Wednesday, September 26, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Friday 22 Sep 2017 01.09 PM

#അവര്‍ക്കൊപ്പം മാത്രമല്ല, #സ്വാമിക്കൊപ്പവും

സന്യാസിമാരും മനുഷ്യാവകാശങ്ങളുള്ള പൗരന്മാരാണ്. സ്വാമി ഗംഗേശാനന്ദയ്ക്ക് നേര്‍ക്കു നടന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എങ്കിലും മുന്നോട്ടുവരണം
 swami Gangeswananda

കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ഒരു യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇപ്പോള്‍ ഈ നാട്ടില്‍ പ്രചരിക്കുന്ന പുതിയ ട്രെന്‍ഡ് ലിംഗഛേദം ആണെന്ന് തോന്നിപ്പോകും. പക വീട്ടാന്‍ ഏറ്റവും നല്ല മാര്‍ഗവുമായി പലരും തെരഞ്ഞെടുക്കുന്ന മാര്‍ഗമാണിത്. സ്ത്രീയാണ് ആക്രമിച്ചതെങ്കില്‍ മുറിവേറ്റ പുരുഷന്റെ വേദനയില്‍ ആനന്ദിക്കുന്നതിനൊപ്പം സ്ത്രീ ചെയ്ത ധീരകൃത്യത്തെ വാഴ്ത്താനും മത്സരിക്കുന്നവരാണ് മലയാളികള്‍.

കൊല്ലത്ത് സ്വാമി ഗംഗേശ്വാനന്ദ തീര്‍ത്ഥപാദയുടെ ജനനേന്ദ്രിയ ഛേദമാണ് കേരളം ഏറ്റവും കൂടുതല്‍ ആഘോഷിച്ച ലിംഗഛേദ വാര്‍ത്ത എന്നു വേണമെങ്കില്‍ പറയാം. പീഡനശ്രമം തടയുന്നതിനിടെ യുവതി സ്വാമിയെ ആക്രമിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സ്ത്രീ സമൂഹം മാത്രമല്ല, സദാചാരവാദികള്‍ ഒന്നടങ്കം ഉണര്‍ന്നു. ചെറുപ്പം മുതല്‍ തന്നെ ദുരുപയോഗിച്ചിരുന്ന സ്വാമിയെ ഉള്ളിലെ ദേഷ്യം തീര്‍ക്കാനായി ആ പെണ്‍കുട്ടി കത്തിയെടുത്ത് വെട്ടിവീഴ്ത്തി എന്ന് ചാനലുകള്‍ ബ്രേക്കിംഗ് കൊടുത്തപ്പോള്‍ നമ്മളില്‍ പലരും കയ്യടിച്ചു.

പീഡനക്കേസില്‍ സ്വാമി അകത്തുമായി. പിന്നീട് ജയിലും കോടതിയും ആശുപത്രിയുമായി നാളുകള്‍ നീണ്ട നരകജീവിതമാണ് ആ സ്വാമി നയിച്ചത്. അയാള്‍ക്ക് അതുതന്നെ വേണം എന്നു പറഞ്ഞ് അഭിമാനിച്ചവരാണ് നാം.

പിന്നീടാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്റെ പ്രേരണയാണ് ഇത്തരമൊരു സംഭവത്തിനു പിന്നിലെന്നും കാണിച്ച് പെണ്‍കുട്ടി തന്നെ കോടതിയില്‍ കത്ത് നല്‍കി. സ്വാമിയുടെ അഭിഭാഷകനോട് പെണ്‍കുട്ടി കുറ്റസമ്മതം നടത്തുന്ന ടെലിഫോണ്‍ റെക്കോര്‍ഡും പുറത്തുവന്നു.

അതിനിടെ, നുണ പരിശോധനയും വൈദ്യപരിശോധനയും കത്ത് പരിശോധനയുമായി 90 ദിവസങ്ങള്‍ കടന്നുപോയി. പോക്സോ നിയമം വരെ ചുമത്തപ്പെട്ട കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ പരാജയപ്പെട്ടതോടെ സ്വാമി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.

ഇവിടെ എന്താണ് സംഭവിച്ചത്. കുറ്റപത്രം നല്‍കാന്‍ പോലീസിന് കഴിയാതെ പോയതാണോ അതോ മനഃപൂര്‍വ്വം വേണ്ടെന്നു വച്ചതാണോ? സംഭവം നടന്ന് നാല് മാസം പിന്നിടുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതോടെ നീതി നിഷേധിക്കപ്പെട്ടത് പെണ്‍കുട്ടിക്ക് മാത്രമല്ല സ്വാമിക്കും കൂടിയാണ്. കുറ്റപത്രം നല്‍കി തുടര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ മാത്രമേ ഉചിതമായ സമയത്ത് നല്ല രീതിയില്‍ വിചാരണ നടത്താന്‍ കഴിയൂ. കുറ്റപത്രം നീളുന്നത് അനുസരിച്ച് വിചാരണയും നീളും. നിരപരാധിയാണെങ്കില്‍ ആ മനുഷ്യനോട് പോലീസ് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയുമായിരിക്കുമത്.

സ്ത്രീ പീഡനക്കേസില്‍ ഒരുത്തന്‍ പിടിക്കപ്പെട്ടാല്‍ പോക്സോയോ കൂട്ടമാനഭംഗമോ ചുമത്തിയാല്‍ സമയത്ത് കുറ്റപത്രവും സമര്‍പ്പിച്ചാല്‍ സ്വാഭാവികമായും വിചാരണ വരെ തടവുകാരനായി കഴിയാനാവും അവന്റെ വിധി. സൗമ്യ, നിര്‍ഭയ കേസുകളില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിച്ച് ഇരയ്ക്ക് നീതി നടപ്പാക്കിയ നീതിപീഠമാണ് നമ്മുക്കുള്ളത്. എന്നാല്‍ സ്വാമിയുടെ കേസില്‍ ഈ നീതി സ്വാമിക്കും ഇരയ്ക്കും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

അതിനിടെ, തനിക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ചിലരെ പ്രതികൂട്ടിലാക്കി സ്വാമിയും രംഗത്തെത്തിയിരുന്നു. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാനുള്ള ശ്രമം പോലീസ് ഉന്നതയുടെ വൈരാഗ്യത്തിന് ഇടയാക്കിയെന്നും തന്നെ ആക്രമിച്ചതിനു പിന്നില്‍ അവരാണെന്നും സ്വാമി ആരോപിച്ചു. എന്നാല്‍ ഇതേകുറിച്ചൊന്നും ആരും അന്വേഷിച്ചതായും അറിയില്ല. ആരോഗ്യവാനും കായികാഭ്യാസിയുമായ സ്വാമിയെ ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് എങ്ങനെ നേരിടാന്‍ കഴിഞ്ഞു എന്ന സംശയം ആരും ഉന്നയിച്ചുമില്ല.

 swami Gangeswananda

സാധാരണ ബുദ്ധികൊണ്ട് ചിന്തിക്കുന്ന ഒരാള്‍ക്ക് ഒന്നോ അതിലധികമോ പുരുഷന്മാരുടെ സഹായമില്ലാതെ ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാകും. അല്ലെങ്കില്‍ എന്തെങ്കിലും ലഹരികഴിച്ചുള്ള മയക്കത്തിലായിരിക്കണം. സാധാരണ രീതിയിലുളള ഉറക്കത്തിനിടെയാണ് ആക്രമണമെന്ന് പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇതാണ് ഈ കേസില്‍ സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമോ വന്നാല്‍ ഉചിതമായിരിക്കും എന്ന് ചിലര്‍ ആഗ്രഹിക്കുന്നത്. സത്യം എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന ചുരുക്കും ചില നിഷ്പക്ഷരാണവര്‍.

ഇത്തരം ആരോപണങ്ങളെ ഗൗരവത്തോടെ കാണാന്‍ സര്‍ക്കാരും ബാധ്യസ്ഥരാണ്. സന്യാസിയാണെങ്കിലും പുരോഹിതനാണെങ്കിലും അവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. അവര്‍ക്കു വേണ്ടി വാദിക്കാനോ ചാനല്‍ ചര്‍ച്ചകളില്‍ തൊണ്ടപൊട്ടിക്കാനോ ആര്‍ക്കും താല്‍പര്യം കാണില്ല. അവരും ഈ നാട്ടിലെ പൗരന്മാരാണ്. എല്ലാവരേയും പോലെയുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും ഉള്ളവരുമാണ്. ഏറ്റുവാങ്ങുന്ന വേദനകളും അപമാനങ്ങളും ഉള്ളിലൊതുക്കി ലോകത്തോട് സംസാരിക്കാനെ അവര്‍ക്കു പലപ്പോഴും കഴിയൂ. ശബ്ദമില്ലാത്തവരെ അടിച്ചമര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ ഇത് മുതലെടുക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കയ്യും കാലും തലയും കൊയ്യുന്ന നാടാണിത്. ഇവിടെ ഒരു സ്വാമിയുടെ ജനനേന്ദ്രിയം പോയാല്‍ ആര്‍ക്കും ഒന്നും തോന്നില്ല. എന്നാല്‍ കൈകാലുകള്‍ ഛേദിക്കുന്നതിനേക്കാള്‍ എത്രയോ ഭീകരമാണ് ഒരു മനുഷ്യന്റെ ജനനേന്ദ്രിയും വെട്ടിമുറിക്കുന്നത്. അത് എന്തിന്റെ പേരിലായാലും കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എങ്കിലും മുന്നോട്ടുവരണം.

പീഡനവീരനായ സ്വാമിക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രതിനിധികളുടെ ചോദ്യത്തോട് 'ഉചിതമായ നടപടി സ്വീകരിച്ചുകഴിഞ്ഞല്ലോ, ഇനി ബാക്കി നോക്കിയാല്‍ മതിയെന്ന്' വളിച്ച ഹാസ്യം പറഞ്ഞ മുഖ്യമന്ത്രിയും അതുകേട്ട് ആര്‍ത്തുചിരിച്ച മാധ്യമപ്രവര്‍ത്തകരും ഇനിയെങ്കിലും ലജ്ജിച്ച് തലതാഴ്ത്തട്ടെ, നിങ്ങളുടെ നിഗമനങ്ങള്‍ തെറ്റിപ്പോയി. സ്വന്തം കുടുംബത്തിലെ ആര്‍ക്കെങ്കിലും ഈ ദുരവസ്ഥ വന്നാലെ അതിന്റെ വേദന നാം അറിയൂ. നമുക്കും അച്ഛനും ഭര്‍ത്താവും സഹോദരനും മകനും ഉള്ളതാണെന്ന് ആരും മറക്കരുത്.

ഈ കേസില്‍ ശരിയായ ഒരു അന്വേഷണം നടന്നാല്‍, സമയത്ത് വിചാരണ നടന്നാല്‍ എന്തൊക്കെ സത്യങ്ങള്‍ പുറത്തുവരുമെന്നും ആരൊക്കെ കുടുങ്ങുമെന്നും പോലീസിനറിയാം. അതുകൊണ്ടു തന്നെയാണ് കുറ്റപത്രവും നിഷേധിക്കപ്പെടുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കിട്ടിയതോടെ മാധ്യമവിചാരണയ്ക്ക് ഇനി കുറച്ചുകാലം മറ്റൊരു ഇര വേണ്ടല്ലോ. ഇതുതന്നെയാണ് സ്വാമിയുടെ കേസ് അന്വേഷിച്ച പോലീസിനും തുണയായത്. ആ കേസില്‍ എന്തു സംഭവിച്ചു എന്നറിയാന്‍ ഒരു മാധ്യമവും തയ്യാറാകുന്നില്ല. എല്ലാവര്‍ക്കും ദിലീപിനെ മതി.

ഇവിടെ വിലക്കയറ്റവും ആര്‍.സി.സിയിലെ എച്ച്ഐവി പ്രശ്നവും റോഡുകളുടെ ശോചനീയാവസ്ഥയും ഒന്നും ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും നേരമില്ല. ദിലീപ് അറസറ്റിലാകുമ്പോള്‍ സംസ്ഥാനം കടുത്ത വിലക്കയറ്റത്തിലും പനിമരണങ്ങളുടെയും നടുവില്‍ നട്ടം തിരിയുകയായിരുന്നു. ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം അന്ന് ദിലീപിനെ വച്ച് സര്‍ക്കാര്‍ രക്ഷപ്പെട്ടു. എല്ലാ ജനകീയ വിഷയങ്ങളും വിവാദങ്ങളാല്‍ മറയ്ക്കണപ്പെടുന്നതാണ് നമ്മുടെ നാടിന്റെ ശാപവും.

Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Friday 22 Sep 2017 01.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW