Thursday, August 17, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.30 AM

15 കോടിയുടെ നിക്ഷേപം വാങ്ങി മുങ്ങിയ ജൂവലറി ഉടമ പിടിയില്‍

uploads/news/2017/08/136512/c4.jpg

തിരൂര്‍: ജൂവലറിയുടെ പേരില്‍ നൂറുകണക്കിന്‌ ആള്‍ക്കാരില്‍നിന്ന്‌ 15 കോടിയോളം നിക്ഷേപം സ്വീകരിച്ചു തട്ടിപ്പുനടത്തിയശേഷം മുങ്ങിയ ജൂവലറി ഉടമ പിടിയില്‍. രഹസ്യമായി നാട്ടിലെത്തിയ തുഞ്ചത്ത്‌ ജൂവലറി മാനേജിങ്‌ ഡയറക്‌ടര്‍ ഒഴൂര്‍ മുതിയേരി ജയചന്ദ്രനെ(38)യാണ്‌ തിരൂര്‍ സി.ഐ: എം.കെ. ഷാജിയും അറസ്‌റ്റ്‌ ചെയ്‌തത്‌.
രണ്ടരവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. 2012ലാണ്‌ തിരൂര്‍ ഏഴൂര്‍ റോഡില്‍ തുഞ്ചത്ത്‌ ജൂവലറി എന്ന പേരില്‍ സ്‌ഥാപനം തുടങ്ങിയത്‌. പിന്നീട്‌ ലാഭവിഹിതം നല്‍കാമെന്നു പറഞ്ഞ്‌ നിക്ഷേപവും സ്വര്‍ണവും വാങ്ങുന്ന പദ്ധതി തുടങ്ങി. പിന്നീട്‌ 13 ഡയറക്‌ടര്‍മാരെ ഉള്‍പ്പെടുത്തി കമ്പനിയാക്കി. നിരവധിപേര്‍ പദ്ധതിയില്‍ചേര്‍ന്നതോടെ കോടികള്‍ നിക്ഷേപമായെത്തി. എന്നാല്‍ ഇതുപയോഗിച്ച്‌ ഭൂമി വാങ്ങിക്കൂട്ടാനാണ്‌ ഇവര്‍ ശ്രമിച്ചത്‌.
ബംഗളൂരുവില്‍ 26 മുറികളുള്ള മൂന്നുനില കെട്ടിടം അടക്കം 85 സെന്റ്‌ ഭൂമി അഞ്ചുകോടി രൂപക്ക്‌ വാങ്ങി. ഇവിടെ ജൂവലറി തുടങ്ങാന്‍ രണ്ടു കോടി രൂപ ചെലവഴിച്ചു. തിരൂരില്‍ 28 സെന്റ്‌ ഭൂമി വാങ്ങി. ഒഴൂരില്‍ ഒന്നേമുക്കാല്‍ കോടി രൂപക്ക്‌ 14 സെന്റ്‌ ഭൂമി വാങ്ങി. താനൂരില്‍ രണ്ടു കോടി രൂപയ്‌ക്ക്‌ രണ്ടേക്കര്‍ എട്ട്‌ സെന്റ്‌ ഭൂമി വാങ്ങി. ഇതില്‍ നിന്നും എട്ട്‌ സെന്റ്‌ വീതം 14 ഡയറക്‌ടര്‍മാര്‍ക്ക്‌ നല്‍കി. ഇതില്‍ ബാക്കി 1.64 ഏക്കര്‍ ഭൂമിയുണ്ട്‌. നിക്ഷേപങ്ങള്‍ സ്വന്തം പേരിലും ബിനാമികളുടെ പേരിലും ഭൂമി വാങ്ങാന്‍ ഉപയോഗിച്ചതോടെ പദ്ധതി പാളി, ജുവലറി പൂട്ടി. തുടര്‍ന്നു നിക്ഷേപകര്‍ ക്ഷുഭിതരായതോടെ ബംഗളൂരുവിലേക്ക്‌ മുങ്ങി.
നിക്ഷേപകര്‍ പരാതി നല്‍കിയതോടെ ഭൂമി വിറ്റു പണം മടക്കിനല്‍കാന്‍ ജയചന്ദ്രന്‍ എന്ന ഇടനിലക്കാരനെ ചുമതലപ്പെടുത്തിയെങ്കിലും ഇയാള്‍ ചതിച്ചുവത്രേ. നേരത്തെ പോലീസിനു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ ഡയറക്‌ടര്‍മാരില്‍ ഒരാളായ ഹരിദേവനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
നിക്ഷേപകരും ഏജന്റുമാരും ആക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രക്ഷോഭം നടത്തുന്നതിനിടെയാണ്‌ അറസ്‌റ്റ്‌. കേസന്വേഷണത്തിന്‌ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിക്കും. നിക്ഷേപം നടത്തിയവര്‍ അതത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കണമെന്ന്‌ കേസന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന തിരൂര്‍ സി.ഐ: എം.കെ.ഷാജി അറിയിച്ചു. ഇതോടകം മുന്നൂറോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്‌.

Ads by Google
Sunday 13 Aug 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW