Thursday, February 21, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 11 Sep 2017 04.53 PM

‘സ്പിതി’യിലേക്കു ഒരു സോളോ ട്രാവല്‍

uploads/news/2017/09/144982/travel-main.jpg

'നിങ്ങള്‍ ഒറ്റയ്ക്ക് യാത്ര പോയിട്ടുണ്ടോ...? ലോകം അതിന്റെ മുഴുവന്‍ ഭംഗിയും നിങ്ങളുടെ മുന്നില്‍ തുറന്നുകാട്ടും, അനുഭവങ്ങളും അറിവുകളും നിങ്ങളുടെ ലോകം വലുതാക്കും. ഒറ്റക്കാണെന്നുള്ള പേടി വേണ്ട, നമ്മളെ അറിയാനും നമുക്ക് അറിയാനും ഒരുപാട് പേര്‍ കാത്തിരുപ്പുണ്ടാകും.

ജോലിത്തിരക്കുകളുടെ മാനസിക സംഘര്‍ഷങ്ങള്‍, എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹങ്ങള്‍, ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന നിരാശ, എനിക്കൊരു ഇടവേള ആവശ്യമാണ്. മനസ്സിനെ ഉണര്‍ത്താന്‍, യുവത്വത്തെ വാര്‍ദ്ധക്യം പൊതിയാതിരിക്കാന്‍.

uploads/news/2017/09/144982/travel-main1.jpg

എന്നോ കൂടെകൂടിയ ഒരു ആഗ്രഹമാണ് ഹിമാലയന്‍ പര്‍വ്വതനിരകള്‍. ഒറ്റയ്ക്കുപോകണമെന്നു വിചാരിച്ചല്ല ഞാന്‍ ഈ യാത്ര പ്ലാന്‍ ചെയ്തത്. പക്ഷെ പറ്റിയ ആരും ഒരു യാത്രയ്ക്ക് പറ്റിയ അവസ്ഥയില്‍ ഇല്ലായിരുന്നതിനാല്‍ ഞാന്‍ ആ തീരുമാനനെടുത്തു, ഒറ്റയ്ക്കങ്ങുപോകുക. പിന്നെ നമ്മള്‍ മലയാളികള്‍ക്ക് പ്രചോദനമാകാന്‍ എപ്പോഴും വീടുവിട്ടിറങ്ങുന്ന കുഞ്ഞിക്കേടെ ചാര്‍ളിയുണ്ടല്ലോ. അതുകൊണ്ടു ഭ്രാന്താണൊന്നു ചോദിക്കുന്നവരോട് പറയാം, ഒരു ചാര്‍ളി കളി... കിടുവല്ലേ... പിന്നെ ഇപ്പോഴൊക്കയല്ലേ നടക്കൂ...

ഓണാവധിയും, പിന്നെ ഒരു 5 ദിവസം ലീവും, ശനിയും ഞായറും ഒക്കെ നുള്ളിപ്പെറുക്കിയാല്‍ എനിക്കൊരു 11 ദിവസം കിട്ടും, അതില്‍ രണ്ടു ദിവസം ഞാന്‍ വീട്ടില്‍ വിശ്രമത്തിനു മാറ്റിവെച്ചു. ഓണത്തിന് വീട്ടില്‍ ചെല്ലാത്തതിന്റെ വിഷമം എന്തായാലും വീട്ടുകാര്‍ക്കുകാണുമല്ലോ, അതും ആ വിശ്രമത്തില്‍ പരിഹരിക്കാം. അങ്ങനെ ബാക്കിയുള്ള 9 ദിവസം കണക്കാക്കി ഡല്‍ഹിക്കും തിരിച്ചു കൊച്ചിക്കുമുള്ള ടിക്കറ്റ് എടുത്തു.

uploads/news/2017/09/144982/travel-main2.jpg

പിന്നെ ഓരോരോ തിരക്കുകള്‍ കാരണം കൂടുതലൊന്നും പ്ലാന്‍ ചെയ്യാന്‍ കഴിയാതിരുന്ന എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഡെസ്റ്റിനേഷന്‍സ് മണാലിയും ചുറ്റിപ്പറ്റി കിടക്കുന്ന കസോള്‍, സൊലാങ് വാലി, റോത്തങ് പാസ് ഒക്കെയായി ഒതുങ്ങിയിരുന്നു. ലേഹ് ഒരു ബൈക്ക് യാത്ര ആഗ്രഹമുണ്ടായിരുന്നു എങ്കിലും ഞാന്‍ നോക്കിയ പാക്കേജുകളൊന്നും എന്റെകയ്യിലുള്ള ദിവസങ്ങള്‍ കൊണ്ട് കഴിയുന്നവയായിരുന്നില്ല, മണാലി എത്തീട്ടു എനിക്ക് 7 ദിവസങ്ങളെ ഉണ്ടായിരുന്നുള്ളു. ഒരു റൈഡേഴ്‌സ് പാക്കേജ് എടുക്കാതെ ലേഹ് ബൈക്ക് ട്രിപ്പ് പോകുന്ന റിസ്‌ക് ചിന്തിക്കാവുന്നതിലും വലുതാണ്.

