Friday, July 20, 2018 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.33 AM

യാചകി മുതല്‍ കേരളകേസരി വരെ

uploads/news/2017/08/136517/sun4.jpg

''പാവങ്ങളില്‍ പാവങ്ങളാം യാചകര്‍ ഞങ്ങള്‍...
അയ്യോ, യാചകര്‍ ഞങ്ങള്‍...
കാവലിന്‌ ദൈവമല്ലാതാരുമില്ലീലോകേ:
ഈ കണ്ണില്ലാത്തോരഗതി തന്നില്‍
അലിവുചേരാതോ...
പാവങ്ങളില്‍ പാവങ്ങളാം യാചകര്‍ ഞങ്ങള്‍...
അയ്യോ, യാചകര്‍ ഞങ്ങള്‍...''

മോഹനമായ ശബ്‌ദത്തില്‍ കരുണാര്‍ദ്രമായി പാടിക്കൊണ്ട്‌ കീറിയപാവാടയും ബ്ലൗസുമിട്ട്‌ കഴുത്തില്‍ കറുത്തചരടും, കയ്യില്‍ പിച്ചച്ചട്ടിയുമായി അന്ധനായ അച്‌ഛനെ നയിച്ചുകൊണ്ട്‌ യാചകി അരങ്ങില്‍ നിന്നും പ്രേക്ഷകര്‍ക്കിടയിലേക്ക്‌. പിച്ചച്ചട്ടിയിലും നാടകവേദിയിലും നാണയതുട്ടുകളും നോട്ടുകളും തുരുതുരെ വീണുകൊണ്ടിരുന്നു. ഹൈടെക്‌ ഡിജിറ്റല്‍ യുഗത്തില്‍ അഭിരമിക്കുന്ന യുവതലമുറയ്‌ക്ക് ഇങ്ങനെയൊരു സംഭവം അത്ഭുതമായി തോന്നാം.
1937ല്‍ കേരളമാകെ കോളിളക്കം സൃഷ്‌ടിച്ച യാചകി നാടകത്തിലെ ആദ്യരംഗം. യാചകിയായി പാടി അഭിനയിച്ചത്‌ പ്രശസ്‌തസംഗീതജ്‌ഞയും ആദ്യകാല സിനിമ നാടക കലാകാരിയുമായ തങ്കം വാസുദേവന്‍ നായര്‍. സംഗീതജ്‌ഞനും നടനുമായിരുന്ന വൈക്കം വാസുദേവന്‍ നായരുടെ ഭാര്യ. ജീവിതത്തിന്റെ അരങ്ങില്‍ നിന്നും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട്‌ മൂന്നാം തീയതി പതിറ്റാണ്ടു തികഞ്ഞു.
ആറന്മുള സിസേ്‌റ്റഴ്‌സ് എന്ന പേരില്‍ കേരളത്തില്‍ സംഗീതക്കച്ചേരികള്‍ നടത്തിയിരുന്നത്‌ സിനിമയിലെ അമ്മ വേഷം ചെയ്‌തിരുന്ന ആറന്മുള പൊന്നമ്മയും അനുജത്തി തങ്കവും. അണ്ണാമല സര്‍വകലാശാലയില്‍നിന്ന്‌ സംഗീതപഠനം കഴിഞ്ഞ്‌ വൈക്കം വാസുദേവന്‍ നായര്‍ സംഗീതക്കച്ചേരികള്‍ നടത്തി ദേശാടനം നടത്തിയിരുന്നകാലം. ആറന്മുള മാലേത്തു വീട്ടിലെത്തി തങ്കത്തിനെ സംഗീതം പഠിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ സംഗീത അദ്ധ്യാപകനായെത്തിയ വൈക്കം വാസുദേവന്‍നായര്‍ 1936-ല്‍ തങ്കത്തിനെ വിവാഹം ചെയ്‌തു. സംഗീതക്കച്ചേരികളിലും നാടകങ്ങളിലും സിനിമയിലും വൈക്കം വാസുദേവന്‍നായരും തങ്കവും കസറി. സംഗീതനാടകങ്ങളില്‍ പാടാന്‍ കഴിവുളളവരെ മാത്രം അഭിനേതാക്കളായി തെരഞ്ഞെടുത്തിരുന്നകാലം. മലയാള നാടകവേദിയില്‍ ആദ്യമായി ചരിത്രം കുറിച്ച്‌ വൈക്കം വാസുദേവന്‍ നായരും തങ്കവും എന്‍.പി.ചെല്ലപ്പന്‍ നായരുടെ പ്രേമവൈചിത്ര്യം എന്ന നാടകത്തില്‍ നായികാനായകന്മാരായി അരങ്ങിലെത്തി. കാണികളെ കരയിച്ചും കൈയ്യടി നേടിയും അഭിനയമികവിന്റെ ഉജ്‌ജ്വല മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിച്ചു.
സ്‌ത്രീകള്‍ നാടകം കാണുന്നതും അഭിനയിക്കുന്നതും മോശമായി കരുതി വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്ന അക്കാലത്ത്‌ പുരുഷന്മാര്‍ സ്‌ത്രീ വേഷം കെട്ടി അഭിനയിച്ചിരുന്നു പ്രശസ്‌തനടന്‍ ഓച്ചിറ വേലുക്കുട്ടി കരുണയില്‍ വാസവദത്തയായി അഭിനയിച്ച്‌ ചരിത്രം കുറിച്ചത്‌ അക്കാലത്താണ്‌.
സമൂഹത്തിന്റെയും ബന്ധുക്കളുടെയും ശക്‌തമായ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട്‌ തങ്കം നാടകത്തില്‍ അഭിനയിച്ചു. തങ്കം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു "ഞാനീ എതിര്‍പ്പുകളെല്ലാം അവഗണിച്ചു. ഭീഷണിക്കു മുന്നില്‍ ഞാന്‍ വഴങ്ങില്ലെന്നു മനസ്സിലായതോടെ എതിര്‍പ്പുകള്‍ ക്രമേണ അലിഞ്ഞുതീര്‍ന്നു. പിന്നെ ഓരോ നാടകം കഴിയുമ്പോഴും കാണികള്‍ ഞങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍ വാരിച്ചൊരിഞ്ഞു."
വൈക്കം വാസുദേവന്‍നായരുടെയും, തങ്കം വാസുദേവന്‍നായരുടെയും യാചകിയിലെ അഭിനയപാടവവും, ഇമ്പമാര്‍ന്ന സ്വരമാധുരിയും, സര്‍വ്വോപരി ആകാരസൗന്ദര്യവും കൊണ്ട്‌ മലയാള നാടകപ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ വിളിച്ചു -വൈക്കം ദമ്പതികള്‍.
1975 ല്‍ പക്ഷാഘാതംമൂലം തളര്‍ന്ന്‌ ചികിത്സയിലായ വൈക്കം വാസുദേവന്‍ നായരെ കാണുവാന്‍ മലയാളസിനിമയിലെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ വൈക്കം ദമ്പതികളുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണുന്നതിന്‌ ആരാധകര്‍ ബഹളം വച്ചപ്പോള്‍ നസീര്‍ പറഞ്ഞു. ഇന്ന്‌ എന്നെ കാണുവാന്‍ ആരാധകര്‍ തിങ്ങി കൂടുന്നതു പോലെയായിരുന്നു ഒരിക്കല്‍ വൈക്കം ദമ്പതികളെ കാണാന്‍ ജനങ്ങള്‍ തിങ്ങി കൂടിയിരുന്നത്‌ .
യാചകി നാടകം കേരളത്തിന്റെ മൂക്കിലും മൂലയിലും, ഒരേസ്‌ഥലത്തുതന്നെ മൂന്നും നാലും തവണകളിച്ചു. ഒരു ദിവസം പോലും ഒഴിവില്ലാതെ വര്‍ഷങ്ങളോളം അരങ്ങില്‍ നിന്നും അരങ്ങിലേക്ക്‌ തുടര്‍ച്ചയായി കേരളത്തിനു പുറത്തും അരങ്ങേറി.
തങ്കം വാസുദേവന്‍നായര്‍ യാചകിയായി പാടി അഭിനയിക്കുമ്പോള്‍ കാണികള്‍ വണ്‍സ്‌മോര്‍, വണ്‍സ്‌മോര്‍ എന്ന്‌ ഹര്‍ഷാരവം മുഴക്കിയിരുന്നു.
നാണയത്തുട്ടുകളും നോട്ടുകളും മഴപെയ്യുന്നതുപോലെ പിച്ചച്ചട്ടിയിലും വേദിയിലേക്കും പ്രേക്ഷകര്‍ എറിഞ്ഞുകൊടുത്തിരുന്നു. മലയാളനാടകചരിത്രത്തില്‍ ആരാധകരില്‍ നിന്ന്‌ തത്സമയം പണം കിട്ടിയത്‌ ആദ്യമായായിരുന്നു.
ഒരിക്കല്‍ നാഗര്‍കോവിലില്‍ വച്ച്‌ യാചകി കണ്ട തമിഴ്‌ നാടകവേദിയിലെ പ്രശസ്‌ത ദമ്പതികള്‍ കലൈവാണര്‍ എന്നറിയപ്പെട്ടിരുന്ന എന്‍.എസ്‌. കൃഷ്‌നും, ടി.എ. മധുരവും നാടകസംഘാംഗങ്ങളെ വീട്ടിലേക്ക്‌ ക്ഷണിച്ചുവിരുന്നു നല്‌കി. വൈക്കം ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട്‌ പറഞ്ഞു.
"നിങ്ങളെക്കണ്ടാല്‍
സാക്ഷാല്‍
ശിവനെയും
ശക്‌തിയെയും
പോലുണ്ട്‌. നിങ്ങള്‍ക്ക്‌
മേല്‍ക്കുമേല്‍ നേട്ടങ്ങള്‍
കൈവരിക്കാനാവും."
യാചകിയിലെ പാട്ടുകള്‍ ഗ്രാമഫോണ്‍ കമ്പനികള്‍ വിലയ്‌ക്കുവാങ്ങുന്നതിന്‌ മത്സരമായിരുന്നു. യാചകിയ്‌ക്കുതെണ്ടി കിട്ടിയ പണം കൊണ്ട്‌ വൈക്കത്ത്‌ വ്യന്ദാവനം എന്നപേരില്‍ മാളിക വീടുപണിതു, 950 രൂപയ്‌ക്ക് ഓസ്‌റ്റിന്‍ കാറുവാങ്ങി. വൈക്കത്ത്‌ ആദ്യമായി മാളികവീടുവച്ചതും കാറുവാങ്ങിയതും വൈക്കം ദമ്പതികളായിരുന്നു. സഹനടീനടന്മാര്‍ക്കു വീടു വയ്‌ക്കുന്നതിനും സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വര്‍ക്കും സംഭാവനകള്‍ നല്‌കിയിരുന്നു. വൃന്ദാവനത്തിനു സമീപം പന്തലുകെട്ടി എല്ലാ ആഘോഷങ്ങളിലും പാവപ്പെട്ടവര്‍ക്ക്‌ സദ്യയും നടത്തുക പതിവായിരുന്നു.
ശശിധരന്‍ ബി.എ, ക്ഷേത്രപ്രവേശനം വാസന്തി, ചേച്ചി തുടങ്ങിയ നാടകങ്ങളും വന്‍ വിജയമായിരുന്നു. തങ്കത്തിന്റെ ചേച്ചി ആറന്മുള പൊന്നമ്മയായിരുന്നു ചേച്ചിയിലെ നായിക.
തങ്കത്തിന്റെ വശ്യ സൗന്ദര്യം കണ്ട്‌ സിനിമയില്‍ നായികയാക്കാമെന്ന്‌ പറഞ്ഞ്‌ നിര്‍മ്മാതാക്കള്‍ സമീപിച്ചെങ്കിലും ഭര്‍ത്താവിനൊപ്പമല്ലാതെ സിനിമയില്‍ അഭിനയിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു നിര്‍മ്മാതാക്കള്‍ നിരാശയോടെ മടങ്ങി.
കാലചക്രം തിരിഞ്ഞപ്പോള്‍ വൈക്കം വാസുദേവന്‍ നായരിലെ സിനിമാപ്രേമം പൂവണിഞ്ഞു. സ്വന്തമായി സ്‌റ്റാര്‍കമ്പയിന്‍ഡ്‌ എന്ന നിര്‍മ്മാണക്കമ്പനി രൂപികരിച്ചു. വൈക്കം ദമ്പതികള്‍ നായകനും നായികയുമായി കേരളകേസരി സിനിമനിര്‍മ്മിച്ചു. സംവിധാനം എം.ആര്‍.വിട്ടല്‍ . 1951 മേയ്‌ 17-ന്‌ കേരള കേസരി റിലീസ്‌ ചെയ്‌തെങ്കിലും ഏതാനും ദിവസം ഓടി സിനിമ പെട്ടിക്കുളളിലായി. നാടകത്തില്‍ നിന്നും സംഗീതക്കച്ചേരികളില്‍ നിന്നും വാരിക്കൂട്ടിയ സമ്പാദ്യമെല്ലാം കേരള കേസരിയിലൂടെ നഷ്‌ടമായി. കടം തീര്‍ക്കുന്നതിന്‌ മാളികവീടും കാറും നൂറുപറനിലവും വില്‍ക്കേണ്ടിവന്നു.
തങ്കത്തിന്റെ സൗന്ദര്യവും ഇമ്പമാര്‍ന്ന ഈണവുമില്ലാതെ പിന്നീട്‌ വൈക്കം വാസുദേവന്‍ നായര്‍ തുടങ്ങിയ കൈലാസനടന സഭയില്‍ നായികയായെത്തിയത്‌ മാവേലിക്കര പൊന്നമ്മ. പ്രശസ്‌തമായ വൈക്കത്തഷ്‌ഠമിനാളില്‍ 11-ാം അഷ്‌ടമിനാളില്‍ വര്‍ഷങ്ങളോളം വൈക്കം ദമ്പതിമാര്‍ കച്ചേരി നടത്തിയിരുന്നു. വാസുദേവന്‍നായരുടെ മരണശേഷം തങ്കം മരണം വരെ കച്ചേരി തുടര്‍ന്നു.
സംഗീത നാടകരംഗത്തുനിന്നും ഒട്ടേറെ അംഗീകാരങ്ങളും, പുരസ്‌ക്കാരങ്ങളും തങ്കത്തെ തേടിയെത്തി. 1987-ല്‍ സ്വാതി തിരുനാള്‍ സംഗീതസഭയുടെ അവാര്‍ഡ്‌, 95 ല്‍ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്‌. ഡോ.കെ.ഓമനക്കുട്ടി തങ്കം വാസുദേവന്‍ നായരെക്കുറിച്ച്‌ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു
"ചെറുപ്പക്കാരിയുടെ ശബ്‌ദമായിരുന്നു എന്നും
തങ്കമ്മ ചേച്ചിക്ക്‌. മരിക്കുന്നതുവരെ ആ ശബ്‌ദത്തിന്‌
ഒരു കുഴപ്പവും സംഭവിച്ചിരുന്നില്ല കച്ചേരികളില്‍ സ്വരവും
രാഗവും ചിട്ടപ്പെടുത്തി പാടാനുളള അവരുടെ
കഴിവ്‌ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല.
അത്രയ്‌ക്ക് ദൈവസ്‌പര്‍ശമുളള ശബ്‌ദമായിരുന്നു.
ചേച്ചിയുടെ പാട്ടിന്റെ ഏറ്റവും വലിയ സവിശേഷത.
നാടകഗാനങ്ങള്‍ പാടി നടന്നതിന്റെ
ഒരു സ്വാധീനവുമില്ലാതെ ശുദ്ധകര്‍ണ്ണാടക
സംഗീതം കൈകാര്യം ചെയ്യാന്‍
അവര്‍ക്കാകുമായിരുന്നു.
ഒരു റിയല്‍ ആര്‍ട്ടിസ്‌റ്റിന്റെ
മേന്മകളും അവര്‍ക്കുണ്ടായിരുന്നു."
മലയാള സംഗീതനാടകരംഗത്തും, ശാസ്‌ത്രീയ സംഗീതത്തിലും സര്‍ണ്മകലയുടെയും , പ്രേക്ഷകരുടെ മനസ്സില്‍ സൗന്ദര്യദേവതയായി നിറഞ്ഞു നിന്നിരുന്ന തങ്കം വാസുദേവന്‍ നായര്‍ യവനികയ്‌ക്കുളളില്‍ മറഞ്ഞെങ്കിലും മലയാള നാടകവേദിയുടെ ജാതകം മാറ്റി കുറിച്ചയാചകിയിലെ അഭിനയവും, പാട്ടും, മലയാളിയുടെ ലാവണ്യ സങ്കല്‍പ്പങ്ങളുടെ നിറകുടമായ സൗന്ദര്യവും ഇന്നും നിറഞ്ഞു നില്‌ക്കുന്നു.

സുബ്രഹ്‌മണ്യന്‍ അമ്പാടി

Ads by Google
Sunday 13 Aug 2017 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW