കാഞ്ഞിരപ്പള്ളി: കാല്‍നൂറ്റാണ്ടായി രോഗകിടക്കയില്‍ കഴിയുന്ന അമ്പതുകാരനെ പരിചരിക്കാന്‍ 80 വയസ്് പ്രായമായ അമ്മ മാത്രം. എരുമേലി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചേനപ്പാടി ചെങ്ങാംകുന്ന് കോളനിയിലാണ് നിസഹായരായി ഒരു കുടുംബം കഴിയുന്നത്. 25 വര്‍ഷം മുന്‍പാണ് അരയ്ക്ക് താഴോട്ട് തളര്‍ന്ന് തടിവെട്ടു തൊഴിലാളിയായ പള്ളിക്കുന്നേല്‍ തങ്കച്ചന് കിടപ്പിലായത്.
ഭാര്യയും മകനുമടങ്ങുന്ന കുടുംബം പുലര്‍ത്തുന്നതിനായി ചുറുചുറുക്കോടെ പണിയെടുക്കുന്നതിനിടയില് അപ്രതീക്ഷിതമായുണ്ടായ അപകടമാണ് ഇയാളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. റബര്‍ തടിചുമക്കുന്നതിനിടയില് ശരീരത്തേയ്ക്ക് തടി വീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും അരയ്ക്ക് താഴ്ഭാഗം തളര്‍ന്ന് ശോഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. അപകടം സംഭവിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോയി. ഏക മകനും ഭാര്യയ്ക്കൊപ്പം പോയതോടെ മനസും തളര്‍ന്നു. ആറു വര്‍ഷം മുന്‍പ് പിതാവും മരിച്ചതോടെ കുടുംബത്തിന്റെ വരുമാന മാര്‍ഗവും നിലച്ചു. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും അമ്മ സാറാമ്മയാണ് ഇയാളെ പരിചരിക്കുന്നത്. രോഗങ്ങള്‍ നല്കിയ ദുരിതത്തിനു പുറമെ ഇവര്‍ താമസിക്കുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള വീട് തകര്‍ന്നു വീഴാറായ നിലയിലാണ്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കും. പണമില്ലാത്തതിനാല്‍ മിക്ക ദിവസങ്ങളിലും പട്ടിണിയായിരിക്കും അവസ്ഥ. ആകെയുള്ള വരുമാനമായ വികലാംഗ പെന്ഷന് ഇരുവര്‍ക്കുമുള്ള മരുന്നിനും, നിത്യചെലവിനും പോലും തികയുന്നില്ല.
എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഭവനസന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രായമായ അമ്മയുടെയും തളര്‍ന്നു കിടക്കുന്ന മകന്റെയും ദുരിത ജീവിതം പുറത്തറിയുന്നത്. എരുമേലി അഡീഷണല്‍ എസ്. ഐ. ജോയ് തോമസ്, സി. പി. ഒയും ബീറ്റ് ഓഫീസറുമായ എം. ആര്. ഷാജി, സി. പി. ഒ. ശിവദാസ് എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഓണത്തിന് വീട്ടിലേയ്ക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു. ഒരേ കിടപ്പില്‍ കഴിയുന്ന തങ്കച്ചന് ശസ്ത്രക്രിയ നടത്തിയാല്‍ എഴുന്നേറ്റ് നടക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സുമനസുകളുടെ സഹായമുണ്ടെങ്കില്‍ തങ്കച്ചനെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാകും. തങ്കച്ചന്റെ പേരില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ചേനപ്പാടി ശാഖയിലുള്ള അക്കൗണ്ട് നമ്പര്‍: 022001826682190001. ഐ. എഫ്. എസ്. കോഡ്: സി. എസ്. ബി. കെ. -0000220.