Tuesday, August 21, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 01.23 AM

ഭൂതകാലത്തിന്റെ കഥാകാരന്‍

uploads/news/2017/10/152773/bft1.jpg

ഓര്‍മയും കാലവും വിഭ്രാന്തിയും നിറഞ്ഞ രചന... ശക്‌തമായ വൈകാരികതയോടെ ലോകവുമായുള്ള ആഴത്തിലുള്ള ഭ്രമാത്മക ബന്ധത്തെ തുറന്നുകാട്ടുന്നവയാണു കാസുവോ ഇഷിഗുരോയുടെ വാക്കുകളെന്നു ഏറ്റവുമൊടുവില്‍ സ്വീഡിഷ്‌ അക്കാദമിയുടെ നൊബേല്‍ പുരസ്‌കാര നിര്‍ണയസമിതിയും സമ്മതിച്ചിരിക്കുന്നു. നാലുതവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ പട്ടികയില്‍ ഇടംപിടിക്കുകയും ഒരിക്കല്‍ അതേ പുരസ്‌കാരം സ്വന്തമാക്കുകയുംചെയ്‌ത കാസുവോയെ അവഗണിക്കാന്‍ ഇക്കുറി സ്വീഡിഷ്‌ അക്കാഡമിക്കും കഴിമായിരുന്നില്ല.
അതെ, വിവാദങ്ങളില്ലാതെയാണു കാസുവോയുടെ പുരസ്‌കാരനേട്ടം. ഏറെ സാധ്യത കല്‍പിച്ചിരുന്ന ഹാറുകി മുറാകാമി, മാര്‍ഗരെറ്റ്‌ ആറ്റ്‌വുഡ്‌, ഗുഗി വാ തിയോങോ എന്നിവരെ പിന്തള്ളിയാണു കസുവോ നൊബേല്‍ സ്വന്തമാക്കിയത്‌.
മഹത്തായ വൈകാരിക ശക്‌തിയുള്ള നോവലുകളാണു കസുവോ ഇഷിഗുരോയുടേത്‌. ചരിത്രത്തിന്റെ ഓരംചേര്‍ന്നുള്ളതാണു അദ്ദേഹത്തിന്റെ പല നോവലുകളും. കേന്ദ്രീകരിക്കുന്ന കാസുവോയുടെ രചനകള്‍ പോയകാലത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ്‌. വര്‍ത്തമാനകാലത്തില്‍ ജീവിക്കുമ്പോഴും ഭൂതകാലത്തിന്റെ കഥയെഴുത്തിലായിരുന്നു അദ്ദേഹത്തിനു താല്‍പ്പര്യം. ജപ്പാനില്‍ ജനിച്ച്‌ ബ്രിട്ടനിലേക്കു കുടിയേറിയെങ്കിലും ബാല്യകാലസ്‌മരണകള്‍ ഉറങ്ങുന്ന ജന്മനാടിനെയും അദ്ദേഹം നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
"ആന്‍ ആര്‍ട്ടിസ്‌റ്റ്‌ ഓഫ്‌ ദ്‌ ഫ്‌ളോട്ടിങ്‌ വേള്‍ഡ്‌" എന്ന നോവല്‍ രണ്ടാം ലോക യുദ്ധത്തിലെ പരാജയത്തിനുശേഷമുള്ള ജപ്പാന്റെ പുനര്‍നിര്‍മിതിയുടെ പശ്‌ചാത്തലത്തിലുള്ളതാണ്‌. എഴുത്തുകാരന്‍തന്നെ പലപ്പോഴും കഥയുടെ ഭാഗമാകുന്ന ആഖ്യാനശൈലിയാണ്‌ ഈ നോവലിന്റെ പ്രത്യേകത. ലോകയുദ്ധത്തിനു മുമ്പും ശേഷവുമുള്ള കാഴ്‌ചകള്‍ക്കൊപ്പം ജപ്പാന്റെ തെറ്റായ വിദേശനയത്തെ ക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നു.
ഏറെ പ്രസിദ്ധമായ "നെവര്‍ ലെറ്റ്‌ മി ഗോ" സയന്റിഫിക്‌ ഫിക്‌ഷനാണെങ്കിലും കഥാപരിസരം എണ്‍പതുകളും തൊണ്ണൂറുകളുമാണ്‌. "ദ്‌ റിമെയ്‌ന്‍സ്‌ ഓഫ്‌ ദ്‌ ഡേ" പറയുന്നത്‌ രണ്ടാംലോകമഹായുദ്ധകാലത്തെ ബ്രിട്ടീഷ്‌ ഭൂപ്രഭുവിനെ ചുറ്റിപ്പറ്റിയുള്ള ജീവിതക്കാഴ്‌ചകളാണ്‌. നാലാഴ്‌ചകള്‍ കൊണ്ടാണ്‌ ഇഷിഗുരോ ഈ നോവല്‍ പൂര്‍ത്തി യാക്കിയത്‌. "റൂബീസ്‌ ആംസ്‌ എന്ന ടോം വെയ്‌റ്റ്‌ സിന്‍റെ" പാട്ടില്‍നിന്നാണ്‌ നോവലെഴുതാന്‍ ഇഷിഗുരോയ്‌ക്ക്‌ പ്രചോദനം ലഭിച്ചത്‌. 1989-ലാണു പ്രസിദ്ധീകരിച്ചത്‌.
1954 നവംബര്‍ എട്ടിന്‌ ജപ്പാനിലെ നാഗസാക്കിയിലാണു കാസുവോയുടെ ജനനം. അദ്ദേഹത്തിന്‌ അഞ്ചുവയസുള്ളപ്പോള്‍ കുടുംബം ബ്രിട്ടനിലേക്കു കുടിയേറി. പിതാവ്‌ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രഫിയിലെ ഉദ്യോഗസ്‌ഥ നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കാന്റര്‍ബറിയിലെ കെന്റ്‌ സര്‍വകലാശാലയില്‍ ബിരുദപഠനം. അക്കാലത്തുതന്നെ അദ്ദേഹം ഫിക്‌ഷന്‍ നോവലുകളെഴുതാന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന്‌ 1980-ല്‍ സാഹിത്യത്തില്‍ ഈസ്‌റ്റ്‌ ആഞ്ച്‌ലിയ സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തരബിരുദം നേടി.
എ പെയ്‌ല്‍ വ്യൂ ഓഫ്‌ ഹില്‍സ്‌(1982), ആന്‍ ആര്‍ട്ടിസ്‌റ്റ്‌ ഓഫ്‌ ദി ഫ്‌ളോട്ടിങ്‌ വേള്‍ഡ്‌(1986), ദ്‌ റിമെയ്‌ന്‍സ്‌ ഓഫ്‌ ദ്‌ ഡേ (1989), ദ അണ്‍കണ്‍സോള്‍ഡ്‌(1995), വെന്‍ വി വെയര്‍ ഓര്‍ഫന്‍സ്‌(2000), നെ വര്‍ ലെറ്റ്‌ മി ഗോ(2005), ദി ബറീഡ്‌ ജയന്റ്‌(2015) എന്നിവയാണു നോവലുകള്‍. എങ്ങനെയാണ്‌ ഓര്‍മകള്‍ വിസ്‌മൃതികളുമായും ചരിത്രം വര്‍ത്തമാനവുമായും ഭ്രമകല്‍പ്പനകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുന്നതെന്നു വിവരിക്കുന്നതാണ്‌ ബറീഡ്‌ ജയന്റ്‌.
ദ്‌ റിമെയ്‌ന്‍സ്‌ ഓഫ്‌ ദ്‌ ഡേ, നെവര്‍ ലെറ്റ്‌ മി ഗോ എന്നിവയുടെ ചലച്ചിത്രാവിഷ്‌കാരം യഥാക്രമം 1993, 2010 വര്‍ഷങ്ങളില്‍ പുറത്തിറങ്ങി. "ദ്‌ റിമെയ്‌ന്‍സ്‌ ഓഫ്‌ ദ്‌ ഡേ"യില്‍ സിനിമയാക്കിയപ്പോള്‍ വിഖ്യാത നടന്‍ ആന്റണി ഹോപ്‌കിന്‍സാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌. മാന്‍ ബുക്കര്‍ പുരസ്‌കാരവും (1989) ഈ നോവല്‍ നേടിയിരുന്നു. നാലു തവണ അദ്ദേഹം മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
2005-ല്‍ ടൈം മാഗസിന്‍ തയാറാക്കിയ മികച്ച നൂറ്‌ ഇംഗ്ലീഷ്‌ നോവലുകളുടെ പട്ടികയില്‍ "നെവര്‍ ലെറ്റ്‌ മി ഗോ" ഇടംപിടിച്ചിരുന്നു. 1945നുശേഷമുള്ള മികച്ച ബ്രിട്ടീഷ്‌ എഴുത്തുകാരില്‍ ഒരാളായാണു ദി ടൈംസ്‌ കസുവോയെ വിശേഷിപ്പിച്ചത്‌.
നോവലുകള്‍ക്ക്‌ പുറമേ പുറമേ സിനിമകള്‍ക്കും ടിവി പരമ്പരകള്‍ക്കും വേണ്ടി തിരക്കഥയെഴുതി. ചെറുകഥകളും എഴുതിയിട്ടുണ്ട്‌. അദ്ദേഹം തിരക്കഥയൊരുക്കിയ "എ പ്ര?ഫൈല്‍ ഓഫ്‌ ആര്‍തര്‍ ജെ. മാസണ്‍" 1984-ലും "ദ്‌ ഗൗര്‍ മെറ്റ്‌" 1986-ലും പുറത്തിറങ്ങി. ഉത്തരാധുനിക ഇംഗ്ലീഷ്‌ സാഹിത്യകാരന്‍മാരില്‍ പ്രമുഖനായ കാസുവോയുടെ പുസ്‌തകങ്ങള്‍ മുപ്പതിലേറെ ഭാഷകളിലേക്കു തര്‍ജമ ചെയ്‌തിട്ടുണ്ട്‌.
അഞ്ചാം വയസില്‍ ബ്രിട്ടനിലേക്കു കുടിയേറിയ കസുവോ പിന്നീട്‌ 30 വര്‍ഷത്തിനുശേഷം 1989-ലാണ്‌ ജപ്പാനില്‍ ആദ്യമായി കാലുകുത്തുന്നത്‌. "ജപ്പാന്‍ ഫൗണ്ടേഷന്‍ ഷോര്‍ട്ട്‌ ടേം വിസിറ്റേഴ്‌സ്‌"എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

ദിപു വിജയ്‌

Ads by Google
Friday 06 Oct 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW