Saturday, February 24, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.13 AM

ഇന്ത്യക്കു മേല്‍ക്കൈ

uploads/news/2017/08/136400/1.jpg

പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിലും ഇന്ത്യക്കു മേല്‍ക്കൈ. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറിന്‌ 329 റണ്ണെടുത്തു.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ ആറാം ടെസ്‌റ്റ് സെഞ്ചുറിയും (123 പന്തില്‍ 119) സഹ ഓപ്പണര്‍ ലോകേഷ്‌ രാഹുലിന്റെ (135 പന്തില്‍ 85) അര്‍ധ സെഞ്ചുറിയും നേടിക്കൊടുത്ത മുന്‍തൂക്കം ഇന്ത്യ അവസാന സെഷനുകളില്‍ നശിപ്പിച്ചിരുന്നു. 13 റണ്ണെടുത്ത വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും ഒരു റണ്ണെടുത്ത ഹാര്‍ദിക്‌ പാണ്ഡ്യയുമാണ്‌ ക്രീസില്‍. ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി അനുകൂലമായ പല്ലെക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിനു താല്‍പര്യപ്പെടുകയായിരുന്നു.
ശ്രീലങ്കയില്‍ സന്ദര്‍ശക ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിങ്‌ കൂട്ടുകെട്ട്‌ എന്ന റെക്കോഡുമായാണ്‌ ധവാനും രാഹുലും ആദ്യം ബാറ്റ്‌ ചെയ്യാനുള്ള കോഹ്ലിയുടെ തീരുമാനത്തെ ന്യായീകരിച്ചത്‌. ഏകദിന ശൈലിയില്‍ ബാറ്റ്‌ ചെയ്‌ത ധവാന്‍ 45 പന്തിലാണ്‌ അര്‍ധ സെഞ്ചുറി കടന്നത്‌. ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച രാഹുല്‍ 87 പന്തിലാണ്‌ അര്‍ധ സെഞ്ചുറി നേടിയത്‌. ഓപ്പിണങ്‌ ജോഡി 100 തികയ്‌ക്കാന്‍ 107 പന്തുകള്‍ മാത്രമാണു നേരിട്ടതും. 96.74 റണ്‍ ശരാശരിയില്‍ ബാറ്റ്‌ ചെയ്‌ത ധവാനായിരുന്നു കൂടുതല്‍ ആക്രമണകാരി.
1993 ല്‍ ഇന്ത്യയുടെ തന്നെ നവജ്യോത്‌ സിങ്‌ സിദ്ധുവും മനോജ്‌ പ്രഭാകറും ചേര്‍ന്നു നേടിയ 171 റണ്ണിന്റെ ഓപ്പണിങ്‌ കൂട്ടുകെട്ടിന്റെ റെക്കോഡാണ്‌ ഇന്നലെ പഴങ്കഥയായത്‌. സെഞ്ചുറിക്ക്‌ 15 റണ്‍ അകലെവച്ചാണു രാഹുല്‍ പുറത്തായത്‌. മലിന്ദ പുഷ്‌പകുമാരയുടെ പന്തില്‍ ഓണ്‍ഡ്രൈവിനു ശ്രമിച്ച രാഹുല്‍ ദിമുത്‌ കരുണരത്‌നെയുടെ കൈയില്‍ ഒതുങ്ങി. തുടര്‍ച്ചയായി ഏഴാം ഇന്നിങ്‌സിലാണു രാഹുല്‍ അര്‍ധ സെഞ്ചുറി കടക്കുന്നത്‌. കുമാര്‍ സംഗക്കാര, ക്രിസ്‌ റോജേഴ്‌സ്, ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, ആന്‍ഡി ഫ്‌ളവര്‍ തുടങ്ങിയവര്‍ക്കൊപ്പമെത്താന്‍ രാഹുലിനായി. സ്‌കോര്‍ 200 കടന്ന്‌ വൈകാതെ ധവാനും മടങ്ങി. പുഷ്‌പകുമാരയെ പുള്‍ ചെയ്‌ത ധവാനെ നായകന്‍ കൂടിയായ ദിനേഷ്‌ ചാന്‍ഡിമല്‍ തകര്‍ച്ചന്‍ ക്യാച്ചിലൂടെ പുറത്താക്കി.
