Sunday, July 15, 2018 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 03.31 PM

ചിലങ്കയും കൊച്ചു കൊച്ചു സന്തോഷങ്ങളും

"ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം" കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/08/136356/lenacolim14.jpg

പഠനത്തിന് ശേഷം നേരിട്ട് വെള്ളിത്തിരയിലെ വിശേഷങ്ങളിലേക്കെത്തിയത് മനപൂര്‍വ്വം തന്നെയായിരുന്നു. ഇനിയൊന്ന് തിരിച്ചു നടക്കാം. എന്റെ വിദ്യാലയ ജീവിതത്തിലേക്ക്...

നൃത്തവും ഞാനും തമ്മില്‍


എന്നെ നൃത്തം പഠിപ്പിക്കാന്‍ ഏറെ ആഗ്രഹിച്ചത് അമ്മയാണ്. അതുകൊണ്ട് ആറു വയസ്സുള്ളപ്പോള്‍ തന്നെ നൃത്തം പഠിച്ചു തുടങ്ങി. കുട്ടിക്കാലത്ത് അമ്മയുടെ സാരി ചുറ്റി ഞാന്‍ നൃത്തമത്സരത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പിന്നീടാണ് നൃത്തം അദ്ധ്യാപകരില്‍ നിന്ന് പഠിച്ചു തുടങ്ങിയത്.

ഓരോ ക്‌ളാസ് കഴിയുന്തോറും അച്ഛന്റെ ട്രാന്‍സഫര്‍ അനുസരിച്ച് പല പല ഗുരുക്കന്മാര്‍ എനിക്ക് നൃത്ത അദ്ധ്യാപകരായി. അതില്‍ പൂങ്കുന്നത്ത് ഉണ്ടായിരുന്ന വളരെ പ്രായമുള്ള ഒരു ടീച്ചറുണ്ടായിരുന്നു.

ബോളിവുഡ് അഭിനേത്രി ആഷാ പാരേഖിനെയൊക്കെ നൃത്തം പഠിപ്പിച്ചത് ഈ ടീച്ചറായിരുന്നു. ഹൈസ്‌കൂള്‍ കാലയളവ് വരെയൊക്കെ നൃത്തം പഠിച്ചു. പക്ഷേ അക്കാലത്ത് വേദിയിലൊന്നും കയറിയിരുന്നില്ല. പിന്നീടത് എങ്ങനെയൊക്കെയോ ഇല്ലാതായി.

സീരിയസ്സായി പിന്നീട് നൃത്തത്തെ സമീപിക്കുന്നത് ഡിഗ്രി കാലയളവിലാണ്. ആ സമയത്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു രമ്യ. അവള്‍ കാരണമാണ് നൃത്തമെന്ന കലയെ ഞാന്‍ പൊടി തട്ടിയെടുത്തത്. കോളജില്‍ ഒരുപാട് പേര്‍ ഒരുമിച്ച് ഭരതനാട്യ മത്സരത്തിന് പോകുമായിരുന്നു.

അങ്ങനെയൊരു കൂട്ടായ്മ ഉണ്ടായതു കൊണ്ട് എനിക്കും അതിന് താത്പര്യം വന്നു തുടങ്ങി. ക്ലാസിക്കല്‍ ഡാന്‍സ് മത്സരത്തിനൊക്കെ അക്കാലത്ത് പങ്കെടുത്തിരുന്നു, കുറെ സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്.

അഞ്ചു പേര്‍ ഒരുമിച്ചാണ് വേദിയിലെത്തിയിരുന്നത്. അന്നൊക്കെ എന്റെ കരുത്തും പിന്തുണയുമൊക്കെ കലാമണ്ഡലം ശോഭ ടീച്ചറായിരുന്നു. ടീച്ചറാണ് എന്നെ ശരിക്കും വേദിയിലെത്തിക്കുന്നത്.

uploads/news/2017/08/136356/lenacolim14a.jpg
ലെന നൃത്തവേദിയില്‍

ഗുരുകുലം പോലെ കലാപഠനം


കലാമണ്ഡലം ശോഭടീച്ചറിന്റെയൊപ്പം നൃത്തം പഠിച്ച നാളുകള്‍ മറക്കാനാവില്ല. ആ കാലയളവില്‍ തന്നെയായിരുന്നു ഞാന്‍ പൂമാട്ടില്‍ ശാന്തകുമാരി ടീച്ചറിന്റെ കീഴില്‍ കര്‍ണാടക സംഗീതവും പഠിച്ചത്.

പത്തുമാസം മാത്രമുള്ള പഠനമായതു കൊണ്ട് അരങ്ങേറ്റമൊന്നും നടത്തിയിട്ടില്ല. കൗതുകം കൊണ്ട് ചേര്‍ന്നതാണതിന്. നിമിത്തം പോലെ ശാന്തകുമാരി ടീച്ചറിനെയും അന്ന് കണ്ടെത്തി. എനിക്കൊപ്പം തുടക്കക്കാര്‍ ഇല്ലാത്തതു കൊണ്ട് ഒറ്റയ്ക്കായിരുന്നു ക്‌ളാസ്.

തണുത്ത വെള്ളത്തില്‍ കഴുത്തറ്റം മുങ്ങി സാധകമൊന്നും ചെയ്തിരുന്നില്ലെങ്കിലും ഞാന്‍ ശരിക്കുമത് ആസ്വദിച്ചിരുന്നു. കുറച്ചുനാളേ പഠിച്ചുള്ളുവെങ്കിലും ടീച്ചറിന് എന്നെ വലിയ കാര്യമായിരുന്നു, വളരെ സ്‌നേഹവുമായിരുന്നു. ഒറ്റയ്ക്കുള്ള പഠനമായതു കൊണ്ട് സഭാകമ്പമൊന്നും ഉണ്ടായിരുന്നില്ല.

ടീച്ചറിന്റെ പഴയ കഥകളൊക്കെ കേട്ട് ഒരു ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു. എന്നും ക്ലാസ് കഴിയുമ്പോള്‍ ടീച്ചറെനിക്ക് എന്തെങ്കിലും ഭക്ഷണമുണ്ടാക്കിത്തരും. അത് കഴിച്ചിട്ടേ എന്നെ വീട്ടിലേക്ക് തിരികെ വിടൂ.

പാട്ടുകളോടുള്ള സ്‌നേഹം കൊണ്ടാണ് അത്രയും നാള്‍ പഠിച്ചത്. അത്രയും നാളത്തെ പഠനം കൊണ്ട് ശ്രുതി തെറ്റാതെ പാടാനും, അതിന്റെ വളവും തിരിവും മനസ്സിലാക്കാനും പറ്റി. കേള്‍ക്കുമ്പോള്‍ ഇഷ്ടം തോന്നുന്ന ചില പാട്ടുകള്‍ പാടാനുള്ള ബുദ്ധിമുട്ടും തിരിച്ചറിഞ്ഞു.

പക്ഷേ കര്‍ണാടക സംഗീതം അവിടെ ഉപേക്ഷിച്ചു. എങ്കിലും ഡിഗ്രി പഠനത്തിനിടയില്‍ ഇന്റര്‍കോളജ് ഫെസ്റ്റിലും, മാതൃഭൂമി കലോത്സവത്തിനുമൊക്കെ വേണ്ടി ഞാന്‍ ചിലയങ്കണിഞ്ഞിട്ടുണ്ട്. നൃത്തം കുറച്ചുനാള്‍ കൂടി മുന്നോട്ടു കൊണ്ടു പോയി എന്നു സാരം.

വീണ്ടും കലാവേദിയിലേക്ക്...


ഡിഗ്രി പഠനകാലത്ത് സിനിമയിലേക്കും ചേക്കേറിയത് പറഞ്ഞിരുന്നല്ലോ. രണ്ടാംഭാവം റിലീസ് ചെയ്ത സമയത്ത് എനിക്കൊരു വിദേശഷോയ്ക്ക് ഓഫര്‍ വന്നിരുന്നു. 2002 ല്‍ ലണ്ടനിലേക്കായിരുന്നു ആ യാത്ര.

സംഗീത ഓഫ് ലണ്ടന്‍ എന്നതിന്റെ സംഘാടകര്‍ ഭരത്‌ഗോപി സാറിനെ ഫെലിസിറ്റേറ്റ് ചെയ്യുന്ന ഒരു ചടങ്ങായിരുന്നു അത്. ജഗദീഷ് ചേട്ടന്‍, കോട്ടയം നസീര്‍, ബിജു നാരായണന്‍, പൂര്‍ണ്ണിമ മോഹന്‍ എന്നിങ്ങനെ പ്രമുഖരടങ്ങുന്ന ഒരു വലിയ ടീമായിരുന്നു അത്.

