Saturday, April 21, 2018 Last Updated 27 Min 33 Sec ago English Edition
Todays E paper
Ads by Google
ഗോകുല്‍ മുരളി
Saturday 02 Sep 2017 08.38 PM

മണ്‍റോ തുരുത്തിലൂടെ ഒരു യാത്ര

uploads/news/2017/09/142629/mangalam.jpg

വരുന്ന ഓണാവധി എങ്ങിനെ ചിലവഴിക്കണം എന്ന ചിന്തയാണോ നിങ്ങളെ കുഴക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവധി നാളുകളായിരിക്കും മണ്‍റോതുരുത്തില്‍ കാത്തിരിക്കുന്നത് എന്ന് നിസംശയം പറയാം. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും 15 കിലോ മീറ്റര്‍ മാറി കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും മധ്യത്തിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ കാത്ത് നിരവധി റിസോര്‍ട്ടുകള്‍ തുരുത്തിലുണ്ട്. ടൂര്‍ സഹായ ആപ്ലിക്കേഷനുകള്‍ വഴിയോ ഫോണ്‍ വിളിച്ചോ ഇത് ബുക്ക് ചെയ്യാവുന്നതാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി നിരവധി പാക്കേജുകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ പ്രധാനം ചെറു തോടുകളിലൂടെയുള്ള വള്ളസഞ്ചാരം തന്നെയാണ്. രാവിലെ ആറ് മണിയോടെ തന്നെ വള്ളത്തിലുള്ള യാത്ര ആരംഭിക്കും. ചെറു പാലങ്ങള്‍ക്ക് കീഴിലൂടെ തലമുട്ടാതെ കുനിഞ്ഞുള്ള ഈ യാത്ര വേറിട്ടൊരു അനുഭവമാണ്. ആറിനും കായലിനും നടുവിലായി ഇത്തരത്തിലൊരു കരപ്രദേശം രൂപം കൊള്ളുന്നത് പ്രകൃതി കാണിച്ചിരിക്കുന്ന അതിശയമെന്ന് നിസ്സംശയം പറയാം. വില്ലിമംഗലം, പെരുങ്ങാലം, പാട്ടംതുരുത്ത്, പേഴുംതുരുത്ത് എന്നിവയാണ് തുരുത്തിലെ പ്രധാനഭാഗങ്ങള്‍. ഇവയെ ഇന്നിപ്പോള്‍ പഞ്ചായത്ത് പതിമൂന്നു വാര്‍ഡുകളായി വിഭജിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ചെറുദ്വിപിലുണ്ടാകുന്ന വെള്ളപ്പൊക്കമാണ് തുരുത്തിന്റെ അനുഗ്രഹമെന്നു പറയാം.


ഓരോ മഴക്കാലത്തും കുതിച്ചുകുത്തിയൊഴുകുന്ന കല്ലടയാര്‍ കൊണ്ടുവന്നു അടിയ്ക്കുന്ന, ചെളിയും മണ്ണും എക്കലും ചേര്‍ന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും. ഇത് തന്നെയാണ് ദ്വിപിലെ ഓരോ വീടുകളുടേയും അടിത്തറയായി നിലകൊള്ളുന്നതും. ചെളിമാറ്റിയാല്‍ കാണുന്ന എക്കല്‍ അടിഞ്ഞു കൂടുന്നതോടെ ഇവിടം ഏറ്റവും നല്ല ജൈവവളഭൂമികയായി മാറും. എന്നാല്‍ കല്ലടയാറില്‍ നിര്‍മ്മിച്ച ഡാം ഈ പരിതസ്ഥിതിക്ക് മാറ്റം കൊണ്ടുവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ വെള്ളപ്പൊക്കമോ എക്കല്‍ അടിയലോ ഇവിടെ ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ തെങ്ങ് കൃഷി അടക്കമുള്ളവയ്ക്ക് കാര്യമായ നാശത്തിന് കാരണമായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്ന മനസിലാക്കാന്‍ സാധിക്കും. ഗതാഗത സൗകര്യങ്ങള്‍ മുഖം തിരിച്ചിരിക്കുന്ന മണ്‍തുരുത്തിലേക്ക് എത്തുന്നതിന് പാസഞ്ചര്‍ ട്രെയിനുകളേയോ ജങ്കാര്‍ സര്‍വീസുകളേയോ, വള്ളത്തേയോ ആശ്രയിക്കണം. ഇതിന് പുറമെ ചില കെഎസ്ആര്‍ടിസി ബസുകളുടെ സേവനങ്ങളും ഇവിടെ ലഭ്യമാണ്. എങ്കിലും വിരലില്‍ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണുള്ളത്. ഇതിന് പുറമെ, ചെറു നാട്ടുവഴികളും തോടുകളും ഇടംപിടിച്ച ഗ്രാമത്തിലെ എല്ലാവരുടെയും വീട്ടിലും ഓരോ കൊച്ചുവള്ളവും സ്ഥിരം കാഴ്ചയാണ്. സഞ്ചാരികള്‍ക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ഇവിടേക്ക് എത്താന്‍ സാധിക്കും.

തോടുകള്‍ക്ക് ഇരുവശങ്ങളിലുമുള്ള നാടന്‍ കാഴ്ചകളും പച്ചപുതച്ചിരിക്കുന്ന ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ഇവിടെ എത്തിയാല്‍ ആവോളം ആസ്വദിക്കുവാന്‍ സാധിക്കും. ചാഞ്ഞു കിടക്കുന്ന മരങ്ങളും ചെടികളും പ്രകൃതി ഒരുക്കിയ ഒരു ആര്‍ച്ചാണെന്ന് ഒരു നിമിഷം തോന്നിപ്പോകും. തോണിയാത്ര രാവിലെ തന്നെ ആരംഭിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. വെയില്‍ കൂടുമ്പോള്‍ സഞ്ചാരികള്‍ക്ക് അത് ക്ഷീണത്തിന് കാരണമാകാം. ഞങ്ങളുടെ യാത്രയില്‍ കുടെയുണ്ടായിരുന്ന ചാറ്റല്‍ മഴ ഏറെ ത്രസിപ്പിച്ചിരുന്നു. തെക്ക് ഭാഗത്തുള്ളവര്‍ കൊല്ലം കുണ്ടറ ചിറ്റുമല വഴിയേയും, പെരുമണ്ണില്‍ നിന്നുള്ള ജങ്കാര്‍ സര്‍വീസുകളേയും ആശ്രയിക്കാവുന്നതാണ്. എറണാകുളം ഭാഗത്തു നിന്നുള്ളവര്‍ കരുനാഗപ്പള്ളി ഭരണിക്കാവ് ചിറ്റുമല റൂട്ട് പിടിക്കുന്നതും എളുപ്പമാകും. ഒരു സായിപ്പിന്റെ പേരില്‍ അറിയപ്പെടുന്ന ഈ ചെറുതുരുത്തുകളെക്കുറിച്ച് അടുത്തകാലം വരെ അധികം ആര്‍ക്കും അറിവില്ലായിരുന്നു. ഉമ്മിണിത്തമ്പിക്കു ശേഷം തിരുവിതാംകൂറിന്റെ ദിവാന്‍ പട്ടം ഏറ്റെടുത്ത കേണല്‍ ജോണ്‍ മണ്‍റോയോടുള്ള ആദര സൂചകമായാണ് തുരുത്തിന് ഈ പേര് നല്‍കിയത്. ഇദ്ദേഹം താമസിച്ച ബംഗ്ലാവും മറ്റും ഇപ്പോഴും തുരുത്തിലുണ്ട്. ഇതും ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഏതാണ്ട് 9.30 മണിയോടെ ഞങ്ങളുടെ തോണിയാത്ര അവസാനിച്ചു. ഇനി കരയിലൂടെയുള്ള കാഴ്ചകളാണ് ഞങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ആഗോളതാപനത്തിന്റെ ദുരന്തം എത്ര ഭീകരമായിരിക്കുമെന്നു മണ്‍റോതുരുത്തിന്റെ ഭാവി ചര്‍ച്ചയാക്കി കൊണ്ട് ഓരോ വാര്‍ത്തകളും നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. വന്നുപോകുന്ന വാര്‍ത്തകള്‍ക്കപ്പുറം മണ്‍റോതുരുത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് പഠിക്കേണ്ടതുണ്ട്.

Ads by Google
ഗോകുല്‍ മുരളി
Saturday 02 Sep 2017 08.38 PM
YOU MAY BE INTERESTED
TRENDING NOW