ഒന്നും പ്ലാന്‍ ചെയ്യാതെ അവിടെയൊക്കെ പോയി കുറച്ചു കറങ്ങി നടന്നു ഉള്‍ഗ്രാമങ്ങളൊക്കെ കണ്ടു ഏതേലും പറ്റുന്ന ട്രെക്കിങ്ങൊക്കെ ചെയ്തു സമാധാനത്തോടെ കുറച്ചു ദിവസമിരിക്കാം എന്ന അലസചിന്താഗതിയോടെ ഇരുന്ന എന്റെ മനസ്സില്‍ 'സ്പിതി വാലി' എന്ന സ്വപ്നം കുത്തിനിറച്ചതു എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ റോയ് ആണ്. റോയ് പങ്കുവെച്ചത് പണ്ട് പോകാന്‍ പറ്റാഞ്ഞതിന്റെ നിരാശയായിരുന്നു, അതെനിക്ക് അഭിനിവേശമായി. അങ്ങനെ ഞാന്‍ എന്റെ പ്രധാന ഡെസ്റ്റിനേഷന്‍ ആയി സ്പിതി വാലി തിരഞ്ഞെടുത്തു.

uploads/news/2017/09/144982/travel-main3.jpg

മണാലിയില്‍ നിന്ന് ബൈക്ക് എടുത്തു സ്പിതിയിലേക്കുപോകുന്നതിന്റെ റിസ്‌കും ചിലവും മറ്റുകാര്യങ്ങളുമെല്ലാം റിസര്‍ച് ചെയ്തതില്‍ സ്പിതിയിലേക്കു വളരെ കുറച്ചുമാസങ്ങള്‍ മാത്രമേ യാത്ര സാധ്യമാകൂ എന്നും, മറ്റു സമയങ്ങളില്‍ മഞ്ഞു വീഴച കാരണം സ്പിതി ഐസൊലേറ്റഡ് ആയിരിക്കുമെന്നും ഞാന്‍ മനസ്സിലാക്കി. കുളുവില്‍ നിന്ന് പുറപ്പെട്ടു മണാലിവഴി കാസയിലേക്കു (ലാഹോള്‍ ആന്‍ഡ് സ്പിതി ഡിസ്ട്രിക്റ്റിലെ ഒരു കൊച്ചു ടൗണ്‍) ഒരു ബസ് ഉള്ളതായി അറിയാന്‍ കഴിഞ്ഞു. അങ്ങനെ ബസില്‍ സ്പിതി പോകാമെന്നുറപ്പിച്ചു ഞാന്‍ തിരുവന്തപുരത്തിന്നു വിമാനം കയറി.

ഒരേയൊരു ബസ്, അതും അതിരാവിലെ, സീറ്റ് കിട്ടുന്നതിലെ റിസ്‌ക്, ബുക്കിംഗ് ഇല്ല, ഇതെല്ലാം കണക്കിലെടുത്തതിനാല്‍ ഞാന്‍ മണാലി ചെന്ന് അടുത്തദിവസം തന്നെ സ്പിതിക്കു തിരിക്കാന്‍ തീരുമാനിച്ചു. മണാലി ബസ് ഇറങ്ങിയപ്പോള്‍ തന്നെ കാര്യങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ അന്വേഷിച്ചറിഞ്ഞു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്റെ ഒരു ഓര്‍ഡിനറി ബസ് ആണ് ഉള്ളത്. 299 രൂപ ആണ് ടിക്കറ്റ് ചാര്‍ജ്. 200 കിലോമീറ്റര് ദൂരമുണ്ട്. 12 മണിക്കൂര്‍ എടുക്കും.

uploads/news/2017/09/144982/travel-main4.jpg

അന്നത്തെ ദിവസം അവിടെയൊക്കെതന്നെ കറങ്ങിനടന്നു. മണാലിയില്‍ എല്ലാം യൂഷ്വല്‍ ആയിരുന്നു , എന്നാലും ഹഡിംബ ടെംപിള്‍ പോയത് എനിക്ക് വളരെ സന്തോഷം ഉളവാക്കിയ ഒന്നാണ്. കാരണം എന്തെന്നാല്‍ എം. ടി. യുടെ രണ്ടാമൂഴം നെഞ്ചിലേറ്റിയ ഒരു വ്യക്തിയാണ് ഞാന്‍. അതില്‍നിന്നു മനസ്സിലാക്കാം ഹിഡിംബിയുടെ പ്രധാന്യം. ഹിഡിംബിയുടെയും ഭീമന്റെയും മകന്‍ ഘടോല്‍ക്കചന്‍ ആയിരുന്നു മഹാഭാരത യുദ്ധത്തില്‍ എന്റെ ഹീറോ.

അലാറം ചതിച്ചില്ല, അതിരാവിലെ തന്നെ എണീറ്റ ഞാന്‍ 5 മണികഴിഞ്ഞപ്പോള്‍ ബസ് സ്്റ്റാന്‍ഡ് എത്തി. സോളോ ട്രാവലിന്റെ ഭംഗി അവിടെ തുടങ്ങുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ വെച്ച് പരിചയപ്പെട്ട ആസാംകാരന്‍ വീത്രാഗ്. ഒരു നല്ല സൈസുള്ള പയ്യന്‍, എല്ലാരോടും മിണ്ടുന്ന സ്വഭാവം, ബിസ്സിനെസ്സാണ് അംബീഷന്‍, മാനേജ്മന്റ് സ്റ്റുഡന്റ്. പിന്നെ ഞങ്ങള്‍ ഒരു ഗാങ്ങ് ആവുകയായിരുന്നു.

uploads/news/2017/09/144982/travel-main5.jpg

അങ്ങനെ 6 നു തന്നെ ബസ് വന്നു. അതില്‍ കയറി, ഭാഗ്യത്തിന് നല്ല സീറ്റും കിട്ടി, തിരക്ക് കുറവായിരുന്നു. പ്രത്യേകിച്ചു പ്ലാന്‍ ഒന്നുമില്ലാതിരുന്ന ഞാന്‍ അവന്റെ പ്ലാന്‍ ആയ ബദല്‍ ഇറങ്ങി ചന്ദ്രതാല്‍ ലേക്കിന്റെ തീരത്തു ക്യാമ്പ് ചെയ്തു അടുത്ത ദിവസം അവിടന്ന് ഇതേ ബസ് കേറി കാസ പോകുന്ന പ്ലാന്‍ അഡോപ്‌റ് ചെയ്തു.

അങ്ങനെ രാവിലെ ഒരു ദാബയില്‍ ഭക്ഷണത്തിനു നിര്‍ത്തിയതില്‍ നല്ല ഉഷാര്‍ ആലു പൊറോട്ടയും തൈരും കഴിച്ചു. അവിടുന്നാണ് എനിക്ക് അടുത്ത സുഹൃത്തിനെ കിട്ടുന്നത്, സ്വീഡന്‍കാരന്‍ ഇസഹാക്. എ മെഡിക്കല്‍ സ്റ്റുഡന്റ്, വെരി നൈസ് പഴ്‌സനാലിറ്റി. വെജിറ്റേറിയന്‍ ആയ സായിപ്പ്.

ഒരു 40 കി.മി. കഴിഞ്ഞപ്പോഴേക്കും റോഡ് എന്നത് വെറുമൊരു സങ്കല്പമായ് മാറി. പിന്നെയുള്ള റോഡ് ചിലടുത്തു പാറമടയില്‍ ടിപ്പര്‍പോകുന്നത് പോലെ, വേറെ ചിലേടത്തു മഡ് റേസ് ട്രാക്ക് പോലെ, ഏറ്റവും നല്ല ഭാഗമാണെങ്കില്‍, നമ്മുടെ നാട്ടില്‍ ഈ സദാശിവന്‍ ചേട്ടന്റെ വീട്ടിലേക്കൊക്കെയുള്ള ചെറിയെ ഒരു വണ്ടിമാത്രം പോണ ഗട്ടര്‍ വീണ റോഡില്ലേ, അത്. പിന്നെ ഉരുളന്കല്ലുകള്‍ നിറഞ്ഞ അരുവിയൊക്കെ ക്രോസ്സ് ചെയ്തു സൈഡിലെ കൊക്കയുടെ എഡ്ജില്‍ കൂടെയൊക്കെ എടുത്തു, ഒന്നും പറയാനില്ല... െ്രെഡവറുടെ കാലില്‍വീണ് അനുഗ്രഹം മേടിക്കണം. ഈ റോഡിലൊക്കെയുള്ള ഒരിടത്തുപോണമെന്നു പറഞ്ഞു വിളിച്ചാല്‍ നമ്മുടെ നാട്ടിലെ ഓട്ടോക്കാര്‍ മുഖത്ത് തുപ്പും.

അഡ്‌വെഞ്ചര്‍ ട്രിപ്പ് കുറെയൊക്കെ ആസ്വദിച്ച ഞാന്‍ നട്ടെല്ല് വെള്ളമായപ്പോഴേക്കും തളര്‍ന്നു. ബോറ് ദിവസമായെന്നു കരുതി. പക്ഷെ ഇതില്‍ മാത്രമല്ല, ഈ ട്രിപ്പിന്റെ എല്ലാ ദിവസവും എനിക്ക് ഈ മിറാക്കിള്‍ ഫീല്‍ ചെയ്തിരുന്നു. ഒരു പ്ലാനും മുന്നിലില്ലാത്ത ദിവസങ്ങള്‍ കുറച്ചു കഴിയുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളാകുന്നു. ഇപ്പോഴതു പ്രകൃതി ലാന്‍ഡ്‌സ്‌കേപ്‌സ് ആയിട്ടാണ് കൊണ്ടുവന്നത്. കണ്ണിനു മുന്നില്‍ മാറി മറിയുന്നത് ഹിമയാലയത്തിലെ സ്വപനതുല്യമായ ലാന്‍ഡ്‌സ്‌കേപ്‌സ്. നമ്മുടെ മനസ്സിലെ ഹിമാലയ പര്‍വതനിരകള്‍ അതിലും ഭംഗിയില്‍ എന്റെമുന്നില്‍ അവതരിക്കുന്നു. റിപീറ്റേഷന്‍ കൊണ്ട് ബോറടിപ്പിക്കാതെ രൂപവും ഭാവവും മാറി മാറി പ്രത്യക്ഷപ്പെടുന്ന മലനിരകള്‍. ചിലതു പച്ചപ്പ്, ചിലതു ചുവപ്പു, ചിലതു അത്ഭുത രൂപങ്ങള്‍ സ്വീകരിച്ച പാറക്കെട്ടുകള്‍, ചിലതോ ഇവയെ എല്ലാം വെല്ലുന്ന മഞ്ഞുമലകള്‍.

uploads/news/2017/09/144982/travel-main6.jpg

മണിക്കൂറുകള്‍ കൂടുമ്പോള്‍ ഇടക്കിടയ്ക്ക് ആടുമേയ്ക്കുന്ന കുറച്ചു പേരെയും ചിലകടകളും മാത്രം കാണാം. അവിടുത്തെ കടകളുടെയും ചെറിയ വീടുകളുടെയും നിര്‍മിത രീതി തന്നെ സര്‍വൈവലിന്റെ ഉത്തമ ഉദാഹരണമാണ്, എങ്ങനെയെന്നാല്‍ ഇവ നിര്‍മ്മിച്ചിരിക്കുന്നത് അവിടത്തെ മലയിലെ പാറ ചീളുകളടുക്കിയാണ്, എന്തിനു മേല്‍ക്കൂരകൂടി പ്രഥമദൃഷ്ടിയില്‍ തടിപ്പലകകള്‍ എന്ന് തോന്നിക്കുമെങ്കിലും പാറച്ചീളുകള്‍ തന്നെയാണ്.

ഇടയ്ക്കു കാണുന്ന ദേവാലയങ്ങളെയെല്ലാം വലംവെയ്ക്കും വിധമാണ് പാത തീര്‍ത്തിരിക്കുന്നത്. ഞങ്ങളുടെ ബസും വലംവെച്ച് അവിടെ നിര്‍ത്തി നേര്‍ച്ചയിട്ടു വിശ്രമിച്ചൊക്കെയാണ് പോകുന്നത്. നമ്മള്‍ ഈ കുതിരയാന്‍ ക്ഷേത്രത്തില്‍ നേര്‍ച്ചയിടുന്നത് പോലെ ഇവിടെയും ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഇങ്ങനെ ചില വിശ്വാസങ്ങളുണ്ട്.

ബസ്സില്‍ നിന്ന് എനിക്ക് കിട്ടിയ പുതിയ കൂട്ടുകാരന്‍ ചത്തിസ്ഗഢ്കാരന്‍ രോഹിത് ആയിരുന്നു. കുര്‍ത്തയൊക്കെയിട്ടുവന്ന ഗ്ലാമര്‍ പുള്ളിക്കാരന്‍ പ്രഥമദൃഷ്ട്യാ ഒരു പാകിസ്ഥാന്‍ ഭീകരന്‍ ലുക്ക് ആയിരുന്നു. യു. എസ്സില്‍ ജോലി ചെയ്യുന്ന പുള്ളി വിശ്രമവേള അനശ്വരമാക്കാന്‍ എത്തിയതാണ്. ഒരു സഹൃദയനായ മനുഷ്യന്‍.

uploads/news/2017/09/144982/travel-main7.jpg

അങ്ങനെ ഓടിയോടി ചത്രു വില്ലേജൊക്കെ കവര്‍ ചെയ്തു ഞങ്ങള്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന ബദല്‍ എത്തി. അവിടെ ചാച്ചാജിയുടെ ചന്ദ്രാ ദാബയില്‍ നിന്നും പച്ചരിച്ചോറും ഒരു പയറുകറിയും ചട്ണിയും പച്ചമുളകും കഴിച്ചു. അവിടെയൊക്കെ വീക്ഷിച്ചപ്പോള്‍ ക്യാമ്പ് ചെയ്തു അടുത്ത ദിവസം ഉച്ചയ്ക്ക് ബസ് എത്തും വരെ അവിടെ കാത്തിരിക്കുന്നത് അത്ര വര്‍ത്തല്ല എന്ന് തോന്നിയതിനാല്‍ ഞങ്ങള്‍ പ്ലാന്‍ മാറ്റി തിരിച്ചു ബസില്‍ കയറി പുറപ്പെട്ടു.

വീണ്ടും ഓടിത്തുടങ്ങിയ ബസ് പാംഗമോ വില്ലജ് കഴിഞ്ഞപ്പോള്‍ കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്ന സ്ത്രീകള്‍ ബസില്‍ കയറി. എന്റെ അടുത്ത് വന്നിരുന്ന സ്ത്രീ കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കഴിക്കാന്‍ അവര്‍ കൃഷിചെയ്ത അമര പയര്‍ പോലെ എന്തോ ഒന്ന് തന്നു, അത് പൊളിച്ചു എങ്ങനെയാ കഴിക്കേണ്ടതെന്നും കാണിച്ചു. അതെന്താണെന്നു അറിയാവുന്നപോലൊക്കെ ചോദിച്ചെങ്കിലും അവര്‍ പറയുന്നത് മുഴുവനായി മനസ്സിലാക്കാനുള്ള ഹിന്ദിയൊന്നും എനിക്ക് വശമില്ലായിരുന്നു. അവരുടെ സ്‌നേഹത്തിനുള്ള നന്ദി എന്റെ പുഞ്ചിരിയാല്‍ വര്‍ണിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഒരു 6 മണിയോടെ ഞങ്ങളുടെ ബസ് കാസയിലെത്തി. അവിടത്തെ മെയിന്‍ ടൗണ്‍ ആയ കാസ നമ്മുടെ നാട്ടിലെ ഒരു ജംഗ്ഷനെക്കാള്‍ കുറച്ചുകൂടി വലുത്. പുരാതനവും പ്രസിദ്ധവുമായ കീ മൊണാസ്ട്രിയില്‍ തങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും 19 കി.മി. ദൂരം, പൊതുവാഹനങ്ങള്‍ ഇല്ല, തിരിച്ചുള്ള ബസ് സമയം വെളുപ്പിനെ 4 മണിയാണ് എന്നീകാരണങ്ങള്‍ പിന്തിരിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ (ഞാന്‍, ഇസഹാക്, വീത്രാഗ്) ബസ് സ്റ്റാന്‍ഡില്‍ നിന്ന് അധികം ദൂരെയല്ലാതെ റൂമെടുത്തു. 500 രൂപയ്ക്കു നല്ലൊരു റൂം തന്നെ ഞങ്ങള്‍ക്ക് ലഭിച്ചു.

uploads/news/2017/09/144982/travel-main8.jpg

പക്ഷെ എന്റെ മനസ്സിനെ അലട്ടിയിരുന്നതു ഇത്രേയുള്ളോ കാസ, ഇങ്ങട്ടാണോ സ്വപ്നം കണ്ടുവന്നത് എന്നുള്ള പിന്‍തിരിപ്പന്‍ ചിന്തകളായിരുന്നു. ചിന്തിക്കാനുള്ള കൂടുതല്‍ സമയം കിട്ടിയില്ല, യാത്രാ ക്ഷീണം മൂലം റൂമില്‍ ചെന്ന് വിശ്രമിക്കാം എന്ന് കരുതിയ ഞങ്ങള്‍ പക്ഷെ ഭക്ഷണത്തിനായി ചെന്ന ഹിമാലയന്‍ കഫെയില്‍ സംസാരിച്ചിരുന്നുപോയി. വീത്രാഗിന്റെയും ഇസഹാക്കിന്റെയും അനുഭവങ്ങളും കഥകളും എന്റെയും കൂടിയായി. കഫേയിലെ ആംബിയന്‍സ് അവിടന്ന് പോകാന്‍ തോന്നാത്തതായിരുന്നു. അവിടെയാണ് വിശാഖ ഞങ്ങളുടെ യാത്രയിലേക്കു കടന്നു വരുന്നത്. ഹിമാലയന്‍ കഫെയുടെ ഓണര്‍, എ വണ്ടര്‍ഫുള്‍ എന്ററെപ്രെനുര്‍. പിന്നെ സ്പിതി വാലിയുടെ വഴികാട്ടി ഹിമാലയന്‍ കഫെയും വിശാഖയുമാവുകയായിരുന്നു. ലെറ്റും ഓഫ് ചെയ്തു ബാക്കി എല്ലാ കസേരകളും അടുക്കിയ ശേഷം കടപൂട്ടാന്‍ ഞങ്ങള്‍ ഇറങ്ങിക്കൊടുത്തു.

അടുത്ത ദിവസം രാവിലെ എന്തുചെയ്യണം എന്ന് ആലോചിച്ചു ഞങ്ങള്‍ വിശാഖയുടെ അടുത്തെത്തി. വിശാഖ തന്റെ കഫെയുടെ ഭിത്തിയില്‍ വരച്ചിരിക്കുന്ന സ്പിതി വാലിയുടെ മാപ് കാണിച്ചുതന്നു ഞങ്ങക്കുള്ള പ്ലാനും റെഡിയാക്കി. അവിടന്ന് തന്നെ രണ്ടു ബുള്ളറ്റ് 500 റെന്റിനെടുത്തു (1200 പെര്‍ ബുള്ളറ്റ്) ഞാനും വീത്രാഗും വിശാഖയുടെ പ്ലാനായ ലാങ്ച്ച, ഹിക്കിം, കോമിക് യാത്ര തുടങ്ങി. ഇസഹാക് കൂടുതല്‍ ദിവസം അവിടെയുള്ളതിനാല്‍ ഇന്ന് അടുത്തുള്ള സ്ഥലങ്ങള്‍ നടന്നു കാണാം എന്ന് പറഞ്ഞു ഒഴിഞ്ഞു.

ഇന്നലത്തെ എന്റെ മടുപ്പന്‍ ചിന്തയെ മൃഗീയമായി കൊല്ലുന്ന അനുഭവമായിരുന്നു ആ ബുള്ളറ്റ് യാത്ര.

uploads/news/2017/09/144982/travel-main9.jpg

അവിടെയുള്ള ഒരേയോരു പെട്രോള്‍ ബങ്കില്‍ നിന്നും 400 രൂപയ്ക്കു എണ്ണയടിച്ചു ഞങ്ങള്‍ ഞങ്ങളുടെ ഘട് ഘട് യാത്ര തുടങ്ങി. കാസ റോഡില്‍നിന്ന് വലത്തോട്ടുള്ള വലിയ കയറ്റം കയറി ഞങ്ങള്‍ ലാങ്ച്ച വില്ലേജിലേക്കു പുറപ്പെട്ടു. എന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിയാത്തത്ര ഭംഗിയില്‍ ഭൂമി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. അണ്‍ബിലീവബിള്‍ ലാന്‍ഡ്‌സ്‌കേപ്‌സ്. ഞങ്ങള്‍ വണ്ടി നിര്‍ത്തി ഫോട്ടോസ് എടുത്തു പോയിക്കൊണ്ടിരുന്നു. വളരെ റിസ്‌കി ആയ പാതയായിരുന്നു ഞങ്ങള്‍ക്ക് പോകാനുണ്ടായിരുന്നത്. ഹിമാലയത്തില്‍ ബുള്ളറ്റ് ഓടിക്കുന്നതിന്റെ രസം, ആത്മ സംതൃപ്തി, 15000 അടിയായിരുന്നു മലയുടെ ഉയരമെങ്കില്‍ എന്റെ മനസ്സ് ഒരു 50000 അടി ഉയരത്തില്‍ തുള്ളിച്ചാടി.

ഇവിടെ വന്നില്ലായിരുന്നെങ്കില്‍ ജീവിതം അപൂര്‍ണമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ നേരിട്ട രണ്ടു ബുദ്ധിമുട്ടുകള്‍ എന്തെന്നാല്‍, ക്യാമറ മാത്രം കൂട്ടാക്കി ഇറങ്ങിയ എനിക്ക് എന്റെ കയ്യിലുള്ള ലെന്‍സുകള്‍ വൈഡ് അല്ലാത്തതിനാല്‍ ഫോട്ടോഗ്രാഫിയില്‍ സംതൃപ്തി ലഭിക്കുന്നില്ലായിരുന്നു . പിന്നെ സെല്‍ഫ് സ്റ്റാര്‍റ്റക്കെയുള്ള പുതിയ 500 ആണ് കിട്ടിയത്, ഫോര്‍ രജിസ്‌ട്രേഷന്‍ വണ്ടി, പക്ഷെ ആള്‍റ്റിട്യൂട് കാരണം സെല്ഫ് എടുക്കുന്നില്ല, കിക്ക് സ്റ്റാര്‍ട്ടും നല്ല ബുദ്ധിമുട്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ അടിക്കടി നിര്‍ത്തുന്ന എന്നെ ഇത് വല്ലാതെ വലച്ചു. ആള്‍റ്റിട്യൂട് സിക്ക്‌നെസ്സ് കാരണം കുറച്ചു കിക്കര്‍ അടിക്കുമ്പോള്‍ തന്നെ വയ്യാണ്ടാവും.

മതിമറന്ന ഞങ്ങളുടെ റൈഡ് ലാങ്ച്ച വില്ലേജിലെ ദേവാലയത്തെ പ്രദക്ഷിണം വച്ച് നിര്‍ത്തി. സ്പിതിയിലെ ഫോസില്‍ വില്ലേജാണ് ലാങ്ച്ച. അവിടെ കുറെ കുട്ടികള്‍ ഫോസില്‍ വില്‍ക്കാനായും വണ്ടിയില്‍ കേറി കളിക്കാനായിമൊക്കെയായി ഞങ്ങളുടെ അടുത്തെത്തി. അവിടന്നു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പിന്നീടുള്ള യാത്രയില്‍ ഓരോ കമ്പനിക്കാരെ കിട്ടി. എനിക്ക് കിട്ടിയത് ആറാംതരത്തില്‍ പഠിക്കുന്ന ഒരു കുട്ടിയെയായിരുന്നു. പിന്നെ അവര്‍ വഴികാട്ടികളായി.

uploads/news/2017/09/144982/travel-main11.jpg

അവനുമായി വളരെ കഷ്ടപ്പെട്ട് ഞാന്‍ സംസാരിച്ചു, ഹിന്ദി അറിയാത്തതില്‍ അവന്‍ എന്നെ കുറെ കളിയാക്കി. അവന്റെ പേര് ചോദിച്ചപ്പോള്‍ യോദ്ധയിലെ ലാലേട്ടന്‍ നേരിട്ട അതേഅവസ്ഥ ഞാനും നേരിട്ടു. ഏതാ പേരെന്ന് എത്ര പറഞ്ഞിട്ടും എനിക്ക് മനസ്സിലാവുന്നില്ല. ലലേട്ടനെപോലെ ഞാനും അവനെ ഉണ്ണിക്കുട്ടനാക്കി പ്രഖ്യാപിച്ചു.

വണ്ടിയില്‍ കുട്ടിയുമായി ഉള്ള റൈഡ് എന്റെ മനസ്സില്‍ എന്നെ ഗപ്പിയില്‍ താടിയൊക്കെ പറത്തി കുട്ടിയുമായി മോട്ടോര്‍ സൈക്കിളില്‍ പോകുന്ന ടോവിനോയാക്കി. ഗ്രേറ്റ് എക്‌സ്പീരിയന്‍സ്, റൈഡിങ് ലൈക് എ ഹീറോ.

പാറക്കഷ്ണങ്ങളും ഉരുളന്‍ കല്ലുകളുമൊക്കെ നിറഞ്ഞ ആ മലകയറ്റം ഹിമാലയന്‍ റൈഡിന്റെ എല്ലാ സുഖങ്ങളും എനിക്ക് പകര്‍ന്നുതന്നു. ബുള്ളറ്റ് 500 ന്റെ പവര്‍ എനിക്ക് വളരെ പതിയെ റൈഡ് ചെയ്തു മുഖത്തു തണുത്ത കാറ്റടിച്ചു പ്രകൃതിയോടിണങ്ങി യാത്രചെയ്യാന്‍ ഗുണകരമായി.

അങ്ങനെ പോകെ ഒരു ചായ എവിടെ കിട്ടും എന്ന് ചോദിച്ചപ്പോള്‍ എന്റെ വണ്ടിയിലെ ഉണ്ണിക്കുട്ടന്‍ താഴെ ഹിക്കിം വില്ലജിലോട്ടുള്ള വഴിയും വീത്രാഗിന്റെ വണ്ടിയിലെ ഉണ്ണിക്കുട്ടന്‍ മുകളില്‍ കോമിക് വില്ലജിലോട്ടുള്ള വഴിയും കാണിച്ചുതന്നു. ഞങ്ങള്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയി. പിന്നെ ആദ്യം താഴെ പോയിനോക്കിയിട്ടു മുകളിലോട്ടു പോകാമെന്നുള്ള തീരുമാനത്തിലെത്തി.

uploads/news/2017/09/144982/travel-main12.jpg

അങ്ങനെ വളരെ റിസ്‌കി ആയുള്ള പാതയിലൂടെ വണ്ടി താഴെയെത്തിച്ച ഞങ്ങളെ ഉണ്ണിക്കുട്ടന്‍ അവിടെയുള്ള ഒരു വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. അവിടുന്നാണ് ഞങ്ങള്‍ക്ക് ഇസ്രായേല്‍കാരായ ദൊഹ്, കൊഹാള്‍ എന്ന കപ്പിളിനെ കൂട്ടുകിട്ടുന്നതു. അവിടെ ആ വീട്ടുമുറ്റത്തിരുന്നു മ്യൂസിഷ്യന്‍ ആയ ദൊഹ് മെലോഡിക്കയില്‍ മാന്ത്രികംതീര്‍ത്ത് എല്ലാരേയും അത്ഭുതപ്പെടുത്തി.

അപ്പോഴേക്കും ആ വീട്ടിലെ അമ്മച്ചി ഞങ്ങള്‍ക്ക് ചായയുമായി എത്തിയിരുന്നു. അവരുടെ ചായ സന്തോഷത്തോടെ കുടിച്ചശേഷം അവിടെയുള്ള കുട്ടികളുമായി ഞങ്ങള്‍ കുറച്ചുസമയം ചിലവഴിച്ചു. സന്തോഷകരമായ നിമിഷങ്ങള്‍. ഞങ്ങള്‍ കോമിക്കിലേക്കുള്ള യാത്ര തുടര്‍ന്നു.

ഈ യാത്രയില്‍ എനിക്ക് ഏറ്റവും സഹായകരമായതു പണ്ടൊരിക്കല്‍ ചാര്‍ളിയിലെ കുഞ്ഞിക്കയുടെ ഡയലോഗ് കേട്ട് ശ്രീരാജ് മാമന്റെ ബുള്ളറ്റുമായി മീശപ്പുലിമല പോയതാണ്. അന്ന് ചെയ്ത വളരെ ചെറിയ ഓഫ്‌റോഡ് റൈഡ് വീത്രാഗിന് സ്ലിപ്പാകുമ്പോള്‍ ഉപദേശങ്ങള്‍ കൊടുക്കാന്‍ മാത്രമുള്ള പരിജ്ഞാനം എനിക്ക് നല്‍കിയിരുന്നു.

അങ്ങനെ ഞങ്ങള്‍ 3 വണ്ടിയിലായി ഹിക്കിമിലെത്തി. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പോസ്‌റ്റോഫീസ് നിലകൊള്ളുന്നത് ഇവിടെയാണ്. അവിടെയുള്ള കടയില്‍ നിന്ന് എനിക്ക് ഒരു സുലൈമാനിയും, കുട്ടികള്‍ക്ക് ന്യൂഡില്‍സും വാങ്ങി. അങ്ങനെ ലാലേട്ടന്‍ പറഞ്ഞത് പോലെ ഉയരത്തില്‍ നിന്ന് സ്വാദേറിയ ചായയൊക്കെ കുടിച്ചു പ്രകൃതി ഭംഗി ആസ്വദിച്ചു നില്‍ക്കുമ്പോള്‍ അവിടെയുള്ള ഗ്രമവാസികള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ കുറച്ചു ആപ്പിള്‍ തന്നു. എന്ത് സ്‌നേഹമുള്ള മനുഷ്യര്‍.

uploads/news/2017/09/144982/travel-main14.jpg

പ്രകൃതി എല്ലായിടത്തും അതിന്റെ മൂര്‍ത്തീഭാവത്തിലാണ്.

ഒരു ജീപ്പില്‍ കുറെ ഇസ്രലേലികള്‍ കൂടിയെത്തി. പിന്നെ കുറച്ചുനേരം ഞങ്ങളങ്ങനെ അനുഭവങ്ങള്‍ പങ്കുവെച്ചിരിന്നു. പെട്ടന്നായിരുന്നു അവിടത്തെ കാലാവസ്ഥ മാറിയത്. വല്ലാത്തൊരു തണുത്ത കാറ്റുവീശി. ഐ ഫീല്‍ ലൈക് ഐ ആം ഗെറ്റിങ് സിക്ക്. അതിനാല്‍ പിന്നെ അവിടെ അധികം ഇരിക്കാതെ ഞങ്ങള്‍ തിരിച്ചിറങ്ങി. വീണ്ടും തിരിച്ചുള്ള മനോഹരമായ റൈഡിനിടയില്‍ ഉണ്ണിക്കുട്ടന്‍സിനെ അവരുടെ ഗ്രാമത്തിലിറക്കി. ഞങ്ങള്‍ വിശാഖയുടെ കഫേയിലെത്തി ലഞ്ച് കഴിച്ചു. ഇസഹാക്കും തിരിച്ചെത്തിയിരുന്നു, അദ്ദേഹത്തിന് മിസ്സായ റൈഡ് വര്‍ണിച്ചു ഞങ്ങള്‍ കൊതിയൂറിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള കീ മൊണാസ്റ്ററി റൈഡിനു ഇസഹാക്കിനെയും നിര്‍ബന്ധിച്ചു കൊണ്ടുപോയി.

കീയിലേക്കുള്ള റൈഡില്‍ ഞങ്ങള്‍ക്ക് പ്രകൃതിയുടെ മറ്റൊരു ഭംഗിയും കൂടി കാണാന്‍ സാധിച്ചു. ഞങ്ങളോടൊപ്പം താഴവരയില്‍ ഒഴുകുന്ന നീല നദി.

ഞങ്ങള്‍ പോകുന്ന വഴി ചെക്കിങ്ങിനായി പോലീസ് കൈ കാണിച്ചു. യാത്രയുടെ തുടക്കം തൊട്ടുള്ള എന്റെ അഹങ്കാരം വീണ്ടും വര്‍ധിച്ചത് ഇപ്പോഴാണ്. ഒരു മലയാളിയാണെന്നുള്ള അഹങ്കാരം.

uploads/news/2017/09/144982/travel-main13.jpg

കഹാം സെ ആപ് ??
മേം കേരളാ സെ ഹും.

ആ പോലീസുകാരന്റെ മുഖത്തെ സന്തോഷം, പോക്കോളൂ, സൂക്ഷിച്ചു പോണം, എന്നു പറഞ്ഞു ഒന്നും ചെക്ക് ചെയ്യാതെ സ്‌നേഹത്തോടെ എന്നെ യാത്രയാക്കി. ഇവിടെ മാത്രമല്ല, ലോക്കല്‍സ്, ഫോറിനേഴ്‌സ് അങ്ങനെ ആരായാലും കേരളത്തിന്നാണെന്നു പറയുമ്പോള്‍ അവര്‍ക്കൊരു സന്തോഷമുണ്ട്, പിന്നെ പറയാന്‍ കുറെ കഥകളും.

അങ്ങനെ ആ യാത്ര വിശുദ്ധമായ കി ഗോംപയിലെത്തി. അവിടെനിന്നുള്ള കാഴ്ചകള്‍ അവര്‍ണനീയമാണ്. അവിടത്തെ കണക്കുകളോ, ചരിത്രമോ ഒന്നുമല്ല എന്നെ ആകര്‍ഷിച്ചത്, അവിടത്തെ ശാന്തവും സമാധാനവുമായ അന്തരീക്ഷമായിരുന്നു. അവിടെ കറങ്ങിനടന്ന ഞങ്ങള്‍ മുകളിലായി എന്റെ ബസിലെ സുഹൃത്ത് രോഹിതിനെ കണ്ടു. ഞാന്‍ രോഹിതിനെ അവിടെ തീരെ പ്രതീക്ഷിച്ചില്ല, ആ കൂടിക്കാഴ്ചയില്‍ എനിക്ക് വല്ലാത്ത സന്തോഷം പകര്‍ന്നു. ഞങ്ങള്‍ മുകളില്‍ ചെന്നപ്പോള്‍ അവിടെ ഒരു ഓസ്‌ട്രേലിയക്കാരന്‍ ജെഫും (ആകാരം കൊണ്ട് വയോധികന്‍ മനസ്സുകൊണ്ട് യുവാവ്, അതിരസികന്‍) പിന്നെ ഒരു ബ്രിട്ടീഷ് കപ്പിളും ഉണ്ടായിരുന്നു, അവര്‍ക്കും കേരളത്തെ പറ്റിപ്പറയാന്‍ ഒരുപാടുണ്ടായിരുന്നു. പിന്നെ ആത്മീയ കാര്യങ്ങളും ലോക വിവരങ്ങളും സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇരുട്ടിയപ്പോള്‍ ഞങ്ങളിറങ്ങി, പോകാന്‍ നേരം ജെഫ് പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഓസ്‌ട്രേലിയന്‍ സപ്പോര്‍ട്ടര്‍ ആയി ഞാന്‍ ഉണ്ടാകും, ആരു ജയിക്കുമെന്ന് നോക്കാം, ആ തമാശയ്ക്കു നമ്മുക്ക് കാണാം എന്ന മറുപടി നല്‍കി ചിരിയോടെ ഞങ്ങള്‍ പിരിഞ്ഞു. ഇറങ്ങാന്‍നേരം രോഹിത് പറഞ്ഞു നമുക്കു ഒരേ ദിവസമാണ് ഡെല്‍ഹിന്ന് ഫ്‌ലൈറ്റ്, എയര്‍പോര്‍ട്ടില്‍ ഞാന്‍ നിന്നെ തിരയും, ഉറപ്പായും ഞാന്‍ കാത്തിരിപ്പുണ്ടാകുമെന്ന മറുപടി നല്‍കി ഞാന്‍ അവിടെനിന്നിറങ്ങി.

uploads/news/2017/09/144982/travel-main15.jpg

തിരിച്ചുള്ള റൈഡില്‍ എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി മായാതെയുണ്ടായിരുന്നു, സ്‌നേഹമുള്ള ഒരുപറ്റം ആള്‍ക്കാര്‍ ചുറ്റുമുണ്ടല്ലോ എന്ന സന്തോഷം.

ഹിമാലയന്‍ കഫേയിലെത്തി വിശാഖയെ വണ്ടികളേല്‍പ്പിച്ചു റൂമില്‍പോയി ഫ്രഷായി വന്ന ഞങ്ങള്‍ അവിടെ സ്ഥാനം പിടിച്ചു. അവിടന്ന് വിശാഖ ഞങ്ങള്‍ക്ക് കൗശിക്കിനെ പരിചയപ്പെടുത്തി ചെന്നൈയില്‍ നിന്നുള്ള ഒരു സോളോ ട്രാവല്ലര്‍. ആശാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന തന്റെ ജോലി ക്വിറ്റ് ചെയ്തിട്ടിറങ്ങിയതാണ്. രാവിലത്തെ ബസിനു മണാലിക്ക് പുള്ളിയുമുണ്ടാകുമെന്നുറപ്പിച്ചു. എന്നെ കണ്ടപ്പോള്‍ കൗശിക് പറഞ്ഞു, 'കൊഞ്ചം നാള് കഴിച്ചു പാത്താല്‍ ഇങ്കെ കണ്ടിപ്പാ ഒരു നായേഴ്‌സ് ടീ സ്റ്റാള്‍ വന്തിടും.'

അവിടെ ഞങ്ങളുടെ കൂടെ വീണ്ടും കൂടിയ ദൊഹും കോഹാലും വിശാഖയുടെ സമ്മദത്തോടെ കഫെയില്‍ ഞങ്ങള്‍ക്ക് ഇസ്രായേലി വിഭവമായ ഒരു ക്രിസ്പി ചിക്കന്‍ ഐറ്റം ഉണ്ടാക്കി തന്നു, സംഭവം സൂപ്പര്‍ ആയിരുന്നു. അങ്ങനെ അടുത്ത ദിവസം പോരാന്‍ തയാറായി ഞങ്ങള്‍ വിശാഖയോട് വിട പറഞ്ഞിറങ്ങി. റൂമില്‍ ഇസഹാക്കിനോടും കേരളത്തില്‍ വരുമ്പോള്‍ വിളിക്കണം, വെളിപ്പിനെ എണീപ്പിക്കില്ല എന്നൊക്കെപറഞ്ഞു ഞങ്ങള്‍ സങ്കടത്തോടെ കിടന്നു.

[IMG]

അള്‍ട്ടിട്യൂഡ് പ്രോബ്ലെംസ് കാരണം രണ്ടു ദിവസവും എനിക്ക് നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, അതിനാല്‍ നേരത്തെ തന്നെ എഴുന്നേറ്റു റെഡിയായി. 'ഇറങ്ങുന്നു, വി വില്‍ മിസ്സ് യു' എന്ന സന്ദേശം ഇസഹാക്കിനെഴുത'ിവെച്ചു ഞങ്ങള്‍ ബസ്സ്റ്റാന്റിലേക്കു നടന്നു. നല്ല നിലാവുള്ള ദിവസമായിരുന്നു നക്ഷത്രങ്ങള്‍ പുഞ്ചിരിച്ച രാത്രി ഞങ്ങള്‍ക്ക് യാത്രാമംഗളം നേര്‍ന്നു. അങ്ങനെ ബസ്റ്റാന്റില്‍ ചെന്ന ഞങ്ങള്‍ക്ക് ചെറിയ പണികിട്ടി, ബസിനു അവിടുന്ന് പ്രീ ബുക്കിങ് ഉണ്ടായിരുന്നത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഭാഗ്യത്തിന് പുറകിലാണെങ്കിലും സീറ്റുണ്ടായിരുന്നു. കൗശിക് നേരത്തെ ബസില്‍ സ്ഥാനം പിടിച്ചിരുന്നു. അപ്പോഴാണ് സ്പിതിയില്‍ ഞാന്‍ ആദ്യമായി മലയാളീസിനെ കാണുന്നത്, അനന്തുവും (കൊല്ലം ടി. കെ. എം. കോളേജ്, മെക്കാനിക്കല്‍ ഫൈനല്‍ ഇയര്‍ സ്ടുടെന്റ്) അരവിന്ദും (എഞ്ചിനീയറിംഗ് കംപ്ലീറ്റഡ് ഫ്രം ബാംഗ്ലൂര്‍). രണ്ടുപേരും കൊല്ലംകാരാണ്, സോളോയായെത്തി ഒത്തുകൂടിയവര്‍. അനന്തുവിനെ അള്‍ട്ടിട്യൂഡ് സിക്ക്‌നെസ്സ് നന്നായി ബാധിച്ചിരുന്നു, ക്ഷീണിച്ചവശനായി ആണ് കാണപ്പെട്ടത്. അരവിന്ദ് ഓക്കേ ആയിരുന്നു. എനിക്കും കാര്യമായി അസുഖങ്ങളൊന്നും ബാധിക്കാഞ്ഞതില്‍ ദൈവത്തിനു സ്തുതി.

'അങ്ങനെ ഓര്‍മകളായവിറക്കി ആ ബസ് മണാലിയിലേക്കോടിക്കൊണ്ടേയിരുന്നു... ഈ ഓര്‍മ്മകള്‍ മരിക്കില്ല...'

എഴുത്ത്, ചിത്രങ്ങള്‍ : ഹേമന്ത് രത്‌നകുമാര്‍

Ads by Google
Monday 11 Sep 2017 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW