അഞ്ചു വയസ്സുകാരന് മൊബൈലിന്റെ ബട്ടനുകളില്‍ തട്ടി പുത്തന്‍ കളികളും കൂടുതല്‍ പോയ്ന്റുകളും എടുക്കുമ്പോള്‍ അവന്റെ അമ്മ ആനന്ദ നിര്വൃതികളോടുകൂടി നോക്കിയിരുന്നു.
അന്ന് വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവിനെ നോക്കി മകനെ ചൂണ്ടികൊണ്ടവര് ചോദിച്ചു.
നമ്മളുടെ മകനൊരു മിടുക്കന് തന്നെ ... അല്ലേ..?
ആരെയും ശ്രദ്ധിക്കാതെ മൊബൈലിലെ ഗെയ്മില്‍ മാത്രം മിഴിനട്ട് മുഴുവന്‍ ശ്രദ്ധയും വിരലുകളും അതിന് സമര്‍പ്പണം ചെയ്തിരിക്കുന്ന കുഞ്ഞിന്റെ വീര്‍ത്ത കവിളുകളും തടിച്ചുരണ്ട കൈകാലുകളും മത്തങ്ങാ ബലൂണ്‍ പോലെ വീര്‍ത്ത വയറും എല്ലാം ഒരുവട്ടം ഓടിച്ച് നോക്കിക്കൊണ്ട് ഭര്‍ത്താവ് ഭാര്യയോട് ചോദിച്ചു.
നിനക്ക് ഇവനെക്കൊണ്ട് ഒരു ശല്യവും ഇല്ല അല്ലേ...?
ഇല്ല എന്ന് മാത്രമല്ല കരച്ചിലോ ബഹളമോ ഒന്നുമില്ല. എല്ലാവരും പറയും കുട്ടികളായാല്‍ ഇങ്ങനെ വേണമെന്ന്.
പെട്ടെന്ന് ഭര്‍ത്താവിന്റെ കണ്ണുകള്‍ ചുവന്നു.
അയാള്‍ കുഞ്ഞിന്റെ അടുത്ത് ചെന്ന് അവന്റെ കൈയ്യീന്ന് മൊബൈല്‍ പിടിച്ച് വാങ്ങി തറയിലെറിഞ്ഞുടച്ചു.
കുട്ടി ഉച്ചത്തില്‍ കരയാനാരംഭിച്ചു. ഭാര്യ ഭയന്ന് അയാളുടെ അടുത്തെത്തി.
ഇത്രനാളും അവനൊന്ന് കരഞ്ഞിട്ടും കൂടിയില്ല. നിങ്ങളൊരുത്തന് വന്നു അവനെ കരയിക്കാനും തുടങ്ങി. എന്റെ ദൈവമേ... ഈ മനുഷ്യനെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്....?അയാള്‍ ചുണ്ടിനു മുകളില്‍ വിരല്‍ കുറുകെ വെച്ചു .
മിണ്ടരുത്... നോക്ക് അവന് കരയാന്‍ തുടങ്ങി. നീ അവനെ വളര്‍ത്തുകയല്ല കൊല്ലുകയാണ്. ഇഞ്ചിഞ്ചായി. അവന്റെ സിരകളിലെ രക്തയോട്ടം തടസപ്പെടുത്തി.
അവന്റെ വളരുന്ന കൈകാലുകള്‍ക്ക്, ഉടലിന്, ബുദ്ധിക്ക് ഒക്കെ ചലന സ്വാതന്ത്ര്യം നിഷേധിച്ച് ഒരു സ്ഥലത്തടക്കിയൊതുക്കിയിരുത്തി. അവനെ നീ അനുസരണയുള്ളവനാക്കി. മിടുക്കനാക്കി.
എടീ കുട്ടികളായാല്‍ ഓടിക്കളിക്കണം. ഉരുണ്ട് വീഴണം കരയണം. വീണ്ടും ഓടണം ചാടണം... ചിരിക്കണം, ചിരിപ്പിക്കണം. അങ്ങനെയാണ് കുട്ടികള്‍ വളരേണ്ടത്.
ഇപ്പോള്‍ പൊട്ടിയത് രണ്ടായിരം രൂപായുടെ ഒരു മൊബൈലാ... എന്റെ അദ്ധ്വാനമാ അത്. അത് ഞാന്‍ സഹിച്ചു. ഇപ്പോഴിത് ഞാന്‍ ചെയ്തില്ലേല് നാളെ കോടികള്‍ മുടക്കിയാലും അവനെ നമുക്ക് തിരിച്ച് കിട്ടിയെന്ന് വരികയില്ല.