Tuesday, August 21, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 24 Sep 2017 06.24 PM

ഗൗരി ലങ്കേഷ് മാത്രമല്ല, സെബാസ്റ്റ്യന്‍ പോളും: അസഹിഷ്ണുതയുടെ മാറുന്ന മുഖങ്ങള്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും കാണുകയും കേള്‍ക്കുകയും ചെയ്യാത്തതരത്തില്‍ ഒരു കേസന്വേഷണം മാറുമ്പോള്‍ ചില സംശയങ്ങള്‍ സ്വാഭാവികമാണ്. ചോദ്യം ചെയ്തവരെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുക. ഓരോ ദിവസവും പരസ്പരബന്ധമില്ലാത്ത വിവരങ്ങള്‍ പുറത്തുവിടുക. കുറ്റാരോപിതന്‍ ജാമ്യത്തിന് നീങ്ങുന്ന ദിവസങ്ങളില്‍ പുതിയ ഏന്തെങ്കിലും കഥ മെനഞ്ഞുവിടുക. ഇങ്ങനെ പോലീസും ചിലരും ചേര്‍ന്ന് നടക്കുന്ന ഒരു കൂട്ടുകച്ചവടമാണോ ഇതെന്ന സംശയം പൊതുസമൂഹത്തിന് സ്വാഭാവികമാണ്.
Gauri lengesh, Dr. Sebastian Paul

മൂന്നാംകണ്ണ്

ആശയങ്ങളെ കൊലചെയ്യുകയെന്നത് ഫാസിസത്തിന്റെ രീതിയാണ്. അതിന് അവര്‍ എന്ത് നുണപ്രചരണവും ആയുധമാക്കും അതിലൂടെ സാധിച്ചില്ലെങ്കില്‍ തോക്കിന്‍കുഴലിലൂടെയോ കത്തിമുനയിലൂടെയോ അതിനെ കാലപുരിക്കയക്കും. ഇതിനെയാണ് നാം അസഹിഷ്ണുത എന്ന് പറയുന്നത്. ആ അസഹിഷ്ണുത ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ന് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശക്തമായ പ്രതിരോധം ജനാധിപത്യ- മതേതര- പുരോഗമന പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതും. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു മാത്രമല്ല, ആയുധം കൊണ്ടുപോലും വകവരുത്തുന്നുവെന്നതാണ് അവര്‍ക്കെതിരെയുള്ള ആരോപണം. അത് ഒരുപരിധിവരെ സത്യവും തെളിയിക്കപ്പെട്ടതുമാണ്. ഗൗരി ലങ്കേഷ്‌വരെ നിരവധിപേര്‍. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഇനി ചര്‍ച്ചചെയ്ത് വിഷയം മടുപ്പിക്കേണ്ടതുമില്ല. എന്നാല്‍ അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത് പറയുകയും ചെയ്യുന്നവരെ മറവിലിരുന്ന് ആക്രമിക്കുന്ന ഒരുതരം 'ഹിപ്പോക്രാറ്റിക്ക് അസഹിഷ്ണുത' നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുകയാണ്. ഉടുമുണ്ടില്ലാതെ പോകുന്ന രാജാവ് മനോഹരമായി വസ്ത്രം ധരിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് അംഗീകരിച്ചുകൊടുക്കണം. അല്ലെങ്കില്‍ അവരെ കാണാമറയത്തിരുന്ന് ആക്രമിക്കുന്ന ഒരുതരം ജാഡ ബുദ്ധിജീവി അസഹിഷ്ണുതയാണ് നമ്മെ ഇന്ന് ഭയപ്പെടുത്തുന്നത്.

കഴിഞ്ഞ കുറേനാളുകളായി അതിന്റെ ചില അനുരണങ്ങള്‍ നമ്മുടെ കേരളീയ സമൂഹത്തിലും പ്രകടമാകുന്നുണ്ട്. ഒരുപറ്റം ആള്‍ക്കാര്‍, അവര്‍ ഒരുപക്ഷേ മാദ്ധ്യമങ്ങളിലൂടെയായിരിക്കാം അല്ലെങ്കില്‍ തെറിപറയാനുള്ള വേദിയായ സമൂഹമാദ്ധ്യമങ്ങള്‍ എന്ന് നാം വിശേഷിപ്പിക്കുന്നിടത്തിരുന്നായിരിക്കാം ചിലകാര്യങ്ങള്‍ തീരുമാനിക്കും. അത് നാം അംഗീകരിച്ചുകൊടുക്കണം. ഈ ചുരുക്കത്തിന് ആരോടെങ്കിലുമുള്ള ശത്രുതയായിരിക്കാം ഒരുപക്ഷേ ഇത്തരത്തില്‍ പുറത്തുവരുന്നത്. അതിനെ ഭൂരിപക്ഷം വരുന്ന സമൂഹം അംഗീകരിക്കണമെന്ന് പറയുന്നിടത്താണ് പ്രശ്‌നം. അല്ലെങ്കില്‍ ഫെയ്‌സ്ബുക്കിലും വാട്ട്‌സ് ആപ്പിലും ചാനലുകളിലും കയറിയിരുന്ന് എതിര്‍ക്കുന്നവരെ ഇവര്‍ എന്തും പറയും. അതിനെയും അസഹിഷ്ണുതയുടെ ഗണത്തില്‍തന്നെയാണ് പെടുത്തേണ്ടത്.

ഇന്ന് ഈ പ്രവണത വര്‍ദ്ധിച്ചുവരികയുമാണ്. ഒരു വിഷയം കണ്ടെത്തുന്നു, അതില്‍ ഒരാളെ കുറ്റക്കാരനായി ചിത്രീകരിക്കുന്നു. പിന്നെ അയാള്‍ക്കെതിരെയുള്ള വിചാരണയും ശിക്ഷവിധിക്കലുമാണ് നടക്കുന്നത്. ഇവിടെ കോടതികള്‍ക്കോ, നീതിന്യായ സംവിധാനങ്ങള്‍ക്കോ ഒരു പ്രാധാന്യവുമില്ലെന്നതാണ് വസ്തുത. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ബാര്‍, സോളാര്‍ കേസുകള്‍ ഉദാഹരണമായി എടുത്താല്‍ അന്ന് നാം രാത്രി ഒന്‍പത് എന്നില്ലാതെ ഏത് സമയത്തും വേദികളില്‍ കയറിയിരുന്ന വെല്ലുവിളികള്‍ നടത്തുകയൂം കള്ളതെളിവുകള്‍ വരെ സൃഷ്ടിക്കാന്‍ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു. ആരെയൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്തു. ഇതെല്ലാം സമൂഹം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരുടെയും ക്രിമിനലുകളുടെയും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണെന്ന് മറക്കാന്‍പാടില്ല. മുമ്പ് ഐസ്‌ക്രീംപാര്‍ലര്‍ കേസിന്റെ പേരില്‍ ഇത് കുറേക്കാലം കൊണ്ടുനടന്നതാണ്. എന്നിട്ട് ഇവയൊക്കെ എവിടെയെത്തി. അന്തിചര്‍ച്ചകളില്‍ കുറ്റവാളികളായി വിധിച്ചവരും അതിനെ എതിര്‍ത്തവരെ അപമാനിച്ചവരുമൊക്കെ ഇപ്പോള്‍ എവിടെ, എങ്ങനെ എന്നതിനെക്കുറിച്ച് നാം ചിന്തിക്കുന്നില്ല.
ഇപ്പോള്‍ അതേപോലെയാണ് നടി ആക്രമിക്കപ്പെട്ട കേസും. ഒരു നടിയെന്ന രീതിയിലല്ല, ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ അതിന്റെ പിന്നില്‍ ആരായാലും അവന്‍ ശിക്ഷിക്കപ്പെടണം. അതിന് പണ്ട് ജപ്പാനില്‍ ടോജോ ചെയ്തതുപോലുള്ള കഠിനശിക്ഷ നല്‍കുന്നതുപോലൂം തെറ്റല്ലെന്നാണ് നിലപാട്. അതില്‍ മാറ്റവുമില്ല. അതിന് ആക്രമിക്കപ്പെട്ട വ്യക്തിയുടെ സ്വഭാവഗുണങ്ങള്‍ നമ്മള്‍ വിശകലനം ചെയ്യേണ്ടതുമില്ല. ഒരു സ്ത്രീയെ അവളുടെ അറിവോ സമ്മതമോ ഇല്ലാതെ അപമാനിച്ചാല്‍ അത് ശിക്ഷാര്‍ഹമാണ്. അതില്‍ ഒരു മാറ്റവും ആവശ്യമില്ല.

അതേസമയത്ത് കുറ്റം തെളിയിക്കപ്പെടുകയും വേണം എന്നാണ് നമ്മുടെ നിയമസംഹിതകള്‍ പറയുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണ് നമ്മുടെ നീതിസാരം. അതുകൊണ്ടുതന്നെ കൃത്യമായ അന്വേഷണത്തിന്റേയും വിലയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് അത് നിര്‍വഹിക്കേണ്ടത്. അത് ചെയ്യേണ്ടത് അന്വേഷണസംവിധാനങ്ങളും നീതിപീഠവുമാണ്. അതില്‍ നമുക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകും. അത് പ്രകടിപ്പിക്കുന്നവരെ താറടിക്കുന്നതാണ് അസഹിഷ്ണുത.
നടിയെ ആക്രമിച്ചകേസില്‍ കുറ്റാരോപിതനായി ചലച്ചിത്രതാരമായ ദിലീപ് കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തടവറയിലാണ്. ജാമ്യം പോലും നിഷേധിക്കപ്പെട്ടാണ് അദ്ദേഹത്തിന്റെ ജയില്‍വാസം. ജാമ്യം നിഷേധിക്കുന്നത് അദ്ദേഹത്തില്‍ ആരോപിച്ചിരിക്കുന്ന ബലാല്‍ത്സംഗത്തിന് ചുമത്തുന്ന വകുപ്പുള്‍പ്പെടെയുള്ളവ കൊണ്ടാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കോടതിപോയിട്ടില്ല. പോലീസിനെ വിശ്വസിച്ച് ജാമ്യം നിഷേധിക്കുന്നു. ഇതാണ് സാഹചര്യം. അതിനിടയില്‍ നാം ഇവിടെ വിചാരണനടത്തുകയാണ് കുറ്റവാളിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നവരുടെ പക്ഷംപോലും കേള്‍ക്കാതെ, അവരെ കുറ്റക്കാരായ വിധിച്ച് ഗളചേ്ഛദത്തിനും അപ്പുറമുളള ശിക്ഷവിധിക്കുകയാണ്. ഒരു വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തിനെ മുഴുവനും കൊല്ലുന്ന രീതിയാണ് ഇന്ന് സമൂഹം പിന്തുടരുന്നത്. ഇത് ഭൂഷണമാണോയെന്ന് ചോദിക്കുന്നവരും ആക്രമിക്കപ്പെടുന്ന സാഹചര്യം.

ഡോ: സെബാസ്റ്റ്യന്‍പോള്‍ ഇത്തരത്തില്‍ ഒരു ആക്രമണത്തിന്റെ ഇരയാണ്. നിയമത്തിലും മാദ്ധ്യമപ്രവര്‍ത്തനത്തിലും നല്ല പ്രാവീണ്യമുളള അദ്ദേഹം തന്റെ ചില സംശയങ്ങള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പൊതുസമൂഹവുമായി പങ്കുവച്ചുവെന്നതാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്ന പ്രധാനകുറ്റം. സ്വന്തം സംശയങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. അതിനെ എതിര്‍ക്കാനും മറുപടി പറയാനും മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരാളിനെ തേജോവധം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അവിടെയാണ് അസഹിഷ്ണുതയുണ്ടാകുന്നത്. നമ്മള്‍ ദിലീപിനെ കുറ്റക്കാരനായി വിധിച്ച് തീര്‍പ്പുകല്‍പ്പിച്ചുവെന്നതുകൊണ്ട് നീതിപീഠത്തിന് അദ്ദേഹത്തിനെതിരെ മറിച്ചൊരു തീരുമാനം എടുക്കാന്‍ പാടില്ലെന്ന് പറയുന്നതിന് തുല്യമാണിത്. ഡോ: സെബാസ്റ്റ്യന്‍ പോളിനെതിരെ ഉറഞ്ഞുതുള്ളുന്നവര്‍ക്ക് എന്നുമുതലാണ് പോലീസ് എന്ന ഭരണകൂടായുധം വിശ്വസനീയമായ ഒരു സംവിധാനമായത് എന്ന് അറിയാനും ആഗ്രഹമുണ്ട്. കേരളത്തിന്റെ എന്നല്ല, ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ പോലീസ് എന്നത് എന്നും ഭരണകൂടത്തിന്റെ ചട്ടുകങ്ങളാണ്. തങ്ങള്‍ക്ക് എന്തോ ചിലകാര്യങ്ങള്‍ കൊണ്ട് ഇഷ്ടമല്ലെന്ന് കണ്ട് വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു വ്യക്തിയെ പിടിച്ച് അകത്തിട്ടുവെന്നതിന്റെ പേരില്‍ മാത്രം പോലീസ് എന്നത് പുണ്യാളന്മാരുടെ സംഘടനയാകുമോയെന്ന സംശയമാണ് സെബാസ്റ്റ്യന്‍ പോളിനെപ്പോലെ മറ്റുപലര്‍ക്കുമുള്ളത്. അങ്ങനെയാണെങ്കില്‍ ഡി.ജി.പി ഓഫീസിന് മുന്നില്‍ വച്ച് വിഷ്ണുപ്രണോയിയുടെ അമ്മയെ ആക്രമിച്ചതും പുതുവയ്പ്പിനില്‍ പ്രതിഷേധിച്ച നാട്ടുകാരെ തല്ലിചതച്ചതുമായ പോലീസിന്റെ നടപടികള്‍ ശരിയായിരുന്നുവോയെന്നുകൂടി ഇക്കൂട്ടര്‍ പറയണം.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും കാണുകയും കേള്‍ക്കുകയും ചെയ്യാത്തതരത്തില്‍ ഒരു കേസന്വേഷണം മാറുമ്പോള്‍ ചില സംശയങ്ങള്‍ സ്വാഭാവികമാണ്. ചോദ്യം ചെയ്തവരെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുക. ഓരോ ദിവസവും പരസ്പരബന്ധമില്ലാത്ത വിവരങ്ങള്‍ പുറത്തുവിടുക. കുറ്റാരോപിതന്‍ ജാമ്യത്തിന് നീങ്ങുന്ന ദിവസങ്ങളില്‍ പുതിയ ഏന്തെങ്കിലും കഥ മെനഞ്ഞുവിടുക. ഇങ്ങനെ പോലീസും ചിലരും ചേര്‍ന്ന് നടക്കുന്ന ഒരു കൂട്ടുകച്ചവടമാണോ ഇതെന്ന സംശയം പൊതുസമൂഹത്തിന് സ്വാഭാവികമാണ്. അത് ദൂരീകരിക്കുന്നതിന് പകരം തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ പറഞ്ഞില്ലെന്നതിന്റെ പേരില്‍ സെബാസ്റ്റ്യന്‍ പോളിനെപ്പോലെ ഇത്രയധികം വിശ്വസനീയതയും ബഹുമാനവുമുള്ള ഒരു വ്യക്തിയെ പരസ്യമായി അപമാനിക്കാന്‍ തുനിഞ്ഞിറങ്ങുന്നതും അസഹിഷ്ണുത തന്നെയാണ്.

ഇത് ഇന്ന് സത്യം പറയുന്നതില്‍ നിന്നും പലരേയും പിന്നോക്കം പിടിച്ചുവലിക്കുകയുമാണ്. സൂര്യവെളിച്ചത്തില്‍ വരാതെ ഇരുണ്ടമുറികളിലും കൃത്രിമവെളിച്ചത്തിലും ഏതെങ്കിലും ഗൂഢസങ്കേതങ്ങളിലിരുന്ന് നിഴല്‍യുദ്ധം നടത്തുന്നവരാണ് ഇക്കൂട്ടര്‍. ഏറ്റവും സാമൂഹികവിരുദ്ധ ആയുധമായ സാമൂഹികമാദ്ധ്യമങ്ങള്‍ എന്നതാണ് ഇവരുടെ ആയുധം. പരസ്പരം കാണാതെ ആരെയും എന്തും പറയാനുള്ള വേദിയാണിത്. ആ ചുവരുകളില്‍ എന്തും ഏതും എഴുതാം, ചോദിക്കാനും പറയാനും ആരുമില്ല, ഇതും ഒരുതരം ഫാസിസമാണ്. ഒളിവിലിരുന്ന് വ്യക്തിഹത്യനടത്തുകയെന്ന അസഹിഷ്ണുത. അതും മാറ്റപ്പെടേണ്ടതാണ്. ഇവിടെ വിധിക്കാനും ശിക്ഷിക്കാനും ഇക്കൂട്ടര്‍ക്കല്ല, മറിച്ച് നീതിപീഠത്തിനാണ് അധികാരം.
സാമൂഹികവിപ്ലവം നടത്താനാണെങ്കില്‍ നടിക്കുണ്ടായതുപോലെ സമാനമായ വിഷയങ്ങള്‍ എത്രയോ ഈ സമൂഹത്തിലുണ്ടാകുന്നു. എന്തുകൊണ്ട് അതിലൊന്നും ഇവര്‍ വായതുറക്കാന്‍ ധൈര്യപ്പെടുന്നില്ല. എന്തിനേറെ അടുത്തിടെയാണല്ലോ, ചില സ്ത്രീകള്‍ ചേര്‍ന്ന് കൊച്ചിയില്‍ നടുറോഡില്‍ വച്ച് പട്ടാപ്പകല്‍ ഒരു ടാക്‌സിഡ്രൈവറെ അയാളുടെ അടിവസ്ത്രം വരെ വലിച്ചുകീറി തല്ലിചതച്ചത്. അത് കുറ്റമായി കാണുന്നില്ലേ, എവിടെപ്പോയി പ്രതികരണതൊഴിലാളികളുടെ ശബ്ദം. ഇത്രയേറെ കൊട്ടിഘോഷിക്കുന്ന കേരള പോലീസ് അക്കാര്യത്തില്‍ നടത്തിയ പ്രവര്‍ത്തനത്തെയും നിങ്ങള്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ടോയെന്നും അറിയാന്‍ പൊതുസമൂഹത്തിന് ആഗ്രഹമുണ്ടാകും. രാത്രി എട്ടുമുതല്‍ പൂങ്കുലകളുമായി തുള്ളുന്ന മാടന്മാരെയും യക്ഷിമാരെയുമൊന്നും ഇക്കാര്യത്തില്‍ കണ്ടുമില്ല.

Ads by Google
Ads by Google
Loading...
TRENDING NOW