൊക്കെയായി ഒരുങ്ങിക്കൂടുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായാണ്‌ ആര്‍. ബ്ലോക്കിന്റെ തീരത്ത്‌ ഒറ്റപ്പെട്ടു സ്‌ഥിതിചെയ്യുന്ന തപാല്‍ ഓഫീസിനെക്കുറിച്ചും ജീവനക്കാരി രാധാമണിയെക്കുറിച്ചും അറിയുന്നത്‌. പിന്നീട്‌ ചിന്തിച്ചപ്പോള്‍ ഇതു ഡോക്കുമെന്ററിക്കുള്ള സാധ്യതയുള്ള വിഷയമാണെന്നു കണ്ടെത്തുകയായിരുന്നു. പലപ്പോഴായി സ്‌ഥലം പോയി കണ്ടു സാഹചര്യങ്ങള്‍ മനസിലാക്കിയതോടെ വിഷയം ഡോക്കുമെന്ററിയാക്കാന്‍ ഉറപ്പിക്കുകയായിരുന്നു.
തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണം ആരംഭിക്കാന്‍ നാളുകള്‍ വേണ്ടിവന്നു.. പല ഷോട്ടുകളും വീണ്ടു വീണ്ടും എടുക്കേണ്ടിവന്നുവെങ്കിലും താന്‍ ആഗ്രഹിച്ചതിലും അപ്പുറം ഭംഗിയായി ചിത്രീകരിക്കാന്‍ കഴിഞ്ഞിന്റെ സന്തോഷത്തിലാണ്‌ അദ്ദേഹം. മുംബൈ, ഡല്‍ഹി രാജ്യാന്തര ഷോര്‍ട്ട്‌ ഫിലിം ഫെസ്‌റ്റിവലുകളിലല്‍ പ്രദര്‍ശിപ്പിച്ച്‌ അംഗീകാരം നേടി. ഇതോടൊപ്പം 2016ലെ രാജ്യാന്തര ഹ്രസ്വ ചിത്രമേളയില്‍ ഡോക്കുമെന്ററി വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശ പുരസ്‌കാരം നേടി. പിന്നീട്‌ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവിലിലും ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു.
ഒരു സിനിമ എടുക്കുകയെന്നതാണു പയസിന്റെ ഇനിയുള്ള മോഹം. വിഷയങ്ങള്‍ പലതും മനസിലുണ്ട്‌, ഇതിനെ ഒരു സിനിമയുടെ തലത്തിലേയ്‌ക്കു പരുവപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. വരും നാളുകളില്‍ തന്റേതായ ഒരു സിനിമയെന്ന സ്വപ്‌നം സഫലമാക്കാനാകുമെന്ന പ്രതീക്ഷയിലാണു പയസ്‌.

എം.ടി. ശ്രീതുമോന്‍

Ads by Google
Sunday 08 Oct 2017 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW