Friday, July 20, 2018 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.51 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/10/151214/sun2.jpg

വീടിന്റെ ഇറയത്തെ ചുവരില്‍ കുഞ്ഞുണ്ണി ഫ്രെയിം ചെയ്‌ത് മാലയിട്ട ഒരു ചിത്രം മാത്രമായി. ലീലാമണിയുടെയും സൗമിനിയുടെയും ഓര്‍മ്മകളില്‍ മാത്രം അയാള്‍ അവശേഷിച്ചു. നാട്ടുകാര്‍ പതിവുപോലെ കുറെ സഹതാപം പറഞ്ഞ്‌ ചര്‍ച്ച ചെയ്‌തു. പിന്നെ അവരവരുടെ ജീവിതവൃത്തികളില്‍ മുഴുകി. സഞ്ചയനം വരെ പലചരക്കുകട അടഞ്ഞു കിടന്നു. പട്ടിണി കിടക്കുമെന്നായപ്പോള്‍ രാമു തന്നത്താനെ ചാവി വാങ്ങി കട തുറന്നു. താങ്ങാന്‍ ഒരു കൈ ഉളളപ്പോള്‍ ജീവിതത്തിന്റെ ആയാസത നമ്മള്‍ അറിയുന്നില്ല. ജീവിതം നമുക്ക്‌ അനായാസമായ അനുഭവമായി മാറുന്നു. തുണ നഷ്‌ടമാകുമ്പോള്‍ മറിച്ചും.
പതിനാറിന്‌ കുഞ്ഞുണ്ണിയുടെ ചിതാഭസ്‌മം നാട്ടിലെ പൂഴയില്‍ ഒഴുകി. ചിത കത്തിയ സ്‌ഥലത്ത്‌ പരികര്‍മ്മി നാട്ടിയ വാഴയ്‌ക്ക് രാമു പതിവായി വെളളം നനച്ചു. മണ്ണുമായി സന്ധി ചെയ്‌ത മട്ടില്‍ വാഴ തലയുയര്‍ത്തി ജീവസുറ്റപോലെ നിന്നു.രാമുവിന്റെ നിസംഗതയുടെ കവചകുണ്ഡലങ്ങള്‍ തകര്‍ന്നുടയുന്നത്‌ സൗമിനി ആദ്യമായി കണ്ടു.
ചിതയ്‌ക്ക് തീകൊളുത്തുമ്പോള്‍ അയാള്‍ ഒരു പിഞ്ചുകുഞ്ഞിനെ പോലെ ഹൃദയം പൊട്ടി കരയുന്നത്‌ അവള്‍ കണ്ടു. അയാള്‍ക്ക്‌ എല്ലാം അച്‌ഛനായിരുന്നു എന്ന്‌ അവള്‍ക്ക്‌ അറിയാം. ഇനി അയാള്‍ക്ക്‌ വേണ്ടി ചിന്തിക്കാനും കഷ്‌ടപ്പെടാനും അച്‌ഛനില്ല എന്ന സത്യത്തോട്‌ പൊരുത്തപ്പെടാന്‍ രാമുവിന്‌ അത്ര എളുപ്പം കഴിയില്ല. എന്നിട്ടും കാലം അയാളെ മുന്നോട്ടു നടത്തി.
നഷ്‌ടങ്ങളാണ്‌ ജീവിതത്തിന്റെ വിലയും അര്‍ത്ഥവും നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന്‌ അവള്‍ക്ക്‌ തോന്നി.
കുഞ്ഞുണ്ണിയെ അവസാനമായി ഒന്ന്‌ കാണാന്‍ കുമാരനും ഭാര്യയും വരുമോ എന്ന്‌ മരണവീട്ടിലെ അതിഥികള്‍ പലകുറി ചര്‍ച്ച ചെയ്‌തു. ചിലതൊക്കെ അവളും കേട്ടു. അവള്‍ക്കും അക്കാര്യത്തില്‍ അത്ര ഉറപ്പുണ്ടായിരുന്നില്ല. ഒന്നു മാത്രം അവള്‍ക്കറിയാം. തന്റെ അച്‌ഛനും അമ്മയും അത്ര ദുഷ്‌ടഹൃദയരല്ല. സൗമിനിയുടെ കണക്ക്‌കൂട്ടല്‍ ശരിയാണെന്ന്‌ അനുഭവം തെളിയിച്ചു. മൃതദേഹം ചിതയിലേക്ക്‌ എടുക്കും മുന്‍പ്‌ കുമാരനും വത്സലയും വീട്ടില്‍ വന്നു. ചിത കത്തിയടങ്ങൂവോളം മകള്‍ക്ക്‌ ഒപ്പമിരുന്നു. യാത്ര പറഞ്ഞിറങ്ങും മുന്‍പ്‌ വത്സല ഒരു പൊതിക്കെട്ട്‌ മകളെ ഏല്‍പ്പിച്ചു.
''ഇതിരുന്നോട്ടെ. പൈസക്ക്‌ ഒരുപാട്‌ ആവശ്യങ്ങളുളളതല്ലേ..''
''വേണ്ടമ്മേ..അതൊക്കെയുണ്ട്‌..''
കുഞ്ഞുണ്ണിക്ക്‌ വിഷമം ഉണ്ടാക്കുന്ന ഔദാര്യം സ്വീകരിക്കാന്‍ അവള്‍ വിമുഖത പ്രകടിപ്പിച്ചു. വത്സലയുടെ നിര്‍ബന്ധം ഏറിയപ്പോള്‍ അവള്‍ പൊതിക്കെട്ട്‌ കയ്യില്‍ വാങ്ങി.
കാര്‍ കിടന്ന സ്‌ഥലം വരെ സൗമിനി അവരെ അനുഗമിച്ചു. കാറില്‍ കയറും മുന്‍പ്‌ വത്സല പറഞ്ഞു.
''സൗകര്യം പോലെ മോള്‌ നമ്മുടെ വീട്ടിലേക്കിറങ്ങണം കേട്ടോ..''
അവളുടെ മനസ്‌ പെട്ടെന്ന്‌ കുളിര്‍ത്തു. കുറച്ച്‌ വൈകിയെങ്കിലും അച്‌ഛനും അമ്മയും തന്നെ മനസിലാക്കുന്നുണ്ടല്ലോ?
കാര്‍ അകന്നു പോയിട്ടും അവള്‍ക്ക്‌ സങ്കടമല്ല, സമാധാനമാണ്‌ തോന്നിയത്‌. അച്‌ഛന്‍ നഷ്‌ടപ്പെട്ടെങ്കിലും പ്രതീക്ഷിക്കാന്‍ ചിലതുണ്ടല്ലോ?
അവളുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. കുഞ്ഞുണ്ണിയുടെ വിയോഗം ആ കുടുംബത്തില്‍ ദുരന്തങ്ങളല്ല, വസന്തങ്ങളുടെ മഴ പെയ്യിക്കുകയാണുണ്ടായത്‌.
കുമാരനെയും വത്സലയെയും സഞ്ചയനത്തിനും പതിനാറിനും നാല്‍പ്പത്തൊന്നിനും അവള്‍ ക്ഷണിക്കുകയും അവര്‍ വന്ന്‌ സംബന്ധിക്കുകയും ചെയ്‌തു.
മകളെ പ്രസവത്തിന്‌ കൂട്ടിക്കൊണ്ടു പോകുന്ന കാര്യം അവര്‍ ലീലാമണിയോട്‌ സൂചിപ്പിക്കുകയും ചെയ്‌തു.
രണ്ട്‌കുടുംബങ്ങള്‍ എന്നത്‌ വിട്ട്‌ ഒരു കുടുംബമായി മാറുന്ന അവസ്‌ഥയുടെ രജതരേഖകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രാമുവിനും സന്തോഷത്തിന്‌ കുറവുണ്ടായില്ല. കട നടത്തിപ്പിന്റെ തലവേദനകള്‍ ഒഴിഞ്ഞ്‌, ചുമ്മാതിരുന്ന്‌ തിന്നാനും നേരംകളയാനും പറ്റുമല്ലോ എന്നതിലായിരുന്നു അവന്‌ ഉത്സാഹം. കുമാരന്‌ ഇട്ടുമൂടാനുളള സ്വത്തുണ്ട്‌. ഇപ്പോഴും അയാള്‍ നന്നായിട്ട്‌ അദ്ധ്വാനിക്കുന്നുണ്ട്‌. അതിന്റെ പുറത്ത്‌ താനായിട്ട്‌ കഷ്‌ടപ്പെടേണ്ട ആവശ്യം വരില്ല. അയാള്‍ മനക്കോട്ടകള്‍ കെട്ടിത്തുടങ്ങി.
സൗമിനി പക്ഷെ വല്ലാത്തൊരു മാനസികപ്രയാസത്തിലായിരുന്നു. ഒരു ദിവസം വത്സല വന്ന്‌ മകളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്തൃവീട്ടിലെ വിശേഷങ്ങള്‍
സവിസ്‌തരം ചോദിച്ചറിഞ്ഞു. ആ കുടുംബത്തിലെ ഓരോ അംഗത്തെക്കുറിച്ചും അവള്‍ വിശദീകരിച്ച്‌ പറഞ്ഞു. അന്ന്‌ അവിടെ തങ്ങാന്‍ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ക്ക്‌ വഴങ്ങേണ്ടി വന്നു.
ആ രാത്രിയില്‍ തന്നെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ വത്സല കുമാരനെ ധരിപ്പിച്ചു. അവര്‍ രണ്ടുപേരൂം ചേര്‍ന്ന്‌ വെളുക്കുവോളം അതേക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു.
പിറ്റേന്ന്‌ പ്രാതല്‍ കഴിഞ്ഞ്‌ അവര്‍ മകളെ അടുത്ത്‌ വിളിച്ചിരുത്തി, വളരെ സ്‌നേഹമായും സൗമ്യമായും ചിലത്‌ സംസാരിച്ചു. വത്സലയാണ്‌ സംസാരത്തിന്‌ തുടക്കമിട്ടത്‌.
''അമ്മയൊരു കാര്യം പറഞ്ഞാല്‍ മോള്‍ക്ക്‌ വഴക്ക്‌ തോന്നരുത്‌. നിനക്ക്‌ പുര്‍ണ്ണസമ്മതമാണെങ്കില്‍ മാത്രം അംഗീകരിച്ചാല്‍ മതി. ഇനി നീ എതിര്‍ത്താലും പഴയതു പോലെ ഞങ്ങള്‍ക്ക്‌ പിണക്കമൊന്നും തോന്നത്തില്ല..''
അമ്മ പറഞ്ഞു വരുന്നതിനെക്കുറിച്ച്‌ ചില ഊഹാപോഹങ്ങള്‍ അവളുടെ മനസിലും ഉടലെടുത്തു. എന്നിട്ടും അവള്‍ ക്ഷമയോടെ കാത്തിരുന്നു.
''കേട്ടിടത്തോളം രാമു ഒരു നിര്‍ഗുണനാണ്‌. മോള്‍ടെ ജീവിതത്തിന്‌ അവന്‍ ഒരിക്കലും ഗുണം ചെയ്യില്ല. നമുക്ക്‌ ഈ കുഞ്ഞിനെ ഒരു രാജകുമാരനെ പോലെ വളര്‍ത്താം. നമ്മുടെ സ്‌ഥിതി വച്ച്‌ നോക്കുമ്പോള്‍ ഒരു കുട്ടിയുണ്ടെങ്കിലും നിനക്ക്‌ മറ്റൊരു നല്ല ബന്ധം കിട്ടാന്‍ പ്രയാസം വരില്ല.ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, നീ എന്ത്‌ തീരുമാനിച്ചാലും ഞങ്ങള്‍ക്കത്‌ സമ്മതമാണ്‌. നിന്റെ ഭാവി, നിന്റെ സന്തോഷം അത്‌ മാത്രമേ ഞങ്ങള്‍ക്ക്‌ വേണ്ടു..''
സൗമിനി ക്ഷുഭിതയാകുമെന്നാണ്‌ അവര്‍ ധരിച്ചത്‌. പക്ഷെ അസാധാരണമായ പക്വതയോടെ അവള്‍ മൗനം പാലിച്ച്‌ ഏറെനേരം ഇരുന്നു.
''മോളെന്താ ഒന്നും മിണ്ടാത്തത്‌. നിനക്ക്‌ വിഷമമായോ?''
കുമാരന്‍ ചോദിച്ചു. അവള്‍ അച്‌ഛനെ സുക്ഷിച്ചുനോക്കി. പിന്നാലെ അമ്മയെയും.
''അച്‌ഛനും അമ്മയും പറഞ്ഞത്‌ നൂറുശതമാനം ശരിയാണ്‌. സത്യത്തില്‍ ഞാനും ആ മനുഷ്യനെ വെറുത്തു കഴിഞ്ഞു. പക്ഷെ രണ്ട്‌ കാരണങ്ങള്‍ കൊണ്ട്‌ എനിക്ക്‌ ആ വീടുപേക്ഷിക്കാന്‍ കഴിയില്ലമ്മേ. ഒന്ന്‌ കുറഞ്ഞകാലം കൊണ്ട്‌ സ്വന്തം പെറ്റതള്ളയേപ്പോലെ എനിക്ക്‌ സ്‌നേഹം തന്നവരാ അവിടത്തെ അമ്മ.
അച്‌ഛന്‍ കൂടി പോയ സ്‌ഥിതിക്ക്‌ ഇനി അവര്‍ക്ക്‌ ഞാനേയുളളു. മകന്‍ ഉളളതും ഇല്ലാത്തതും ഒരുപോലെയാ. അത്‌ അവര്‍ക്കും അറിയാം. അവരെ ഒറ്റയ്‌ക്കാക്കി ഒരു രക്ഷപ്പെടല്‍ എനിക്ക്‌ വേണ്ടമ്മേ...''
അടുത്തതായി അവള്‍ എന്താണ്‌ പറയാന്‍ പോകുന്നതെന്ന ആകാംക്ഷയോടെ കുമാരന്‍ നോക്കി.
''പിന്നെ എന്റെ കുഞ്ഞ്‌. അവന്‍ ജനിക്കുംമുന്‍പേ തന്തയില്ലാത്തവനാകാന്‍ പാടില്ല. എന്നും അതൊരു പഴിയായി അവന്റെ മേല്‍ കിടക്കും. നമ്മുടെ നാട്ടുകാരെ അമ്മയ്‌ക്ക് അറിയാല്ലോ? തന്നെയല്ല, വേറൊരാള്‍ക്ക്‌ നമ്മൂടെ മോനെ ആ നിലയ്‌ക്ക് കാണാന്‍ കഴിയണമെന്നുമില്ല. കുറച്ചുകൂടെ തെളിച്ചു പറഞ്ഞാല്‍ എത്ര മോശക്കാരനാണെങ്കിലും അയാള്‍ എന്നെ സ്‌നേഹിച്ചിട്ടില്ലെങ്കിലും ഞാന്‍ ആദ്യമായി സ്‌നേഹിച്ച പുരുഷന്‍ അയാളാണ്‌ അമ്മേ. എന്തോ എനിക്കയാളെ മറക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. വിട്ടുകളയാനും...''
അതും പറഞ്ഞ്‌ അവള്‍ ഏങ്ങലടിച്ചു. അങ്ങനെയൊരു വര്‍ത്തമാനം വേണ്ടിയിരുന്നില്ലെന്ന്‌ വത്സലയ്‌ക്കും കുമാരനും തോന്നി.
അങ്ങനെയൊരു സംസാരം ഉണ്ടായ വിവരം സൗമിനി ലീലാമണിയോട്‌ ഭാവിച്ചതേയില്ല. അത്‌ അവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന്‌ അവള്‍ക്ക്‌ നന്നായറിയാം.പക്ഷെ വീട്ടില്‍ പോയി വന്നശേഷം സൗമിനിക്ക്‌ പതിവ്‌ സന്തോഷവും പ്രസാദാത്മകതയും നഷ്‌ടമായിരിക്കുന്നുവെന്ന്‌ ലീലാമണിക്ക്‌ തോന്നി. സാധാരണ അവര്‍ വിഷമിച്ചിരിക്കുമ്പോള്‍ ആശ്വാസവചനങ്ങളുമായി അടുത്തുകൂടുന്നതും തമാശകള്‍ പൊട്ടിച്ച്‌ അവരെ ഉന്മേഷവതിയാക്കുന്നതും അവളാണ്‌. മനസിലെ മ്ലാനത പുറത്തേക്ക്‌ പടരാതിരിക്കാന്‍ സൗമിനി കഴിയുന്നത്ര ശ്രമിച്ചിട്ടും ലീലാമണി അത്‌ മണത്തറിഞ്ഞു. അവരത്‌ തുറന്നു ചോദിക്കുകയും ചെയ്‌തു. പെട്ടെന്ന്‌ ഉചിതമായ ഒരു മറുപടിക്കായി അവള്‍ വിഷമിച്ചെങ്കിലും പരിഭ്രമം അവര്‍ക്ക്‌ മനസിലാവാത്ത മട്ടില്‍ അവള്‍ മറികടന്നു.
''അത്‌ വേറൊന്നുവല്ലമ്മേ..ഡേറ്റ്‌ അടുത്തുവരുവല്ലേ...അതിന്റെ ചെറിയൊരു പേടി..''
അവള്‍ പറഞ്ഞത്‌ കളളമാണെന്ന്‌ അവര്‍ക്ക്‌ മനസിലായി.പക്ഷെ കൂടുതല്‍ ചോദ്യങ്ങള്‍ അവളെ വിഷമിപ്പിച്ചേക്കുമോ എന്നു ഭയന്ന്‌ ലീലാമണി മൗനം പാലിച്ചു.
ആഴ്‌ചകള്‍ വീണ്ടും കടന്നുപോയി. കുമാരനും ഭാര്യയും ആ വീട്ടിലെ പതിവ്‌ സന്ദര്‍ശകരായി. സൗമിനി പലപ്പോഴും അവളുടെ വീട്ടില്‍ പോയി ഒന്നുരണ്ട്‌ ദിവസം തങ്ങാനും തുടങ്ങി. ലീലാമണി തനിച്ചായതിനാല്‍ അക്കാര്യം പറഞ്ഞ്‌ രാമുവിനെ അവള്‍ കൊണ്ടുപോയതുമില്ല. ആദ്യത്തെ പ്രസവം എടുക്കാനുളള അവകാശവും ചുമതലയും നാട്ടുനടപ്പനുസരിച്ച്‌ പെണ്‍കൂട്ടര്‍ക്കാണല്ലോ? അതിലുപരി നഗരത്തിലെ നല്ല ചികിത്സാ സൗകര്യങ്ങള്‍ കൂടി നല്‍കാം എന്ന കാരണം പറഞ്ഞ്‌ സൗമിനിയെ പ്രസവത്തിന്‌ കൊണ്ടുപോകുന്ന കാര്യം വത്സല ലീലാമണിയോട്‌ സൂചിപ്പിച്ചു. ഒരു ദിവസം പോലും മകളെ പിരിയുന്ന കാര്യം അവര്‍ക്ക്‌ ആലോചിക്കാന്‍ കൂടി പ്രയാസമായിരുന്നു. സൗമിനിക്കും അതറിയാം. എന്നിട്ടും വത്സല അത്‌ ചോദിച്ചപ്പോള്‍ സൗമിനിയുടെ കൂടി താത്‌പര്യം അതിന്‌ പിന്നിലുണ്ടോയെന്ന്‌ ലീല സ്വാഭാവികമായും സംശയിച്ചു. അവളുടെ ഇഷ്‌ടം അതാണെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു.