ഇതിന്റെ സംഘാടകര്‍ എന്നെക്കാണാനെത്തിയപ്പോള്‍ ക്ലാസിക്കല്‍ പെര്‍ഫോമന്‍സ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചു. ഞാന്‍ യെസ് പറഞ്ഞു. പൂര്‍ണ്ണമായ ക്ലാസിക്കല്‍ പെര്‍ഫോമന്‍സിനു പകരം സിനിമാറ്റിക് പാട്ട് ക്‌ളാസിക്കലായി ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.

അങ്ങനെ ഞാന്‍ വീണ്ടും ശോഭ ടീച്ചറിനെ സമീപിച്ചു. ടീച്ചര്‍ കൊറിയോഗ്രഫി ചെയ്ത് മഴവില്ല് എന്ന സിനിമയിലെ ശിവദം ശിവനാമം ഞാന്‍ വേദിയില്‍ അവതരിപ്പിച്ചു. അന്ന് ബിജു നാരായണനൊപ്പം 'പൂവേ പൂവേ പാലപ്പൂവേ' എന്ന പാട്ടും പാടിയിരുന്നു.

uploads/news/2017/08/136356/lenacolim14b.jpg

അവസാനമായി ചിലങ്ക കെട്ടിയത് അങ്ങനെയാണ്. പിന്നെ ഞാനത് ഫോളോ ചെയ്തിട്ടില്ല. മുംബൈയില്‍ പോയപ്പോഴത് വിട്ടു. സത്യത്തില്‍ സമയക്കുറവ് കൊണ്ടാണ് നൃത്തം വേണ്ടെന്ന് വച്ചത്.

എന്നെ നന്നായി അറിയുന്നവര്‍ക്കൊഴികെ ഞാന്‍ നൃത്തം ചെയ്യുമെന്നോ പാട്ടു പാടുമെന്നോ അറിയില്ല. ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ സമയത്ത് കെ.എസ്.പ്രസാദിന്റെ ടീമിനൊപ്പം നടത്തിയ യു.എസ്. ഷോയില്‍ വച്ച് ലൈല ഓ ലൈല എന്ന പാട്ട് പാടിയപ്പോഴാണ് ചിലരെങ്കിലുമത് തിരിച്ചറിഞ്ഞത്.

പുതിയ കാര്യങ്ങള്‍ പഠിക്കുന്നതു കൊണ്ട് കലയെ മറന്നുവെന്ന നഷ്ടബോധമൊന്നും തോന്നിയിട്ടില്ല. പക്ഷേ ഇടയ്ക്കിടയ്ക്ക് ശോഭ ടീച്ചറത് ഓര്‍മ്മിപ്പിക്കാറുണ്ട്. ''ഒന്ന് തിരിച്ചു തുടങ്ങിക്കൂടെ, ആദ്യം തൊട്ട് ഒന്ന് പൊടി തട്ടിയെടുത്തൂടെ. ശരീരത്തിന് അത് നല്ലൊരു വ്യായാമവുമാണ്.'' എന്നൊക്കെ ചോദിക്കും.

കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ശിവകര ഡമരുകമെന്ന പാട്ടു സീനിനു വേണ്ടി മേക്കപ്പിടുന്ന സമയത്ത് ഭാനുപ്രിയയും നൃത്തത്തെക്കുറിച്ച് എന്നോട് ചോദിച്ചു.

''നല്ല ഉയരവും നൃത്തത്തിനുതകുന്ന ശരീരവടിവും ഉണ്ടായിട്ടും എന്തേ അത് ഉപേക്ഷിച്ചു? ഇനിയാണെങ്കിലും നൃത്തത്തിലേക്കൊരു മടക്കയാത്ര നടത്തിക്കൂടെ.'' ഈ ചോദ്യം സത്യത്തില്‍ ഒരു വലിയ എന്‍കറേജ്‌മെന്റായി.

ആ പാട്ടിലുടനീളം ലക്ഷ്മി ഗോപാലസ്വാമി ചെയ്ത കഥാപാത്രത്തിന്റെ സുഹൃത്തായി നൃത്തം കാണുന്നവരില്‍ ഒരാളായി ഞാനുമുണ്ടായിരുന്നു. ചിലങ്ക കെട്ടിയാടുന്ന അവരിലൂടെ എന്റെ പഴയ കാലവും മനസ്സില്‍ വന്നു...

തയാറാക്കിയത് - ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW