Thursday, August 17, 2017 Last Updated 9 Min 10 Sec ago English Edition
Todays E paper
Friday 11 Aug 2017 03.16 PM

പൊടി അടിച്ചാല്‍ തുമ്മല്‍ കൂടും. ഇത് അലര്‍ജിയുടെ ലക്ഷണമാണോ?

ജനറല്‍ മെഡിസിന്‍
uploads/news/2017/08/136021/asdrgenmedicn110817.jpg

തലകറക്കത്തിന് കാരണങ്ങള്‍ പലത്


ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാണ്. എനിക്ക് 40 വയസ്. രാവിലെ ഉറക്കമുണരുമ്പോഴുള്ള തലകറക്കമാണ് എന്റെ പ്രശ്‌നം. ഉണര്‍ന്ന് അല്‍പ സമയം കഴിഞ്ഞാല്‍ മാറും. ജോലിയുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ കാരണം ദിവസവും 5 മണിക്കൂര്‍ മാത്രമേ ഉറങ്ങാനാവുന്നുള്ളൂ. എന്റെ തലകറക്കം രോഗമാണോ?
------ മനോജ് കെ.ആര്‍, കോഴിക്കോട്

തലകറക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. രക്തക്കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, തലച്ചോറിന്റെ പ്രശ്‌നങ്ങള്‍, ചെവിയുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് തലകറക്കത്തിനുള്ള പ്രധാന കാരണങ്ങള്‍. തലകറക്കം വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്‌നമാണ്.

മിക്കവാറും സമയങ്ങളില്‍ നിസാരമായ എന്തെങ്കിലും പ്രശ്‌നമായിരിക്കും തലകറക്കത്തിനുള്ള കാരണം. ഉറങ്ങിയെണീറ്റ ഉടന്‍ നടക്കാതെ കിടക്കയില്‍ ഇരുന്നു കൊണ്ട് കുറച്ചുനേരം കൈകാലുകള്‍ മടക്കിനിവര്‍ത്തി സാവധാനം എഴുന്നേറ്റാല്‍ തലകറക്കം ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. എന്നാല്‍ തലകറക്കത്തോടൊപ്പം ഓര്‍മ്മക്കുറവ് കൂടി ഉണ്ടെന്ന് പറയുന്നതുകൊണ്ട് എന്തെങ്കിലും സങ്കീര്‍ണമായ പ്രശ്‌നം കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പ്രമേഹം, രക്താതിസമ്മര്‍ദം, മദ്യപാനം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടോ എന്നും കത്തില്‍ പറഞ്ഞിട്ടില്ല. എന്തുതന്നെയായാലും ഓര്‍മക്കുറവ് കൂടിയുള്ളതുകൊണ്ട് താങ്കളുടെ പ്രശ്‌നങ്ങള്‍ നിസാരമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഉല്‍കണ്ഠയും മറ്റു മാനസികസംഘര്‍ഷങ്ങളും ഓര്‍മ്മക്കുറവിന് കാരണമാവാം. എത്രയും വേഗം ഒരു ഫിസിഷന്റെ നിര്‍ദേശപ്രകാരം രോഗ കാരണം കണ്ടെത്തി ചികിത്സിക്കുന്നതാവും അഭികാമ്യം.

ജോലി ചെയ്യുമ്പോള്‍ നടുവേദന


ഞാന്‍ 45 വയസുള്ള വീട്ടമ്മയാണ്. കുനിഞ്ഞ് ജോലി ചെയ്യുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ നടുവിന് അസഹ്യമായ വേദന അനുഭവപ്പെടുന്നു. ചില സമയങ്ങളില്‍ കാലിന് തരിപ്പും ഉണ്ടാകാറുണ്ട്. എന്താണ് ഇതിനു കാരണം? നടുവേദന മാറാന്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്?
------ അനില എസ്., കുറിച്ചി

വളരെ സാധാരണയായി കാണപ്പെടുന്ന ഒരാരോഗ്യ പ്രശ്‌നമാണ് നടുവേദന. 80 ശതമാനത്തിലധികം ആളുകളും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുണ്ടാവും. നമ്മുടെ ശരീഭാരം താങ്ങുകയും നാഡീവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുക എന്ന ധര്‍മ്മമാണ് പ്രധാനമായും നട്ടെല്ലുകള്‍ നിര്‍വഹിക്കുന്നത്.

നട്ടെല്ലിന്റെ തേയ്മാനം കൊണ്ടും എല്ലിന്റെ ബലക്കുറവു കൊണ്ടും ഉണ്ടാകുന്ന നടുവേദനയാണ് 40 വയസിനു മുകളിലുള്ളവരില്‍ സാധാരണയായി കണ്ടുവരുന്നത്. ഇവരില്‍ ജോലി ചെയ്യുമ്പോള്‍ വേദന കൂടുകയും വിശ്രമിക്കുമ്പോള്‍ വേദന കുറയുന്നതായും കാണാം.

മറ്റു പല കാരണങ്ങള്‍ കൊണ്ടും നടുവേദന ഉണ്ടാവാം. നടുവേദനയോടൊപ്പമുള്ള പനി, ശരീരത്തിന്റെ തൂക്കം കുറയല്‍, രാത്രിയിലുള്ള നടുവേദന, മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍, വീഴ്ചമൂലം എല്ലുകള്‍ക്കേറ്റ ക്ഷതം, സ്റ്റിറോയ്ഡ് പോലുള്ള ഗുളികളുടെ ഉപയോഗം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കൊണ്ടാവാം.

വളരെനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, കുനിഞ്ഞു ജോലി ചെയ്യുന്നവര്‍ ഭാരം ഉയര്‍ത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം നടുവേദനയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. തോളില്‍ ഭാരമേറിയ സ്‌കൂള്‍ ബാഗുമായി പോവുന്ന കുട്ടികളില്‍പ്പോലും നടുവേദന കൂടുതലായി കാണപ്പെടുന്നു.

അസ്ഥികളുടെ ബലക്കുറവ്, എന്നിവയ്ക്ക് പുറമെ വിവിധതരം സന്ധിവാതരോഗങ്ങള്‍, അണുബാധ, അസ്ഥികള്‍ക്കുണ്ടാവുന്ന ക്ഷതം, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍, വിവിധതരം കാന്‍സറുകള്‍ എന്നിവയെല്ലാം നടുവേദനയ്ക്കു കാരണമാവാം.

ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങളാണ് 10 ശതമാനം മുതല്‍ 15 ശതമാനം വരെ ആളുകളില്‍ നടുവേദനയ്ക്കുള്ള കാരണം എന്ന യാഥാര്‍ഥ്യം അതിശയിപ്പിക്കുന്നതാണ്. നിങ്ങളുടെ നടുവേദന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കൊണ്ടാവാനുള്ള സാധ്യത കുറവാണ്.

നട്ടെല്ലിന്റെ തേയ്മാനം, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കൊണ്ട് ഉണ്ടാവുന്ന നടുവേദനയാവാനാണ് സാധ്യത. എങ്കിലും ആവശ്യമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ നടുവേദനയുടെ കാരണം കൃത്യമായി പറയാന്‍ കഴിയൂ. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തുടങ്ങുന്നതാവും ഉചിതം.

പടികള്‍ കയറാന്‍ ബുദ്ധിമുട്ട്


ഞാന്‍ കോളജ് വിദ്യാര്‍ഥിയാണ്. എനിക്ക് 20 വയസ്. എനിക്ക് 160 സെന്റീ മീറ്റര്‍ ഉയരവും 68 കിലോ ഗ്രാം ഭാരവുമുണ്ട്. നടക്കുമ്പോഴും പടികള്‍ കയറിയിറങ്ങുമ്പോഴും നിലത്തിരിക്കുമ്പോഴും കാല്‍മുട്ടില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്നു. ഏതാനും ആഴ്ചകളായി ഇതു തുടങ്ങിയിട്ട്. മരുന്നുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവുമോ?
------ പ്രദീപ് ഗോപി, തിരുവനന്തപുരം

മധ്യവയസ് കഴിഞ്ഞവരിലും അമിതഭാരം ഉള്ളവരിലുമാണ് സാധാരണയായി എല്ലു തേയ്മാനം മൂലം കാല്‍മുട്ടു വേദന ഉണ്ടാവുന്നത്. ഇതിനെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നു പറയുന്നു. 160 സെന്റീ മീറ്റര്‍ ഉയരമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം 68 കിലോ ഭാരം വളരെ കൂടുതലൊന്നുമല്ല.

കാല്‍മുട്ടിലെ പ്രശ്‌നം കൊണ്ടല്ലാതെയും വേദന ഉണ്ടാവാം. നട്ടെല്ല്, ഹിപ്പ് ജോയിന്റ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ കൊണ്ടും കാല്‍മുട്ടില്‍ വേദനയുണ്ടാവാം. ഇത്തരത്തില്‍ മറ്റൊരു സ്ഥലത്തെ രോഗം കൊണ്ട് ഉണ്ടാവുന്ന വേദനയെ റെഫേര്‍ഡ് പെയിന്‍ എന്നുപറയുന്നു.

കത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് നിങ്ങളുടെ കാല്‍മുട്ടു വേദനയുടെ കാരണം കൃത്യമായി പറയാന്‍ ബുദ്ധിമുട്ടാണ്. ഒരു അസ്ഥി രോഗവിദഗ്ധനെ കണ്ട് പരിശോധിക്കുക.

പൊടിയടിച്ചാല്‍ തുമ്മല്‍


എനിക്ക് 40 വയസുണ്ട്. തുമ്മലാണ് എന്നെ അലട്ടുന്ന പ്രശ്‌നം. രാവിലെയാണ് കൂടുതല്‍. പൊടി അടിച്ചാല്‍ തുമ്മല്‍ കൂടും. ഇത് അലര്‍ജിയുടെ ലക്ഷണമാണോ? എന്റെ അസുഖം ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ?
------- ജേക്കബ് ജോണ്‍ ,ചേറൂര്‍

വിട്ടുമാറാത്ത തുമ്മലും ജലദോഷവും പ്രത്യേകിച്ച് പൊടിക്കാലം തുടങ്ങുമ്പോഴും കാലാവസ്ഥയില്‍ മാറ്റം വരുമ്പോഴും സാധാരണയായി കാണുന്ന ഒരു പ്രശ്‌നമാണ്. അലര്‍ജി ഉള്ളവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

ഇത്തരത്തില്‍ വിട്ടുമാറാത്ത തുമ്മലും ജലദോഷവും ഉള്ളവരെയാണ് നാം അലര്‍ജിക്ക് റൈനൈറ്റിസ് ബാധിതരെന്ന് പറയുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇതിനോടൊപ്പം തന്നെ ശ്വാസതടസവും കാണാറുണ്ട്. ഈ അവസ്ഥയെ നാസോ ബ്രോങ്കിയല്‍ അലര്‍ജി എന്നു വിളിക്കുന്നു.

ഇത്തരത്തിലുള്ളവര്‍ക്ക് ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കാണാറുണ്ട്. മൂക്കില്‍ ചൊറിച്ചില്‍, മൂക്കടപ്പ്, തുമ്മല്‍, ജലദോഷം എന്നിവയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുകളും തൊണ്ടയും ചൊറിയല്‍ ഇതിന്റെ ലക്ഷണങ്ങളാണ്.

മൂക്കൊലിപ്പു കാരണം ചുമയും ഇത്തരക്കാര്‍ക്ക് ഉണ്ടാവാം. അലര്‍ജിക് റൈനൈറ്റിസ് ഉള്ളവരില്‍ സാധാരണയായി കാണുന്ന മറ്റ് പ്രശ്‌നങ്ങാണ് ആസ്ത്മ, സൈനുസൈറ്റിസ്, അലര്‍ജിക് കണ്‍ജംഗ്റ്റിവിറ്റിസ്, എക്‌സിമ എന്നിവ. അലര്‍ജിക് കാരണമാവുന്ന വസ്തുക്കളെ കണ്ടെത്തി ഒഴിവാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിവിധി.

എന്നിരുന്നാലും അലര്‍ജനെ കണ്ടെത്തുകയും പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുകയെന്നത് പലപ്പോഴും എളുപ്പമല്ല. വീടിനകത്തുള്ള പൊടികള്‍, വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവ ഒഴിവാക്കുന്നതു വഴി അലര്‍ജി കുറയ്ക്കാന്‍ സഹായിക്കും.

കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അലര്‍ജിയാവാനാണ് സാധ്യത. പൊടി തട്ടുന്നത് ഒഴിവാക്കിയാല്‍ തന്നെ പ്രശ്‌നത്തിനു പരിഹാരമാകും.

ജനറല്‍ മെഡിസിന്‍

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
TRENDING NOW