17 തവണ പന്ത്‌ അതിര്‍ത്തി കടത്തിയ ധവാന്‍ പുറത്തായതോടെ ലങ്കന്‍ താരങ്ങളുടെ മുഖത്ത്‌ ആശ്വാസ നിശ്വാസങ്ങള്‍ ഉയര്‍ന്നു. 2011 നു ശേഷം വിദേശ പര്യടനത്തില്‍ രണ്ട്‌ ടെസ്‌റ്റുകളില്‍ സെഞ്ചുറിയടിക്കുന്ന ഇന്ത്യന്‍ ഓപ്പണറാണു ധവാന്‍. 2011 ലെ ഇംഗ്ലണ്ട്‌ പര്യടനത്തില്‍ രണ്ട്‌ സെഞ്ചുറിയടിച്ച രാഹുല്‍ ദ്രാവിഡാണു മുന്‍ഗാമി. ഇരുവരെയും പുറത്താക്കാന്‍ കഴിഞ്ഞതോടെയാണു ലങ്ക മത്സരത്തിലേക്കു തിരിച്ചുവന്നത്‌. മൂന്നാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാരയെ (33 പന്തില്‍ എട്ട്‌) ലക്ഷന്‍ സന്ദകന്‍ പുറത്താക്കി.
സന്ദകന്റെ പുറത്തേക്കു പോയ പന്തില്‍ ബാറ്റ്‌ വച്ച പൂജാരയെ എയ്‌ഞ്ചലോ മാത്യൂസ്‌ പിടികൂടി. വിരാട്‌ കോഹ്ലി 84 പന്തില്‍ 42 റണ്ണുമായി തിളങ്ങി. കോഹ്ലിയെ സന്ദകന്‍ കരുണരത്‌നെയുടെ കൈയിലെത്തിക്കുകയായിരുന്നു. 48 പന്തില്‍ 17 റണ്ണെടുത്ത അജിന്‍ക്യ രഹാനെയ്‌ക്കും നിലയുറപ്പിക്കാനായില്ല. രഹാനെയെ പുഷ്‌പകുമാര ബൗള്‍ഡാക്കി. ഒന്നാം ദിവസത്തെ കളി തീരും മുമ്പ്‌ അശ്വിന്‍ വിശ്വ ഫെര്‍ണാണ്ടോയ്‌ക്കു വിക്കറ്റ്‌ നല്‍കി. 75 പന്തില്‍ 31 റണ്ണുമായാണ്‌ അശ്വിന്‍ ക്രീസ്‌ വിട്ടത്‌.
സ്‌കോര്‍ബോര്‍ഡ്‌:
ശിഖര്‍ ധവാന്‍ സി ചാന്‍ഡിമല്‍ ബി മലിന്ദ പുഷ്‌പകുമാര 119, ലോകേഷ്‌ രാഹുല്‍ സി ദിമുത്‌ കരുണരത്‌നെ ബി മലിന്ദ പുഷ്‌പകുമാര 85, ചേതേശ്വര്‍ പുജാര സി മാത്യൂസ്‌ ബി ലക്ഷന്‍ സന്ദകന്‍ 8, കോഹ്ലി സി കരുണരത്‌നെ ബി സന്ദകന്‍ 42, അജിന്‍ക്യ രഹാനെ ബി പുഷ്‌പകുമാര 17, അശ്വിന്‍ സി നിരോഷന്‍ ഡിക്‌വെല ബി ഫെര്‍ണാണ്ടോ 31, സാഹ നോട്ടൗട്ട്‌ 13, പാണ്ഡ്യ നോട്ടൗട്ട്‌ 1. എക്‌സ്ട്രാസ്‌: 13. ആകെ: (90 ഓവറില്‍) ആറിന്‌ 329.
വിക്കറ്റ്‌ വീഴ്‌ച: 1-188, 2-219, 3-229, 4-264, 5-296, 6-322. ബൗളിങ്‌: വിശ്വ ഫെര്‍ണാണ്ടോ 19-2-68-1, ലാഹിരു കുമാര 15-1-67-0, ദിമുത്‌ കരുണരത്‌നെ 5-0-23-0, ദില്‍റുവന്‍ പെരേര 8-1-36-0, ലക്ഷന്‍ സന്ദകന്‍ 25-2-84-2, മലിന്ദ പുഷ്‌പകുമാര 18-2-40-3.

Ads by Google
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
TRENDING NOW