Friday, April 20, 2018 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Monday 14 Aug 2017 09.17 PM

മുരുകനെ തിരസ്‌ക്കരിച്ചവര്‍ അറിയണം ആശുപത്രികള്‍തോറും ഓക്‌സിജന്‍ സിലണ്ടറിനുവേണ്ടി കയറിയിറങ്ങിയ, ഓക്‌സിജന്‍ വാങ്ങാന്‍ സ്വന്തം എടിഎം കാര്‍ഡ് നല്‍കിയ ഡോക്ടര്‍ എന്ന ഈ ദൈവത്തെക്കുറിച്ച്

എന്നിട്ടും തന്റെ മുമ്പില്‍ പിടഞ്ഞു മരിച്ച രക്ഷിക്കാന്‍ കഴിയാതെ പോയ കുഞ്ഞുങ്ങളെ ഓര്‍ത്ത് അദേഹം വിതുമ്പലോടെ പറഞ്ഞു, മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതുവരെ നേടിയ പണവും പഠിപ്പും എല്ലാം എന്തിനാണ് എന്ന്. ഒരോ രോഗിയും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ഡോക്ടറെയാണ്.
uploads/news/2017/08/136944/doctor.jpg

കഴുത്തില്‍ ഒരു സ്റ്റതസ്‌കോപ്പും വിരല്‍ത്തുമ്പില്‍ ഈശ്വരാനുഗ്രഹവും തലച്ചോറില്‍ വൈദ്യവും കരുണയും നിറച്ച ആ മനുഷ്യരേ നമ്മള്‍ ഡോക്ടര്‍ എന്നു വിളിച്ചു. നമുക്കവരെ വിശ്വാസമാണ്, ആ കൈകളില്‍ എത്തുമ്പോള്‍ ജീവന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ജീവിതത്തിലേയ്ക്കു തിരിച്ചു വരാന്‍ കഴിയും എന്ന വിശ്വാസം. സാധാരണക്കാരനു ഡോക്ടര്‍ എന്നാല്‍ ഈ വിശ്വാസമാണ്. എന്നാല്‍ അത് ഒരു വിശ്വാസം മാത്രമാണ് എന്നു മനോഹരമായിത്തന്നെ തെളിയിച്ചു നമ്മുടെ ഡോക്ടര്‍മാര്‍. അല്ലായിരുന്നെങ്കില്‍ ഒരു ട്രോമ കെയര്‍ ആംബുലന്‍സില്‍ അവസാനശ്വാസമെടുക്കുംവരേയും മുരുകനെന്ന മനുഷ്യന് ആശുപത്രികള്‍തോറും നിര്‍ത്താതെ ഓടേണ്ടി വരില്ലായിരുന്നു. മണിക്കൂറുകളും കിലോമീറ്ററുകളും എണ്ണം പറഞ്ഞ ആശുപത്രികളും അയാളുടെ മുമ്പിലൂടെ കടന്നു പോയി. ഒന്നു കൈതൊട്ടാല്‍ രക്ഷപെടുമെന്നു സാധാരണക്കാര്‍ വിശ്വസിക്കുന്ന മിടുക്കന്മാരായ ഡോക്ടര്‍മാര്‍ ആ വഴികളില്‍ എല്ലാം അയാളെ പരിഹസിക്കാനെന്നോണം നില്‍പ്പുണ്ടായിരുന്നു.

മാസങ്ങള്‍ക്കുമുമ്പു ഒരു മനുഷ്യജീവന്‍ രക്ഷിക്കാനായി അവയവങ്ങളുമായി ആംബുലന്‍സുകള്‍ ചീറിപാഞ്ഞ അതേവഴികള്‍. മാധ്യമങ്ങളും മലയാളികളും അഭിമാനത്തോടെയും പ്രാര്‍ത്ഥനയോടെയും പ്രതീക്ഷയോടും നോക്കിയിരുന്ന അതേ വഴികള്‍. എന്നാല്‍ ആ വഴികളിലെല്ലാം മുരുകന്‍ അവഗണിക്കപ്പെട്ടു. അയാളുടെ കൈയില്‍ പണം ഇല്ലായിരുന്നു, കൂട്ടിരിക്കാന്‍ ആളില്ലായിരുന്നു, വിളിച്ചു റെക്കമെന്‍ഡ് ചെയ്യാന്‍ എംപിയോ എം എല്‍ എയോ ഇല്ലായിരുന്നു അയാള്‍ ഒരു സിനിമാക്കാരനുമല്ലായിരുന്നു. അതുകൊണ്ട് ആശുപത്രികള്‍ ഒരു പോലെ മുരുകനെ തള്ളിപ്പറഞ്ഞു. മലയാളിയോ, തമിഴനോ കമ്മ്യൂണിസ്‌റ്റോ, ബിജെപിയോ, ഹിന്ദുവോ, മുസല്‍മാനോ മുരുകന്‍ ആരുമായിക്കൊള്ളട്ടേ അവനാരായിരുന്നാലും അത് ഒരു മനുഷ്യജീവനായിരുന്നു. ഒരു തെരുവുനായയോടു കാണിക്കുന്ന കനിവുപോലും കാണിച്ചില്ല ആതുരസേവനത്തിന്റെ മഹത്തായ ആലയങ്ങള്‍. മുരുകനെ തിരസ്‌കരിച്ചവര്‍ അറിയണം ശ്വാസത്തിനു വേണ്ടി പിടയുന്ന കുരുന്നു ജീവന്‍ രക്ഷിക്കാനായി ആശുപത്രികള്‍ തോറും ഓക്‌സിജന്‍ സിലണ്ടറിനു വേണ്ടി കയറിയിറങ്ങിയ, ഓക്‌സിജന്‍ വാങ്ങാന്‍ സ്വന്തം എ ടി എം കാര്‍ഡ് നല്‍കിയ ഡോക്ടര്‍ ഖലീഫ് മുഹമ്മദ് എന്ന ഈ ദൈവത്തെ കുറിച്ച്.

ഖോരക്പൂര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ഭീകരതയ്‌ക്കൊപ്പം പ്രധാന്യത്തോടെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് ഖലീഫ് മുഹമ്മദ് എന്ന ഡോക്ടറുടെ നിസ്വാര്‍ത്ഥസേവനവും. ഡോക്ടര്‍ ഖലീഫ് മുഹമ്മദ്, അതേ ആ മനുഷ്യന്‍ ദൈവം തന്നെയാണ്. ബി ആര്‍ ഡി ആശുപത്രയിലെ നരഹത്യയ്ക്ക് ഇടയില്‍നിന്നു ജീവിതം തിരിച്ചു പിടിച്ച കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആ മനുഷ്യന്‍ ഇന്നു ജീവിച്ചിരിക്കുന്ന ദൈവമാണ്. അര്‍ദ്ധരാത്രി രണ്ടുമണിക്കു വീട്ടിലായിരിക്കുന്ന സമയത്താണു ഡോക്ടര്‍ ഖലീഫ് മുഹമ്മദിന് ബി ആര്‍ ഡി ആശുപത്രിയില്‍നിന്നു കോള്‍ വരുന്നത്. ഇനി ഒരു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമേ അവശേഷിക്കുന്നുള്ളു. കണ്‍മുമ്പില്‍ തന്റെ രോഗികള്‍ ശ്വാസം കിട്ടാതെ ഒരു പിടച്ചിലോടെ നിശ്ചലമാകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ഡോ:ഖലീഫ് അഹമ്മദിന് ആകുമായിരുന്നില്ല. ആ രാത്രി അത്രയും ഏതാണ്ട് നാലുമണിക്കൂറോളം പരിചയമുള്ള ആശുപത്രികളിലും നഴ്‌സിങ്ങ് ഹോമുകളിലും ആ മനുഷ്യന്‍ കയറിയിറങ്ങി. ജീവനായി പിടക്കുന്ന തന്റെ കുരുന്നുകള്‍ക്കു അല്‍പ്പം പ്രാണവായുവിനു വേണ്ടി. നാലുതവണയായി അദ്ദേഹം 12 സിലണ്ടര്‍ ഓക്‌സിജന്‍ ആശുപത്രിയിലേയ്ക്ക് എത്തിച്ചു.

ഈ സമയം അത്രയും ജൂനിയര്‍ ഡോക്ടര്‍മാരേ കൊണ്ടു കുഞ്ഞു ജീവനുകള്‍ പിടിച്ചു നിര്‍ത്താനായി അദ്ദേഹം ആബു ബാഗു കൊണ്ട് ഓക്‌സിജന്‍ നല്‍കുന്നുണ്ടായിരുന്നു. ഒടുവില്‍ ആറുമണിക്ക് ഒരു ഇടനിലക്കാരന്‍ മുന്‍കൂര്‍ പണം നല്‍കിയാല്‍ ഓക്‌സിജന്‍ എത്തിച്ചു തരാം എന്നു പറഞ്ഞതിന്‍പ്രകാരം സ്വന്തം എ ടി എം കാര്‍ഡ് നല്‍കി ആശുപത്രി ജീവനക്കാരനേ കൊണ്ട് 10,000 രൂപയും അക്കൗണ്ടില്‍നിന്നു പിന്‍വലിപ്പിച്ച് വിതരണക്കാരന് എത്തിച്ചു. ആ മനുഷ്യന്റെ പ്രവര്‍ത്തി കണ്ടുനിന്ന മാതാപിതാക്കള്‍ക്ക് അയാള്‍ ഈശ്വരനായി. അവര്‍ പറയുന്നു ഡോക്ടറുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമില്ലായിരുന്നു എങ്കില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേനെ എന്ന്. ഡോക്ടറുെട പ്രവര്‍ത്തി കൊണ്ടു ജീവന്‍ രക്ഷപെട്ടു കിട്ടിയ കുരുന്നുകളുടെ മാതാപിതാക്കള്‍ പറയുന്നു ഇദ്ദേഹം ശരിക്കം ഈശ്വരനാണ് എന്ന്.

എന്നിട്ടും തന്റെ മുമ്പില്‍ പിടഞ്ഞു മരിച്ച രക്ഷിക്കാന്‍ കഴിയാതെ പോയ കുഞ്ഞുങ്ങളെ ഓര്‍ത്ത് അദേഹം വിതുമ്പലോടെ പറഞ്ഞു, മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതുവരെ നേടിയ പണവും പഠിപ്പും എല്ലാം എന്തിനാണ് എന്ന്. ഒരോ രോഗിയും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ഡോക്ടറെയാണ്. വിശ്വസിക്കുന്നത് ഏതൊരു പ്രതിരോധഘട്ടത്തിലും ജീവന്‍ രക്ഷിക്കാനായി അവസാനംവരെ അവര്‍ ശ്രമിക്കും എന്നാണ്. സാധാരണക്കാര്‍ ആവശ്യപ്പെടുന്നത് ഒരു കുട്ടിരിപ്പുകാരനുമില്ലാതെ പണവും പദവിയും ഇല്ലാതെ കരുണയോടെ സ്വീകരിച്ച് കര്‍ത്തവ്യ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ആതുരാലയങ്ങളാണ്. ആശുപത്രി പോളിസികള്‍ക്കിടയില്‍ കര്‍ത്തവ്യ ബോധം മറക്കുന്ന സാധാരണക്കാരനെ തഴയുന്നവര്‍ കണ്ടു പഠിക്കണം ഖാലിഫ് മുഹമ്മദ് എന്ന് നടക്കുന്ന ദൈവത്തെ.

Ads by Google
TRENDING NOW