''രാമൂനോട്‌ കുടെ ആലോചിച്ച്‌ പറഞ്ഞാ പോരേ?''
തത്‌കാലം അങ്ങനെയൊരു ഒഴുക്കന്‍ മറുപടി പറഞ്ഞ്‌ അവര്‍ തടിതപ്പി.
വത്സലയും കുമാരനും മടങ്ങിയപ്പോള്‍ മുതല്‍ ലീലാമണി അകത്ത്‌ സ്വന്തം കിടപ്പുമുറിയില്‍ പോയി മിണ്ടാതെ കിടന്നു. ആ ഭാവമാറ്റം സൗമിനി പ്രത്യേകം ശ്രദ്ധിച്ചു. വയറ്‌ വലുതായി വരുന്ന സ്‌ഥിതിക്ക്‌ ഈയിടെയായി അവള്‍ കടയില്‍ പോകാറില്ല. പകല്‍മുഴൂവന്‍ ലീലയെ അടുക്കളയില്‍ സഹായിച്ചുകൊണ്ട്‌ വീട്ടില്‍ തന്നെയുണ്ടാകും. കച്ചവടം ഏറെക്കുറെ പുര്‍ണ്ണമായും രാമുവിന്റെ തലയിലായി. ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന പോലെയാണ്‌ രാമുവിന്റെ കട നടത്തിപ്പ്‌.
പിറ്റേന്ന്‌ പുലര്‍ച്ചെയും എന്നത്തെയും പോലെ സൗമിനിയും ലീലാമണിയും അടുക്കളപ്പണിക്ക്‌ കയറി. ലീലാമണിയുടെ മുഖം മ്ലാനമായിരുന്നു. പതിവുളള കളിചിരിയും വര്‍ത്തമാനവും സ്‌നേഹപ്രകടനങ്ങളും ഒന്നും ഉണ്ടായില്ല. സൗമിനിക്ക്‌ വേഗം കാര്യം പിടികിട്ടി. ഈ അകല്‍ച്ച ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന്‌ അവള്‍ക്ക്‌ തോന്നി. കാര്യങ്ങളുടെ സത്യസ്‌ഥിതി അമ്മ അറിയണം. കഞ്ഞിക്കുള്ള അരി കഴുകാന്‍ ലീലാമണി പുറത്തേക്ക്‌ പോയപ്പോള്‍ അവള്‍ കയ്യില്‍ കടന്നുപിടിച്ചു.
''അമ്മ ഒന്നു നിന്നേ...''
അവര്‍ നിന്നു. മുഖത്ത്‌ പതിവ്‌ ചിരിയില്ല.
''എന്തു പറ്റി...ഒരു പിണക്കം പോലെ..''
''ഒന്നൂല്ല മോളെ..''
അവര്‍ സൗമ്യമായി തന്നെ പ്രതികരിച്ചു.
''നമ്മള്‌ തമ്മില്‌ ഒരു ഒളിച്ചുകളി വേണോമ്മേ...എന്റെ വീട്ടുകാര്‌ നാട്ടുനടപ്പനുസരിച്ച്‌ ഒരു കാര്യം ചോദിച്ചു. ഞാനതിന്‌ ഈ നിമിഷം വരെ ഒരു മറുപടി പറഞ്ഞിട്ടില്ല. അമ്മേം രാമുവേട്ടനേം തനിച്ചാക്കീട്ട്‌ പോവാന്‍ എനിക്ക്‌ സമ്മതാണെന്ന്‌ തോന്നുന്നുണ്ടോ അമ്മയ്‌ക്ക്..''
ലീലാമണി അതിന്‌ മറുപടി പറഞ്ഞില്ല
''അമ്മയെന്നെ അങ്ങനാന്നോ മനസിലാക്കിയിരിക്കുന്നത്‌..''
അതിനും ഉത്തരമുണ്ടായില്ല
''എന്നാല്‍ ഇനി ഞാന്‍ തെളിച്ചുപറയാം. എന്ത്‌ വന്നാലും ശരി ഞാന്‍ പോകുന്നില്ല. ഈ നാട്ടിലും പെണ്ണുങ്ങള്‌ പ്രസവിക്കുന്നുണ്ടല്ലോ. അവരാരും പട്ടണത്തിലെ ആശൂത്രീല്‍ പോയിട്ടല്ല പേറെടുക്കുന്നത്‌. അവര്‍ക്കില്ലാത്ത ഒരു സൗകര്യവും എനിക്ക്‌ വേണ്ട. അതിനി അമ്മ സമ്മതിച്ചാലും ശരി..''
ലീലാമണിക്ക്‌ പെട്ടെന്ന്‌ വല്ലായ്‌മ തോന്നി.അതുവരെ കാത്ത മൗനം ഭഞ്‌ജിച്ച്‌ പതിഞ്ഞസ്വരത്തില്‍ അവര്‍ പറഞ്ഞു.
''അതുപിന്നെ മോളെ കാണാതിരിക്കാന്‍ എനിക്ക്‌ ഒരു പ്രയാസം. അതും ഞാന്‍ എങ്ങനേലും സഹിച്ചേനെ. അതിനേക്കാട്ടീ വല്യ ഒരു പ്രസനവുണ്ട്‌ മോളെ''
സൗമിനിയുടെ നെറ്റിയില്‍ ആകാംക്ഷയുടെ ചുളിവുകള്‍ വീണു.
''മോക്കറിയാവല്ലോ...അന്നത്തെ ആ ഒറ്റ സംഭവത്തിന്റെ പേരിലാ അച്‌ഛന്‍ വീണത്‌. മൂപ്പര്‌ മറ്റെന്ത്‌ സഹിച്ചാലും അപമാനം താങ്ങൂകേല. അല്ലെങ്കീ ഇത്ര പെട്ടെന്ന്‌ പുളളിക്കാരന്‍ പോവത്തില്ലാരുന്നു..എല്ലാം അറിഞ്ഞിട്ടും മോളതൊക്കെ മറന്ന്‌ അങ്ങോട്ട്‌ പോകുന്നതോര്‍ക്കുമ്പോ മനസിന്‌ വല്ലാത്ത ദണ്ഡം''
അതും പറഞ്ഞ്‌ അവര്‍ വിതുമ്പി.അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന്‌ അവള്‍ക്കും തോന്നി. അന്നത്തെ മാനസികാഘാതം കൊണ്ടാവാം കുഞ്ഞുണ്ണിയുടെ മരണം പെട്ടെന്ന്‌ സംഭവിച്ചതെന്ന്‌ ആരും പറയാതെ തന്നെ അവള്‍ക്കും തോന്നിയിരുന്നു.
പക്ഷെ അതിന്റെ പേരില്‍ സ്വന്തം മാതാപിതാക്കളോട്‌ ആജീവനാന്തവിരോധം വച്ചുകൊണ്ടിരിക്കാന്‍ പറ്റുമോ? അന്ന്‌ പെട്ടെന്നുണ്ടായ ദണ്ഡം കൊണ്ട്‌ പറഞ്ഞു പോയതാണെന്നു സമ്മതിച്ച്‌ അമ്മ തന്നെ ക്ഷമചോദിച്ചതാണ്‌. അല്ലെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന്‌ വിചാരിച്ചായിരിക്കില്ലല്ലോ അമ്മ അന്ന്‌ പൊട്ടിത്തെറിച്ചത്‌. മകളെ നഷ്‌ടപ്പെട്ട ഒരമ്മയുടെ സങ്കടം. നാട്ടുകാരുടെ മുന്നില്‍ അപമാനിതയായതിന്റെ രോഷം. ഒരു കണക്കിന്‌ താനാണ്‌ തെറ്റുകാരി. ഒന്നിനും കൊളളാത്ത ഒരുത്തന്റെ വാക്കുകള്‍ വിശ്വസിച്ച്‌, അയാളുടെ താത്‌കാലിക ഭ്രമം സ്‌നേഹമെന്ന്‌ തെറ്റിദ്ധരിച്ച്‌ ഇറങ്ങിപുറപ്പെട്ട വീഢി. എന്നിട്ട്‌ അയാള്‍ക്ക്‌ എന്ത്‌ സംഭവിച്ചു. മൂന്ന്‌നേരം ഉണ്ട്‌ ഉറങ്ങി സുഖമായി കഴിയുന്നു. പോയത്‌ പാവം ഈ അമ്മയ്‌ക്കും പിന്നെ തന്റെ ജീവിതവും...
എന്തായാലും സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന ഈ അമ്മ സങ്കടപ്പെടാന്‍ പാടില്ല. പ്രസവം നാട്ടില്‍ തന്നെ മതിയെന്നും തത്‌കാലം താന്‍ വീട്ടിലേക്കില്ലെന്നും അവള്‍ വത്സലയെ വിളിച്ച്‌ പറഞ്ഞു.
''അച്‌ഛനും അമ്മയ്‌ക്കും എന്നെയും കുഞ്ഞിനെയും കാണണമെന്ന്‌ തോന്നുമ്പോള്‍ എപ്പോ വേണോങ്കിലും ഇവിടെ വരാം. അല്ലെങ്കില്‍ കാറയച്ചാല്‍ ഞാനങ്ങോട്ട്‌ വരാം.
സ്‌ഥിരമായി വന്നു നില്‍ക്കാന്‍ എനിക്ക്‌ പറ്റില്ലമ്മേ..''
''അതെന്താ ആരെങ്കിലും അവിടെ പ്രസനവുണ്ടാക്കിയോ?''
''ഏയ്‌..അമ്മയെന്താ ഈ പറേന്നേ..ഇവിടെയാര്‌ പ്രശ്‌നവുണ്ടാക്കാന്‍...ഇവിടത്തെ അമ്മ അച്‌ഛന്‍ മരിച്ചശേഷം ആകെ തകര്‍ന്നിരിക്കുവാ...അമ്മേ തനിച്ചാക്കീട്ട്‌ ഞാനങ്ങോട്ട്‌ വന്നാ എനിക്ക്‌ സമാധാനം കിട്ടത്തില്ല. അതുകൊണ്ടാ..അല്ലേല്‍ അമ്മേ കരുതുന്ന ഒരു മകന്‍ ഇവിടുണ്ടായിരിക്കണം. ഇത്‌ അതൂല്ലാ...''
മകള്‍ പറയുന്നതില്‍ ന്യായമുണ്ടെന്ന്‌ വത്സലയ്‌ക്കും തോന്നി. അവര്‍ പിന്നെ തര്‍ക്കിക്കാന്‍ പോയില്ല. അല്ലെങ്കിലും ഈ അവസ്‌ഥയില്‍ നില്‍ക്കുന്ന പെണ്‍കൊച്ചിനെ ഒരു കാര്യത്തിന്റെ പേരിലും വിഷമിപ്പിക്കുന്നത്‌ ബുദ്ധിയല്ലെന്ന്‌ വത്സലയ്‌ക്ക് തോന്നി.

(തുടരും)

Ads by Google
Sunday 01 Oct 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW