Wednesday, September 26, 2018 Last Updated 18 Min 36 Sec ago English Edition
Todays E paper
Ads by Google

ഉയിര്‍പ്പ്

P.S. Abhayan
P.S. Abhayan
Saturday 23 Sep 2017 12.23 PM

തോക്കുകള്‍ക്കേ മാറ്റമുള്ളൂ...ഇരകളും വേട്ടക്കാരുമെല്ലാം പഴയതു തന്നെ !!

ഭരണസംഘടനയും അതിന്റെ സില്‍ബന്ധികളും സൂക്ഷിക്കുന്ന പരസ്യഅജണ്ഡയെ വിമര്‍ശിച്ചാല്‍ പാകിസ്ഥാന്‍ അനുകൂലിയായും രാജ്യദ്രോഹിയുമായി മുദ്രകുത്തപ്പെടുന്ന പശ്ചാത്തലം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരേ ശബ്ദക്കുകയും ദളിതുകളുടെയും കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും നിലപാടുകള്‍ക്കൊപ്പം സഞ്ചരിച്ചതായിരുന്നു ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ചുകളഞ്ഞത്.
uploads/news/2017/09/148967/gauri.jpg

ഒരു രാജ്യത്തിനെ അതിന്റെ നാശത്തിലേക്ക് നയിക്കുന്ന യാത്രയുടെ ഏറ്റവും പ്രകടമായ വശമാണ് എതിര്‍ശബ്ദങ്ങളെ കൊന്നൊടുക്കുക. പക്ഷേ ഒരാളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു ശബ്ദം അവിടെ ഉയര്‍ന്നു വന്നു കൊണ്ടിരിക്കും. പ്രമുഖ എഴുത്തുകാരനും പുരോഗമനവാദിയുമായ ഡോ. എസ് ഭഗവാന്റേതാണ് വിലയിരുത്തല്‍. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമുഹിക നീതി എന്നിവ ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മൂല്യവത്തായ വശമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത് പാരമ്പര്യമായി തുടര്‍ന്ന് പോരുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുന്ന മതനിരപേക്ഷതയാണ്. മതം എന്നത് വ്യക്തിപരമായ ഒന്നായി അത് വിലയിരുത്തുന്നു. അതേസമയം അടുത്തകാലത്തായി മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ഒരു അസാധാരണ സാഹചര്യം ലോകത്താകെമാനം ഭീതി പരത്തുന്നുണ്ട്.

ലോകം എക്കാലവും നേരിടുന്ന ഏറ്റവും അപകടകാരിയായ വംശീയതയുടേയും കെടുതികളുടെയും വേരുകള്‍ വിശ്വാസത്തിനപ്പുറത്തേക്ക് വികാരമായി മതം മാറിയത് മൂലമാണെന്ന് വരുന്നുണ്ട്. മതവും തോക്കുകളും അക്രമവും സന്തതസഹചാരികളാമ്പോള്‍ മതത്തെ വിമര്‍ശിച്ചിടത്തെല്ലാം തോക്കുകളും അക്രമവും ശബ്ദിച്ചിട്ടുണ്ട്. വിശ്വാസം സംരക്ഷിക്കാന്‍ കൊലപ്പെടുത്താന്‍ തയ്യാറായി പോലും വിശ്വാസികള്‍ സംഘം ചേരൂക, ക്രമസമാധാനനില തകരാറിലാക്കും വിധം വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുക, തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നിശബ്ദമാക്കുക തുടങ്ങി മതത്തിനെ മുന്‍ നിര്‍ത്തിയുള്ള ജനാധിപത്യ ധ്വംസനങ്ങള്‍ പതിവാകുന്ന കാഴ്ച തീര്‍ച്ചയായും മനസ്സാക്ഷി മരിച്ചിട്ടില്ലെങ്കില്‍ സംഭ്രമിപ്പിക്കുക തന്നെ ചെയ്യും.

പ്രാദേശികമായും അന്താരാഷ്ട്ര പരമായും 2000 ന് ശേഷം ലോകത്തുടനീളമായി മതതീവ്രവാദവുമായി ബന്ധപ്പെടുത്തി അനേകം മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. കര്‍ത്തവ്യം നന്നായി നിറവേറ്റുന്നത് ഒട്ടേറെ പേര്‍ക്ക് തടസ്സമായി മാറിയപ്പോള്‍ ഏകാധിപതികളുടേയും മതവാദികളുടെയും തോക്കിനും കത്തിക്കും ഇരയായ അനേകം മാധ്യമപ്രവര്‍ത്തകരുണ്ട്. വ്‌ളാഡിമര്‍ പുടിനെ എതിര്‍ത്ത റഷ്യയുടെ ചെച്‌നിയന്‍ ആക്രമണത്തെ ശക്തമായി എതിര്‍ത്ത് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പേന ഉയര്‍ത്തിയ നോവായ ഗസ്റ്റ് പത്രാധിപ അന്ന പോളിറ്റോവ്‌സ്‌കി. അല്‍ കൊയ്ദ പരസ്യമായി കഴുത്തറുത്ത ദാനിയേല്‍ പോള്‍, ഐഎസ് ഭീകരരാല്‍ വധിക്കപ്പെട്ട ജോയല്‍ സോട്ട്‌ലോഫ്, ജാപ്പനീസ് ജര്‍ണലിസ്റ്റ് കഞ്ചിഗോട്ടോ ഇവരെല്ലാം മരണത്തോളം പോയ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരായിരുന്നു.

ചെച്‌നിയയ്‌ക്കെതിരേ റഷ്യ നടത്തിയ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത അന്ന വ്‌ളാഡിമര്‍ പുടിനെ എതിര്‍ത്തതിന്റെ പേരില്‍ അന്ന 2006 ല്‍ കൊല്ലപ്പെട്ടു. സ്വന്തം ഫ്‌ളാറ്റിന് മുന്നിലാണ് അന്ന വെടിയേറ്റ് മരിച്ചത്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ അമേരിക്കന്‍ ഇസ്രായേലി പൗരത്വം ഉണ്ടായിരുന്ന ദാനിയേല്‍ പോളിനെ 2002 ഫെബ്രുവരി 1 നായിരുന്നു അല്‍ കൊയ്ദ തീവ്രവാദികള്‍ കഴുത്തറുത്തത്. 2001 ലെ 9/11 ആക്രമണത്തിന് പിന്നാലെ ഭീകരതയ്‌ക്കെതിരേയുള്ള അമേരിക്കയുടെ യുദ്ധത്തെക്കുറിച്ച് പഠിക്കാന്‍ പോയതായിരുന്നു ദാനിയേല്‍. തട്ടിക്കൊണ്ടു പോകുമ്പോള്‍ അദ്ദേഹം പത്രത്തിന്റെ സൗത്ത് ഏഷ്യയുടെ ബ്യൂറോ ചീഫായി മുംബൈയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ഷൂ ബോംബര്‍ എന്ന് കൂടി അറിയപ്പെട്ട ബ്രിട്ടീഷ് പൗരനായ പാക് വശംജന്‍ റിച്ചാഡ് റീഡിന്റെ അല്‍ കൊയ്ദാ ബന്ധം അന്വേഷിക്കാന്‍ കറാച്ചിയിലെത്തിയതായിരുന്നു ദാനിയേല്‍. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ പാകിസ്താനിലേക്ക് പ്രവേശിച്ചാല്‍ ഇതാകും സ്ഥിതിയെന്നാണ് പോളിനെ കൊലപ്പെടുത്തിയ ശേഷം അല്‍ക്വൊയ്ദ അവസാനമായി അയച്ച സന്ദേശം. അമേരിക്കന്‍ ജര്‍ണലിസ്റ്റ് ജെയിംസ് റൈറ്റ് ഫോളിക്കും ടൈംമാഗസിന്റെയും ജറുസലേം പോസ്റ്റിന്റെയും മാധ്യമപ്രവര്‍ത്തകനായിരുന്ന ജോയല്‍ സോട്ട്‌ലോഫിനെ 2014 സെപ്തംബര്‍ 2 നായിരുന്നു ഐഎസ് തീവ്രവാദികള്‍ വധിച്ചത്. സിറിയയിലെ അലെപ്പോയില്‍ നിന്നും 2013 ല്‍ തട്ടിക്കൊണ്ടു പോകപ്പെട്ട സോട്ട്‌ലോഫിനും ജാപ്പനീസ് ജര്‍ണലിസ്റ്റ് കെഞ്ചിഗോട്ടോയ്ക്കും സമാന അനുഭവമായിരുന്നു. പക്ഷേ ആരാച്ചാര്‍മാര്‍ ഐഎസ് ആയിരുന്നെന്ന് മാത്രം.

സ്വതന്ത്ര ചിന്താഗതി അവതരിപ്പിച്ചതിന്റെ പേരില്‍ മതഭ്രാന്തന്മാരുടെ ഇരയായ ബംഗ്‌ളാദേശ് ബ്‌ളോഗര്‍ അവിജിത് റോയി. പരിണാമസിദ്ധാന്തമാണ് ശരിയെന്നും മതങ്ങള്‍ വിഡ്ഡികളായ മനുഷ്യരുടെ സൃഷ്ടിയാണെന്ന് പറഞ്ഞതിനാണ് 2015 സെപ്തംബര്‍ 15 ന് വര്‍ഗ്ഗീയവാദികളാല്‍ ബംഗ്‌ളാദേശില്‍ കഴുത്തറുക്കപ്പെട്ടത്. ഇന്ത്യയില്‍ മതേതര മൂല്യത്തിനായി ബലിയര്‍പ്പിക്കപ്പെട്ട അവസാന ശ്വാസം ഗൗരി ലങ്കേഷായിരുന്നു. ഭരണസംഘടനയും അതിന്റെ സില്‍ബന്ധികളും സൂക്ഷിക്കുന്ന പരസ്യഅജണ്ഡയെ വിമര്‍ശിച്ചാല്‍ പാകിസ്ഥാന്‍ അനുകൂലിയായും രാജ്യദ്രോഹിയുമായി മുദ്രകുത്തപ്പെടുന്ന പശ്ചാത്തലം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരേ ശബ്ദക്കുകയും ദളിതുകളുടെയും കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും നിലപാടുകള്‍ക്കൊപ്പം സഞ്ചരിച്ചതായിരുന്നു ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ചുകളഞ്ഞത്. സ്വന്തം വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ചതിന്റെ പേരില്‍ വധിക്കപ്പെടുന്ന അത്യപൂര്‍വ്വ സംഭവത്തിലെ നായിക പക്ഷേ കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് പോലും തന്റെ മതേതര കാഴ്ചപ്പാടില്‍ ഉറച്ചു നില്‍ക്കുകയും അക്കാര്യം പരിപാലിക്കുന്ന കേരളത്തോടുള്ള ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്താണ് മരണം ഏറ്റുവാങ്ങിയത്.

കോളേജ് അധ്യാപനം അവസാനിപ്പിച്ച് മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരികയും കച്ചവട താല്‍പ്പര്യങ്ങളുടെ ബന്ധനാവസ്ഥയെ ഒഴിവാക്കിയും പിതാവ് നടത്തിയ പത്രപ്രവര്‍ത്തനം അങ്ങിനെ തന്നെ കൊണ്ടുപോയ ഗൗരി ലങ്കേഷിന് ജനങ്ങളുടെ ശബ്ദമാവാന്‍ കഴിഞ്ഞിരുന്നു. പരസ്യവരുമാനം നോക്കാതെ കച്ചവടതാല്‍പ്പര്യത്തില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും മാറി നിന്ന് വിറ്റുവരുമാനം കൊണ്ടു മാത്രം മാധ്യമം നടത്തിയ ആധുനിക കാലത്തെ അപൂര്‍വ്വം ചില പത്രാധിപരായിരുന്നു അവര്‍. ന്യൂനപക്ഷങ്ങളും ദളിതരും അവരുടെ വിഷയങ്ങളായി. രോഹിത് വെമുല പ്രശ്‌നം കര്‍ണാടകത്തില്‍ ശക്തമായി ഉന്നയിച്ചത് ഗൗരി ലങ്കേഷായിരുന്നു. ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ജെഎന്‍യു യുവനേതാവ് കനയ്യാകുമാര്‍, ഷെഹ്‌ലാ റഷീദ് എന്നിവരൊക്കെയുമായി നല്ലബന്ധം പുലര്‍ത്തി.

ഫാസിസ്റ്റു മതഭ്രാന്തന്മാരും കര്‍ത്തവ്യം മറക്കുന്ന ഭരണകൂടവും പാളിപ്പോകുന്ന നയതന്ത്രങ്ങളും അവരുടെ ശത്രുപക്ഷത്തായിരുന്നു. ഹിന്ദുവിന് പകരം ഹിന്ദു വര്‍ഗ്ഗീയതയെ എതിര്‍ത്തതായിരുന്നു ഗൗരി ലങ്കേഷിന് ഏറ്റവും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്. ജാതിവാദത്തിലും അയിത്തത്തിലും നില കൊള്ളുന്ന ഹിന്ദുമേല്‍ക്കോയ്മയെ ശക്തമായി എതിര്‍ത്ത അവര്‍ 2003 ല്‍ ഗുരുദത്താത്രേയ ബാബാബുദന്‍ എന്ന സൂഫിദര്‍ഗ്ഗയെ കാവിപുതപ്പിക്കാന്‍ നടന്ന ശ്രമങ്ങളെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. ഒരു ഇന്ത്യന്‍ പൗരന്‍ എന്നനിലയില്‍ ഭരണപക്ഷത്തിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ പരസ്യമായി എതിര്‍ക്കുന്നെന്നും ഭരണഘടന തന്നെ പഠിപ്പിക്കുന്നത് വര്‍ഗ്ഗീയവാദിയാകാനല്ല മതേതരവാദിയാകാനാണെന്നും വര്‍ഗ്ഗീയതയോട് പോരാടുന്നത് തന്റെ അവകാശമാണെന്നും തുറന്നുപറയാന്‍ അവസാനശ്വാസം വരെ അസാധാരണ ധൈര്യം കാട്ടി. കേരളത്തെ തെറ്റായ ആശയം കൊണ്ട് വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്കെതിരേയുള്ള തിരുത്തായിരുന്നു മരിക്കുന്നതിന് തൊട്ടുമുമ്പത്തെ പോസ്റ്റ്.

എഴുത്തുകളെ ഭയക്കുന്നവരുടെ ആക്രോശം ഗൗരിലങ്കേഷില്‍ അവസാനിച്ചു എന്ന് കരുതേണ്ട. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് നേരെ ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ ജനാധിപത്യവാദങ്ങളെ ഇല്ലാതാക്കാന്‍ കൊല്ലേണ്ട ശബ്ദങ്ങളെ തീരുമാനിച്ച് കത്തിക്ക് മൂര്‍ച്ചകൂട്ടി അവര്‍ ഇപ്പോഴും കാത്തിരിപ്പുണ്ടെന്നതിന്റെ ചില സൂചനകള്‍ കൂടിയുണ്ട്. കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സ്വഛഭാരത് പ്രചരണത്തിന് തൊട്ടപ്പുറത്ത് നരകജീവിതം നയിക്കുന്ന തോട്ടികളുടെ ദുരിതജീവിതത്തെ തുറന്നു കാട്ടിയ ഞെട്ടിപ്പിക്കുന്ന ഹൃസ്വസിനിമ 'കക്കൂസ്' ഒരുക്കിയ ആധുനിക തലമുറയിലെ ഏറ്റവും ശ്രദ്ധേയയായ ഡോക്യുമെന്ററി സംവിധായിക തമിഴ്‌നാട്ടുകാരി ദിവ്യഭാരതിയും 'നിയോഗം' എന്ന ദുരാചാരത്തെ വിമര്‍ശിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകനെപ്പോലെയുള്ളവരും ഈ പട്ടികയില്‍ വരും. 3000 ല്‍ പരം ഭീഷണികളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് ദിവ്യഭാരതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പത്രപ്രവര്‍ത്തന രംഗത്ത് നിരവധി പുരസ്‌ക്കാരങ്ങള്‍ നേടുകയും ഇന്ദിരാഗാന്ധിയെ കുറിച്ച് വിമര്‍ശനാത്മകമായി ജീവചരിത്രം രചിക്കുകയും ചെയ്ത ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തക സാഗരികഘോഷിന് മതവാദികളുടെ രൂക്ഷമായ ഭീഷണിയെ തുടര്‍ന്നായിരുന്നു അടുത്തകാലത്ത് തന്റെ ചില സ്വതന്ത്രപോസ്റ്റുകള്‍ പിന്‍വലിക്കേണ്ടിയും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നു തന്നെ പിന്‍വലിയേണ്ടിയും വന്നത്. മുസ്‌ളീങ്ങള്‍ ഇന്ത്യയില്‍ വേട്ടയാടപ്പെടുന്നു എന്ന അവരുടെ കുറിപ്പില്‍ അലോസരപ്പെട്ടവര്‍ കൂട്ട ബലാത്സംഗം ചെയ്യുമെന്നും മകളെ പീഡിപ്പിക്കുമെന്നും വരെ ഭീഷണിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ ഇന്നു നേരിടുന്ന മൂന്ന് പ്രശ്‌നങ്ങള്‍ കോര്‍പ്പറേറ്റ് വല്‍ക്കരണം, രാഷ്ട്രീയ വല്‍ക്കരണം , വാര്‍ത്തകളെ നിസ്സാര വല്‍ക്കരിക്കല്‍ തമസ്‌ക്കരിക്കല്‍ എന്നിവയാണെന്നാണ് അടുത്തിടെ ഒരു മലയാള മാധ്യമം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയത്.

രോഹിത് വെമുലയ്ക്കും കനയ്യാകുമാറിനും കവിത സമര്‍പ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹിയെന്ന് താന്‍ മുദ്രകുത്തപ്പെട്ടെന്നാണ് ഉറുദു കവി ഗൗഹര്‍ റസയുടെ വിലാപം. യുറോപ്പില്‍ വംശീയത ഉപയോഗിക്കുന്ന ആയുധം തന്നെയാണ് ഇന്ത്യയില്‍ വര്‍ഗ്ഗീയതയും പിന്തുടരുന്നത്. രണ്ടിന്റെയും ലക്ഷ്യം വംശീയതയും വര്‍ഗ്ഗീയതയും പരീക്ഷിച്ച് സമൂഹത്തെ വിഘടിപ്പിക്കലും ശക്തിപ്രാപിക്കലുമാണെന്ന് ഗൗഹര്‍ റാസ പറയുന്നു. ഭരണകൂടത്തിന് കീഴടങ്ങുമ്പോള്‍ മുതല്‍ മാധ്യമരംഗത്തോടൊപ്പം ഒരു രാജ്യവും തകര്‍ന്നു തുടങ്ങുമെന്ന് വിലയിരുത്തപ്പെടുന്നവരാണ് ഇന്ത്യയിലെ നിലവിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും. ഒരു മികച്ച മാധ്യമം മാര്‍ക്കറ്റില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകന്നു തന്നെ നില്‍ക്കണമെന്ന കഴിഞ്ഞകാല ധാരണയില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

9/11 ആക്രമണത്തിന് ശേഷം അമേരിക്കയും മറ്റ് രാജ്യങ്ങളും ഭീകരതയ്ക്ക് എതിരേയെന്ന പേരില്‍ മദ്ധ്യേഷ്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഭീകരതയെ ഇല്ലാതാക്കുന്നതിന് പകരം ലോകത്ത ഇസ്‌ളാമിക ഫോബിയ തന്നെ സൃഷ്ടിച്ചുകളഞ്ഞെന്ന മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് നഖ്‌വിയുടെ വിലയിരുത്തല്‍ പ്രസക്തമാണ്. സമാനമായ ഒരു കണ്ടെത്തല്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ മാധ്യമത്തില്‍ നല്‍കിയ ലേഖനത്തിലൂടെ എഴുത്തുകാരന്‍ ആനന്ദ് നടത്തുന്ന നിരീക്ഷണവും ശ്രദ്ധേയമാണ്.

'' 1975-77 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ആഭ്യന്തര അടിയന്തിരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളുടെയും കടുത്ത പരീക്ഷണമായിരുന്നു. ബൗദ്ധീകമായും സാമാന്യ ജീവിതത്തിലും കടുത്ത സ്വാതന്ത്ര്യ നിഷേധം, സെന്‍സര്‍ഷിപ്പ്, കരി നിയമങ്ങള്‍ എന്നിങ്ങനെ ഭരണഘടനയിലെ മൗലീകാവകാശങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കപ്പെട്ടു. രാജ്യം മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ ആയത് സമ്മാനിച്ചത് ഗുണപരമായ പരിണാമമായിരുന്നില്ല. ജനവികാരത്തെ മുതലെടുത്തുകൊണ്ട് പിന്നാമ്പുറങ്ങളില്‍ മേഞ്ഞിരുന്ന വര്‍ഗ്ഗീയ സംഘടനകള്‍ മുന്നില്‍ വരികയും മാന്യത നേടുകയും ചെയ്തു. രാഷ്ട്രീയ സ്വയം സേവക് സംഘ്, ജമാ അത്തെ ഇസ്‌ളാമി, ആനന്ദ് മാര്‍ഗ്ഗ് എന്നിവ. ആര്‍എസ്എസില്‍ നിന്നും പലതരം സേനകളും അകാലിദളില്‍ നിന്നും ഖലിസ്ഥാന്‍ വാദികളും ജമാ അത്തില്‍ നിന്നും പലതരം തീവ്ര ഇസ്‌ളാമിക വാദികളും ഉയിരെടുത്തു. ''

ഗൗരി ലങ്കേഷിന്റെ കാര്യത്തില്‍ ആരാണ് വധത്തിന് പിന്നിലെന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെങ്കിലും അവരുടെ മരണത്തില്‍ സന്തോഷിക്കുന്നവരുടെ രാഷ്ട്രീയം ഇക്കാര്യത്തില്‍ ഏറെക്കുറെ വ്യക്തമാണ്. ചില സംഘടനകളെ വിമര്‍ശിച്ചില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് കുറേക്കാലം കൂടി ജീവിച്ചിരിക്കുമായിരുന്നു എന്നും ഇത്തരം കുറിപ്പുകള്‍ തയ്യാറാക്കുന്നവര്‍ ആയുസിനുള്ള മൃത്യൂഞ്ജയ പൂജ കൂടി നടത്തുന്നത് നല്ലതാണെന്നും മറ്റും ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ വിളിച്ചു കൂവുമ്പോള്‍ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ വിമര്‍ശകര്‍ എന്ന പക്ഷത്ത് നിന്നും മാറി വക്താക്കള്‍ വേഷം കെട്ടിയില്ലെങ്കില്‍ ഇതും ഇതിനുമപ്പുറവും സംഭവിക്കുമെന്ന് പറയാതെ പറയുന്ന ഭീഷണി കൂടിയായി മാറുന്നുണ്ട്. അതായത് വര്‍ഗ്ഗീയത ആയുധമാക്കുന്നവര്‍ തോക്കുകള്‍ മാറിമാറി ഉപ​യോഗിക്കപ്പെടുമ്പോഴും ഇരകളും വേട്ടക്കാരും മാറ്റമില്ലാതെ തന്നെ തുടരുന്നെന്നര്‍ത്ഥം.

Ads by Google
Ads by Google
Loading...
TRENDING NOW