Tuesday, August 21, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
ഡോ. ജോര്‍ജ് തയ്യില്‍
Friday 29 Sep 2017 11.20 AM

ഹൃദ്രോഗം പാവപ്പെട്ടവരിലേക്ക്

heart disease, poor people

പണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി വേട്ടയാടുന്ന രോഗാതുരതയായി ഹൃദ്രോഗം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഹൃദയധമനീരോഗങ്ങള്‍മൂലം ലോകത്ത് 17.5 ദശലക്ഷം പേര്‍ പ്രതിവര്‍ഷം മരണപ്പെടുന്നു. ഈ സംഖ്യ 2030 ആകുമ്പോള്‍ 23.6 ദശലക്ഷമായി ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 80 ശതമാനത്തിലധികം പേരും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരാണെന്നോര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും 70നുമിടയ്ക്കുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്ന് കാണാന്‍ കഴിഞ്ഞു.

ഇന്ത്യയിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ വിശദമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗ സാധ്യത അധികമായി കണ്ടു. ഇക്കൂട്ടരില്‍ ബോധവത്കരണത്തിന്റെ അപര്യാപ്തത ആപത് ഘടകങ്ങളുടെ ഗൗരവം അറിയുന്നതിനും അവയെ സമയോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായിനിന്നു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഇവരില്‍ വളരെയധികം ഉയര്‍ന്നു കണ്ടു. സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമ പദ്ധതികളിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ പുകവലിക്കുകയും താണയിനം ആഹാരവിഭവങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 40 വര്‍ഷക്കാലമായി വികസ്വര രാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്.

ഹാര്‍ട്ടറ്റാക്കിനെ തുടര്‍ന്ന് ഇന്ത്യയില്‍ എല്ലാ 33 സെക്കന്റിലും ഒരാള്‍ മരണപ്പെടുകയാണ്. രണ്ടു ദശലക്ഷത്തിലേറെ ആള്‍ക്കാരാണ്ഹൃദ്രോഗാനന്തരം ഈ രാജ്യത്ത് പ്രതിവര്‍ഷം മൃത്യുവിനു കീഴടങ്ങുന്നത്. ഇന്ത്യയിലെ ഗ്രാമവാസികളെക്കാള്‍ ഏതാണ്ട് മൂന്നിരട്ടിയാണ് നഗരവാസികളിലെ ഹൃദ്രോഗ സാധ്യത. അമേരിക്ക, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ അധികമായി ആപത്ഘടകങ്ങളുടെ അതിപ്രസരം ഇന്ത്യയിലുണ്ട്.
കേരളത്തില്‍ ഹൃദ്രോഗം അതിഭീഷണമാംവിധം വര്‍ധിക്കുന്ന അവസ്ഥ കാണുന്നു. വിദ്യാഭ്യാസത്തിലും ബുദ്ധിവൈഭവത്തിലും ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന കേരളീയര്‍ എന്നാല്‍ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ആപത് ഘടകങ്ങളുടെ നിയന്ത്രണത്തെപ്പറ്റിപ്പറയുമ്പോള്‍ പുറകോട്ടുപോകുന്നു. കേരളം ഇന്ത്യയുടെ ഹൃദ്രോഗതലസ്ഥാനമെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. ഇവിടെ ആകെയുള്ള മരണസംഖ്യയില്‍ 14 ശതമാനത്തിലേറെ ഹൃദ്രോഗത്തെത്തുടര്‍ന്നാണ്. 1960-നെക്കാള്‍ ഹൃദ്രോഗമുള്ളവരുടെ സംഖ്യ 1990ല്‍ 40 മടങ്ങാണ് കേരളത്തില്‍ വര്‍ധിച്ചത്.

ലോക ഹൃദയദിനം തുടങ്ങിയിട്ട് ഒന്നരദശകം കഴിഞ്ഞു. ഓരോ വര്‍ഷവും സവിശേഷ വിഷയങ്ങളാണ് ഹൃദയദിനം കൈകാര്യം ചെയ്യുന്നത്. ഹൃദ്രോഗത്തെ തടയാന്‍ ഓരോരുത്തരം അനുവര്‍ത്തിക്കുന്ന പ്രതിരോധ നടപടികള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടത്തക്കവിധം പ്രചരിപ്പിക്കണമെന്ന് ഹൃദയദിനം ആഹ്വാനം ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് കരുത്തും കരുതലും പങ്കുവയ്ക്കുക (ഷെയര്‍ ദ പവര്‍) എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. കൂട്ടായ്മയിലൂടെ ഹൃദയസുരക്ഷയ്ക്കുള്ള ക്രിയാത്മക മാര്‍ഗങ്ങള്‍ ആരായണം. ഭക്ഷണം ഹൃദയ സൗഹൃദമാക്കിക്കൊണ്ടും വ്യായാമം ഊര്‍ജസ്വലമാക്കിക്കൊണ്ടും പുകവലി വര്‍ജിച്ചുകൊണ്ടും ഹൃദയാരോഗ്യത്തിന് പുതുജീവനേകണം.

ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന പല പുതിയ അറിവുകളും ഇന്ന് വെളിച്ചത്താവുകയാണ്. വികസ്വരരാജ്യങ്ങളിലെ അധികരിച്ച ഹൃദ്രോഗ സാധ്യതയും ഇന്ന് പഠനവിധേയമാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറച്ചാണ് കഴിക്കുന്നതെങ്കിലും അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതികൂലമായ 'ജെനിറ്റിക് പ്രോഗ്രാമിങ്' ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതക പ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസ്ഥ തകിടംമറിയുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറുന്നു.

ജനതകളുടെ അശാസ്ത്രീയമായ നഗരവത്കരണവും ആരോഗ്യരംഗത്തെ ഭീഷണമായൊരവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു. 1900ല്‍ ലോകജനസംഖ്യയുടെ വെറും 10 ശതമാനം മാത്രമേ നഗരങ്ങളില്‍ ജീവിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് 50 ശതമാനംപേരും നഗരങ്ങളില്‍ വാസമുറപ്പിച്ചിരിക്കുകയാണ്. 2050ല്‍ ഇത് 75 ശതമാനമായി വര്‍ധിക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. 1960നും 2000നുമിടയ്ക്കുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ നഗരങ്ങളിലുള്ളവരുടെ ഹൃദ്രോഗ സാധ്യത ആറുമടങ്ങായും ഗ്രാമീണരില്‍ രണ്ടുമടങ്ങായും വര്‍ധിച്ചു. അതായത് നഗരവാസികളില്‍ 6-10 ശതമാനം പേര്‍ക്കും ഗ്രാമീണരില്‍ 3-4 ശതമാനം പേര്‍ക്കും ഹൃദ്രോഗമുണ്ടെന്നര്‍ഥം. വരും കാലങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മൃത്യുവിനിരയാകുന്നത് ഹൃദ്രോഗത്താലാകുമെന്നതിന് ശക്തമായ സൂചനകളുണ്ട്. ഈ സംഖ്യ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അതിഭീഷണമായ രീതിയില്‍ വര്‍ധിക്കുമെന്നും സൂചനകളുണ്ട്. 2030 ആകുന്നതോടെ 36 ശതമാനത്തിലധികം ഇന്ത്യക്കാരും ഹൃദയധമനീരോഗങ്ങള്‍മൂലം മൃത്യുവിനിരയാകും.

ചുറ്റുമുള്ള അന്തരീക്ഷം ഹൃദയ സൗഹൃദമാക്കണം. കൂടുതല്‍ ചെടികളും മരങ്ങളും നട്ടുവളര്‍ത്തണം. സ്‌കൂളുകളിലെ ഭക്ഷണശീലങ്ങള്‍ ആരോഗ്യപൂര്‍ണമാക്കണം. പുകയില ഉത്പന്നങ്ങളുടെയും ഫാസ്റ്റ് ഫുഡിന്റെയും പരസ്യങ്ങള്‍ തടയണം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീടുകളിലും 'പാസീവ് സ്‌മോക്കിങ്' തടയാന്‍ മുന്‍കരുതലുകളെടുക്കണം. ചുരുക്കത്തില്‍ സമസ്ത ജീവിതമേഖലകളിലും തൊഴിലിടങ്ങളിലും കളിസ്ഥലങ്ങളിലും പരിതസ്ഥിതിയും മറ്റു സാഹചര്യങ്ങളും ആരോഗ്യപൂര്‍ണമാക്കണം.

പുകവലിമൂലം ലോകത്ത് 50000 കോടി ഡോളറിന്റെ നഷ്ടമാണുണ്ടാകുന്നതെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു. 2010ല്‍ പുകവലി നിമിത്തം ആറുദശലക്ഷം പേര്‍ മരണപ്പെട്ടു. ഇതില്‍ 72 ശതമാനം പേരും വികസ്വരരാജ്യങ്ങളിലുള്ളവര്‍തന്നെ. സ്ഥിരമായി പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന 'പാസീവ്' വലിക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത പുകവലിയന്മാരോടൊപ്പമുണ്ട്. വല്ലപ്പോഴും മറ്റുള്ളവര്‍ പുകച്ചുവിടുന്നത് ശ്വസിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 30 ശതമാനവും. പുകവലിക്കാരന് ഹൃദ്രോഗ സാധ്യത പൊതുവായി അഞ്ചരമടങ്ങാണ്. സ്ഥിരമായി പുകവലിക്കുന്നവന്റെ ആയുര്‍ദൈര്‍ഘ്യം 10-15 വര്‍ഷം വരെ കുറയുന്നു. ആഗോളമായി 700 ദശലക്ഷം കുട്ടികള്‍ മാതാപിതാക്കളോ ബന്ധുമിത്രാദികളോ വലിച്ചു വിടുന്ന പുകയിലപ്പുക ശ്വസിച്ചുകൊണ്ട് വിവിധ രോഗങ്ങള്‍ക്കടിമപ്പെടുന്നു.

പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന ഭക്ഷണം ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. ഇവ കുറഞ്ഞാലോ ഹൃദ്രോഗസാധ്യത 20 ശതമാനമായി വര്‍ധിക്കുന്നു. ശരീരത്തിന്റെ ഊര്‍ജവും സമ്പുഷ്ടതയും വര്‍ധിപ്പിക്കുവാന്‍ ആഹാരത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനു പകരം അതിനെ കൂടുതല്‍ സമീകൃതമാക്കുക. പെട്ടെന്ന് ഭക്ഷണമുണ്ടാക്കി ജോലിസ്ഥലത്തു കൊണ്ടുപോകേണ്ട ധൃതിയിലും സമയക്കുറവുമൂലവും നല്ല ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും പറ്റാതെവരുന്നു. കാന്റീനുകളാണെങ്കില്‍ ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതില്‍ ശ്രദ്ധിക്കാറുമില്ല. കുറഞ്ഞ ചെലവില്‍ ഭക്ഷണമുണ്ടാക്കി കൊടുക്കേണ്ടതുകൊണ്ട് പലപ്പോഴും വിലകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും കാലാവധി കഴിഞ്ഞ പാചകമിശ്രിതങ്ങളും ഉപയോഗിക്കുന്നു. എണ്ണ പലവട്ടം പാചകത്തിന് ഉപയോഗിക്കേണ്ട ഗതികേടും ഉണ്ടാകുന്നു. പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണ കാന്‍സറുണ്ടാക്കുന്നതില്‍ ഉദ്ദീപനഘടകമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവശ്യമായ ഭക്ഷണങ്ങളോടൊപ്പം വ്യായാമവും ഇല്ലാതാകുമ്പോഴാണ് ഹൃദയാരോഗ്യം തകിടംമറിയുക.

വ്യായാമരാഹിത്യംകൊണ്ടു മാത്രം ഹൃദ്രോഗസാധ്യത പല മടങ്ങാണ്; പ്രമേഹമുണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയും. പൊണ്ണത്തടിക്കുള്ള പ്രധാന ഹേതു വ്യായാമരഹിതംതന്നെ. ലോകത്താകമാനമുള്ള 300 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് പൊണ്ണത്തടിയുണ്ട്. 160 കോടി പേര്‍ക്ക് അമിതഭാരമുണ്ട്. 45 ദശലക്ഷം കുട്ടികള്‍ക്ക് അമിതഭാരമുണ്ട്. ദരിദ്രരാഷ്ട്രമെന്ന് പറയപ്പെടുന്ന ഇന്ത്യയില്‍പ്പോലും പത്തുകോടിയിലേറെപ്പേര്‍ക്ക് അമിതഭാരമുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ കേരളം എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു; പ്രത്യേകിച്ച് ഹൃദ്രോഗത്തിന്റെ കാര്യത്തിലും മലയാളികളുടെ കൊളസ്റ്ററോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിച്ചുകാണുന്നു. ഒരു ദിവസം മലയാളി കഴിച്ചുതീര്‍ക്കുന്നത് 5000 ടണ്‍ മാംസാഹാരമാണ്. കേരളത്തിന്റെ മൃഗസംരക്ഷണ വകുപ്പ് 2011ല്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ. സ്വന്തം പറമ്പില്‍ കൃഷി ചെയ്ത് വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ താത്പര്യവും സമയവും നഷ്ടപ്പെട്ട മലയാളി എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളെ അഭയംപ്രാപിച്ചുതുടങ്ങി. മലയാളികളുടെ ഹൃദ്രോഗ സാധ്യത ഭീഷണമാംവിധം വര്‍ധിക്കുന്നതായി ഈയടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജീവിത ഭക്ഷണശൈലികളില്‍ അടക്കവും കൃത്യനിഷ്ഠയും നഷ്ടപ്പെട്ട മലയാളി കിട്ടുന്നതെല്ലാം ആര്‍ത്തിയോടെ അകത്താക്കുന്നു. എന്തും വരട്ടെ പണമുള്ളതുകൊണ്ട് ചികിത്സ നടത്തി രക്ഷപ്പെടാമെന്ന ചിന്തയാണ്. എന്നാല്‍ ഹൃദയാഘാതം വന്നതിനുശേഷം നടത്തപ്പെടുന്ന ചികിത്സകളെല്ലാം പാച്ച്‌വര്‍ക്കുകളാണെന്നും ഹൃദ്രോഗത്തിന് ഒരു ശാശ്വത ചികിത്സയില്ലെന്നുമുള്ള യാഥാര്‍ഥ്യം മലയാളി മനസിലാക്കുന്നില്ല. ഈ ധാര്‍ഷ്ട്യം അത്യാഹിതങ്ങളെ ക്ഷണിച്ചുവരുത്തുകതന്നെ ചെയ്യും.

(ലേഖകന്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനും ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്)

Ads by Google
Ads by Google
Loading...
TRENDING NOW